ഫുട്‌ബോള്‍ കളിക്കിടെ പരിക്കേറ്റു; വിദ്യാര്‍ഥി മരിച്ചു

ഫുട്‌ബോള്‍ കളിക്കിടെ പരിക്കേറ്റു; വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍: ഫുട്‌ബോള്‍ കളിക്കിടെ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. സെന്റ് തോമസ് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി മാധവ് (18) ആണ് മരിച്ചത്. മണ്ണുത്തി പെന്‍ഷന്‍മൂലയിലെ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദുരന്തഭൂമിയിൽ 13ാം ദിനം; രക്ഷാപ്രവർത്തകർ‌ക്കൊപ്പം ക്യാംപിലുള്ളവരും

ദുരന്തഭൂമിയിൽ 13ാം ദിനം; രക്ഷാപ്രവർത്തകർ‌ക്കൊപ്പം ക്യാംപിലുള്ളവരും

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ച് ജനകീയ തിരച്ചിലാണ് നടക്കുക. ക്യാംപുകളിൽ നിന്ന് സന്നദ്ധരായവരെയും തിരച്ചിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും.ഒൻപതു മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തെരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. തെരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകൾ പ്രകാരം 130 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ സന്ദർശനത്തെ തുടർന്ന് തിരച്ചിൽ നിർത്തിവച്ചിരിക്കുകയായിരുന്നു. വയനാട് എത്തിയ പ്രധാനമന്ത്രി ഉരുൾപൊട്ടൽ നടന്ന സ്ഥലവും ദുരിതബാധിതരേയും സന്ദർശിച്ചിരുന്നു. വയനാട് ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതിൽ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിച്ചത്.

വയനാട് ദുരന്തത്തിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ കൂടി ശനിയാഴ്ച ലഭിച്ചതായി മന്ത്രി കെ രാജൻ. ദുരന്തത്തിൽ ഇതോടെ 427 പേർ മരിച്ചതായി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്നു സാധ്യമാക്കും.

229 മൃതദേഹങ്ങളും 198 ശരീര ഭാ​ഗങ്ങളും ഉൾപ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് മൂന്ന് മൃത​ദേഹങ്ങളും ഒരു മൃതദേഹ ഭാ​ഗവുമടക്കം നാല് മൃത​ദേഹങ്ങളാണ് ലഭിച്ചത്. ശനിയാഴ്ച ലഭിച്ച നാല് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. 130 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായ 119 പേരുടെ ബന്ധുക്കളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു.

പൊലീസ് ചമഞ്ഞ് വീട്ടിലെത്തി ​ഗൃഹനാഥനിൽ നിന്ന് പണം തട്ടാൻ ശ്രമം

പൊലീസ് ചമഞ്ഞ് വീട്ടിലെത്തി ​ഗൃഹനാഥനിൽ നിന്ന് പണം തട്ടാൻ ശ്രമം

കോട്ടയം: പൊലീസ് ചമഞ്ഞ് വീട്ടിലെത്തി ​ഗൃഹനാഥനിൽ നിന്ന് പണം തട്ടാൻ ശ്രമം. കോട്ടയം മാങ്ങാനം സ്വദേശിയായ 69കാരന്റെ വീട്ടിലേക്കാണ് പൊലീസ് വേഷത്തിൽ രണ്ടു പേർ എത്തിയത്. അടിപിടിക്കേസിൽ പ്രതിയാണെന്നും പിഴ അടയ്ക്കാനുമാണ് ആവശ്യപ്പെട്ടത്. സമീപവാസിയായ വീട്ടമ്മയുടെ ഇടപെടലാണ് തട്ടിപ്പുസംഘത്തിന്റെ നീക്കം പൊളിച്ചത്.

കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞാണ് രണ്ട് പേർ എത്തിയത്. പാലക്കാട്ടു നടന്ന അടിപിടിക്കേസിൽ ഗൃഹനാഥനെതിരെ കേസുണ്ടെന്നും അറസ്റ്റ് വാറന്റുമായി എത്തിയതാണെന്നും പറഞ്ഞു. സംഭവം അറിഞ്ഞ് സമീപവാസികളും എത്തി. പാലക്കാട്ട് പോവാത്ത ഗൃഹനാഥൻ ഇത്തരമൊരു കേസിൽ പ്രതിയല്ലെന്ന് സമീപവാസികളടക്കം പറഞ്ഞു. അപ്പോൾ ഗൃഹനാഥന്റെ ആധാർ കാർഡ് കാണിക്കണമെന്നായി.

സമീപവാസിയായ വീട്ടമ്മ തട്ടിപ്പുസംഘത്തോട് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. ഈസ്റ്റ് സ്റ്റേഷനിൽ തന്റെ ബന്ധുക്കളുണ്ടെന്നും അവരെ അറിയുമോയെന്നും ചോദിച്ചു. ഒപ്പമുള്ളത് പാലക്കാട്ടു നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണെന്നും താൻ ചുമതലയേറ്റിട്ടു നാലു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നുമായിരുന്നു മറുപടി. കേസ് പിഴയടച്ചു തീർക്കാമെന്നും വാട്സാപ്പിൽ അക്കൗണ്ട് നമ്പർ അയയ്ക്കാമെന്നും പറഞ്ഞ് രണ്ടംഗസംഘം മടങ്ങി.

പിന്നീട് ഫോൺ വിളിച്ച സംഘം പിഴയടക്കുന്നതിനെക്കുറിച്ച് പറഞ്ഞു. തന്റെ ഫോണിൽ വാട്സ് ആപ്പില്ലാത്തതിനാൽ സമീപത്തെ വീട്ടമ്മയുടെ നമ്പർ നൽകാൻ ഗൃഹനാഥൻ പറഞ്ഞു. വീട്ടമ്മ അഭിഭാഷകനുമായി ആലോചിച്ച ശേഷം, കേസ് നമ്പർ വേണമെന്ന് ആവശ്യപ്പെട്ടു. കേസ് എഴുതിത്തള്ളിയെന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നുമായിരുന്നു മറുപടി.

കേരളം ഒറ്റയ്ക്കല്ല, രാജ്യം ഒപ്പമുണ്ട്; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

കേരളം ഒറ്റയ്ക്കല്ല, രാജ്യം ഒപ്പമുണ്ട്; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു.

ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പാചക ആവശ്യത്തിന് ഉപയോഗിക്കുന്നത് മലിനജലം; മില്‍മ ബൂത്ത് പൂട്ടിച്ചു

പാചക ആവശ്യത്തിന് ഉപയോഗിക്കുന്നത് മലിനജലം; മില്‍മ ബൂത്ത് പൂട്ടിച്ചു

കണ്ണൂര്‍: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷ്യസ്ഥാപനം പൂട്ടിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍.പ്രദേശത്ത് മഞ്ഞപ്പിത്ത കേസുകള്‍ പടര്‍ന്നതോടെയാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

കണ്ണൂര്‍ ടൗണിലുള്‍പ്പെടെ മഞ്ഞപ്പിത്തം,ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുക് ജന്യ രോഗം, കോളറ എന്നിവ വ്യാപകമായതിനെ തുടര്‍ന്നാണ് ഹോട്ടലുകളിലും ചായക്കടകളിലും തട്ടുകടകളിലും രാപകല്‍ പരിശോധന നടത്തിയത്. നഗരത്തിലെ മുനീശ്വരന്‍ കോവിലിന് മുന്‍പിലെ സി. സുലോചനയുടെ പേരിലുള്ള മില്‍മ ബൂത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടിച്ചു. ഹോട്ടലുകള്‍, ലോഡ്ജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ വാട്ടര്‍ ടാങ്കുകളില്‍ആരോഗ്യവിഭാഗം പരിശോധന നടത്തി. ചിലയിടങ്ങളില്‍ വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യാത്ത നിലയിലും, വാട്ടര്‍ ടാങ്കുകള്‍ മൂടി വെക്കാത്ത നിലയിലും കണ്ടെത്തി. ഇത്തരം സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. സുധീര്‍ ബാബു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി. ആര്‍. സന്തോഷ് കുമാര്‍, എ. വി. ജൂന റാണി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു

ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ സംശയം ഉന്നയിച്ചു.

വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചെന്നും തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.