by Midhun HP News | Aug 10, 2024 | Latest News, കേരളം
പാരിസ്: ഭാരപരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. സമാപന ചടങ്ങിന് മുമ്പ് വിധി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മണിക്കൂറാണ് വിനേഷിന് വേണ്ടിയുള്ള വാദം നടന്നത്. അപ്പീലില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി.
50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്.
മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വിദുഷ്പത് സിംഘാനിയ എന്നിവരാണ് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായത്. യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്, ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഐഒഎ എന്നിവരുടേയും വാദം കോടതി കേട്ടു. ഈ സമയത്ത് കോടതിയുടെ വിധി എന്തായാലും വേണ്ടത് വിനേഷിനുള്ള പിന്തുണയാണെന്ന് ഐഒഎ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു.
by Midhun HP News | Aug 10, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: നിര്‍ധനര്‍ക്കും സാധാരണക്കാര്‍ക്കും വീട് നിര്‍മ്മിക്കുന്നതിനു സഹായം നല്‍കുന്നതിനുള്ള പ്രധാന്‍ മന്ത്രി ആവാസ് യോജന-അര്‍ബന്‍ (പിഎംഎവൈ-യു) 2.0 പദ്ധതി കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. ഒരു കോടി വീടിനാണ് ഇതു പ്രകാരം സഹായം നല്‍കുക. 2.30 ലക്ഷം കോടി രൂപ പദ്ധതിക്കായി അനുവദിക്കും.
സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ അല്ലെങ്കില്‍ പ്രാഥമിക വായ്പാ സ്ഥാപനങ്ങള്‍ മുഖേന നഗരപ്രദേശങ്ങളില്‍ താങ്ങാനാവുന്ന ചെലവില്‍ വീട് നിര്‍മ്മിക്കാനോ വാങ്ങാനോ വാടകയ്ക്കെടുക്കാനോ അഞ്ച് വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പദ്ധതി പ്രകാരം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്), കുറഞ്ഞ വരുമാനമുള്ളവര്‍ (എല്‍ഐജി) അല്ലെങ്കില്‍ ഇടത്തരം വരുമാനമുള്ളവര്‍ (എംഐജി) വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വീട് വാങ്ങാനോ നിര്‍മ്മിക്കാനോ സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ട്.
നഗരപ്രദേശങ്ങളിലെ അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും എല്ലാ കാലാവസ്ഥയിലും ഇണങ്ങുന്ന വീടുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിത്. പിഎംഎവൈ-യു ന് കീഴില്‍ 1.18 കോടി വീടുകള്‍ അനുവദിച്ചപ്പോള്‍ 85.5 ലക്ഷത്തിലധികം വീടുകള്‍ ഇതിനകം നിര്‍മ്മിച്ച് വിതരണം ചെയ്തു.
3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഇഡബ്ല്യുഎസ് വിഭാഗത്തിലാണ്. 3-6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളാണ് എംഐജി, 6-9 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഈ വിഭാഗത്തിന് കീഴില്‍ അര്‍ഹതയുള്ളതിനാല്‍ എംഐജിയുടെ മാനദണ്ഡം പരിഷ്‌കരിച്ചിട്ടുണ്ട്.
24,657 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന റെയില്‍വേ മന്ത്രാലയത്തിന്റെ എട്ട് പദ്ധതികള്‍ക്ക് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. ഗതാഗത ശൃംഖല വര്‍ധിപ്പിക്കുക, യാത്രാസൗകര്യം സുഗമമാക്കുക, ലോജിസ്റ്റിക് ചെലവ് കുറയ്ക്കുക, എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നിവയാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ എട്ട് പാതകള്‍ക്കാണ് അനുമതി. കേരളത്തിലൂടെയുള്ള പാതകള്‍ പട്ടികയിലില്ല. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ക്ലീന്‍ പ്ലാന്റ് പദ്ധതിക്കായി 1,765 കോടി രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
by Midhun HP News | Aug 10, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്.
ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.
കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച് തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കുറയാന്‍ തുടങ്ങിയിരുന്നു.
by Midhun HP News | Aug 10, 2024 | Latest News, കേരളം
വായ്പാതിരിച്ചടവ് മുടങ്ങി ജപ്തിയിൽ കുരുങ്ങി കിടപ്പാടവും ജീവിതമാർഗവും നഷ്ടപ്പെടുന്നവർക്ക് ആശ്വാസം പകരാൻ കഴിഞ്ഞമാസം പാസാക്കിയ കേരള നികുതി വസൂലാക്കൽ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.
ബിൽ ജൂലായ് 25ന് ഗവർണർ ഒപ്പുവച്ചിരുന്നു. ജപ്തി നടപടിക്ക് ഇടവരുത്തുന്ന വായ്പാ കുടിശികയിൽ കാൽലക്ഷം വരെ തഹസിൽദാർക്കും, ഒരു ലക്ഷംവരെ ജില്ലാകളക്ടർക്കും അഞ്ചു ലക്ഷംവരെ റവന്യു മന്ത്രിക്കും 10 ലക്ഷംവരെ ധനമന്ത്രിക്കും 20 ലക്ഷംവരെ മുഖ്യമന്ത്രിക്കും അതിനു മുകളിൽ സർക്കാരിനും ഇടപെട്ട് ജപ്തി നടപടി താത്കാലികമായി നിറുത്തിവയ്ക്കാൻ അധികാരം നൽകുന്നതാണ് നിയമഭേദഗതി.
സഹകരണ, ദേശസാത്കൃത, ഷെഡ്യൂൾഡ്, കൊമേഴ്സ്യൽ ബാങ്കുകളുടെയും ജപ്തി നടപടിയിൽ സർക്കാരിന് ഇടപെട്ട് വായ്പ എടുത്തയാൾക്ക് ആശ്വാസം നൽകാം. എന്നാൽ, വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താൻ അധികാരം നൽകുന്ന സർഫാസി ആക്ടിൽ ഇടപെടാനാവില്ല.
ജപ്തി നടപടികൾ നീട്ടിവയ്പ്പിക്കാനും വായ്പാതുക തിരിച്ചടയ്ക്കാൻ കൂടുതൽ ഗഡുക്കളായി സാവകാശം ലഭ്യമാക്കാനും സർക്കാരിന് ഇടപെടാം. പിഴപ്പലിശയുൾപ്പെടെ 12ൽ നിന്ന് 9% ആയി കുറയ്ക്കാനും ജപ്തി ചെയ്യപ്പെടാനിടയുള്ള ഭൂമി വില്പന നടത്താൻ ഉടമയ്ക്ക് അവസരം നൽകാനും സർക്കാരിനാകും. വാങ്ങുന്നയാളും വിൽക്കുന്നയാളും ചേർന്ന് നിശ്ചിതഫോമിൽ കളക്ടർക്ക് അപേക്ഷ നൽകിയാൽ ജപ്തി ചെയ്യപ്പെടാനിടയുള്ള ഭൂമിയുടെ വില്പന രജിസ്റ്റർ ചെയ്യാനാകും.
കൂടാതെ, ജപ്തി ചെയ്യപ്പെട്ട ഭൂമി സർക്കാർ ബോട്ട് ഇൻ ലാൻഡ് സംവിധാനത്തിലേക്ക് മാറ്റി കൈമാറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കാം, അഞ്ചു വർഷത്തിനുള്ളിൽ തുക ഒരുമിച്ചോ ഗഡുക്കളായോ അടച്ച് തിരിച്ചെടുക്കാൻ ഉടമയ്ക്കോ അനന്തരാവകാശികൾക്കോ അവസരം നൽകാനുമാകും.
by Midhun HP News | Aug 10, 2024 | Latest News, കേരളം
ഒളിംപിക്സ് പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്റാവത്തിന് വെങ്കലം. വെങ്കല പോരാട്ടത്തിൽ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ കീഴടക്കിയാണ് അമൻ ഇന്ത്യയ്ക്ക് ആറാം മെഡൽ സമ്മാനിച്ചത്. ആദ്യ നീക്കങ്ങളിൽ പോർട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും അമൻ ശക്തമായി തിരിച്ചുവരികയായിരുന്നു. 13-5നായിരുന്നു 21കാരന്റെ വിജയം.
പാരിസിൽ ഇന്ത്യൻ ഗുസ്തി സംഘത്തിലെ ഏക പുരുഷ താരമായിരുന്നു അമൻ. ഇതോടെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്സ് മെഡൽ ജേതാവാണ് അമൻ. ജൂലൈ 16 നാണ് അമന് 21 വയസ് പൂർത്തിയായത്. പി.വി. സിന്ധുവിനെ മറികടന്നാണ് അമൻ ഈ നേട്ടം കൈവരിച്ചത്.
ഹരിയാന സ്വദേശിയായ അമൻ പ്രീക്വാർട്ടറിലും ക്വാർട്ടറിലും മിന്നും വിജയമാണ് നേടിയത്. ക്വാർട്ടറിൽ ഉത്തര മാസിഡോണിയയുടെ വ്ലാദിമിർ എഗോറോവിനെ 10–0ന് തോൽപ്പിച്ചാണ് അമൻ സെമിയിലേക്ക് മുന്നേറിയത്. എന്നാൽ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാംപ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയോട് തോൽവി വഴങ്ങുകയായിരുന്നു.
അമന്റെ ഭാരം നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കാൻ ഉറക്കമില്ലാത്ത രാത്രിയാണ് ചിലവിട്ടതെന്ന് പരിശീലകൻ ജഗ്‌മേന്ദർ സിങ്ങും വീരേന്ദർ ദാഹിയയും പറഞ്ഞു. അമന്റെ ഭാരം കുറയ്ക്കുന്നതിന് പ്രത്യേക മുൻകരുതലുകളാണ് സ്വീകരിച്ചത്. എല്ലാ ഓരോ മണിക്കൂറിലും അമന്റെ ഭാരപരിശോധന നടത്തിയാണ് ഇത് ഉറപ്പുവരുത്തിയത്. 2008 ബെയ്ജിങ് മുതൽ എല്ലാ ഒളിംപിക്സുകളിലും ഗുസ്തിയിൽ ഇന്ത്യ മെഡൽ നേടിയിട്ടുണ്ട്.
by Midhun HP News | Aug 10, 2024 | Latest News, കേരളം
കല്‍പ്പറ്റ: ദുരിതബാധിതരെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. കണ്ണൂരില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാമന്ത്രി അവിടെ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകും. ബെയ്ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. വയനാട്ടിലെ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് കല്‍പ്പറ്റയില്‍ ഇറങ്ങിയത്.
രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും മോദിക്കൊപ്പം യാത്ര ചെയ്തു.
ദുരന്തമേഖലയിലെ പുരനധിവാസ പ്രവര്‍ത്തങ്ങള്‍ക്കായി സംസ്ഥാനം രണ്ടായിരം കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ട സമയത്താണ് മോദിയുടെ സന്ദര്‍ശനം. പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങളും മോദി വിലയിരുത്തും. ദുരിതാശ്വാസ ക്യാംപും ആശുപത്രിയും സന്ദര്‍ശിക്കും. ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി നേരില്‍ക്കാണും. മേപ്പാടി ആശുപത്രിയില്‍ കഴിയുന്ന അരുണ്‍, അനില്‍, എട്ടുവയസുകാരി അവന്തിക, ഒഡിഷ സ്വദേശി സുഹൃതി എന്നിവരെയും മോദി സന്ദര്‍ശിക്കും. 3,55ന് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.
Recent Comments