ശക്തമായ മഴ: ട്രാക്കില്‍ വെള്ളക്കെട്ട്, നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ശക്തമായ മഴ: ട്രാക്കില്‍ വെള്ളക്കെട്ട്, നിരവധി ട്രെയിനുകള്‍ റദ്ദാക്കി

തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലും ട്രെയിനുകള്‍ ഭാഗീകമായും പൂര്‍ണമായും റദ്ദാക്കി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ട്രാക്കില്‍ വെള്ളം കയറിയതാണ് ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചത്.

ശക്തമായ മഴയെത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.ട്രെയിന്‍ നമ്പര്‍ 06445 ഗുരുവായൂര്‍ – തൃശൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06446 തൃശൂര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06497 ഷൊര്‍ണൂര്‍ – തൃശൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06495 തൃശൂര്‍ – ഷൊര്‍ണൂര്‍ എക്‌സ്പ്രസ് എന്നിവയാണ് പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍.

ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂര്‍ വരെ മാത്രം. ട്രെയിന്‍ നമ്പര്‍ 16791 തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ അവസാനിപ്പിക്കും. ട്രെയിന്‍ നമ്പര്‍ 16302 തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് ചാലക്കുടി വരെ മാത്രം.

ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ്, 16308 കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്സ്പ്രസ്, 16649 മംഗളൂരു സെന്‍ട്രല്‍ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നിവ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും.

16326 കോട്ടയം-നിലമ്പൂര്‍ റോഡ് എക്സ്പ്രസ് അങ്കമാലിയില്‍ അവസാനിക്കും, 12075 കോഴിക്കോട്-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. 16650 കന്യാകുമാരി – മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16325 നിലമ്പൂര്‍ റോഡ് – കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16301 ഷൊര്‍ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് ഷൊര്‍ണൂരിന് പകരം ചാലക്കുടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ – കണ്ണൂര്‍ ആലപ്പുഴയ്ക്ക് പകരം ഷൊര്‍ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്് പാലക്കാടിന് പകരം ആലുവയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

മഴ തീവ്രമായി; അതിരപ്പിള്ളി അടച്ചു; ഡാമുകള്‍ തുറന്നു; ജാഗ്രതാനിര്‍ദേശം

മഴ തീവ്രമായി; അതിരപ്പിള്ളി അടച്ചു; ഡാമുകള്‍ തുറന്നു; ജാഗ്രതാനിര്‍ദേശം

തൃശൂര്‍: അതിശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നതായും കലക്ടര്‍ അറിയിച്ചു.പീച്ചി ഡാമിന്റെ 4 സ്പില്‍വേ ഷട്ടറുകള്‍ 150 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. മഴ തീവ്രമായതിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

വാഴാനി ഡാമിന്റെ നാലു ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. പൂമല ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകള്‍ 8 സെന്റീമീറ്റര്‍ വീതവും തുറന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്.ഇതുകൂടാതെ തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്തിലേക്കു ഒഴുക്കുന്നുണ്ട്. തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്.

ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരെ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ആരും ജലാശയത്തിന് സമീപത്തിലേക്ക് പോകുകയോ ഇറങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് അതിതീവ്ര മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്.

നാലു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മൂന്ന് ജില്ലകളില്‍ കൂടി അവധി; സംസ്ഥാനത്ത് പത്ത്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി

മൂന്ന് ജില്ലകളില്‍ കൂടി അവധി; സംസ്ഥാനത്ത് പത്ത്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി

തിരുവനന്തപുരം: ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ കൂടി അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നേരത്തെ മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരുന്നു.

കാസര്‍കോട് ജില്ലയിലെ കോളജുകള്‍, സ്‌കൂളുകള്‍, സിബിഎസ്ഇ സ്‌കൂളുകള്‍, ഐസിഎസ്സി സ്‌കൂളുകള്‍, സെന്‍ട്രല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസസകള്‍ എന്നിവയ്ക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. എന്നാല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, സര്‍വകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല.

കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മഴക്കാല മുന്നറിയിപ്പുകള്‍ക്ക് ആധികാരിക സ്രോതസ്സുകള്‍ മാത്രം ആശ്രയിക്കുക. അടിയന്തിര ഘട്ടങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ 1077 ഉപയോഗപ്പെടുത്തുക.

തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്കും/ കോഴ്‌സുകള്‍ക്കും അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

വയനാട് ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ല കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. പി.എസ്.സി പരീക്ഷയ്ക്കും മാറ്റമില്ല.

പാലക്കാട് ജില്ലയില്‍ കനത്ത കാലവര്‍ഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസ, ട്യൂഷന്‍ സെന്റര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

എറണാകുളം ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശക്തമായ മഴയും കാറ്റും ഉള്ള സാഹചര്യത്തില്‍ ചൊവ്വാഴ്ച അവധി അനുവദിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി ആയിരിക്കും. കുട്ടികളുടെ സുരക്ഷയെ കരുതിയാണ് നടപടി. അങ്കണവാടികള്‍, മദ്രസ, കിന്‍ഡര്‍ഗാര്‍ട്ടന്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷന്‍ സെന്ററുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ല. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.

‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിനുമായി സംസ്ഥാന സർക്കാർ

‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിനുമായി സംസ്ഥാന സർക്കാർ

സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെയുള്ള സമിതികള്‍ കൃത്യസമയത്ത് രൂപീകരിക്കണം. നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ അതാത് സമയം നടക്കുന്നുവെന്ന് ഉറപ്പാക്കണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം നടത്തി വിശദാംശങ്ങള്‍ തയ്യാറാക്കണം. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 30 വരെയാണ് ക്യാമ്പയിന്‍.

പലതരം പകര്‍ച്ചവ്യാധികള്‍ കണ്ടുവരുന്നുണ്ട്. നാട്ടില്‍ നിന്നും പൂര്‍ണമായി ഒഴിവായ രോഗങ്ങള്‍ പോലും വീണ്ടും വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണം. ഓറഞ്ച് ബുക്കില്‍ പറഞ്ഞത് പ്രകാരമുള്ള നടപടി സ്വീകരിക്കുകയും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണം.

2025 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യം പൂര്‍ണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി ഈ വര്‍ഷം നവംബര്‍ ഒന്നിലേക്ക് നിശ്ചയിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണം. അക്കാര്യത്തില്‍ വിടവുകള്‍ ഉണ്ടെങ്കില്‍ അവലോകനം നടത്തി നികത്തണം. ‘അവകാശം അതിവേഗം’ പദ്ധതിയുടെ ഭാഗമായി അതിദരിദ്രര്‍ക്ക് വിവിധ കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. അക്കാര്യത്തിലുള്ള കുറവുകളും പരിഹരിക്കണം.

കൊല്ലം ഓയൂരിൽ കുട്ടിയ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം

കൊല്ലം ഓയൂരിൽ കുട്ടിയ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം

കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം. കർശന വ്യവസ്ഥകളോടെയാണ് 22കാരിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പെൺകുട്ടിയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ എൽഎൽബിയ്ക്ക് പഠിക്കണം എന്ന് പെൺകുട്ടി ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും രണ്ടാെഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. കേസിൽ അനുപമയുടെ പിതാവ് പത്മകുമാറാണ് ഒന്നാം പ്രതി. മാതാവ് ഭാര്യ എം.ആർ.അനിതാകുമാരിയാണ് രണ്ടാം പ്രതി. കുട്ടിയെ ഒളിപ്പിക്കുന്നതിനടക്കം അനുപമയ്ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെകണ്ടെത്തൽ.

കഴിഞ്ഞവർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവവം നടന്നത്. കഴിഞ്ഞ നവംബർ അവസാനമാണ് ആറു വയസ്സുകാരിയെ കാറിൽ തട്ടിക്കൊണ്ടു പോയത്. ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പ്രതികളെ ഡിസംബർ ഒന്നിനാണ് പിടികൂടിയത്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സാമ്പത്തിക ബാധ്യത മറികടക്കാൻ വേണ്ടിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലിലാണ് അനുപമ. അച്ഛൻ പത്മകുമാർ പൂജപ്പുര സെൻട്രൽ ജയിലിലാണ്.