‘ഞാൻ ഐ ടി പ്രൊഫഷണൽ മാത്രമാണ്, രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ല’: വീണാ വിജയൻ

‘ഞാൻ ഐ ടി പ്രൊഫഷണൽ മാത്രമാണ്, രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ല’: വീണാ വിജയൻ

മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. CMRLന് അനുകൂലമായി സർക്കാരും മുഖ്യമന്ത്രിയും ഒന്നും ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും യോഗം വിളിക്കാമെന്നും സർക്കാർ അറിയിച്ചു.

താൻ ഐ ടി പ്രൊഫഷണൽ മാത്രമാണെന്നുംരാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും വീണാ വിജയൻ പറഞ്ഞു. തന്റെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വീണാ വിജയൻ പറഞ്ഞു. കേസ് രാഷ്ടീയ പ്രേരിതമായ ആരോപണമാണെന്നും വിജിലൻസ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുളള കരാർ ഇടപാടിൽ ഇരുകമ്പനികൾക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹ‍ർജിക്ക് പിന്നിലെന്നുമാണ് നിലപാട്.

രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍; ഷിരൂരിൽ പരിശോധനക്ക് എത്തിയ നേവി സംഘം മടങ്ങി

രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍; ഷിരൂരിൽ പരിശോധനക്ക് എത്തിയ നേവി സംഘം മടങ്ങി

മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. നേവി സംഘം പുഴയിൽ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിച്ചുവെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചാലും ദൗത്യ സംഘങ്ങൾ മേഖലയിൽ തുടരുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്.

എന്നാൽ അപകട സ്ഥലത്തുള്ളത് ദേശീയ പാതയിലെ മണ്ണ് നീക്കം ചെയുന്ന ഒരു ജെസിബിയും, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ്.ഇതിനിടെ ഷിരൂരിൽ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് ദൗത്യം തുടരണമെന്ന് റിട്ട. മേജർ എം. ഇന്ദ്രബാലൻ പറഞ്ഞു. ഡ്രഡ്ജിങ് യന്ത്രം ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കാൻ തൃശൂരിൽ നിന്നുള്ള ടെക്നിക്കൽ സംഘം ഷിരൂരിൽ എത്തും.

ആറ് നോട്ടിൽ കൂടുതൽ അടിയൊഴുക്കുള്ള ഗംഗാവലിയിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണ്ണ് നീക്കത്തിനും വെല്ലുവിളികളേറെയാണെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ പ്രതികരിച്ചു. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി സംഘം പരിശോധന നടത്താതെ മടങ്ങി.

എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി.അതേസമയം അർജുനയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുകയാണ്. പുഴയിലെ കുത്തൊഴുക്കും ചെളിയും ദൗത്യത്തിന് പ്രതിസന്ധിയാണ്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം ഇന്ന് നദിയിൽ പരിശോധന നടത്തുമെന്നാണ് അറിയിപ്പ്. അതേസമയം ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും. തൽക്കാലം ദേശീയപാതയിലെ ഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല.

അഞ്ചു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഉത്തരകേരളത്തിലെ അഞ്ചു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ ശേഷിക്കുന്ന ഒമ്പതു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം. കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ മലയോരമേഖലകളില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

‘തൃശൂരിലെ ഡ്രഡ്ജറും ​ഉപയോഗിക്കാൻ വെല്ലുവിളികളേറെ’; ഉദ്യോഗസ്ഥൻ എൻ നിഖിൽ

‘തൃശൂരിലെ ഡ്രഡ്ജറും ​ഉപയോഗിക്കാൻ വെല്ലുവിളികളേറെ’; ഉദ്യോഗസ്ഥൻ എൻ നിഖിൽ

തൃശൂർ: തൃശൂരിലെ ഡ്രഡ്ജർ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഉപയോഗിക്കാൻ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജർ നിർമിച്ച കമ്പനിയുടെ ഉദ്യോഗസ്ഥൻ എൻ നിഖിൽ. പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാൻ കെൽപ്പുള്ളതാണ് ഡ്രഡ്ജർ. എന്നാൽ ഒഴുക്ക് നാലു നോട്ട്സ് കൂടിയാൽ ഡ്രഡ്ജർ പ്രയാസമാകുമെന്ന് ഡ്രഡ്ജർ നിർമിച്ച കമ്പനിയുടെ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ആഴം കൂടിയ ഇടങ്ങളിൽ ഉപയോഗിക്കാൻ പ്രശ്നമില്ല. വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവർത്തിക്കാം. ആറു മീറ്റർ ആഴത്തിൽ വരെ ഇരുമ്പു തൂണ് താഴ്ത്തി പ്രവർത്തിക്കാനും കഴിയും. കോഴിക്കോട് പേരാമ്പ്ര മലയിൽ ഇൻഡസ്ട്രീസ് നിർമിച്ച രണ്ടു ഡ്രഡ്ജറുകളിൽ ഒന്നാണിത്. കാർഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് മെഷീൻ ഉപയോഗിക്കാറെന്നും എൻ നിഖിൽ പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി മന്ത്രി

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി മന്ത്രി

പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിച്ചും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് ആലോചിക്കുന്നത്. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കാന്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

എറണാകുളം- ബംഗളൂരു വന്ദേഭാരത് ബുക്കിങ് തുടങ്ങി; നിരക്കും സ്റ്റോപ്പുകളും അറിയാം

എറണാകുളം- ബംഗളൂരു വന്ദേഭാരത് ബുക്കിങ് തുടങ്ങി; നിരക്കും സ്റ്റോപ്പുകളും അറിയാം

കൊച്ചി: ബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷന്‍ മുതല്‍ ബംഗളൂരു കന്റോണ്‍മെന്റ് വരെ ചെയര്‍കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2945 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 620 കിലോമീറ്റര്‍ ദൂരം 9 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

അതിനിടെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. കഴിഞ്ഞ ദിവസമാണ് ബുക്കിങ് ആരംഭിച്ചത്. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30ന് ബംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും.ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബംഗളൂരുവിലെത്തും. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26 വരെയാണ് നിലവില്‍ സര്‍വീസ്. ട്രെയിന്‍ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.