മരണം 44 കടന്നു; എന്‍.ഡി.ആര്‍.എഫ് നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മരണം 44 കടന്നു; എന്‍.ഡി.ആര്‍.എഫ് നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ചൂരല്‍മല മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. തകര്‍ന്ന വീടിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ചാലിയാര്‍ തീരത്ത് നിന്ന് ഇതുവരെ ലഭിച്ചത് 11മൃതദേഹമാണ് ലഭിച്ചത്. ജില്ലാ ആശുപത്രിയില്‍ 7 മൃതദേഹങ്ങളാണ് എത്തിയത്.4 മൃതദേഹങ്ങള്‍ ഇരുട്ടുകുത്തിയില്‍ ചാലിയാറിന്റെ മറുകരയിലാണ്. ചാലിയാര്‍ കടത്തി ഇക്കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയില്‍ എത്തി.

സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പോലീസ് എത്തും. 3 കമ്പനി പോലീസ് വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആള്‍ടിറ്റുഡ് റെസ്‌ക്യു ടീമും വയനാട്ടിലേക്കെത്തുന്നുണ്ട്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വെള്ളാര്‍മല സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് രാത്രി ഒരു മണിയോടെ ആളുകള്‍ ഒഴിഞ്ഞിരുന്നു. 14 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.

മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ നിരവധി കടകള്‍ ഒലിച്ചു പോയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകിയതായി സൂചന. കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ കണ്‍ട്രോള്‍ റൂം നമ്പറായ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വയനാട് ഉരുൾപൊട്ടലിൽ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എല്ലാവിധ സഹായങ്ങളും വാ​ഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എയർഫോഴ്സ് അടക്കം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഫലപ്രദമായി കാര്യങ്ങൾ നീക്കാൻ പറ്റുമെന്നാണ് തോന്നുന്നത്. ഇപ്പോൾ കൃത്യമായി കാര്യങ്ങൾ പറയാൻ പറ്റാത്ത അവസ്ഥയാണ്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എല്ലാവിധ സഹായങ്ങളും വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. കുറച്ചു കൂടി കഴിഞ്ഞാലേ കാര്യങ്ങൾ വ്യക്തതയോടെ പറയാൻ കഴിയൂ- മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാറായിട്ടില്ല. ആളുകൾക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തിയിട്ടുണ്ട്.

മരണം 44 കടന്നു; എന്‍.ഡി.ആര്‍.എഫ് നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാത്രി ദുരന്തത്തിന്‍റെ ഞെട്ടലില്‍ വയനാട്; മരണം 41 ആയി

കല്‍പ്പറ്റ: കനത്ത മഴ പെയ്‌തെങ്കിലും രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഉള്ളുലയ്ക്കുന്ന ദുരന്തവാര്‍ത്തയാകുമെന്ന് വയനാട്ടുകാര്‍ തീരെ പ്രതീക്ഷിച്ചില്ല. അര്‍ധരാത്രിയില്‍ ഉറക്കത്തിനിടെ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും കവര്‍ന്നെടുത്തത് വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ നിരവധി ജീവനുകളെയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി.

വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. ഓര്‍ക്കാപ്പുറത്തെത്തിയ ദുരന്തത്തില്‍ പ്രിയപ്പെട്ടവര്‍ അകപ്പെട്ടതിന്റെ നടുക്കത്തില്‍ ഉള്ളുലയ്ക്കുന്ന കരച്ചിലുകളാണ് ദുരന്തഭൂമിയില്‍. ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ പലരും കഴുത്തറ്റം ചെളിയില്‍ മുങ്ങിയിരുന്നു. ഒന്നും ചെയ്യാനാകാതെ, പ്രിയപ്പെട്ടവരെ രക്ഷിക്കാനാകാതെ നിസഹായരായി നില്‍ക്കേണ്ടി വന്നവരുടെ കണ്ണീര്‍ക്കാഴ്ചകള്‍. വീടടക്കം ഉള്ളതെല്ലാം നഷ്ടമായി ഇനി ഭാവിയെന്തെന്നറിയാത്ത അനിശ്ചിതത്വത്തിലാണ് നിരവധി കുടുംബങ്ങള്‍.

മുണ്ടക്കൈയില്‍ ഒരുപാട് ആളുകൾ മണ്ണിനടിയിലാണ്. രക്ഷപ്പെടാന്‍ വേണ്ടി ആളുകള്‍‌ പരക്കം പായുകയാണ്. വണ്ടിയെടുത്ത് ആരെങ്കിലുമൊക്കെ മേപ്പാടി ഭാഗത്തുനിന്ന് കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ വേഗം വരീ എന്ന് ഫോണുകളിലൂടെ കരഞ്ഞുപറയുകയായിരുന്നു ആളുകൾ. അതിനിടെ പെരുവെള്ളപ്പാച്ചിൽ മരണദൂതുമായി ഇരച്ചെത്തി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്കൂൾ ഒന്നാകെ ചെളിവെള്ളത്തിൽ മുങ്ങി. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി പേരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തി.

ശക്തമായ മഴ: ട്രാക്കില്‍ വെള്ളക്കെട്ട്, നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ശക്തമായ മഴ: ട്രാക്കില്‍ വെള്ളക്കെട്ട്, നിരവധി ട്രെയിനുകള്‍ റദ്ദാക്കി

തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലും ട്രെയിനുകള്‍ ഭാഗീകമായും പൂര്‍ണമായും റദ്ദാക്കി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ട്രാക്കില്‍ വെള്ളം കയറിയതാണ് ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചത്.

ശക്തമായ മഴയെത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.ട്രെയിന്‍ നമ്പര്‍ 06445 ഗുരുവായൂര്‍ – തൃശൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06446 തൃശൂര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06497 ഷൊര്‍ണൂര്‍ – തൃശൂര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 06495 തൃശൂര്‍ – ഷൊര്‍ണൂര്‍ എക്‌സ്പ്രസ് എന്നിവയാണ് പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍.

ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂര്‍ വരെ മാത്രം. ട്രെയിന്‍ നമ്പര്‍ 16791 തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ അവസാനിപ്പിക്കും. ട്രെയിന്‍ നമ്പര്‍ 16302 തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് ചാലക്കുടി വരെ മാത്രം.

ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ്, 16308 കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്സ്പ്രസ്, 16649 മംഗളൂരു സെന്‍ട്രല്‍ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നിവ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും.

16326 കോട്ടയം-നിലമ്പൂര്‍ റോഡ് എക്സ്പ്രസ് അങ്കമാലിയില്‍ അവസാനിക്കും, 12075 കോഴിക്കോട്-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. 16650 കന്യാകുമാരി – മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16325 നിലമ്പൂര്‍ റോഡ് – കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16301 ഷൊര്‍ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് ഷൊര്‍ണൂരിന് പകരം ചാലക്കുടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ – കണ്ണൂര്‍ ആലപ്പുഴയ്ക്ക് പകരം ഷൊര്‍ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്് പാലക്കാടിന് പകരം ആലുവയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

മഴ തീവ്രമായി; അതിരപ്പിള്ളി അടച്ചു; ഡാമുകള്‍ തുറന്നു; ജാഗ്രതാനിര്‍ദേശം

മഴ തീവ്രമായി; അതിരപ്പിള്ളി അടച്ചു; ഡാമുകള്‍ തുറന്നു; ജാഗ്രതാനിര്‍ദേശം

തൃശൂര്‍: അതിശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നതായും കലക്ടര്‍ അറിയിച്ചു.പീച്ചി ഡാമിന്റെ 4 സ്പില്‍വേ ഷട്ടറുകള്‍ 150 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. മഴ തീവ്രമായതിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

വാഴാനി ഡാമിന്റെ നാലു ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. പൂമല ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകള്‍ 8 സെന്റീമീറ്റര്‍ വീതവും തുറന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്.ഇതുകൂടാതെ തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്തിലേക്കു ഒഴുക്കുന്നുണ്ട്. തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്.

ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരെ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ആരും ജലാശയത്തിന് സമീപത്തിലേക്ക് പോകുകയോ ഇറങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് അതിതീവ്ര മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്.

നാലു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.