by Midhun HP News | Jul 29, 2024 | Latest News, കേരളം
കൊച്ചി: ബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷന്‍ മുതല്‍ ബംഗളൂരു കന്റോണ്‍മെന്റ് വരെ ചെയര്‍കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2945 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 620 കിലോമീറ്റര്‍ ദൂരം 9 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
അതിനിടെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. കഴിഞ്ഞ ദിവസമാണ് ബുക്കിങ് ആരംഭിച്ചത്. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30ന് ബംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും.ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബംഗളൂരുവിലെത്തും. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26 വരെയാണ് നിലവില്‍ സര്‍വീസ്. ട്രെയിന്‍ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
by Midhun HP News | Jul 29, 2024 | Latest News, കേരളം
തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. കോഴിക്കോടിന്റെ മലയോരമേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. കോടഞ്ചേരി ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറി. വയനാട് മേപ്പാടി മുണ്ടക്കൈയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ്. പുത്തുമല കശ്മീര്‍ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. പാലക്കാട്, തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം.
പെരുമഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ മലയോര മേഖലകളില്‍ കനത്ത നാശമാണ് ഉണ്ടായിട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. അമ്പായത്തോട് ചുഴലിക്കാറ്റില്‍ ഏഴു വീടുകള്‍ തകര്‍ന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
മഴ ശക്തമായതിനെത്തുടര്‍ന്ന് പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കോഴിക്കോട് കരുവന്‍തുരുത്തി പെരവന്‍മാട് കടവില്‍ തോണി മറിഞ്ഞു. തോണിയിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലും എറണാകുളത്തും തിരുവനന്തപുരത്തും രാവിലെ മുതല്‍ മഴ ശക്തമായിരുന്നു. മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
by Midhun HP News | Jul 29, 2024 | Latest News, കേരളം
രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി സംഘം പരിശോധന നടത്താതെ മടങ്ങി. എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി.
അര്‍ജുനുവേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോള്‍ ഷിരൂരില്‍ നടക്കുന്നില്ല. ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ ഇവിടെ പുരോഗമിക്കുന്നുണ്ട്. തൃശൂരിലെ ഡ്രഡ്ജർ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഉപയോഗിക്കാൻ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജർ നിർമിച്ച കമ്പനിയുടെ ഉദ്യോഗസ്ഥൻ എൻ നിഖിൽ പറഞ്ഞു. ഒഴുക്ക് നാല് നോട്ട്സ് കൂടിയാൽ ഡ്രഡ്ജർ പ്രയാസമാകുമെന്നും നിഖിൽ പറഞ്ഞു. അതേസമയം അർജുനയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുകയാണ്. പുഴയിലെ കുത്തൊഴുക്കും ചെളിയും ദൗത്യത്തിന് പ്രതിസന്ധിയാണ്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം ഇന്ന് നദിയിൽ പരിശോധന നടത്തുമെന്നാണ് അറിയിപ്പ്. അതേസമയം ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും. തൽക്കാലം ദേശീയപാതയിലെ ഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല.
by liji HP News | Jul 29, 2024 | Latest News, കേരളം
ഇടുക്കി: പീരുമേട്ടിലെ ജനവാസ മേഖലയില്‍ പുലിക്ക് പിന്നാലെ കരടിയും ഇറങ്ങിയതോടെ ഭീതിയില്‍ നാട്ടുകാര്‍. പീരുമേട് ടൗണിന് സമീപമാണ് കരടിയിറങ്ങിയത്. കരടിയുടെ മുമ്പില്‍ അകപ്പെട്ട ഒരാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി.
പീരുമേട്ടില്‍ ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം ഭീതി പടര്‍ത്തുന്നതിനിടെ കരടിയും ഇറങ്ങിയത് നാട്ടുകാരുടെ ഭയം വര്‍ധിപ്പിച്ചിരിക്കുകയാണ്. പീരുമേട് ടൗണില്‍ അഗ്‌നിരക്ഷാ നിലയത്തിന് തൊട്ടടുത്ത് താമസിക്കുന്ന പുത്തന്‍പറമ്പില്‍ രാജന്റെ വീട്ടുമുറ്റത്താണ് കരടിയെത്തിയത്. പുറത്തേക്കിറങ്ങിയ രാജന്‍ ആക്രമണമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കരടി കൃഷിയിടത്തില്‍ ഒളിച്ചു.
തുടര്‍ന്ന് മുറിഞ്ഞപുഴയില്‍ നിന്ന് വനം വകുപ്പ് സംഘവും പീരുമേട് ആര്‍ആര്‍ടി സംഘവും സ്ഥലത്ത് പരിശോധന നടത്തി. കാല്‍പ്പാടുകളുള്‍പ്പെടെ പരിശോധിച്ച് പ്രദേശത്ത് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കാമറ വഴി കരടിയുടെ സഞ്ചാരം നിരീക്ഷിക്കാനുളള നടപടിയും തുടങ്ങി. ആവശ്യമെങ്കില്‍ കൂട് ഉടനെ സ്ഥാപിക്കും.നിലവില്‍ പീരുമേട് ടൗണിന് സമീപം കാട്ടാനയും നിലയുറപ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുളളതിനാല്‍ നാട്ടുകാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
by liji HP News | Jul 29, 2024 | Latest News, കേരളം
ആലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് എല്‍ ജി നിവാസില്‍ എം രജീഷ് (32), സുഹൃത്ത് കരോട്ടു വെളിയില്‍ അനന്തു (29) എന്നിവരാണ് മരിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഇവര്‍.
ഞായറാഴ്ച രാത്രി ഒന്‍പതോടെ കലവൂര്‍ മാരന്‍കുളങ്ങര-പ്രീതികുളങ്ങര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ പീലിക്കകത്തു വെളി അഖില്‍ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടില്‍ അശ്വിന്‍ (21) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രജീഷും സുഹൃത്തുക്കളും മാരന്‍കുളങ്ങരയില്‍ നിന്നു കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ വൈദ്യുതിത്തൂണില്‍ ഇടിച്ചശേഷം തോടിനുകുറുകെചാടി സമീപവാസിയായ വിജയകുമാറിന്റെ വീട്ടുമുറ്റത്തുനിന്ന തെങ്ങിലിടിച്ചു മറിയുകയായിരുന്നു. കാറിന്റെ വലതുവശം വീടിന്റെ ഭിത്തിയിലും ഇടിച്ചു. അപകടശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്.
by liji HP News | Jul 29, 2024 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിഎംആര്‍ല്ലും എക്‌സാലോജിക്കും തമ്മിലുളള ഇടപാടില്‍ ഇരുകമ്പനികള്‍ക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന വാദം നിലനില്‍ക്കില്ലെന്നും, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സിഎംആര്‍എല്ലിന് അനുകൂലമായ നിലപാട് ഒരു സാഹചര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല.രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഇടപാടാണ് സിഎംആര്‍ല്ലും എക്‌സാലോജിക്കും തമ്മിലുള്ളത്. ഇല്ലാത്ത സേവനത്തിന് പണം നല്‍കി എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Recent Comments