by Midhun HP News | Jul 23, 2024 | Latest News, കേരളം
ഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള എംപിമാര്‍. കേരളത്തോട് കാണിച്ചത് കടുത്ത വിവേചനമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു ദേശീയ ബജറ്റാണിത് എന്ന് പറയാന്‍ കഴിയില്ല. എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമായ ബജറ്റാണ് മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തെ നിരാശപ്പെടുത്തിയെന്ന് ആന്റോ ആന്റണി എംപിയും, രണ്ടു മന്ത്രിമാരല്ലാതെ മറ്റൊന്നും കേരളത്തിന് ഇല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.
ദേശീയ ബജറ്റിന്‍റെ പൊതുസ്വഭാവം പോലും ഇല്ലാതാക്കിയെന്ന് എൻ കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണിത്. ബിഹാര്‍, ആന്ധ്രാ സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചത്. ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള ഒരു എന്‍ സ്ക്വയര്‍ ബജറ്റാണിത്. കേരളത്തെ ബജറ്റിൽ പരാമർശിച്ചു പോലുമില്ല. കേരളത്തിൽ നിന്നും പാർലമെന്‍റിലേക്ക് എംപിയെ കൊടുത്താൽ പരിഗണിക്കുമെന്നത് പറഞ്ഞത് വെറുതെയായി എന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
തങ്ങള്‍ക്കിഷ്ടമുള്ളവരെ സഹായിക്കുക, ബാക്കിയുള്ളവരെ തള്ളിക്കളയുക, സമ്മര്‍ദ്ദത്തിന് വഴങ്ങി കാര്യങ്ങള്‍ ചെയ്യുക എന്നുള്ള ഒരു സമീപനമാണ് ബജറ്റില്‍ കാണുന്നതെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ മുന്‍കരുതലെടുക്കാന്‍ വേണ്ടി പോലും പല സംസ്ഥാനങ്ങളെയും സഹായിച്ച കേന്ദ്രം വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയോട് മുഖം തിരിക്കുകയാണ് ചെയ്യുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ള ദേശീയ ബജറ്റാണിത്. കേരളത്തിന് കഴിഞ്ഞ 10 വര്‍ഷമായി പുതിയ പദ്ധതികളൊന്നും അനുവദിച്ചിട്ടില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
by Midhun HP News | Jul 23, 2024 | Latest News, കേരളം
സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം നേരിടാൻ കൂടുതൽ നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. മാലിന്യ മുക്ത നവകേരളം പദ്ധതിയെ കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് സർവകക്ഷി യോഗം വിളിച്ചു. ജൂലൈ 27ന് വൈകുന്നേരം 3.30നാണ് യോഗം.
ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തിന് പിന്നാലെയാണ് സർക്കാർ ഗൗരവമായി വിഷയം ഏറ്റൈടുത്തത്
by Midhun HP News | Jul 23, 2024 | Latest News, കേരളം
മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ആദായ നികുതി ഘടനയിൽ മാറ്റം. പുതിയ ടാക്സ് സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെ നികുതിയില്ല. മൂന്നു മുതൽ ഏഴ് ലക്ഷം വരെ 5% നികുതി. 7 മുതൽ 10 ലക്ഷം വരെ 10% നികുതി. 10 മുതൽ 12 ലക്ഷം വരെ 15% നികുതി. 12 മുതൽ 15 ലക്ഷം വരെ 20 % നികുതി. 15 ലക്ഷം മുതൽ വരുമാനമാനമുള്ളവർക്ക് 30 ശതമാനവുമാണ് നികുതി.
പുതിയ സ്കീമിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000ത്തിൽനിന്ന് 75,000 ആക്കി ഉയർത്തി. ടി ഡി എസ് സംവിധാനം ലളിമാക്കുമെന്നും പ്രഖ്യാപനം. ഇ–കൊമേഴ്സ് കമ്പനികൾക്കുള്ള ടിഡിഎസ് 0.1% ആയി കുറച്ചു. മധ്യവർഗത്തെ സഹായിക്കാൻ ആദായ നികുതി പരിഷ്കാരം. മൂലധന നേട്ടത്തിനുള്ള നികുതി സംവിധാനവും ലളിതമാക്കി. സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾക്കുള്ള ഏഞ്ചൽ ടാക്സ് ഒഴിവാക്കി. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നിയമനടപടിയില്ല. ഫാമിലി പെൻഷൻകാർക്ക് ഡിഡക്ഷൻ 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. കോർപ്പറേറ്റ് നികുതി കുറച്ചു. വ്യവഹാരങ്ങളും പരാതികളും കുറയ്ക്കുന്നത് ലക്ഷ്യമിട്ട് 1961ലെ ആദായനികുതി നിയമം സമഗ്രമായി പുനഃപരിശോധിച്ച് പോരായ്മകൾ പരിഹരിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ.
by Midhun HP News | Jul 23, 2024 | Latest News, കേരളം
ബെംഗളൂരു: നദിക്കരയിൽ അർജുന് വേണ്ടി തെരച്ചിൽ നടത്തുന്ന സ്ഥലത്ത് നിന്നുള്ള റഡാറിന്‍റെ സിഗ്നൽ മാപ് പുറത്തുവന്നു. നദിക്കരയിൽ നിന്ന് 40 മീറ്റർ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്നൽ കിട്ടിയത്. ആ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് നാവികസേന പരിശോധന നടത്തുന്നത്. ഷിരൂരെ മലയിടിഞ്ഞ് വീണ സ്ഥലത്തെ സിഗ്നൽ കിട്ടിയ പ്രദേശത്തെ സിഗ്നൽ മാപ് ചെയ്തതാണ് ഇത്. എൻഐടി സൂറത് കലിലെ വിദഗ്ധർ ആണ് ഈ ഏകദേശമാപ് തയ്യാറാക്കിയത്. മണ്ണ് ഇടിഞ്ഞിറങ്ങിയ രീതി വെച്ച് നോക്കിയാൽ അതിനടിയിലുള്ള ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്.
20 ടൺ ഭാരമുള്ള ലോറിയാണ് അർജുന്‍റേത്. മല മുകളിൽ നിന്ന് നദിയിലേക്ക് 200 മീറ്ററോളം മണ്ണ് ഇടിഞ്ഞിറങ്ങിയിട്ടുണ്ട്. അതിന്‍റെ ആഘാതം പരിശോധിച്ചാൽ ഇത്ര ഭാരമുള്ള ലോറി ഇപ്പോഴുള്ള കരയിൽ നിന്ന് 40 മീറ്ററോളം അകലത്തിൽ ആകാം. അവിടെ നിന്നാണ് സിഗ്നലുകളും ലഭിച്ചിരിക്കുന്നത്. സിഗ്നൽ, മണ്ണിടിഞ്ഞിറങ്ങിയതിന്‍റെ ആഘാതം -ഇത് രണ്ടും പരിശോധിച്ച് ഉണ്ടാക്കിയ ഏകദേശ സിഗ്നൽ മാപ് ആണിത്. സിഗ്നൽ ലഭിച്ച ഇടം അർജുന്‍റെ ലോറി തന്നെയാണെങ്കിൽ, ഏതാണ്ട് ലോറി കിടക്കാനുള്ള സാധ്യതയാണ് കടും ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
by Midhun HP News | Jul 23, 2024 | Latest News, കേരളം
ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000രൂപ കുറഞ്ഞു. സ്വർണവില പവന് 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 ആയി. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു.
സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്.കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ ആകെ കുറഞ്ഞത് 2040 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,495 രൂപയാണ് വില.
by Midhun HP News | Jul 23, 2024 | Latest News, കേരളം
തിരുവനന്തപുരം: നൂറ്റിയെട്ട് ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു . ആരോഗ്യവകുപ്പും എൻഎച്ച് എം ഡയറക്ടറുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ചയിൽ ശമ്പളം കൃത്യമായി നൽകാമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. ഇതോടെ 108 ആംബുലൻസ് സർവീസുകൾ നടത്തും. ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആംബുലൻസ് ജീവനക്കാരുടെ സമരം. എല്ലാമാസവും ഏഴാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പിലാക്കാൻ നടത്തിപ്പ് ചുമതലയുള്ള കമ്പനിക്ക് ആയിരുന്നില്ല.
പലവിധ പ്രതിഷേധങ്ങളും നടത്തിയിട്ടും പരിഹാരമാകാതെ വന്നപ്പോഴാണ് സെക്രട്ടറിയേറ്റ് പ്രതിഷേധത്തിലേക്കും പണിമുടക്കിലേക്കും ജീവനക്കാരെത്തിയത്. ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ആവശ്യത്തിനുള്ള പണം സർക്കാർ നൽകിയിട്ടും നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ EMRI കമ്പനി അലംഭാവം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
Recent Comments