പ്രിയപ്പെട്ട മുഖ്യമന്ത്രി, അങ്ങെടുത്തത് ധീരമായ നിലപാട്; സഹായങ്ങള്‍ ഞങ്ങള്‍ മറക്കില്ല; ചാണ്ടി ഉമ്മന്‍

പ്രിയപ്പെട്ട മുഖ്യമന്ത്രി, അങ്ങെടുത്തത് ധീരമായ നിലപാട്; സഹായങ്ങള്‍ ഞങ്ങള്‍ മറക്കില്ല; ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പിതാവ് ഉമ്മന്‍ചാണ്ടി രോഗാതുരനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങള്‍ക്ക് ചെയ്ത സഹായങ്ങള്‍ മറക്കില്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മന്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്.

‘ഒരാളെ തിരിച്ചറിയുന്നത് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോഴാണ്. എന്റെ പിതാവിന് ബുദ്ധിമുട്ടുണ്ടായപ്പോള്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി അങ്ങ് എടുത്തത് ധീരമായ നിലപാടാണ്, അങ്ങയെ കാണാന്‍ ഞാന്‍ വന്നു. അപ്പോള്‍ അങ്ങ് എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മറക്കില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ മറക്കില്ല.

എന്റെ അമ്മ എന്നോട് പറഞ്ഞു, എന്തുവന്നാലും മുഖ്യമന്ത്രിയെ പരിപാടിക്ക് വിളിക്കണം എന്ന്. ഇവിടെ വന്നതിലൂടെ എത്രത്തോളം പ്രാധാന്യം ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് നല്‍കുന്നുണ്ടെന്ന് മനസ്സിലാക്കാം. ഡോ. രവീന്ദ്രനാണ് എന്റെ പിതാവിനെ കുറെനാള്‍ ചികിത്സിച്ചത്. ഒരുദിവസം ഡോക്ടര്‍ എന്നെ വിളിച്ചു. മുഖ്യമന്ത്രി വിളിച്ച് ‘ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നി. ഡോക്ടറിന്റെ ചികിത്സയില്‍ ഉമ്മന്‍ചാണ്ടി വളരെ മെച്ചപ്പെട്ടിരിക്കുന്നു’ എന്ന സന്തോഷം പ്രകടിപ്പിച്ച കാര്യമാണ് അദ്ദേഹം പറഞ്ഞത്. വ്യക്തികളെന്ന നിലയില്‍ പരസ്പര ബഹുമാനം എന്താണെന്ന് അദ്ദേഹം കാണിച്ചിട്ടുണ്ട്. 2022 ഒക്ടോബറില്‍ അദ്ദേഹം എന്റെ പിതാവിനെ കാണാന്‍ വീട്ടിലെത്തിയിരുന്നു. ജീവിച്ചിരുന്നപ്പോള്‍ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു അവര്‍’ – ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നിപ സംശയിച്ച 14കാരന് ചെള്ള് പനി സ്ഥിരീകരിച്ചു; നില അതീവഗുരുതരം

നിപ സംശയിച്ച 14കാരന് ചെള്ള് പനി സ്ഥിരീകരിച്ചു; നില അതീവഗുരുതരം

മലപ്പുറം: കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. നിപയില്‍ സ്ഥിരീകരണം പൂനെയിലെ പരിശോധനാഫലം വന്ന ശേഷമായിരിക്കും. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്ന മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.

കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വൈകീട്ട് നാലുമണിയോടെ മന്ത്രി മലപ്പുറത്ത് എത്തും

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു

അഞ്ചുതെങ്ങ്: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. വള്ളത്തിൽ 2 പേരുണ്ടായിരുന്നു. ഇവർ നീന്തി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വിശുദ്ധ അന്തോണീസ് എന്ന വള്ളമാണ് മറിഞ്ഞത്.

കോഴിക്കോട് പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്ത് വയസുകാരി മരിച്ചു

കോഴിക്കോട് പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്ത് വയസുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ നാല് ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വീണ്ടും ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ ഇന്ന് പുല‍ർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും. ഫാത്തിമയുടെ പിതാവ് ഷരീഫ് വിദേശത്താണ്. ഇദ്ദേഹം നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം നടത്തുക.

സ്വര്‍ണ വില താഴേക്ക്; മൂന്നു ദിവസം കൊണ്ട് കുറഞ്ഞത് 760 രൂപ

സ്വര്‍ണ വില താഴേക്ക്; മൂന്നു ദിവസം കൊണ്ട് കുറഞ്ഞത് 760 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും താഴേക്ക്. 280 രൂപ കുറഞ്ഞ പവന്‍ വില 54,240ല്‍ എത്തി. ഗ്രാമിന് കുറഞ്ഞത് 35 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6780 രൂപ.കഴിഞ്ഞ രണ്ടു ദിവസവും പവന്‍ വില കുറവു രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 120 രൂപയും വെള്ളിയാഴ്ച 360 രൂപയുമാണ് ഇടിഞ്ഞത്. മൂന്നു ദിവസം കൊണ്ട് ഇടിവ് 760 രൂപ.

സ്ത്രീകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തു; ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ യാത്രക്കാരന് കുത്തേറ്റു

സ്ത്രീകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തു; ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ യാത്രക്കാരന് കുത്തേറ്റു. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തത ആളെയാണ് സഹയാത്രികൻ സ്ക്രൂ ഡൈവർ ഉപയോ​ഗിച്ച് നെറ്റിൽ കുത്തി പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം.

ട്രെയിൻ വടകരയിൽ എത്തിയപ്പോൾ ആർപിഎഫ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിലായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. കോച്ചിനുള്ളിൽ ശല്യം ചെയ്തപ്പോൾ മാറിനിൽക്കാൻ പല തവണ ഇയാളോട് സ്ത്രീകൾ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോഴാണ് യാത്രക്കാരൻ ഇടപെട്ടത്. തുടർന്ന് സ്ക്രൂ ഡൈവർ ഉപയോ​ഗിച്ച് ഇയാൾ യാത്രക്കാരനെ ആക്രമിക്കുകയായിരുന്നു. എന്നാൽ മുറിവ് സാരമില്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരന്‍ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു. മുന്‍പ് തീവെപ്പ് നടന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഇപ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്ക് പൊലീസുകാരില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.