ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; 900 കോടി അനുവദിച്ചു

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; 900 കോടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24ന് തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ എല്ലാമാസവും പെൻഷൻ നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

നിപ: മാസ്‌ക് ധരിക്കണം, കടകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ;പഞ്ചായത്തുകളിലെ നിയന്ത്രണം ഇന്നു മുതല്‍

നിപ: മാസ്‌ക് ധരിക്കണം, കടകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ;പഞ്ചായത്തുകളിലെ നിയന്ത്രണം ഇന്നു മുതല്‍

മലപ്പുറം: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലും, സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഈ പഞ്ചായത്തുകളില്‍ കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.

ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. തിയേറ്ററുകള്‍ അടച്ചിടും. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം പിഡബ്ലിയു റസ്റ്റ്ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

‘രാവിലെ ഹൃദയാഘാതം ഉണ്ടായി’; കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു; സംസ്‌കാരം പ്രോട്ടോക്കോള്‍ പ്രകാരം: മന്ത്രി

‘രാവിലെ ഹൃദയാഘാതം ഉണ്ടായി’; കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു; സംസ്‌കാരം പ്രോട്ടോക്കോള്‍ പ്രകാരം: മന്ത്രി

മലപ്പുറം: നിപ ബാധിതനായ കുട്ടിക്ക് രാവിലെ 10. 50 ഓടെ ഹൃദയാഘാതമുണ്ടായി. 11.20 ഓടെയാണ് മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടി വെന്റിലേറ്ററിലായിരുന്നു. അബോധാവസ്ഥയിലായിരുന്നു. രാവിലെയോടെ യൂറിന്‍ ഔട്ട്പുട്ടും കുറഞ്ഞു. 10.50 മാസീവ് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായിയെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തി. പക്ഷെ ഫലമുണ്ടായില്ല. കുട്ടിയുടെ സംസ്‌കാരത്തിന് രാജ്യാന്തര തലത്തിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കും. കുട്ടിയെ കോഴിക്കോട് തന്നെ സംസ്‌കരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ജില്ലാ കലക്ടര്‍ കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്‌കാരം എന്തായാലും ശാസ്ത്രീയ പ്രോട്ടോക്കോള്‍ അനുസരിച്ചു തന്നെയാകും നടത്തുക. കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് മൂന്നു പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള നാലുപേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒരാള്‍ക്ക് ഐസിയു സപ്പോര്‍ട്ട് വേണ്ട സാഹചര്യമുണ്ട്.

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമല്ല; കേന്ദ്ര, കർണാടക സർക്കാരുകൾക്ക് നിർദേശം നൽകണം; സുപ്രീംകോടതിയിൽ ഹർജി

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമല്ല; കേന്ദ്ര, കർണാടക സർക്കാരുകൾക്ക് നിർദേശം നൽകണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: കർണാടകയിലെ ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. രക്ഷാദൗത്യത്തിന് കേന്ദ്ര, കർണാടക, കേരള സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ തിരച്ചിലിലും ഫലമുണ്ടായില്ലെന്നും, തിരച്ചിൽ ഊർജിതമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അർജുൻ മണ്ണിനിടിയിൽ പെട്ട ദിവസം മുതലുള്ള പ്രവർത്തനങ്ങൾ അടക്കം പരാമർശിച്ചാണ് ഹർജി. യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണം. ഇതിനായി എല്ലാ സേനകളുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണം. അതിനായി കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അർജുനായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടു വന്നാണ് തിരച്ചിൽ നടത്തുന്നത്. ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന സ്ഥലം കേന്ദ്രീകരിച്ചാണ് മണ്ണുനീക്കൽ പുരോ​ഗമിക്കുന്നത്. ഇതിനിടെ പ്രദേശത്ത് ഇടവിട്ടുള്ള മഴ രക്ഷാദൗത്യത്തിന് തിരിച്ചടിയാണ്. ഇവിടെ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒലിച്ചുപോകാനുള്ള സാധ്യത പരി​ഗണിച്ച് സമീപത്തെ പുഴയിലും എൻഡിആർഎഫ് തിരച്ചിൽ നടത്തുന്നുണ്ട്.

റഡാർ സിഗ്നല്‍ ലോറിയുടേതല്ല, കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

റഡാർ സിഗ്നല്‍ ലോറിയുടേതല്ല, കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. നാമക്കൽ സ്വദേശിയായ ലോറി ഡ്രൈവർ ശരവണൻ മണ്ണിനടിയിൽ കുടുങ്ങിയെന്ന് സൂചന. അപകടസ്ഥലത്ത് നിന്നും ശരവണന്റെ ലോറി കണ്ടെത്തി.

ഹുഗ്ലിയിൽ നിന്നും മംഗളൂരുവിലേക്ക് ലോറിയുമായി എത്തിയതാണ് ശരവണൻ. അപകട ദിവസം രാവിലെ 7 മണിക്ക് ശരവണൻ വീട്ടിലേക്ക് വിളിച്ചിരുന്നു. ശരവണനെ ഇനിയും കണ്ടെത്താനായില്ലെന്ന് ശരവണന്റെ സുഹൃത്ത് ഗണപതി പറഞ്ഞു. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലത്തെത്തി. അപകടം നടന്ന് അഞ്ചാം ദിവസമാണ് കുമാരസ്വാമി ഷിരൂരില്‍ എത്തിയത്.

അതേസമയം ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് ഐഐടി സംഘം നിഷേധിച്ചു. സിഗ്നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി സംഘം വ്യക്തമാക്കി. വന്‍മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാല്‍ റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.

എന്നാൽ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങണമെന്ന് അര്‍ജുന്റെ ബന്ധുക്കള്‍ പറഞ്ഞു. പരിശോധനയില്‍ അര്‍ജുനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. തെരച്ചിലിന് സൈന്യത്തിന്റെ സഹായം വേണമെന്ന് വെള്ളിയാഴ്ച മുതല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

കക്കൂസ് മാലിന്യം കെ ആർ എഫ് ബിയുടെ ഓടയിലേക്ക് ഒഴുക്കുന്നതായിപരാതി

കക്കൂസ് മാലിന്യം കെ ആർ എഫ് ബിയുടെ ഓടയിലേക്ക് ഒഴുക്കുന്നതായിപരാതി

അട്ടകുളങ്ങരയിൽ പ്രവർത്തിക്കുന്ന രാമചന്ദ്രൻ ടെക്സ്റ്റെയിൽസിലെ കക്കൂസ് മാലിന്യം
കെ ആർ എഫ് ബിയുടെ ഓടയിലേക്ക് ഒഴുക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നൈറ്റ് സ്‌ക്വാഡിനെ പരിശോധനയ്ക്കായി നിയോഗിച്ചു. സ്‌ക്വാഡിന്റെ പരിശോധയിൽ പരാതി സത്യമാണെന്നു കണ്ടെത്തി. കർശനമായ നടപടി ഇക്കാര്യത്തിൽ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കക്കൂസ് മാലിന്യമടക്കം പൊതുയിടത്തിൽ ഒഴുക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് സംബന്ധിച്ച് നിയമപരമായ എല്ലാ നടപടികളും വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കും.