സ്ത്രീകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തു; ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ യാത്രക്കാരന് കുത്തേറ്റു

സ്ത്രീകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തു; ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ യാത്രക്കാരന് കുത്തേറ്റു. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തത ആളെയാണ് സഹയാത്രികൻ സ്ക്രൂ ഡൈവർ ഉപയോ​ഗിച്ച് നെറ്റിൽ കുത്തി പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം.

ട്രെയിൻ വടകരയിൽ എത്തിയപ്പോൾ ആർപിഎഫ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിലായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. കോച്ചിനുള്ളിൽ ശല്യം ചെയ്തപ്പോൾ മാറിനിൽക്കാൻ പല തവണ ഇയാളോട് സ്ത്രീകൾ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോഴാണ് യാത്രക്കാരൻ ഇടപെട്ടത്. തുടർന്ന് സ്ക്രൂ ഡൈവർ ഉപയോ​ഗിച്ച് ഇയാൾ യാത്രക്കാരനെ ആക്രമിക്കുകയായിരുന്നു. എന്നാൽ മുറിവ് സാരമില്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരന്‍ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു. മുന്‍പ് തീവെപ്പ് നടന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഇപ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്ക് പൊലീസുകാരില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

തേയില ഫാക്ടറിയിൽ യന്ത്രം വൃത്തിയാക്കുന്നതിനിടെ തല കുടുങ്ങി; തൊഴിലാളി മരിച്ചു

തേയില ഫാക്ടറിയിൽ യന്ത്രം വൃത്തിയാക്കുന്നതിനിടെ തല കുടുങ്ങി; തൊഴിലാളി മരിച്ചു

തൊടുപുഴ: ഇടുക്കി പീരുമേടിലെ തേയില ഫാക്ടറിയിൽ പച്ചക്കൊളുന്ത് വെട്ടിച്ചെറുതാക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ചു. പട്ടുമല എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ രാജേഷ് (37) ആണ് മരിച്ചത്. കൃത്യമായ ഇടവേളകളിൽ യന്ത്രത്തിന്റെ വാതിൽ തുറക്കുകയും അകയ്ക്കുകയും ചെയ്യും. ഇതിനിടെയാണ് തൊഴിലാളികൾ യന്ത്രത്തിനുള്ളിൽ അടിയുന്ന തേയില മാറ്റുന്നത്.

വെള്ളിയാഴ്ച ഇത്തരത്തിൽ തേയില മാറ്റുന്നതിനിടെ വാതിൽ അടയുകയും രാജേഷിന്റെ തല യന്ത്രത്തിനുള്ളിൽ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രാജേഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് കമ്മിഷൻ അംഗം വികെ ബീനാകുമാരി നിർദേശിച്ചു. രാജേഷിന്‍റെ സംസ്കാരം ഇന്നു രാവിലെ 10ന് പട്ടുമല പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: സുധ. മക്കൾ: സൗപർണിക, സിദ്ധാർഥ്‌.

മഴ അവധി പ്രഖ്യാപിച്ചില്ല; വിദ്യാർഥികളുടെ ആത്മഹത്യാ ഭീഷണി, മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് ജില്ലാ കലക്ടർ

മഴ അവധി പ്രഖ്യാപിച്ചില്ല; വിദ്യാർഥികളുടെ ആത്മഹത്യാ ഭീഷണി, മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് ജില്ലാ കലക്ടർ

പത്തനംതിട്ട: മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ആത്മഹത്യാ ഭീഷണിയും അസഭ്യ കമന്‍റുകളും. മോശം കമന്റ് ഇട്ട രണ്ട് വിദ്യാർഥികളുടെ അക്കൗണ്ട് സൈബർ സെൽ വഴി കണ്ടെത്തി മാതാപിതാക്കളെ വിളിച്ചു വരുത്തി കലക്ടർ എസ് പ്രേം കൃഷ്ണൻ താക്കീതു ചെയ്തു. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ നിരവധി ഫോണ്‍ വിളികളാണ് വരുന്നതെന്നും കലക്ടര്‍ പറയുന്നു.

ഓഫീഷ്യൽ ഫേസ് ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും മാത്രമല്ല പേഴ്സണൽ അക്കൌണ്ട് വരെ തപ്പിപ്പിടിച്ച് അതിലേക്കും അയക്കുന്നവരുണ്ട്. പലതും വളരെ തമാശയായിട്ടുള്ള മെസേജുകളാണ്. ചിലരുടെ സംഭാഷണത്തിൽ അപേക്ഷയുടെ രീതി മാറി അസഭ്യം വരെ എത്തിയതോടെയാണ് സൈബർ സെല്ലിനെ സമീപിച്ചത്. അവധി തന്നില്ലെങ്കിൽ സ്കൂളിൽ പോകില്ല, തന്‍റെ അവസാനത്തെ ദിവസമായിരിക്കും, അവധി തന്നില്ലെങ്കിൽ കളക്ടറായിരിക്കും ഉത്തരവാദി എന്നതടക്കമുള്ള മെസേജുകൾ വന്നിട്ടുണ്ടെന്ന് കളക്ടർ പറയുന്നു. സഭ്യമല്ലാത്ത മെസേജുകൾ വന്നപ്പോൾ ആരാണെന്ന് സൈബർ സെൽ വഴി അന്വേഷിച്ചു. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോൾ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചു. രാത്രി 12നു ശേഷം രക്ഷിതാക്കളെന്ന ഭാവത്തിൽ വിളിച്ച വിദ്യാർഥികളുണ്ട്. അവധി ആവശ്യപ്പെടാൻ അച്ഛന്റെയും അമ്മയുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചവരുമുണ്ടെന്നും കലക്ടർ പറഞ്ഞു.

ചെറുവള്ളിമുക്ക് വാർഡിൽ കോൺഗ്രസ്‌ കുടുംബ സംഗമം അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു

ചെറുവള്ളിമുക്ക് വാർഡിൽ കോൺഗ്രസ്‌ കുടുംബ സംഗമം അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് ഇരുപത്തി രണ്ടാം നമ്പർ വാർഡിൽ കോൺഗ്രസ് കുടുംബസംഗമം അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി എസ്.ശ്രീകല, ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണികൃഷ്ണൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി പി. അംബിരാജ, കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് ആർ.എസ്. പ്രശാന്ത്, ശിവകുമാർ,സതീഷ് കൊല്ലമ്പുഴ തുടങ്ങിയവർ കുടുംബസംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.

ഇനിയും 50 മീറ്റര്‍ മണ്ണ് നീക്കണം; തിരച്ചിലിനായി റഡാര്‍ എത്തിച്ചു; അര്‍ജുനെ കണ്ടെത്താന്‍ തീവ്രശ്രമം

ഇനിയും 50 മീറ്റര്‍ മണ്ണ് നീക്കണം; തിരച്ചിലിനായി റഡാര്‍ എത്തിച്ചു; അര്‍ജുനെ കണ്ടെത്താന്‍ തീവ്രശ്രമം

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. ലോറി ഉണ്ടെന്ന് കരുതുന്ന ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി. ലോറിക്ക് മുകളിലായി 50 മീറ്ററലധികം ഉയരത്തില്‍ മണ്ണ് ഉണ്ടെന്ന് കരുതുന്നതായി കാര്‍വാര്‍ എസ്പി നാരായണ പറഞ്ഞു. പ്രദേശത്ത് ഇടവിട്ട് ഇടവിട്ട് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. ഉച്ചയോടെ കൃത്യമായ വിവരം നല്‍കാനാകുമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

മംഗളൂരുവില്‍ നിന്ന് അത്യാധുനിക റഡാര്‍ സ്ഥലത്തെത്തിച്ചു. മണ്ണിനടയിലും പുഴയിലും റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഉടന്‍ തുടങ്ങും. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുക. കൂടുതല്‍ സാങ്കേതിക വിദഗ്ധര്‍ ഉടന്‍ സ്ഥലത്തെത്തുമെന്നും ഉത്തര കന്നഡ കലക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. ലോറി പുഴയില്‍ പോയിരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും പുഴയിലും പരിശോധന തുടരുമെന്നും കലക്ടര്‍ പറഞ്ഞു.

‘രക്ഷാപ്രവര്‍ത്തനം ആറുമണിക്ക് തന്നെ ആരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘം, നാവികസേന, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ടെക്നിക്കല്‍ സഹായത്തിനായി ഒരാള്‍ കൂടി എത്തുന്നുണ്ട്. എന്‍ഐടി കര്‍ണാടകയിലെ പ്രൊഫസറാണ് എത്തുന്നത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ എന്ന ഡിവൈസുമായാണ് അദ്ദേഹം വരുന്നത്. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും’- കലക്ടര്‍ പറഞ്ഞു.

നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എഴുപതിലേറെ പേര്‍ സ്ഥലത്തുണ്ട്. അര്‍ജുനെ കൂടാതെ മറ്റ് രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായവരില്‍ ഒരു സ്ത്രീയുമുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 400 മീറ്റര്‍ ഉയരത്തിലുള്ള ചെളി നീക്കം ചെയ്തിട്ടുണ്ട്. ജിപിഎസ് ലൊക്കേഷന്‍ കാണിക്കുന്ന സ്ഥലത്തെ മധ്യഭാഗത്താണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തെ ഉള്‍പ്പെടുത്തണമെന്നാണ് അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യം.

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

കുവൈത്ത് അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടത് മലയാളികളാണ്. ഇവര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടില്‍ പോയി് തിരിച്ചു വന്നത്. ഉറങ്ങുന്നതിനിടയില്‍ എസിയില്‍ നിന്നു ചെറിയ തീപിടിത്തമുണ്ടായി. പുക ശ്വസിച്ചതാണ് മരണകാരണമെന്ന് സൂചന. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു എബ്രഹാം, ഭാര്യ ലിനി എബ്രഹാം ഇവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത് . മാത്യു എബ്രഹാമിന് ബാങ്കിങ് മേഖലയിലാണ് ജോലി. ലിനി അദാന്‍ ഹോസ്പിറ്റല്‍ നഴ്‌സാണ്.