by Midhun HP News | Jul 12, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് പാലക്കാട്, കൊല്ലം, തിരുവനന്തപുരം, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച മൂന്ന് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ് നല്‍കിയത്. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

by Midhun HP News | Jul 12, 2024 | Latest News, കേരളം
കൊച്ചി: ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റില്ലാതെ കുട്ടികളുമായി നിരത്തിലിറക്കിയ സ്കൂൾ വാഹനം ആർടിഒ പിടികൂടി. കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്. കുട്ടികളുമായി പോകുകയായിരുന്ന വാഹനം ആർടിഒ നിർത്തി പരിശോധിക്കുകയായിരുന്നു. ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റില്ലെന്ന് കണ്ടെത്തിയതോടെ വാഹനം ആർടിഒ പിടിച്ചെടുത്തു. കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.

by Midhun HP News | Jul 12, 2024 | Latest News, കേരളം
തിരുവനന്തപുരം: വർക്കലയിൽ മദ്രസയിൽ നിന്നും രാവിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 12 വയസ്സുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. നടയറ ചരുവിള വീട്ടിൽ നജീബ് സജ്ന ദമ്പതികളുടെ മകൻ ആസിഫിനെ (12)യാണ് കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ ആക്രമിച്ചത്. രാവിലെ ഏഴര മണിയോടെ നടയറ നൂറുൽ ഇസ്ലാം മദ്രസയിൽ നിന്ന് മടങ്ങി നടയറ തയ്ക്കാവിന് പിന്നിലെ വഴിയിലൂടെ പോകുമ്പോഴായിരുന്നു പത്തോളം വരുന്ന തെരുവ് നായ്ക്കൾ കുട്ടിയെ കൂട്ടമായി ആക്രമിച്ചത്.
ശരീരമാസകലം മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവസമയം അതുവഴി കടന്നുവന്ന ബൈക്ക് യാത്രികനായ തെക്കതിൽ ഇർഷാദിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ആസിഫിന് ജീവൻ തിരിച്ചുകിട്ടിയത്. നടയറയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. വിദ്യാലയങ്ങളിലും മദ് റസകളിലും പഠനത്തിനായി എത്തുന്ന കുട്ടികളുടെ ജീവൻ തെരുവ് നായ്ക്കളുടെ ആക്രമണ ഭീഷണിയിലാണ്.
മറ്റ് പ്രദേശങ്ങളിൽ നിന്നും തോടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും പുറന്തള്ളുന്ന അവശിഷ്ടങ്ങൾ തിന്നു കഴിയുന്ന തെരുവ് നായ്ക്കൾ പരിസരങ്ങളിലെ വിദ്യാലയങ്ങളിലും തകർന്ന കെട്ടിടങ്ങളിലും ഇപ്പോൾ സ്ഥിരതാമസമാണ്. തൊടുവേ ശിവഗിരി റോഡിൽ നിത്യേന നിക്ഷേപിക്കുന്ന മാലിന്യങ്ങൾ നടയറയിലെയും പരിസരപ്രദേശങ്ങളിലെയും തെരുവുനായ്ക്കളുടെ എണ്ണം രൂക്ഷമാക്കുന്നതിന് ഒരു പ്രധാന കാരണമാണ്. പകൽ സമയങ്ങളിൽ മുതിർന്നവർക്ക് പോലും കാൽനടയായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കി കുട്ടികളുടെ സ്വതന്ത്രമായ പഠനത്തിനും മുതിർന്നവരുടെ സഞ്ചാരത്തിനും അനുയോജ്യമായ നടപടി പരിസരങ്ങളിലെ തദ്ദേശസ്വരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട അധികാരികളും സമയോചിതമായി സ്വീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് തദ്ദേശീയരായ നാട്ടുകാരുടെ തീരുമാനമെന്ന് നടയറ റസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് ടിഎം സിനി മോൻ പറഞ്ഞു.
by Midhun HP News | Jul 12, 2024 | Latest News, കേരളം
പൊലീസ് അസോസിയേഷൻ്റെ ഓൺലൈൻ മീറ്റിംങ്ങിനിടെ തെറിവിളി. സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്നതിനിടെയായിരുന്നു പോലീസുകാരുടെ അസഭ്യവർഷം. കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ പ്രജീഷ്,സജി ഫിലിപ്പ് എന്നിവരാണ് തെറി വിളിച്ചത്.
അസോസിയേഷൻ സമ്മേളന നടപടികൾ വിശദീകരിക്കാനായിരുന്നു ഓൺലൈൻ മീറ്റിങ്ങ്. പൊലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാനായി സംഘടന ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു തെറിവിളി. ലിങ്ക് ചോർത്തിയെടുത്താണ് ഇരുവരും മീറ്റിങ്ങിൽ പങ്കെടുത്തത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
by Midhun HP News | Jul 12, 2024 | Latest News, കേരളം
മുംബൈ: മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്. മുംബൈയിലെ ബികെസി ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ആഢംബര വിവാഹം നടക്കുക. രാവിലെ പൂജയോടെ ആരംഭിച്ച് വൈകുന്നേരം നാല് മണിയോടെ വിവാഹ ചടങ്ങുകൾ ആരംഭിക്കും. രാത്രി പത്ത് മണിക്കാണ് വിവാഹ മുഹൂർത്തം.
രാഷ്ട്രീയ-സിനിമ-വ്യവസായ-കായികം തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി വിവിഐപികൾ ചടങ്ങിൽ പങ്കെടുക്കും. വിവാഹത്തോട് അനുബന്ധിച്ച് അതിഥികൾക്കായി നൂറിലധികം സ്വകാര്യ വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവാഹാഘോഷം നാളെയും മറ്റെന്നാളും തുടരും. വിവാഹത്തോട് അനുബന്ധിച്ച് ബികെസിയുടെ റോഡുകളിൽ ഇന്ന് ഒരു മണി മുതൽ നാല് ദിവസത്തേക്ക് ഗതാഗതം പൂർണമായും നിയന്ത്രിച്ചിരിക്കുകയാണ്. അതിഥികൾക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം.
നാളെ നടക്കുന്ന വിരുന്നിലേക്ക് കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. നാളെ മുംബൈയിൽ വിവിധ പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തേക്കും. മറ്റന്നാൾ മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരനിര അണിനിരക്കും.
15ന് റിലയൻസ് ജീവനക്കാർക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. യുകെ മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, ടോണി ബ്ലെയർ, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് എത്തുന്നത്. വ്യവസായി വിരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളാണ് രാധിക.

by Midhun HP News | Jul 12, 2024 | Latest News, കേരളം
ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 9946953070 എന്ന നമ്പറിൽ ബയോഡേറ്റ അയക്കുക.
Recent Comments