സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി 54,000ന് മുകളിൽ എത്തി. പവന് 240 രൂപ വർധിച്ചതോടെയാണ് സ്വർണവില 54000 കടന്നത്. 54,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 6760 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ

ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതിയുടെ തീരുമാനം. ശുപാർശ ഗവർണർക്കു കൈമാറും. ഗവർണർ ശുപാർശ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ചുമതലയേൽക്കാം. നിലവിൽ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.

ചെങ്ങന്നൂർ സ്വദേശിയായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ഹൈക്കോടതിയിൽ നിന്നു വിരമിച്ചത്. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. 2014 ൽ ഹൈക്കോടതി ജഡ്ജിയായി. കുറച്ചുകാലം ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിരുന്നു.

മദ്യനയ അഴിമതി: കെജരിവാളിന് ഇടക്കാല ജാമ്യം, അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി വിശാല ബെഞ്ചിന്

മദ്യനയ അഴിമതി: കെജരിവാളിന് ഇടക്കാല ജാമ്യം, അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി വിശാല ബെഞ്ചിന്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കി. 90 ദിവസത്തിലേറെയായി കെജരിവാള്‍ തടങ്കലിലാണെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ വിധി. മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജി കോടതി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

മെയ് 17 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി സുപ്രിംകോടതി ബെഞ്ച് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. മദ്യനയ അഴിമതിയിലെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് ഇ ഡി കെജരിവാളിനെ അറസ്റ്റുചെയ്തത്. പിന്നീട് ജൂണ്‍ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നിലവില്‍ കെജരിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്.

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും നിർ‌ദേശിച്ചിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും, തമിഴ്‌നാട് തീരത്തും വെള്ളിയാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുണ്ടന്നൂര്‍ പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുണ്ടന്നൂര്‍ പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും. തിങ്കളാഴ്ച രാവിലെയാകും പാലം തുറന്നു കൊടുക്കുക. അതുവരെ ഒരു വാഹനവും കയറ്റിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ സഹകരിക്കണമെന്ന് ദേശീയ പാത അതോറിട്ടി അഭ്യര്‍ത്ഥിച്ചു.

പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെണ്ടുരുത്തിപ്പാലം വഴി MG റോഡിലെത്തി വേണം യാത്ര തുടരേണ്ടത്. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി തിരിഞ്ഞു പോകണം. തൃപ്പൂണിത്തുറ ഭാഗത്തു നിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡ്, എം ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. മേഖലയിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .

സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ കുഴഞ്ഞു വീണു; പ്ലസ് ടു വിദ്യാർഥിനി മരിച്ചു

സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ കുഴഞ്ഞു വീണു; പ്ലസ് ടു വിദ്യാർഥിനി മരിച്ചു

കൊച്ചി: കൊച്ചിയിൽ വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണു മരിച്ചു. തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്‌മിയാണ് (16) രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞു വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി. രാവിലെ ബസിൽ സ്ക്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരിൽ വെച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.