സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ കുഴഞ്ഞു വീണു; പ്ലസ് ടു വിദ്യാർഥിനി മരിച്ചു

സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ കുഴഞ്ഞു വീണു; പ്ലസ് ടു വിദ്യാർഥിനി മരിച്ചു

കൊച്ചി: കൊച്ചിയിൽ വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണു മരിച്ചു. തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്‌മിയാണ് (16) രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞു വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി. രാവിലെ ബസിൽ സ്ക്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരിൽ വെച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇനി മുതൽ ഒരു പഞ്ചായത്തിൽ രണ്ട് റേഷൻകടകളിൽ മാത്രമേ മണ്ണെണ്ണ കിട്ടൂ; സർക്കാർ ഉത്തരവ്

ഇനി മുതൽ ഒരു പഞ്ചായത്തിൽ രണ്ട് റേഷൻകടകളിൽ മാത്രമേ മണ്ണെണ്ണ കിട്ടൂ; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ പുറത്തിറക്കി. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്‍റെ നീക്കം.

എന്നാൽ ഈ തീരുമാനം റേഷൻ കടകളെ നശിപ്പിക്കുമെന്ന് ആരോപിച്ച് മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സമിതി വ്യക്തമാക്കി. റേഷൻ വിതരണത്തെ മൊത്തത്തിൽ തകർക്കുന്നതാണ് ഉത്തരവ് എന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ അവിടെ നിന്ന് റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുകയും മറ്റ് റേഷൻ കടകളിൽ വിതരണം കുറയുകയും ചെയ്യുമെന്ന് വ്യാപാരികൾ ആരോപിച്ചു. റേഷൻ വ്യാപാരികളുമായി കൂടിയാലോചിച്ച് ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നാണ് ആവശ്യം.

നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തിൽ ഒരിക്കൽ മഞ്ഞ – പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ റേഷൻ കടകളിൽ നിന്ന് വാങ്ങാം. നിലവിലെ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ മണ്ണെണ്ണ വിതരണം സംസ്ഥാന വ്യാപകമായി ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സമിതി വ്യക്തമാക്കി. സർക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ എഐടിയുസിയും രംഗത്ത് എത്തിയിട്ടുണ്ട്. റേഷൻ കടകളെ രണ്ടു തട്ടിൽ ആക്കുന്നതാണ് ഈ ഉത്തരവ് എന്ന് എഐടിയുസി ആരോപിക്കുന്നു.

ഒടുവില്‍ കലാമണ്ഡലത്തില്‍ നോണ്‍ വെജ് എത്തി; തുടക്കം ചിക്കന്‍ ബിരിയാണിയില്‍

ഒടുവില്‍ കലാമണ്ഡലത്തില്‍ നോണ്‍ വെജ് എത്തി; തുടക്കം ചിക്കന്‍ ബിരിയാണിയില്‍

തൃശൂര്‍: കലാമണ്ഡലത്തില്‍ ഇനി നോണ്‍വെജ് ഭക്ഷണങ്ങളും ലഭിക്കും. ഇതുവരെ നിലനിന്നിരുന്ന രീതികള്‍ തിരുത്തിക്കുറിച്ച് കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാമ്പസില്‍ നോണ്‍ വെജ് ഭക്ഷണം അനുവദിക്കുന്നത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയ ചിക്കന്‍ ബിരിയാണിയാണ് കാന്റീനില്‍ വിളമ്പിയത്. 1930 ല്‍ സ്ഥാപിതമായ കലാമണ്ഡലത്തില്‍ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനത്തിന്റെ പാരമ്പര്യ രീതികള്‍ അനുസരിച്ച് വെജിറ്റേറിയന്‍ ഭക്ഷണമാണ് അനുവദിച്ചിരുന്നത്.

എന്നാല്‍ പുതിയ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നോണ്‍ വെജ് ഉള്‍പ്പെടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. ചിക്കന്‍ ബിരിയാണി ഒരു തുടക്കം മാത്രമാണെന്നും, മെനുവില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഇനി പ്രതീക്ഷിക്കാമെന്നും മൃദംഗം വിദ്യാര്‍ത്ഥിയും സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാനുമായ അനുജ് മഹേന്ദ്രന്‍ പറഞ്ഞു.

ഫാക്കല്‍റ്റി അംഗങ്ങള്‍ അടക്കം ഒരു വിഭാഗം കാമ്പസില്‍ നോണ്‍ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയ ഓയില്‍ തെറാപ്പിക്ക് വിധേയമാകുമ്പോള്‍ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ഇവരുടെ വാദം

കണ്ണൂരിൽ വിദേശ വനിതയ്ക്ക് നേരെ ലൈം​ഗികാതിക്രമം; കളരി ​ഗുരുക്കൾ അറസ്റ്റിൽ

കണ്ണൂരിൽ വിദേശ വനിതയ്ക്ക് നേരെ ലൈം​ഗികാതിക്രമം; കളരി ​ഗുരുക്കൾ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ​ഗുരുക്കൾ അറസ്റ്റിൽ. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളാണ് (53) അറസ്റ്റിലായത്. അമേരിക്കൻ വനിതയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയു​ടെ പരാതി. കണ്ണൂർ ടൗൺ ഇൻസ്​പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ വനിതയാണ് പരാതിക്കാരി.

ഇന്ന് മൂന്ന് പനി മരണം; മഞ്ഞപ്പിത്തവും എലിപ്പനിയും പടരുന്നു; ആറു പേർക്കു കൂടി കോളറ

ഇന്ന് മൂന്ന് പനി മരണം; മഞ്ഞപ്പിത്തവും എലിപ്പനിയും പടരുന്നു; ആറു പേർക്കു കൂടി കോളറ

തിരുവനന്തപുരം: പനിയിൽ വിറച്ച് സംസ്ഥാനം. മൂന്നു പേരാണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. ഇതിൽ രണ്ട് മരണം എലിപ്പനി ബാധിച്ചാണ്. മറ്റൊരാൾ മരിച്ചത് മഞ്ഞപ്പിത്തത്തെ തുടർന്നാണ്. പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. 13,196 പേരാണ് പനി ബാധിച്ച് ഇന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്.

ഇതിൽ 145 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്. 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. 10 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് കോളറ പടരുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. നെയ്യാറ്റിൻകര ശ്രീകാരുണ്യ സ്കൂളിലെ ഏഴ് പേരാണ് കോളറ സ്ഥിരീകരിച്ചത്. ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

കിണറ്റിലകപ്പെട്ട ആട്ടിൻകുട്ടിയെ ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം രക്ഷപ്പെടുത്തി

കിണറ്റിലകപ്പെട്ട ആട്ടിൻകുട്ടിയെ ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം രക്ഷപ്പെടുത്തി

കിണറ്റിലകപ്പെട്ട ആട്ടിൻകുട്ടിയെ ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം രക്ഷപ്പെടുത്തി. കിഴുവിലം പഞ്ചായത്തിൽ ചുമട്താങ്ങി പുന്നവിള വീട്ടിൽ സാംമ്പശിവൻ്റെ ആട്ടിൻകുട്ടിയാണ് 50 അടി താഴ്ചയും 15 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്. അസ്സി: സ്റ്റേഷൻ ഓഫീസർ സജുകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ്: അസ്സി: സ്റ്റേഷൻ ഓഫീസർ അനിൽകുമാർ,
ഫയർ & റസ്ക്യൂ ഓഫീസർമാരായ പ്രദീഷ്കുമാർ, പ്രദീപ്കുമാർ, സജിത്, ഫയർ ഓഫീസർ ഡ്രൈവർ ഷിജിമോൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.