ബൈക്കിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ പെരുമ്പാമ്പ്; അടുത്തിടെ കണ്ണൂരിലെ മൂന്നാമത്തെ സംഭവം

ബൈക്കിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ പെരുമ്പാമ്പ്; അടുത്തിടെ കണ്ണൂരിലെ മൂന്നാമത്തെ സംഭവം

കണ്ണൂര്‍: മഴക്കാലത്ത് വാഹനങ്ങളില്‍ പാമ്പുകള്‍ കയറി കൂടുന്നത് ഭീതി പരത്തുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ ഹെഡ് ലൈറ്റില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ കാന്റീന് മുന്‍വശത്തെ സ്റ്റാളിലെ ജീവനക്കാരനായ അരിയിലെ റഷീദിന്റെ പള്‍സര്‍ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളില്‍ നിന്ന് പെരുമ്പാമ്പിന്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പിന്റെയും മലബാര്‍ എവയര്‍നെസ് ആന്‍ഡ് റസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫിന്റെയും (മാര്‍ക്ക്) റെസ്‌ക്യൂറായ അനില്‍ തൃച്ചംബരം ആണ് പെരുമ്പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് കാട്ടില്‍ വിട്ടയച്ചു.

ഏറെ പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിന്‍കുഞ്ഞിനെ പുറത്തെടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റഷീദ് ബൈക്ക് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പാര്‍ക്ക് ചെയ്ത വണ്ടിയുടെ മുകളില്‍ നിന്നും തൊലി പൊഴിക്കുന്ന അവസ്ഥയില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട റഷീദ് പേടിക്കുകയും ചുറ്റുമുള്ളവരെ വിളിച്ചു കൂട്ടുകയും ചെയ്തു.

ആള്‍പെരുമാറ്റം കേട്ട് പാമ്പ് വണ്ടിയുടെ ഹെഡ് ലൈറ്റിനുള്ളിലേക്ക് കയറി. തുടര്‍ന്നാണ് അനിലിന്റെ സഹായം തേടിയത്. കനത്ത മഴകാരണമാണ് ചൂടു തേടി വാഹനങ്ങള്‍ക്കുള്ളില്‍ പാമ്പുകള്‍ നുഴഞ്ഞുകയറുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇക്കാരണത്താല്‍ മഴക്കാലത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഓടിക്കാന്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ദിവസങ്ങള്‍ക്ക് മുന്‍പ് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പെരുമ്പാമ്പ് യുവാവിനെ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇരിക്കൂറില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ അണലിയെയും കണ്ടെത്തിയിരുന്നു.

തീ തുപ്പുന്ന ബൈക്കുമായി അഭ്യാസം; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തീ തുപ്പുന്ന ബൈക്കുമായി അഭ്യാസം; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കൊച്ചിയില്‍ നടുറോഡില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ കിരണിന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് മൂന്ന് മാസത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. 8000 രൂപ പിഴ അടയ്ക്കാനും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു. ബൈക്ക് രൂപമാറ്റം വരുത്തിയ കൊച്ചി ഏലൂര്‍ സ്വദേശികളുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ ബൈക്കുകളുടെ രജിസ്‌ട്രേഷനും മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യും.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഇടപ്പള്ളി – കളമശേരി റോഡിലാണ് തീ തുപ്പുന്ന ബൈക്കുമായി യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. സൈലന്‍സര്‍ രൂപമാറ്റം വരുത്തിയ ബൈക്കുമായാണ് യുവാവ് നഗരത്തില്‍ കറങ്ങി നടന്നത്.

ബൈക്കിന് പുറകേ പോയ കാര്‍ യാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സംഭവ ദിവസം വാഹനം ഓടിച്ചിരുന്നത് താനാണെന്ന് കിരണ്‍ സമ്മതിച്ചിരുന്നു.

അനധികൃതമായി ബൈക്ക് രൂപമാറ്റം വരുത്തുകയും സൈലന്‍സറുകള്‍ മാറ്റി പകരം അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കിരണിന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തത്.

കുട്ടികളുടെ മാഗസിന്‍ പ്രകാശനത്തില്‍ മുഖ്യാതിഥി സഞ്ജു ടെക്കി, വിവാദം

കുട്ടികളുടെ മാഗസിന്‍ പ്രകാശനത്തില്‍ മുഖ്യാതിഥി സഞ്ജു ടെക്കി, വിവാദം

ആലപ്പുഴ: റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട യൂട്യൂബര്‍ സഞ്ജു ടെക്കി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ ചടങ്ങിന് മുഖ്യാതിഥി. ഗതാഗത നിയമ ലംഘനം നടത്തിയതിന് കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ആലപ്പുഴ മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശന പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയാകുന്നത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്നാണ് നോട്ടീസില്‍ സഞ്ജു ടെക്കിക്ക് നല്‍കിയ വിശേഷണം. നോട്ടീസ് പ്രകാരം ഇന്ന് ഉച്ചയ്ക്കാണ് പരിപാടി. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ.

കാറിനുള്ള സ്വിമ്മിങ് പൂള്‍ നിര്‍മിച്ചതിന് സഞ്ജുവിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. സഞ്ജു ടെക്കിക്കെതിരെ മൊബൈല്‍ ഫോണില്‍ സെല്‍ഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു, പബ്ലിക്ക് റോഡില്‍ പലതവണ മത്സര ഓട്ടം നടത്തി, വാഹനത്തില്‍ രൂപമാറ്റം വരുത്തി പൊതു നിരത്തില്‍ ഉപയോഗിച്ചു, അമിത ശബ്ദമുള്ള സ്പീക്കര്‍ഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കി തുടങ്ങി, വാഹനത്തില്‍ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച് നിരത്തിലിറക്കി തുടങ്ങി നിരവധി നിയമലംഘനങ്ങളും എംവിഡി കണ്ടെത്തിയത്.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് 120 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് 120 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി മലപ്പുറത്ത് സ്‌കൂളുകള്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. കാസര്‍കോട് 18 സ്‌കൂളുകളിലായി 18 താല്‍ക്കാലി ബാച്ചുകളും അനുവദിച്ചിട്ടുണ്ട്.

താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ 14 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിട്ടുള്ളതെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സീറ്റുകള്‍ വര്‍ധിപ്പിച്ചതിലൂടെ മലബാര്‍ മേഖലയിലെ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് മലപ്പുറത്ത് അധിക ബാച്ച് അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോ​ഗിച്ച രണ്ടം​ഗ സമിതി റിപ്പോർട്ട് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാർശയിലുണ്ട്. മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്റ ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ആലപ്പുഴ സ്വദേശി ദേവാനന്ദ് ഒന്നാമത്

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ആലപ്പുഴ സ്വദേശി ദേവാനന്ദ് ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എന്‍ജിനീയറിങ്ങില്‍ ആലപ്പുഴ ജില്ലയിലെ പി ദേവാനന്ദിന് ആണ് ഒന്നാം റാങ്ക്. ഹഫീസ് റഹ്മാന്‍ ( മലപ്പുറം), അലന്‍ ജോണി അനില്‍ ( പാലാ) എന്നിവരാണ് തൊട്ടുപിന്നിലുള്ള റാങ്കുകാര്‍. എന്‍ജിനീയറിങ്ങില്‍ ആദ്യം മൂന്നും ആണ്‍കുട്ടികള്‍ സ്വന്തമാക്കി.

റാങ്ക് പട്ടികയില്‍ 52,500 പേര്‍ ഇടംനേടിയതായി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചു. പതിവ് പോലെ ആദ്യ റാങ്കുകള്‍ ആണ്‍കുട്ടികള്‍ സ്വന്തമാക്കി. ആദ്യ 100 റാങ്കില്‍ 87 എണ്ണവും ആണ്‍കുട്ടികള്‍ സ്വന്തമാക്കിയതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ് കൂടുതല്‍. കേരള സിലബസില്‍ നിന്ന് 2034 പേരും സിബിഎസ്ഇയില്‍ നിന്ന് 2785 പേരുമാണ് റാങ്ക് പട്ടികയില്‍ ഇടംനേടിയത്.

ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in ല്‍ ഫലം പരിശോധിക്കാന്‍ കഴിയും. ഫലം പരിശോധിക്കുന്നതിനൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ നമ്പറും പാസ് വേഡും നല്‍കിയാണ് ഫലം അറിയേണ്ടത്.

കീം 2024 എന്‍ജിനീയറിങ് പരീക്ഷ ജൂണ്‍ 5 മുതല്‍ 9 വരെയും, ഫാര്‍മസി പരീക്ഷ ജൂണ്‍ 9 മുതല്‍ 10 വരെയുമാണ് നടന്നത്. സംസ്ഥാനത്ത് എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിന് ആദ്യമായി ഓണ്‍ലൈനായി നടത്തിയ പരീക്ഷ 71,491 വിദ്യാര്‍ഥികളാണ് എഴുതിയത്. ഒരു ദിവസം പരമാവധി 18,993 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയത്.

വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രത്തിലും ഡല്‍ഹിയില്‍ രണ്ട് പരീക്ഷാ കേന്ദ്രത്തിലും മുംബൈ, ദുബൈ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രത്തിലുമായാണ് പരീക്ഷ നടത്തിയത്. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടത്തിയത്. ഒരാഴ്ച മുന്‍പ് പ്രവേശന പരീക്ഷയിലെ വിദ്യാര്‍ഥികളുടെ നോര്‍മലൈസ്ഡ് സ്‌കോര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 51,000 ത്തോളം വിദ്യാര്‍ഥികളാണ് പ്രവേശന യോഗ്യത നേടിയത്.

ന്യൂനമര്‍ദ്ദ പാത്തി: നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

ന്യൂനമര്‍ദ്ദ പാത്തി: നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയും വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ശനിയാഴ്ച കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയും പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലും തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലും അതിശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്.