by Midhun HP News | Jul 11, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി മലപ്പുറത്ത് സ്‌കൂളുകള്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. കാസര്‍കോട് 18 സ്‌കൂളുകളിലായി 18 താല്‍ക്കാലി ബാച്ചുകളും അനുവദിച്ചിട്ടുണ്ട്.
താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ 14 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിട്ടുള്ളതെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സീറ്റുകള്‍ വര്‍ധിപ്പിച്ചതിലൂടെ മലബാര്‍ മേഖലയിലെ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് മലപ്പുറത്ത് അധിക ബാച്ച് അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി റിപ്പോർട്ട് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാർശയിലുണ്ട്. മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്റ ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.


by Midhun HP News | Jul 11, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എന്‍ജിനീയറിങ്ങില്‍ ആലപ്പുഴ ജില്ലയിലെ പി ദേവാനന്ദിന് ആണ് ഒന്നാം റാങ്ക്. ഹഫീസ് റഹ്മാന്‍ ( മലപ്പുറം), അലന്‍ ജോണി അനില്‍ ( പാലാ) എന്നിവരാണ് തൊട്ടുപിന്നിലുള്ള റാങ്കുകാര്‍. എന്‍ജിനീയറിങ്ങില്‍ ആദ്യം മൂന്നും ആണ്‍കുട്ടികള്‍ സ്വന്തമാക്കി.
റാങ്ക് പട്ടികയില്‍ 52,500 പേര്‍ ഇടംനേടിയതായി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചു. പതിവ് പോലെ ആദ്യ റാങ്കുകള്‍ ആണ്‍കുട്ടികള്‍ സ്വന്തമാക്കി. ആദ്യ 100 റാങ്കില്‍ 87 എണ്ണവും ആണ്‍കുട്ടികള്‍ സ്വന്തമാക്കിയതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ് കൂടുതല്‍. കേരള സിലബസില്‍ നിന്ന് 2034 പേരും സിബിഎസ്ഇയില്‍ നിന്ന് 2785 പേരുമാണ് റാങ്ക് പട്ടികയില്‍ ഇടംനേടിയത്.
ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in ല്‍ ഫലം പരിശോധിക്കാന്‍ കഴിയും. ഫലം പരിശോധിക്കുന്നതിനൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ നമ്പറും പാസ് വേഡും നല്‍കിയാണ് ഫലം അറിയേണ്ടത്.
കീം 2024 എന്‍ജിനീയറിങ് പരീക്ഷ ജൂണ്‍ 5 മുതല്‍ 9 വരെയും, ഫാര്‍മസി പരീക്ഷ ജൂണ്‍ 9 മുതല്‍ 10 വരെയുമാണ് നടന്നത്. സംസ്ഥാനത്ത് എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിന് ആദ്യമായി ഓണ്‍ലൈനായി നടത്തിയ പരീക്ഷ 71,491 വിദ്യാര്‍ഥികളാണ് എഴുതിയത്. ഒരു ദിവസം പരമാവധി 18,993 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയത്.
വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രത്തിലും ഡല്‍ഹിയില്‍ രണ്ട് പരീക്ഷാ കേന്ദ്രത്തിലും മുംബൈ, ദുബൈ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രത്തിലുമായാണ് പരീക്ഷ നടത്തിയത്. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടത്തിയത്. ഒരാഴ്ച മുന്‍പ് പ്രവേശന പരീക്ഷയിലെ വിദ്യാര്‍ഥികളുടെ നോര്‍മലൈസ്ഡ് സ്‌കോര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 51,000 ത്തോളം വിദ്യാര്‍ഥികളാണ് പ്രവേശന യോഗ്യത നേടിയത്.

by Midhun HP News | Jul 11, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയും വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ശനിയാഴ്ച കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയും പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലും തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലും അതിശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്.

by Midhun HP News | Jul 11, 2024 | Latest News, കേരളം
മലപ്പുറം: വേങ്ങരയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂര മർദനമെന്ന് പരാതി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചിരുന്നതായി യുവതി പറയുന്നു. സ്ത്രീധനത്തിന്റെ പേരിലും പരപുരുഷ ബന്ധമുണ്ടെന്ന സംശത്തിന്റെ പേരിലുമായിരുന്നു മർദനം. മെയ് രണ്ടിനായിരുന്നു യുവതിയും ഫായിസും തമ്മിലുള്ള വിവാഹം.
ഉപദ്രവം കൂടിയതോടെ മെയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി 23ന് മലപ്പുറം വനിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ഭർത്താവ് മുഹമ്മദ് ഫായിസ്, മുഹമ്മദിന്റെ മതാപിതാക്കളായ സീനത്ത്, സെയ്തലവി എന്നിവരെയും പ്രതി ചേർത്ത് കേസെടുത്ത് കേസ് വേങ്ങര പൊലീസിന് കൈമാറിയെങ്കിൽ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ലെന്ന് യുവതി പറയുന്നു.
വിവാഹസമ്മാനമായി നൽകിയ 50 പവർ സ്വർണം കുറഞ്ഞു പോയെന്നും 25 പവൻ അധികമായി വേണമെന്നും പറഞ്ഞായിരുന്നു മർദനം. മർദന വിവരം പുറത്തു പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും യുവതിയെ ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്‍റെ വയര്‍ ഉപയോഗിച്ചും തലവണകൊണ്ട് ശ്വാസം മുട്ടിച്ചും കൊല്ലാം ശ്രമം നടത്തിയിരുന്നതായും പരാതിയിൽ പറയുന്നു. മർദനത്തിൽ യുവതിയുടെ നട്ടെല്ലിനു ക്ഷതമേറ്റുണ്ട്. അടിവയറ്റിലും മർദനമേറ്റു.
പരുക്കേറ്റപ്പോൾ ഭര്‍തൃവീട്ടുകാര്‍ നാലു തവണ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചതിന്റെ രേഖകളടക്കം ഹാജരാക്കിയിട്ടും നടപടിയെടുക്കാനോ പ്രതികളെ പിടികൂടാനോ പൊലീസ് തയ്യാറായിട്ടില്ലെന്ന് യുവതി പറയുന്നു. ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിരുന്നു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു. മലപ്പുറം വനിത പൊലീസിൽ നൽകിയ പരാതിയിൽ വധശ്രമമുൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനിടെ മുഹമ്മദ് ഫായിസിന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി സെഷ്ൻസ് കോടതി തള്ളിയിരുന്നു. പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികൾക്കെതിയെ യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കുടുംബം.


by Midhun HP News | Jul 11, 2024 | Latest News, കേരളം
തൃശൂര്‍: സുഹൃത്തുക്കൾക്ക് സന്ദേശമയച്ച ശേഷം കരുവന്നൂർ പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.
ഇരിങ്ങാലക്കുട പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്. കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാൽ നല്ല അടിയൊഴുക്കും പുഴയിൽ ഉണ്ട്. സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചശേഷം ഇയാൾ കരുവന്നൂർ വലിയ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.കരുവന്നൂർ വലിയ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ശ്രമം ചുരുങ്ങിയ കാലത്തിനുള്ളിൽ എട്ടോളം പേരാണ് നടത്തിയത്. പാലത്തിൽ ഫെൻസിങ് നടത്തുമെന്ന് അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് വരെ പ്രായോഗ്യത്തിലായിട്ടില്ല.

by Midhun HP News | Jul 11, 2024 | Latest News, കേരളം
കാസര്‍കോട്: മൂന്നര പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച പ്രതിയെ 180 ഓളം ദൃശ്യങ്ങള്‍ പരിശോധിച്ചും 43 കിലോമീറ്ററോളം സഞ്ചരിച്ചും പിടികൂടി ഹോസ്ദുര്‍ഗ് പൊലീസ്. 2024 ജൂണ്‍ 15ന് ഉച്ചയ്ക്ക് കാഞ്ഞങ്ങാട് പടന്നക്കാട് ആയുര്‍വേദ ആശുപത്രി റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നര പവന്റെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തിയയാള്‍ പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
കറുത്ത കോട്ടും ഹെല്‍മെറ്റും ധരിച്ച് നമ്പറില്ലാത്ത കറുത്ത സ്‌കൂട്ടറില്‍ വന്ന മോഷ്ടാവിന്റെ ദൃശ്യം സംഭവസ്ഥലത്തിനടുത്ത് നിന്ന് പൊലീസിന് ലഭിച്ചു. എന്നാല്‍ അതില്‍ മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ ഇല്ലായിരുന്നു. സ്‌കൂട്ടര്‍ സഞ്ചരിച്ച ദിശയിലുള്ള നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഹൈവേയിലൂടെ കടന്നുപോയ വഴികള്‍ മനസ്സിലാക്കി. കൂടുതല്‍ ദൃശ്യങ്ങള്‍ക്കായി ഹൈവേയിലൂടെ സഞ്ചരിച്ച ദൂരയാത്ര ബസ്സുകളുടെ കാമറ പരിശോധിച്ചതില്‍ മോഷ്ടാവിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാന്‍ നട്ട് വാങ്ങാനായി ഒരു ഹാര്‍ഡ് വെയര്‍ സ്റ്റോറില്‍ എത്തിയ പ്രതി കോട്ടും ഹെല്‍മറ്റും മാറ്റിയപ്പോള്‍ അയാളുടെ മുഖം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യങ്ങളില്‍നിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. പേരുവിവരവും മൊബൈല്‍ നമ്പറും ലഭിച്ചതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ മനസ്സിലാക്കുകയും നെല്ലിക്കട്ട ചെന്നടുക്കയിലെ വീട്ടില്‍ നിന്ന് ജൂണ്‍ 23ന് പുലര്‍ച്ചെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്‌ററ് ചെയ്യുകയും ചെയ്തു.
ഇയാളെ ചോദ്യം ചെയ്തതില്‍ മറ്റ് എട്ടു മോഷണ വിവരങ്ങളും തെളിവുകളും ലഭിച്ചു. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം പി ആനന്ദിന്റെ നേതൃത്വത്തില്‍ എസ്സിപിഓ ഷൈജു പി വി, സിപിഓ അജിത്ത് കെ വി, സിപിഓ അനീഷ് എം എന്നിവരാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി ബിജോയ് പി അഭിനന്ദിച്ചു.

Recent Comments