by Midhun HP News | Jul 9, 2024 | Latest News, കേരളം
കൊച്ചി: ആകാശ് തില്ലങ്കേരിയുടെ നിയമലംഘനയാത്രയില്‍ ഒന്‍പത് കുറ്റങ്ങള്‍ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. വാഹന ഉടമയായ മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്‍ 45,000 രൂപ പിഴയൊടുക്കണം. വാഹനത്തിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശയുണ്ട്.
എല്ലാ കുറ്റങ്ങളും വാഹന ഉടമയുടെ പേരിലാണ് എടുത്തിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. ലൈസന്‍സ് ഇല്ലാതെ ആകാശ് തില്ലങ്കേരിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിലും ഉടമയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. നേരത്തെയും ഈ വാഹനത്തിനെതിരെ സമാനമായ മൂന്ന് കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികള്‍ സ്വീകരിച്ചത്.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കരിയുടെ ജീപ്പ് റൈഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. നിയമം ലംഘിച്ച് ജീപ്പ് യാത്ര നടത്തിയത് ക്രിമിനല്‍ കേസ് പ്രതിയാണ്. ഇത്തരം വാഹനങ്ങള്‍ പൊതു സ്ഥലത്ത് ഉണ്ടാകാന്‍ പാടില്ല. എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല വ്‌ലോഗിങ്. ജീപ്പ് റൈഡിനെതിരെ സ്വമേധയാ കേസെടുക്കുമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു തില്ലങ്കേരിയുടെ ജീപ്പ് റൈഡ്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലായിരുന്നു സവാരി. വയനാട് പനമരത്തായിരുന്നു തില്ലങ്കേരിയുട ജീപ്പ് ഡ്രൈവ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി.
സംസ്ഥാനത്ത് വാഹനങ്ങളുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ ഒരു കേസ് നേരത്തെ എടുത്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് ആകാശ് തില്ലങ്കേരിയുടെ നിയമലംഘനം കോടതി പരിശോധിച്ചത്. ദൃശ്യങ്ങള്‍ പലതവണ പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ വിമര്‍ശനം. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് എംഡിയുടെ വാഹനം ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചും കേരളസര്‍ക്കാര്‍ ബോര്‍ഡും വെച്ച് അമിതവേഗതയില്‍ പാഞ്ഞ സംഭവത്തില്‍, ഉദ്യോഗസ്ഥര്‍ ഇന്നു തന്നെ വാഹനം പരിശോധിച്ച് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
by liji HP News | Jul 9, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്. ഇന്നലെ നാലുപേര്‍ മരിച്ചു. 13,511 പേര്‍ ചികിത്സ തേടിയതായി അരോഗ്യവകുപ്പ് അറിയിച്ചു. 99 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏഴുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. തുടര്‍ച്ചയായി പെയ്ത മഴ ശമിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും പകര്‍ച്ചവ്യാധികള്‍ വ്യാപകമായത്.
പകർച്ചവ്യാധി നിയന്ത്രണത്തിന് റാപ്പിഡ് റസ്പോൺസ് ടീം ജില്ലകളിൽ രൂപീകരിച്ചു. ഡിഎംഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ജില്ലകളിൽ രൂപീകരിച്ചത്. പനി ബാധിച്ചുള്ള മരണത്തിൽ ഒന്ന് വെസ്റ്റ് നൈൽ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചത്.
അതേസമയം, നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ നടത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുന്നവരുടെ സാമ്പിളുകള്‍ വേഗം പരിശോധനയ്ക്കയയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ടെങ്കില്‍ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ ചില കുട്ടികള്‍ക്ക് കോളറ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവര്‍ക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്‌കൂളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ശക്തമായ വയറിളക്കമോ ഛര്‍ദിലോ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അടിയന്തരമായി ചികിത്സ തേടണം. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ട്.
കോളറ വളരെ ശ്രദ്ധിക്കണം
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.
രോഗപകര്‍ച്ച
സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.
രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.
ശ്രദ്ധിക്കുക
രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതല്‍ ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
കോളറ പ്രതിരോധം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്
ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക
വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിയ്ക്കുക
ഒആര്‍എസ് പാനീയം ഏറെ നല്ലത്
എത്രയും വേഗം ചികിത്സ തേടുക.
by liji HP News | Jul 9, 2024 | Latest News, കേരളം
തിരുവനന്തപുരം: പിഎസ്‌സി അംഗത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കുകയോ വകവെച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തില്‍ ഉണ്ടാകേണ്ടതില്ല. തട്ടിപ്പുകള്‍ നാട്ടില്‍ പല തരത്തിലും നടത്താറുണ്ട്. പലരും തട്ടിപ്പുകള്‍ നടത്താന്‍ തയ്യാറാകാറുമുണ്ട്. ആ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ആ നടപടിക്ക് സര്‍ക്കാര്‍ തയ്യാറാണ്. കടുത്ത നടപടിക്കു തന്നെ തയ്യാറാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ ഇതിന്റെ ഭാഗമായി കരിവാരി തേയ്ക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 1956 നു ശേഷം പ്രവര്‍ത്തിക്കുന്ന പിഎസ്‌സിയില്‍ 1982 ല്‍ 9 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് 1983 ല്‍ 13 ഉം 1984 ല്‍ 15 ഉം ആയി. പിന്നീട് മാറ്റം വരുന്നത് 2005ലാണ്, അത് 18 ആയി. 2013 ആയപ്പോള്‍ വീണ്ടും മാറ്റംവന്ന് 21 ആയി. ഈ പറഞ്ഞ വര്‍ഷങ്ങളെല്ലാം യുഡിഎഫ് ഭരണകാലത്താണ്. ഇതേവരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗത്വത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. 2016 ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ 21 അംഗങ്ങള്‍ വേണ്ടതുണ്ടോ എന്ന പരിശോധന നടന്നിരുന്നു. ധാരാളം റിക്രൂട്ട്‌മെന്റുകളും മറ്റും ഉണ്ടെന്ന വാദഗതി വന്നപ്പോള്‍ ഞങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്ന നിലയാണുണ്ടായത്. ഞങ്ങള്‍ ഒരു എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടില്ല – മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്‌സി അംഗങ്ങളായി നിയമിക്കപ്പെടുന്നവരെക്കുറിച്ച് പൊതുവില്‍ വലിയ ആക്ഷേപങ്ങളൊന്നും ഉയര്‍ന്നുവന്നിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ നാം ഓര്‍ക്കേണ്ട കാര്യം, 2004 ല്‍ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയര്‍ന്നുവന്നിരുന്നു. അതില്‍ അന്തരിച്ചു പോയ കെ കരുണാകരന്‍, ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, വക്കം പുരുഷോത്തമന്‍ എന്നിവരുടെയെല്ലാം പേരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ആ ഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ഇവിടെ നിയതമായ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത്. സര്‍വ്വഥാ യോഗ്യരായ ഇത്തരമൊരു ഭരണഘടനാ സ്ഥാപനത്തിലിരിക്കാന്‍ അര്‍ഹതയുള്ള ആളുകളെ മാത്രം നിശ്ചയിക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള തെറ്റായ രീതികളോ ദു:സ്വാധീനങ്ങളോ ഉണ്ടാകുന്നില്ല എന്നത് ഉറപ്പിച്ചു തന്നെ പറയാനാകും. അതുകൊണ്ടുതന്നെ ഇതേവരെയുള്ള പി.എസ്.സിയുടെ പ്രവര്‍ത്തനമെടുത്ത് പരിശോധിച്ചാല്‍ നിയമിക്കപ്പെട്ട പിഎസ്‌സി അംഗങ്ങളെക്കുറിച്ച് എന്തെങ്കിലും ആക്ഷേപമോ പിഎസ്‌സി അംഗങ്ങളുടെ നിയമനത്തെക്കുറിച്ച് മറ്റേതെങ്കിലും തരത്തിലുള്ള ആക്ഷേപമോ ഉയര്‍ന്നുവന്നിട്ടില്ല. ഭരണഘടന ഉറപ്പു നല്‍കുന്ന തരത്തിലുള്ള കൃത്യമായ ചുമതല ഇവര്‍ നിറവേറ്റുന്നുവെന്നാണ് നമുക്കു കാണാന്‍ കഴിയുന്ന വസ്തുത.
പ്രതിപക്ഷ നേതാവ് ഈ പ്രശ്‌നം ഇവിടെ ഉന്നയിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപോല്‍ബലകമായി വസ്തുത എന്തെങ്കിലും വേണമെന്നതിനാല്‍, ഇന്നു കാലത്ത് 8.21 ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നുപറഞ്ഞു ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്. അതാണ് ആദ്യമായി കിട്ടിയ ഒരു പരാതി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പരാതിവേണമല്ലോ എന്ന കൃത്യമായ ധാരണയോടെ തയ്യാറാക്കിയതാണ് അതെന്ന് ആര്‍ക്കും മനസ്സിലാകും.

രാജ്യത്ത് തന്നെ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന റിക്രൂട്ടിംഗ് ഏജന്‍സിയാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇതുവരെ യാതൊരു തരത്തിലുള്ള ബാഹ്യഇടപെടലും ഉണ്ടായിട്ടില്ല എന്നത് അംഗീകരിക്കപ്പെട്ടതാണ്.
ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനിലെ അംഗങ്ങളുടെയും ചെയര്‍മാന്റെയും നിയമനം 1957 ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (കോമ്പോസിഷന്‍ & കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസ് ഓഫ് മെമ്പേഴ്സ് & സ്റ്റാഫ്) റഗുലേഷന്‍സ് പ്രകാരമാണ്. അംഗങ്ങളുടെയും ചെയര്‍മാന്റെയും കാര്യത്തില്‍ മന്ത്രിസഭ പരിഗണിച്ച് നല്‍കുന്ന ശുപാര്‍ശകളില്‍ ബഹു. ഗവര്‍ണ്ണറുടെ അംഗീകാരത്തോടെയാണ് നിയമനം നടത്തുക.
കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പബ്ലിക് സര്‍വ്വീസുകളിലേക്കുള്ള നിയമനങ്ങള്‍ കമ്മീഷന്‍ നടത്തുന്നത്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം കമ്മീഷന്‍ അതിന്റെ കര്‍ത്തവ്യങ്ങള്‍ കാര്യക്ഷമതയോടെ നിര്‍വ്വഹിച്ചുവരികയാണ്. അത്തരമൊരു ഭരണഘടനാ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മാധ്യമ വാര്‍ത്തകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ഉണ്ടായതായി ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
by liji HP News | Jul 9, 2024 | Latest News, കേരളം
കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമെന്ന് ഹൈക്കോടതി. കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുന്നത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഹിന്ദുക്കളായ കലാകാരന്മാര്‍ക്കെല്ലാം കൂത്ത് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് വിലയിരുത്തി.
ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കിയത്. അമ്മന്നൂര്‍ കുടുംബാംഗങ്ങളാണ് ഇവിടെ കാലങ്ങളായി കൂത്ത് അവതരിപ്പിക്കുന്നത്. 2022 ഫെബ്രുവരി 19നാണ് ഹിന്ദുക്കളായ എല്ലാ കലാകാരന്മാര്‍ക്കും കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ അനുമതി നല്‍കാന്‍ ദേവസ്വം മാനേജിങ് കമ്മിറ്റി തീരുമാനിച്ചത്. ഇതിനെതിരെ അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍ അടക്കമുള്ളവര്‍ ഫയല്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്.
തന്ത്രിയുടെ അനുമതിയില്ലാതെയാണ് കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ ഹിന്ദുക്കളായ എല്ലാ കലാകാരന്മാര്‍ക്കും അനുമതി നല്‍കിയതെന്ന് വിലയിരുത്തിയാണ് തീരുമാനം റദ്ദാക്കിയത്. നിലവില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി 41 ദിവസമാണ് കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുന്നത്. കാഴ്ചക്കാര്‍ക്ക് പ്രവേശനവും അനുവദിക്കുന്നില്ല. വര്‍ഷം മുഴുവന്‍ കൂത്തും കൂടിയാട്ടവും വേണോ എന്നതില്‍ തീരുമാനമെടുക്കേണ്ടതും തന്ത്രിയാണെന്ന് കോടതി പറഞ്ഞു. കൂത്തമ്പലത്തില്‍ കാഴ്ചക്കാരെ അനുവദിച്ചാല്‍ അവരും ക്ഷേത്ര രീതികളും മതപരമായ അനുഷ്ഠാനങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ക്ഷേത്രാചാര്യത്തിന്റെ ഭാഗമായ പാരമ്പര്യമായ അവകാശമാണ് കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കല്‍ എന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. പുരാതനകാലം മുതല്‍ തുടരുന്നതാണ്. കൂടല്‍മാണിക്യം ആക്ട് പ്രകാരം ഇതില്‍ മാറ്റം വരുത്താന്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരമില്ല. ഇക്കാര്യങ്ങളില്‍ തന്ത്രിയുടെ തീരുമാനമാണ് അന്തിമം. അമ്മന്നൂര്‍ കുടുംബത്തിന്റെ അവകാശത്തെ ബാധിക്കാതെയാണ് ഹിന്ദുമതത്തില്‍പ്പെട്ട മറ്റ് കലാകാരന്മാര്‍ക്കും അനുമതി നല്‍കിയത് എന്നാണ് ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ വാദം. 41 ദിവസം മാത്രമാണ് അവര്‍ കൂത്ത് അവതരിപ്പിക്കുന്നത്. മറ്റ് ദിവസങ്ങളിലാണ് മറ്റുള്ളവര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. അതല്ലെങ്കില്‍ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കൂത്തമ്പലം നശിക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് കൂത്തമ്പലം നവീകരിച്ചത്.
തന്ത്രി കുടുംബത്തിന്റെ പ്രതിനിധിയും ഉള്‍പ്പെട്ട യോഗത്തിലാണ് ഹിന്ദുക്കളായ എല്ലാ കലാകാരന്മാര്‍ക്കും കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നും ദേവസ്വം മാനേജിങ് കമ്മിറ്റി പറഞ്ഞു. യുനെസ്‌കോ അംഗീകരിച്ച കലാരൂപമാണ് കൂത്തെന്നും അത് നശിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

by liji HP News | Jul 9, 2024 | Latest News, കേരളം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വയറിളക്ക രോഗങ്ങളില്‍ ഗരുതരമാകാവുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തില്‍ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിര്‍ജലീകരണം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ആന്റിബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍ എന്നിവ ഫലപ്രദമാണ്.
വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
by liji HP News | Jul 9, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന്‍ സാമി റാം (രണ്ടു വയസ്സ്) എന്നിവരാണ് മരിച്ചത്.
പശുഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. സ്ത്രീയും കുടുംബവും പശുഫാമില്‍ തന്നെയാണ് താമസിച്ചിരുന്നത്. കാലപ്പഴക്കം മൂലം ജലസംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Recent Comments