by Midhun HP News | Apr 21, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനത്തില്‍ 83 ശതമാനം വര്‍ധന. 2015ല്‍ ശരാശരി 755 രൂപയായിരുന്നു കൂലി. പത്തുവര്‍ഷം കൊണ്ട് കൂലിയില്‍ 83 ശതമാനം വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ല്‍ കൂലി ശരാശരി 1,380 രൂപയായാണ് വര്‍ധിച്ചത്. ഇക്കാലയളവില്‍ മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങി മറ്റു വിദഗ്ധ തൊഴിലാളി വിഭാഗങ്ങളേക്കാളും വേഗത്തിലാണ് തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനം വര്‍ധിച്ചതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തെ 28,000 സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്ന ഒരു മാസത്തെ അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതലാണ് ഒരു തെങ്ങുകയറ്റ തൊഴിലാളി ഒരു മാസത്തിലെ ശരാശരി 21 പ്രവൃത്തിദിവസം കൊണ്ട് സമ്പാദിക്കുന്നത്. ഒരു തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനം 1,400 രൂപയായിരിക്കുമ്പോള്‍ സംസ്ഥാനത്തെ 5.23 ലക്ഷം ജീവനക്കാരില്‍ 5.5 ശതമാനം പേരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 30,000 രൂപയില്‍ താഴെയാണ്. അതായത് പ്രതിദിനം 1,000 രൂപയില്‍ താഴെ മാത്രം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, ജോലി സുരക്ഷ, മറ്റ് അലവന്‍സുകള്‍ എന്നിവയൊന്നും തെങ്ങുകയറ്റ തൊഴിലാളിക്ക് ലഭിക്കില്ല എന്നതും ശ്രദ്ധേയമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2015ലെയും 2024ലെയും വിലസൂചിക വിശകലന റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്തപ്പോഴാണ് തെങ്ങുകയറ്റ തൊഴിലാളിയുടെ കൂലിയില്‍ ഉണ്ടായ വര്‍ധന വ്യക്തമായത്. താരതമ്യ പഠനത്തില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വേതന വര്‍ധന രേഖപ്പെടുത്തിയത് തെങ്ങുകയറ്റ തൊഴിലാളികളാണ് (83 ശതമാനം). കൂടുതല്‍ വരുമാനം ലഭിക്കുമെന്നതിനാലാണ് താന്‍ കേരളത്തിലേക്ക് വന്നതെന്ന് ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഛത്തീസ്ഗഡ് സ്വദേശിയായ ശിവനാരായണ്‍ മറാവി (36) പറയുന്നു.
നാട്ടില്‍ സ്വന്തമായി അഞ്ചേക്കര്‍ ഭൂമിയില്‍ റാഗിയും ഉരുളക്കിഴങ്ങും കൃഷി ചെയ്തിരുന്ന ഇദ്ദേഹം, ഒരു മലയാളി കരാറുകാരന്റെ ക്ഷണം വഴിയാണ് കേരളത്തിലെത്തിയത്. ‘ആദ്യ ദിവസം മരത്തിന് മുകളില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ കാലുകള്‍ വിറച്ചു. എന്നാല്‍ യന്ത്രം ഉപയോഗിച്ച് മൂന്ന് ദിവസത്തെ പരിശീലനം ലഭിച്ചതോടെ ആ പേടി മാറി. ഇന്ന് എത്ര ഉയരമുള്ള തെങ്ങിലും ഞാന്‍ കയറും,’- അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മഴക്കാലത്ത് ഒഴികെ ബാക്കി എല്ലാ ദിവസവും പണി ലഭിക്കുമെന്നും പ്രതിദിനം 1,500 മുതല്‍ 2,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദഗ്ധ്യവും തൊഴിലിന്റെ അന്തസ്സും തമ്മിലുള്ള ബന്ധമാണ് സംസ്ഥാനത്തെ തെങ്ങുകയറ്റ രംഗത്തെ അതിഥി തൊഴിലാളികളുടെ വര്‍ധിച്ച് വരുന്ന സാന്നിധ്യം സൂചിപ്പിക്കുന്നതെന്ന്് ലേബര്‍ സ്റ്റഡീസ് വിദഗ്ധനും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. കെ രവി രാമന്‍ പറയുന്നു. ‘പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്ത ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ ജോലികള്‍ക്കായി നാട്ടില്‍ ധാരാളം ആളുകളുണ്ട്. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഒരു പ്രത്യേക തൊഴില്‍ പഠിച്ചെടുത്ത് ഇന്ന് വലിയ വരുമാനം നേടുന്നു. വിപണിയുടെ ആവശ്യത്തിനനുസരിച്ച് നൈപുണ്യം വികസിപ്പിക്കാനും തൊഴിലിന്റെ അന്തസ്സ് തിരിച്ചറിയാനും മലയാളികള്‍ ഇനിയും പഠിക്കേണ്ടതുണ്ട്,’- അദ്ദേഹം അഭിപ്രായപ്പെട്ടു.
2026-27 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച്, 28,648 സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 2,240 രൂപ മുതല്‍ 30,000 രൂപ വരെയുള്ള പരിധിയിലാണ്. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച്, കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന 25,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് 35% ക്ഷാമബത്തയും (DA) 10% വീട്ടുവാടക അലവന്‍സും (HRA) ഉള്‍പ്പെടെ ഏകദേശം 36,250 രൂപയാണ് ലഭിക്കുക. അതേസമയം, 27 ദിവസം ജോലി ചെയ്യുന്ന ഒരു തെങ്ങുകയറ്റ തൊഴിലാളിക്ക് 37,800 രൂപ വരെ ലഭിക്കാം. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ ജോലി സുരക്ഷയോ പെന്‍ഷനോ മെഡിക്കല്‍ ആനുകൂല്യങ്ങളോ ലഭ്യമല്ല. ശാരീരിക അധ്വാനവും അപകടസാധ്യതയുമുള്ള ജോലികള്‍ക്ക് ഇന്ന് കേരളത്തിലെ തൊഴില്‍ വിപണിയില്‍ വലിയ മൂല്യമുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

by Midhun HP News | Apr 21, 2026 | Latest News, കേരളം
കണ്ണൂര്‍: മരിച്ച നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെത്തി. നിതിന്റെ അച്ഛനും സഹോദരി ഭര്‍ത്താവുമാണ് കോളജിലെത്തിയത്. നിതിന്‍ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട സ്ഥലവും സന്ദര്‍ശിച്ച് കോളജ് പ്രിന്‍സിപ്പലിനെ കാണാനാണ് എത്തിയത്. എന്നാല്‍, കോളജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്യുകയായിരുന്നു.
മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിന്റെ അച്ഛന്റെ പ്രതികരണം. നിതിനെ കൊന്നതാണെന്നും അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിന്റെ അച്ഛന്‍ പറഞ്ഞു. എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താലും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.

by Midhun HP News | Apr 21, 2026 | Latest News, കേരളം
തൃശൂര്‍: കോടാലിയില്‍ പാമ്പ് കടിയേറ്റ പത്തുവയസുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടി മരുന്നുകളോടും ചികിത്സയോടും അനുകൂലമായി പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. അനോഷിനെ ഉടന്‍ തന്നെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ ആല്‍ജോയുടെ സഹോദരന്‍ ആണ് അനോഷ്.
ആല്‍ജോ മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന കുടുംബത്തിന് അനോഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് ഏറെ ആശ്വാസകരമായിരിക്കുകയാണ്. ഇന്നലെയാണ് അനോഷ് കണ്ണ് തുറന്നത്. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കുട്ടി പ്രതികരിക്കുന്നതായാണ് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കുട്ടി പോസിറ്റീവ് റെസ്‌പോണ്‍സ് കാണിക്കുകയാണെങ്കില്‍ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ കുട്ടിയുടെ ആരോഗ്യനിലയില്‍ ഉണ്ടായ പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കുടുംബവും നാട്ടുകാരും. ഇന്നലെയായിരുന്നു ആല്‍ജോയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
അതിനിടെ ആല്‍ജോയുടെ വീടിന്റെ പരിസരങ്ങളില്‍ ഇന്നലെ വനംവകുപ്പ് പരിശോധന നടത്തി. ഇന്നലെയും ആല്‍ജോയുടെ വീട്ടില്‍ നിന്ന് ശംഖുവരയന്‍ പാമ്പിനെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ശംഖുവരയന്‍ പാമ്പിന്റെ കടിയേറ്റാണ് ആല്‍ജോ മരിച്ചത്. കിടന്ന് ഉറങ്ങുമ്പോള്‍ തലയണയ്ക്കടിയില്‍ കിടന്നിരുന്ന വിഷപ്പാമ്പാണ് ആല്‍ജോയെയും സഹോദരന്‍ അനോഷിനെയും കടിച്ചത്.

by Midhun HP News | Apr 21, 2026 | Latest News, കേരളം
അടൂര്‍: മൃതദേഹവുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം പേയാട് സ്വദേശി മാര്‍ട്ടിന്‍(58)ന്റെ മൃതദേഹം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് സംസ്‌കാരത്തിനായി കൊണ്ടു പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.ആംബുലന്‍സ് ഡ്രൈവര്‍ എറണാകുളം സ്വദേശി സച്ചു, അന്തരിച്ച മാര്‍ട്ടിന്റെ ബന്ധു ജാസ്‌മിന്‍, കാര്‍ ഡ്രൈവര്‍ അടൂര്‍ മൂന്നാളം സ്വദേശി അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാവിലെ 11.50-ന് അടൂര്‍ ബൈപ്പാസില്‍ അല്‍തമാറിന് സമീപം വച്ചാണ് സംഭവം. എറണാകുളം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ആംബുലന്‍സും ഏനാത്ത് ഭാഗത്തു നിന്നും ഹൈസ്‌കൂള്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപകടമുണ്ടാക്കിയ കാര്‍ പിറകില്‍ വന്ന മറ്റൊരു കാറിലിടിച്ചാണ് നിന്നത്. ആംബുലന്‍സ് റോഡരികിലെ വഴിവിളക്ക് സ്‌ഥാപിച്ച തൂണിലും ഇടിച്ചു നിന്നു. അപകടമുണ്ടാക്കിയ കാറിന് മുന്‍പില്‍ പോയ കാര്‍ വേഗത കുറച്ചപ്പോള്‍ അതിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം.
കാര്‍ അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. എറണാകുളത്ത് സ്വകാര്യ ആശുത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മാര്‍ട്ടിന്‍ വെള്ളിയാഴ്‌ചയാണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം ശനിയാഴ്‌ച വൈകീട്ട് മൂന്നിന് തിരുവനന്തപുരം പേയാട് ഭാഗത്തെ പള്ളിയില്‍ സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകുകയായിരുന്നു. പരേതന്റെ മറ്റു ബന്ധുക്കള്‍ മറ്റൊരു വാഹനത്തില്‍ ആംബുലന്‍സിന് പുറകില്‍ വരുന്നുണ്ടായിരുന്നു.
അപകടത്തെ തുടര്‍ന്ന് ആംബുലന്‍സില്‍ മൃതദേഹം സൂക്ഷിച്ചിരുന്ന മൊബൈല്‍ മോര്‍ച്ചറിയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചു.
തുടര്‍ന്ന് അടൂരില്‍ നിന്നും മറ്റൊരു ആംബുലന്‍സ് വരുത്തി അതിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ ഒരു മണിയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
by Midhun HP News | Apr 21, 2026 | Latest News, കേരളം
മുഖ്യമന്ത്രിയുടെ വാക്കുകള്‍ അനുസരിച്ചതിന്റെ പേരില്‍ തനിക്ക് നാട്ടില്‍ ചീത്തപ്പേരായെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് കൂളിങ് ഗ്ലാസ് വച്ച് തെയ്യം കാണാന്‍ പോയ അനുഭവമാണ് രസകരമായൊരു വിഡിയോയിലൂടെ ശ്രീവിദ്യ പങ്കുവെക്കുന്നത്. ‘പോയപ്പോ ആര്‍ക്ക് പോയി, കുഞ്ഞമ്പു നായരുടെ മോള്‍ക്ക് പോയി’ എന്ന കുറിപ്പോടെയാണ് ശ്രീവിദ്യ വീഡിയോ പങ്കുവച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്:
എത്രയും പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ്. പക്ഷെ ഇന്ന് മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം, കുറച്ച് ദിവസം മുമ്പ് നിങ്ങളൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ചൂട് കൂടി വരികയാണ്, എല്ലാവരും വെള്ളം കുടിക്കുക, രാവിലെ പത്ത് മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, എന്നൊക്കെ പോസ്റ്റിട്ടു. നിങ്ങളോടുള്ള ബഹുമാനം കാരണം ഞാനത് അനുസരിച്ചു.
അതുകൊണ്ട് നാട്ടിലെ തെയ്യത്തിന് ഞാന്‍ പോയത് ആ പോസ്റ്റില്‍ പറഞ്ഞത് പോലെ സണ്‍ ഗ്ലാസ് ധരിച്ചായിരുന്നു. കാരണം എന്നോട് മുഖ്യമന്ത്രി പറഞ്ഞിട്ടാണ്. ഇപ്പോള്‍ എന്നെപ്പറ്റി നാട്ടില്‍ പറയുന്നത് എന്താണെന്ന് അറിയാമോ? ഓള് വല്യ മമ്മൂട്ടി ആയെന്നാ വിചാരം, കണ്ടുവോ? കുഞ്ഞമ്പുവിന്റെ പെണ്ണ് എങ്ങനെ നടന്നിരുന്നതാ ഇപ്പോള്‍ ഓള്‍ക്ക് ഇത് വച്ചാലെ തെയ്യത്തേ കാണൂ എന്നെല്ലാമാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു തെയ്യം. അപ്പോള്‍ ഇത് വച്ച് തെയ്യത്തെ നന്നായി തൊഴാമെന്ന് ഞാന്‍ വിചാരിച്ചു. അതുമല്ല, മുഖ്യമന്ത്രി പറഞ്ഞതല്ലേ.
ആ ഫെയ്‌സ്ബുക്ക് ഇടുമ്പോള്‍ അതിന്റെ താഴെ പറയണ്ടേ, കൂളിങ് ഗ്ലാസ് വച്ച് വരുന്ന പെമ്പിള്ളേരെ കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്ന്. അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കയ്യും കാലും വച്ച വിത്താണ് എന്റെ നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ?
താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി ആരാധകരെത്തിയിട്ടുണ്ട്. കമന്റുകളും രസകരമാണ്. ‘ആ സ്റ്റാര്‍ മാജിക് നിര്‍ത്തിയപ്പോള്‍ ഈ വര്‍ഷം ഇനി ചളിയുണ്ടാവില്ല എന്ന് കരുതിയതായിരുന്നു ദാ വീണ്ടും വന്നു, അടുത്ത മന്ത്രി സഭയില്‍ ഇക്കാര്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യും കേട്ടോ പേടിക്കണ്ട, മുഖ്യമന്ത്രി രാജിവെക്കണം, 10മണി മുതല്‍ 3മണി വരെ പുറത്ത് ഇറങ്ങാതിരിക്കു എന്നും പറഞ്ഞില്ലേ, അത് അന്നുസരിച്ചാല്‍ പോരായിരുന്നോ’ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.

by Midhun HP News | Apr 21, 2026 | Latest News, കേരളം
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

Recent Comments