കാശില്ലാതെ സ്ത്രീകള്‍ക്ക് മൂന്നാറില്‍ ‘ട്രിപ്പ്’ അടിച്ച് വരാം; ഇവിടെയുണ്ടൊരു ഓര്‍ഡിനറി കെഎസ്ആര്‍ടിസി

കാശില്ലാതെ സ്ത്രീകള്‍ക്ക് മൂന്നാറില്‍ ‘ട്രിപ്പ്’ അടിച്ച് വരാം; ഇവിടെയുണ്ടൊരു ഓര്‍ഡിനറി കെഎസ്ആര്‍ടിസി

തൃശ്ശൂര്‍: മഴക്കാലമല്ലേ, മൂന്നാറിലേക്ക് ഒരു ട്രിപ്പ് അടിച്ചാലോ…അതും കെഎസ്ആര്‍ടിസിയില്‍. ഓര്‍ഡിനറി ആയിതിനാല്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഡിപ്പോയില്‍നിന്നാണ് ബസ് പുറപ്പെടുന്നത്. ഇത്തരമൊരു ബസിനെപ്പറ്റി അറിയുന്നവര്‍ ചുരുക്കം. അറിയാമെങ്കില്‍ത്തന്നെ ഓര്‍ഡിനറിയാണെന്ന് അറിയാന്‍ സാധ്യതയില്ല.

അഞ്ചുമണിക്കൂറിലേറെ യാത്ര 137 കിലോമീറ്റര്‍

കൊടുങ്ങല്ലൂര്‍ നഗരസഭയുടെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി മെമ്മോറിയല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ 20 മിനിറ്റ് നിര്‍ത്തിയിടും. കൃത്യം 6.20-നാണ് യാത്ര പുറപ്പെടുക. പറവൂര്‍, ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, അടിമാലി വഴി മൂന്നാറിലെത്തുമ്പോള്‍ സമയം 11.30 ആകും.

അഞ്ചുമണിക്കൂറിലേറെ യാത്ര 137 കിലോമീറ്റര്‍. തൃശ്ശൂരില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ടാണിത്. 2002-ല്‍ ആരംഭിച്ച സര്‍വീസാണിത്.

27 സ്റ്റോപ്പുകളിലും സ്റ്റാന്‍ഡുകളിലും നിര്‍ത്തി ആളെ കയറ്റിയും ഇറക്കിയും അടിമാലിയില്‍ ചായകുടിക്കായി നിര്‍ത്തിയും 137 കിലോമീറ്റര്‍ താണ്ടി കൃത്യം 11.45-ന് ബസ് മൂന്നാറിലെത്തും. മൂന്നുമണിക്കൂര്‍ കഴിഞ്ഞ് 2.45-നാണ് മടക്കം. ഇതേബസില്‍ മടങ്ങിയാല്‍ സ്ത്രീകള്‍ക്ക് മൊത്തം ചെലവ് 200-ല്‍ താഴെ. അടിമാലിയിലൊരു ചായ. മൂന്നാറില്‍ ഊണ്. മടക്കത്തിലൊരു കട്ടനും കടിയും. മൂന്നുമണിക്കൂര്‍ മൂന്നാര്‍ ആസ്വദിക്കാം.

ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി

ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി

ഗുരുവായൂർ ദേവസ്വത്തിൽ എൽഡി ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. 10 ഒഴിവുകളാണ് ഉള്ളത്. താൽക്കാലിക നിയമനമാണ് (179 ദിവസം) നടത്തുന്നത്. പ്ലസ് ടു യോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാനാവുക. ജൂലൈ 8 വൈകിട്ട് 5 മണിക്കകം ദേവസ്വം ഓഫീസിൽ ലഭിക്കുന്ന തരത്തിൽ അപേക്ഷകൾ സമർപ്പിക്കാം.

ഒഴിവുകൾ

എൽഡി ക്ലർക്ക് – 10 ഒഴിവുകൾ

നിയമന കാലാവധി

179 ദിവസത്തെ താൽക്കാലിക നിയമനം

വിദ്യാഭ്യാസ യോഗ്യത

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത

കംപ്യുട്ടർ പരിജ്ഞാനം നിർബന്ധം

പ്രായപരിധി

2026 ജനുവരി 1-ന് 18 മുതൽ 36 വയസ്സ് വരെ

1990 ജനുവരി 1-നും 2008 ജനുവരി 2-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫീസ്

₹59 (അപേക്ഷാ ഫോം ₹50 + GST ₹9)

പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷാ ഫോം സൗജന്യം.

അപേക്ഷയോടൊപ്പം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ സമർപ്പിക്കണം.

നിശ്ചിത മാതൃകയിലല്ലാത്തതോ അപൂർണ്ണമായതോ ആവശ്യമായ രേഖകൾ ഇല്ലാത്തതോ സമയപരിധിക്ക് ശേഷം ലഭിക്കുന്നതോ ആയ അപേക്ഷകൾ പരിഗണിക്കില്ല.

‘ഹണി റോസിനോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു, മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല’

‘ഹണി റോസിനോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു, മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല’

കൊച്ചി: നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ തനിക്കെതിരെയുള്ള നിയമനടപടികള്‍ ഹണി റോസ് പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് ബോബി ചെമ്മണൂര്‍ ക്ഷമാപണം നടത്തിയത്.

എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞ് നല്‍കിയ ഈ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ് കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം മാനുഷിക പരിഗണനയോടെ കാണണം. വിവാദങ്ങള്‍ക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി. ”എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാര്‍ഥത്തില്‍ ഞാന്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്‌നേഹത്തോടും പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഒരിക്കലും മനഃപൂര്‍വം ആരെയും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല, ഒപ്പം സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഞാന്‍ എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ തമാശകളും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്, എന്നാല്‍ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്തതല്ല.

ഹണി റോസിനെക്കുറിച്ച് ഞാന്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ മാനസികവിഷമം ഉണ്ടാക്കിയതായി ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഞാന്‍ വരുത്തിവച്ച ബുദ്ധിമുട്ടുകള്‍ക്ക് ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് ഇരുവരും തമ്മിലുള്ള വിവാദത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഹണി റോസും ബോബി ചെമ്മണ്ണൂരും തമ്മിലുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബോബി ചെമ്മണൂര്‍ പരസ്യമായ മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്.

KEAM 2026: കേരള സിലബസ് വിദ്യാർഥികൾക്ക് തകർപ്പൻ നേട്ടം; ആദ്യ പത്തിൽ ഏഴ് സ്ഥാനങ്ങൾ,കാരണമിതാണ്…

KEAM 2026: കേരള സിലബസ് വിദ്യാർഥികൾക്ക് തകർപ്പൻ നേട്ടം; ആദ്യ പത്തിൽ ഏഴ് സ്ഥാനങ്ങൾ,കാരണമിതാണ്…

ഇത്തവണത്തെ കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ (KEAM) മികച്ച നേട്ടം സ്വന്തമാക്കി കേരള സിലബസ് വിദ്യാർഥികൾ. റാങ്ക് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഏഴും കേരള സിലബസ് വിദ്യാർഥികൾ സ്വന്തമാക്കിയപ്പോൾ സി ബി എസ് ഇ സ്ട്രീമിൽ പഠിച്ചവർക്ക് മൂന്നു സ്ഥാനങ്ങൾ മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. ആദ്യ 100 പേരുടെ പട്ടിക എടുത്താൽ അവിടെയും കേരള സിലബസ് വിദ്യാർഥികൾ ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ആദ്യ 100 റാങ്കിൽ 21 കേരള സിലബസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ കഥ മാറി. ആദ്യ 100 റാങ്കിൽ 48 പേരും കേരള സിലബസുകാരാണ്.

കഴിഞ്ഞ വർഷം ആദ്യ 100 റാങ്കിൽ 79 സി.ബി.എസ്.ഇ സിലബസിൽ പഠിച്ച വിദ്യാർഥികൾ ആയിരുന്നു. എന്നാൽ ഇത്തവണ അത് 47 ആയി കുറഞ്ഞു. ഇനി 5000 പേരുടെ റാങ്ക് ലിസ്റ്റ് പരിശോധിച്ചാൽ അവിടെയും കാണാം കേരള സിലബസിൽ പഠിച്ച കുട്ടികളുടെ മുന്നേറ്റം.

5000 പേരുടെ പട്ടികയിൽ 2721 പേർ കേരള സിലബസുകാരും 2029 പേർ സി.ബി.എസ്.ഇക്കാരുമാണ്. കഴിഞ്ഞ വർഷം ഈ ലിസ്റ്റിൽ കേരളാ സിലബസിൽ പഠിച്ച 1796 പേരാണുണ്ടായിരുന്നത്.

എന്ത് കൊണ്ട് ഈ മാറ്റം?
മുൻപ്, ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ് (1:1:1) എന്നി വിഷയങ്ങളിലെ മാര്‍ക്കും കീമിന്റെ സ്‌കോറും ചേര്‍ത്താണ് ഏകീകരണം നടത്തിയിരുന്നത്. ഈ രീതിയില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളെക്കാള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയാന്‍ കാരണമാകുന്നു എന്ന് വ്യാപക പരാതി ഉയർന്നിരുന്നു. പരാതികള്‍ ശക്തമായതോടെ ഏകീകരണ ഫോര്‍മുല പരിഷ്‌കരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും വിദഗ്ധ സമിതിയ്ക്ക് രൂപം നൽകുകയും ചെയ്തിരുന്നു.

‘ഓസിന് പോവണം, കാശ് കൊടുത്ത് ടിക്കറ്റെടുത്തവര്‍ നിന്നും’; കെഎസ്ആര്‍ടിസിയിലെ അനുഭവം പങ്കുവെച്ച് യുവാവ്

‘ഓസിന് പോവണം, കാശ് കൊടുത്ത് ടിക്കറ്റെടുത്തവര്‍ നിന്നും’; കെഎസ്ആര്‍ടിസിയിലെ അനുഭവം പങ്കുവെച്ച് യുവാവ്

കേരളത്തില്‍ കെഎസ്ആര്‍ടിസി ബസിലുണ്ടായ മോശം അനുഭവം പങ്കുവെച്ച് തമിഴ്‌നാട് സ്വദേശിയായ യുവാവ്. തമിഴ്‌നാട്ടില്‍ കിട്ടിയ മര്യാദ തനിക്ക് കേരളത്തില്‍ കിട്ടിയില്ലെന്നാണ് സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കിട്ട് യുവാവ് പറയുന്നത്. താനൊരു വെള്ളക്കുപ്പി വാങ്ങാന്‍ പുറത്തിറങ്ങി തിരിച്ച് ബസില്‍ കയറിയപ്പോഴേയ്ക്കും സീറ്റ് നഷ്ടമായെന്നും അവിടെ ഒരു കുടുംബം കയറിയിരുന്നുവെന്നും സീറ്റ് തിരികെ ചോദിച്ചിട്ട് കിട്ടിയില്ലെന്നുമാണ് യുവാവിന്റെ പരാതി.

തന്റെ സീറ്റാണെന്ന് പറഞ്ഞപ്പോള്‍ ആ കുടുംബമോ കണ്ടക്ടറോ മറ്റ് യാത്രക്കാരോ തന്നെ പിന്തുണച്ചില്ലെന്നു മാത്രമല്ല വളരെ മോശമായ രീതിയിലാണ് ആളുകള്‍ പ്രതികരിച്ചതെന്നും യുവാവ് പറയുന്നു. ഇതിനിടെ ചുറ്റും നിന്ന സ്ത്രീകളെല്ലാം യുവാവുമായി തര്‍ക്കിക്കുന്നതും വിഡിയോയില്‍ കാണുന്നുണ്ട്. താന്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തതാണെന്നാണ് യുവാവ് അവരോട് പറയുന്നത്. എന്നാല്‍ ബുക്ക് ചെയ്ത സീറ്റല്ലല്ലോ എന്നാണ് യാത്രക്കാര്‍ തിരിച്ച് ചോദിക്കുന്നത്.

തൃശൂരില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; അന്വേഷണം

തൃശൂരില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; അന്വേഷണം

തൃശൂര്‍: തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജൂബിലി മിഷന്‍ ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. കോട്ടയം സ്വദേശിയ സ്‌നേഹ പൗലോസ് ആണ് മരിച്ചത്. 20 വയസ്സായിരുന്നു.

ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാംനിലയില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടുകായിരുന്നെന്നാണ് വിവരം. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിക്ക് എംബിബിഎസ് കോഴ്‌സിനോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് സഹപാഠികള്‍ പറഞ്ഞു. ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.