by liji HP News | Jul 8, 2024 | Latest News, കേരളം
തിരുവനന്തപുരം: ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ പിടികൂടിയാൽ പിഴ മാത്രം അടച്ച് പോകാമെന്ന് ഉടമകൾ കരുതണ്ട. ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പിടികൂടിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് കർശന നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മിഷൻ ഡി ജി പിയോട് ആവശ്യപ്പെട്ടു.
2022 ൽ പാലക്കാട് വാഹന പരിശോധനയ്ക്കിടെ ഇൻഷ്വറൻസില്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കല്ലടികോട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നടത്തിയ പരിശോധനയിലാണ് ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചയാൾക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടു കൊടുത്തത്. വിമർശനം ഉയർന്നതോടെ എസ് ഐക്ക് മെമ്മോയും താക്കീതും നൽകിയിരുന്നു.
by liji HP News | Jul 8, 2024 | Latest News, കേരളം
തൃശൂർ: ആവേശം മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാൾ പാർട്ടി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16 പേരുൾപ്പെടെ 32 പേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത 16 പേരെ പൊലീസ് താക്കീത് ചെയ്തു രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ബാക്കി 16 പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി.
പാർട്ടി തുടങ്ങുന്നതിന് മുൻപേ പൊലീസെത്തിയതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി. ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീൽ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപമെത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ ഗുണ്ടാനേതാവിന്റെ അനുചരന്മാർ സന്ദേശം നൽകിയിരുന്നു. വിവരം അറിഞ്ഞതോടെ പൊലീസ് നിരീക്ഷണത്തിലായി മൈതാനം. ചെറുപ്പക്കാർ ഒത്തുകൂടിയപ്പോൾ 4 ജീപ്പുകളിൽ പൊലീസ് സംഘമെത്തി വളഞ്ഞിട്ടു പിടിക്കുകയായിരുന്നു.
by liji HP News | Jul 8, 2024 | Latest News, കേരളം
1971-നു ശേഷം, തിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ ലഭ്യമായിരിക്കുന്നുവെന്ന് മേയർ അര്യാ രാജേന്ദ്രൻ. തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040ന് സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ , തിരുവനന്തപുരം നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് 04-07-2024-ലെ സർക്കാർ ഉത്തരവ് പ്രകാരം അന്തിമ അനുമതി ലഭ്യമായിരിക്കുന്നതെന്ന് മേയർ വ്യക്തമാക്കി.
1993, 2013 വർഷങ്ങളിൽ നഗരത്തിനായി കരട് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയെങ്കിലും, അംഗീകൃത മാസ്റ്റർപ്ലാനായി അവയൊന്നും രൂപാന്തരപ്പെട്ടില്ല. നഗരസഭാ പ്രദേശത്തു വിവിധ കാലഘട്ടങ്ങളിലായി ഉണ്ടാക്കിയ മാസ്റ്റർ പ്ലാനുകൾ, പഴക്കം ചെന്ന 12 വിശദ-നഗരാസൂത്രണ പദ്ധതികൾ എന്നിവ നിലനിന്നിരുന്നത് കൊണ്ട് നഗരവാസികൾ അനുഭവിച്ചു പോന്നിരുന്ന പല പ്രശ്നങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കും മാസ്റ്റർപ്ലാൻ 2040 പ്രാബല്യത്തിലാകുന്നതോടെ പരിഹാരമാകും.
ഇതോടുകൂടി നഗരസഭ പരിധിയിൽ തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040 മാത്രമാകും ഇനി പ്രാബല്യത്തിൽ ഉണ്ടാവുക. വികസനത്തിന്റെ പുതിയ മാനങ്ങൾ ഉൾക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള പുതിയ മാസ്റ്റർ പ്ലാൻ, വിഴിഞ്ഞം തുറമുഖം, IT പാർക്കുകൾ തുടങ്ങി എല്ലാ മേഖലകളുടെയും മുന്നേറ്റം ലക്ഷ്യമിടുന്നു.
നഗരത്തെ 23 മേഖലകൾ ആയി തിരിച്ചുകൊണ്ട്, 18 സെക്റ്ററുകളിലെ വികസന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചുകൊണ്ടും മിശ്രഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള വികസന സാധ്യതയാണ് മാസ്റ്റർ പ്ലാനിലൂടെ വിഭാവനം ചെയ്യുന്നത്. വാർഡ് തലങ്ങളിൽ ഉൾപ്പെടെ വികസന നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് പൊതുജനങ്ങളുടെ വികസന ആവശ്യങ്ങളും അഭിലാഷങ്ങളും നഗരത്തിൻ്റെ പൊതുവികസന ലക്ഷ്യങ്ങളും നിറവേറ്റാനും നഗരത്തിനെ നിക്ഷേപ സൗഹൃദമാക്കുവാനും മാസ്റ്റർ പ്ലാനിലൂടെ ലക്ഷ്യം വയ്ക്കുന്നുവെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.
by Midhun HP News | Jul 8, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്. വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ വ്യാപാരികൾ സമരം ചെയ്യുന്നത്. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ വ്യാപാരികൾ രാപ്പകൽ സമരം നടത്തുമെന്നും സമര സമിതി നേതാക്കൾ അറിയിച്ചു. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം 5 വരെ നീട്ടിയിരുന്നു. കഴിഞ്ഞ ദിവസം റേഷൻ വ്യാപാരികളുടെ സംഘടനയും അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
by Midhun HP News | Jul 8, 2024 | Latest News, കേരളം
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ഇഡിക്ക് തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രേഖകളുടെ പരിശോധന രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി പിഎംഎല്‍എ കോടതിയിലുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത്.
കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021 ജൂലൈയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇഡി കേസന്വേഷണം തുടങ്ങുന്നതും ബാങ്കില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുന്നതും. അനധികൃതമായി വായ്പകള്‍ അനുവദിച്ചത് അടക്കമുള്ള രേഖകളാണ് ഇഡി പിടിച്ചെടുത്തത്. ഈ രേഖകള്‍ ആധികാരികമാണോയെന്ന് ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന അടക്കം നടത്തണമെന്നും, എന്നാല്‍ ഇഡിയുടെ കസ്റ്റഡിയില്‍ ആയതിനാല്‍ പരിശോധന നടത്താനാകാത്തത് കേസന്വേഷണം വഴിമുട്ടിച്ചുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. പ്രതിപ്പട്ടിക അടക്കം നിശ്ചയിക്കുന്നതില്‍ പ്രതിസന്ധിയിലായി എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
രേഖകള്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ പിഎംഎല്‍എ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തെ ഇഡി എതിര്‍ത്തു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ഫോറന്‍സിക് പരിശോധനയ്ക്ക് വളരെ കാലതാമസം ഉണ്ടാകുമെന്നും, അതിനാല്‍ സമയബന്ധിതമായി രേഖകള്‍ തിരിച്ചുനല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു. രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കിയാല്‍, രാഷ്ട്രീയമാനങ്ങളുള്ള കേസായതിനാല്‍ സ്വാധീനം ഉപയോഗിച്ച് രേഖകളില്‍ കൃത്രിമം വരുത്തുമോയെന്ന ആശങ്കയും ഇഡി ഉന്നയിച്ചിരുന്നു.
by Midhun HP News | Jul 8, 2024 | Latest News, കേരളം
കൊച്ചി: ജൂനിയര്‍ ശിവമണി എന്നറിയപ്പെടുന്ന പ്രശസ്ത ഡ്രമ്മര്‍ ജിനോ കെ ജോസ് അന്തരിച്ചു. 47 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സംഗീത മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. പ്രശസ്ത ഡ്രമ്മറായ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയര്‍ ശിവമണി എന്ന് പേര് നല്‍കിയത്. ശിവമണിക്കൊപ്പം നടത്തിയ പ്രകടനമാണ് ജിനോയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.അസാമാന്യ കൈവേഗതയോടെ ഡ്രം കൈകാര്യം ചെയ്തിരുന്ന ജിനോ, ഡിജെയായും ശോഭിച്ചിരുന്നു. ശിവമണി കേരളത്തില്‍ പരിപാടിക്ക് എത്തുമ്പോള്‍ ഡ്രം സെറ്റ് ഒരുക്കിയിരുന്നു. 33 വ്യത്യസ്ത സംഗീതോപകരണങ്ങള്‍ വേദിയില്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. വടക്കന്‍ പറവൂര്‍ കൂട്ടുകാട് കിഴക്കേ മാട്ടുമ്മല്‍ ജോസഫിന്റെ മകനാണ്.
ലോക്ഡൗണ്‍ കാലത്ത് കലാകാരന്മാര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും സഹായം നല്‍കിയിരുന്നു. കോവിഡ് കാലത്ത് ജിനോസ് കിച്ചന്‍ എന്ന പേരില്‍ കാറ്ററിങ് സര്‍വീസ് നടത്തിയിരുന്നു. കുറച്ചുകാലം ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ബര്‍ഗര്‍ ഷോപ്പ് നടത്തിയെങ്കിലും സ്റ്റേജ് പരിപാടികളുടെ തിരക്ക് മൂലം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
Recent Comments