by Midhun HP News | Jul 8, 2024 | Latest News, കേരളം
തിരുവനന്തപുരം: പി എസ് സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒട്ടേറെ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ല. നിയമനത്തില്‍ വഴിവിട്ട രീതികളുണ്ടാകാറില്ല. നാട്ടില്‍ പല തട്ടിപ്പുകള്‍ക്കു വേണ്ടി ആളുകള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ള തട്ടിപ്പുകള്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമായുള്ള നടപടികള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ചോദ്യോത്തരവേളയില്‍ യുഡിഎഫ് അംഗം എന്‍ ഷംസുദ്ദീന്‍ ആണ് പി എസ് സി കോഴ നിയമസഭയില്‍ ഉന്നയിച്ചത്. പി എസ് സി അംഗമായി നിയമിക്കാനായി കോഴിക്കോട്ടെ ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന് ഷംസുദ്ദീന്‍ ചോദിച്ചു. ഇതിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് എസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയതെന്നാണ് ആരോപണം. പിഎസ് സി അംഗത്വത്തിനായി 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി 22 ലക്ഷം രൂപ കൈപ്പറ്റി. എന്നാല്‍ പിഎസ് സി അംഗമായി നിയമനം കിട്ടാതായതോടെയാണ് പാര്‍ട്ടിയില്‍ പരാതിപ്പെടുന്നത്.
പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് വാങ്ങിയ 22 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നാണ് പരാതി. കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു. പ്രമോദിനെ സിപിഎം, സിഐടിയു പദവികളില്‍ നിന്ന് നീക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
by Midhun HP News | Jul 8, 2024 | Latest News, കേരളം
കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,000ല്‍ താഴെ എത്തി. 53,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ചിരുന്നു. അതിനിടെയാണ് ഇന്ന് വില താഴ്ന്നത്. മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Jul 8, 2024 | Latest News, കേരളം
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം സഫലമാകുന്നു. വന്ദനയുടെ പേരിൽ മാതാപിതാക്കളായ കെ.ജി മോഹൻദാസും ടി. വസന്തകുമാരിയും ചേർന്നാണ് ക്ലിനിക് നിർമ്മിക്കുന്നത്. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതി വച്ചിരുന്ന പണമുപയോഗിച്ചാണ് ഇവിടെ ക്ലിനിക് പണിയുന്നത്.
തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക് നിർമ്മിക്കുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവർത്തിക്കുക. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാൻ ഡോ. വന്ദനയ്ക്കു താൽപര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറഞ്ഞു.
ഇവിടുത്തെ നാട്ടുകാർക്കായി ക്ലിനിക് പണിയണമെന്നും വന്ദന മാതാപിതാക്കളോട് ആഗ്രഹം പറഞ്ഞിരുന്നു. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്താനും വന്ദനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ചിങ്ങ മാസത്തിൽ ക്ലിനിക് ഉദ്ഘാടനം ചെയ്യാനാണു ശ്രമം. കെട്ടിടത്തിന്റെ നിർമാണം 70 ശതമാനത്തോളം പൂർത്തിയായി. മുൻപുണ്ടായിരുന്ന കെട്ടിടം പുതുക്കി നിർമിച്ചാണു ക്ലിനിക് നിർമിക്കുന്നത്. ക്ലിനിക്കിന്റെ രജിസ്ട്രേഷനും ലൈസൻസും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ട്. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്.
by Midhun HP News | Jul 8, 2024 | Latest News, കേരളം
തൃശൂര്‍: കൊരട്ടി ചിറങ്ങരയില്‍ ചിറങ്ങരയില്‍ വീട്ടില്‍ നിന്നും 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. റെയില്‍വേ ഉദ്യോഗസ്ഥന്‍ ചെമ്പകശ്ശേരി പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ രാത്രി 11.30 ഓടേ പ്രകാശനും കുടുംബവും ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് രണ്ടരയോടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന്‍ ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ പോയി നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ജനല്‍ കമ്പി പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്. അറ്റകുറ്റപ്പണി നടക്കുന്ന അപ്പുറത്തെ വീട്ടില്‍ നിന്ന് കമ്പിപ്പാരയെടുത്താണ് ജനല്‍ പൊളിച്ച് മോഷണം നടത്തിയത്. ബന്ധുവിന്റെ വിവാഹത്തിനായി ബാങ്കില്‍ നിന്നെടുത്തു സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. വീട്ടില്‍ പ്രകാശനും ഭാര്യയും ഉണ്ടായിരുന്നു. വീടിന്റെ പുറകുവശത്തെ ജനല്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | Jul 8, 2024 | Latest News, കേരളം
ആറ്റിങ്ങൽ: ആതുര സേവന രംഗത്ത് ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘടനായ രാജീവ് യൂത്ത് സെന്ററിന്റെ ആംബുലൻസ് ആറ്റിങ്ങലിന്റെ നിരത്തിലിറങ്ങി. ആംബുലൻസിന്റെ ഉദ്ഘാടനവും ഫ്ലാഗോഫും ഡി. സി. സി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ പി. ഉണ്ണികൃഷ്ണണനും ആറ്റിങ്ങലിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ബാബു പരക്കുടിയും കൂടി നിർവ്വഹിച്ചു.
ഏത് അടിയന്തിര സാഹചര്യത്തിലും ഇരുപതിനാലു മണിക്കൂറും ആംബുലൻസിന്റെ സേവനം ഉണ്ടായിരിക്കുമെന്ന് യൂത്ത് സെന്റർ സംഘാടകര്‍ അറിയിച്ചു. രാജീവ് യൂത്ത് സെന്റർ പ്രസിഡന്റ് ആർ. എസ്. പ്രശാന്ത്, സെക്രട്ടറിയും കൗൺസിലറുമായ കെ. ജെ. രവികുമാർ, ട്രഷറർ സതീഷ് കൊല്ലമ്പുഴ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്രാ ദീപ, രാജീവ് യൂത്ത് സെന്റർ അംഗങ്ങളായ വിഷ്ണു താച്ചൂർകുന്നു, അരുൺ, അഭിജിത്ത്, ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jul 8, 2024 | Latest News, കേരളം
തിരുവനന്തപുരം: വയനാട് ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിൽ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 30ന്. നാലിനു തുടങ്ങിയ നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. 31നാണ് ഫലപ്രഖ്യാപനം.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആറു മുനിസിപ്പാലിറ്റി വാർഡുകളിലും 38 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. ഇതിൽ 24 എണ്ണം എൽഡിഎഫിന്റെയും 19 എണ്ണം യുഡിഎഫിന്റെയും സിറ്റിങ് സീറ്റുകളാണ്. നാലെണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റാണ്.
എസ്‌ഡിപിഐക്കും വെൽഫെയർ പാർടിക്കും ഓരോന്നു വീതവും. തെരഞ്ഞെടുപ്പുഫലം പതിനൊന്ന് തദ്ദേശസ്ഥാപനങ്ങളിലെ ഭരണത്തെ ബാധിക്കും. ഇടുക്കി തൊടുപുഴ നഗരസഭയിലെയും പത്തനംതിട്ട ചിറ്റാർ, കൊല്ലം തൊടിയൂർ, ശൂരനാട് തെക്ക്, പൂയപ്പള്ളി, പാലക്കാട് തച്ചമ്പാറ, മങ്കര, ഇടുക്കിയിലെ അറക്കുളം, ആലപ്പുഴ മാന്നാർ, തൃശൂർ പാവറട്ടി, തിരുവനന്തപുരം പെരിങ്ങമ്മല എന്നി പഞ്ചായത്തുകളിലെയും ഭരണത്തെയാണ് തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കുക.
Recent Comments