ആശ്വാസ വാര്‍ത്ത: അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

ആശ്വാസ വാര്‍ത്ത: അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. തിക്കോടി സ്വദേശിയായ 14കാരന്‍ മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഒരാഴ്ച മുമ്പാണ് ലക്ഷണങ്ങളുമായി കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.പനി, തലവേദന, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ കുറഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് ജര്‍മനിയില്‍നിന്ന് മില്‍ട്ടി ഫോസിന്‍ എന്ന മരുന്ന് എത്തിച്ച് നല്‍കിയിരുന്നു.

ഒരാഴ്ച കഴിഞ്ഞുള്ള സ്രവപരിശോനയില്‍ ഫലം നെഗറ്റീവായാല്‍ കുട്ടി ആശുപത്രിവിടും. ലക്ഷണങ്ങള്‍ കണ്ട ഉടന്‍ ചികിത്സ ആരംഭിച്ചതും പ്രത്യേക മരുന്ന് ലഭ്യമാക്കിയതുമാണ് ആരോഗ്യനില മെച്ചപ്പെടാന്‍ സഹായിച്ചത്. തിക്കോടിയിലെ കാട്ടുകുളത്തില്‍ കുളിച്ച രണ്ട് കുട്ടികളാണ് ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവായതിനാല്‍ ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു.

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: ഇന്നുമുതല്‍ പ്രവേശനം നേടാം

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: ഇന്നുമുതല്‍ പ്രവേശനം നേടാം

തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ തിങ്കള്‍ രാവിലെ 10 മുതല്‍ പ്രവേശനം നേടാം. ആകെ 52,555 ഒഴിവുകളാണുള്ളത്. 57,712 അപേക്ഷകളില്‍ 57,662 എണ്ണം അലോട്ട്മെന്റിനായി പരിഗണിച്ചു. ഓപ്ഷന്‍ ഇല്ലാത്തതും മറ്റു കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 50 അപേക്ഷകള്‍ ഒഴിവാക്കി. https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭ്യമാണ്.

അലോട്ട്മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് മുമ്പ് ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെയും സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനല്‍ നിര്‍ബന്ധമായും ഹാജരാക്കണം. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ അവസരം ലഭിച്ചിരുന്നു.

ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

ജാഗ്രത നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച ജി.ഗോപകുമാർ ഇനി ആറ്റിങ്ങൽ പോലീസിനെ നയിക്കും

കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച ജി.ഗോപകുമാർ ഇനി ആറ്റിങ്ങൽ പോലീസിനെ നയിക്കും

ആറ്റിങ്ങൽ: കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച ജി.ഗോപകുമാർ ഇനി ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ. ആറ്റിങ്ങൽ സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ യാണ് ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ആറ്റിങ്ങലിൽ എത്തുന്നത്. കൊല്ലം പരവൂർ സ്വദേശിയാണ് ജി.ഗോപകുമാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലി നോക്കി വരവേ മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകിയ നൈജീരിയക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ നിർണായക പങ്കുവെച്ചിരുന്നു. ഈ സംഭവത്തോട് കൂടിയാണ് ഗോപകുമാർ സേനയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

2007ബാച്ചിലാണ് പോലീസ് സേനയിൽ പ്രവേശിക്കുന്നത്. 2008ൽ ആറ്റിങ്ങൽ, വർക്കല സ്റ്റേഷനുകളിൽ പ്രൊബേഷൻ എസ്.ഐ ആയിരുന്നു. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ വിവിധ സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറആയും, ഇൻസ്പെക്ടർ ഓഫ് പോലീസ് ആയും ജോലി നോക്കി. കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലി നോക്കി വരവേ നിരവധി കേസുകളിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞു വരുന്ന പ്രതികളെയും, കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളെയും അമർച്ച ചെയ്തിട്ടുണ്ട്. ഗോപകുമാർ ഇൻസ്പെക്ടറായി ജോലി നോക്കിയിരുന്ന എല്ലാ സ്റ്റേഷനുകളിലെയും പ്രതികളുടെ പേടിസ്വപ്നമായിരുന്നു. മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ ഉള്ള മെഡൽ ഡി.ജി.പിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

നീറ്റ് യുജി കൗൺസിലിം​ഗ് മാറ്റിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായാണ് അറിയിച്ചത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക. എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന വിശദീകരണം സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇന്നുമുതലാണ് കൗൺസലിങ് ആരംഭിക്കാനിരുന്നത്.

സുപ്രീംകോടതിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ വന്നിരുന്നു. ഇതിൽ നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉണ്ടായിരുന്നു. എന്നാൽ വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് ഇത് മാറ്റിവയ്ക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചത്.

എന്നാൽ വീണ്ടും ഇതുസംബന്ധിച്ച് ഹർജികൾ വന്നു. ഇത് കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കാൻ എൻടിഎ തീരുമാനമെടുത്തത്. പുതിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നീറ്റ് യുജി വിഷയം സർക്കാ‌ർ നാൾക്കുനാൾ വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിന്റെ കൈയിൽ സുരക്ഷിതമല്ലെന്നും കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും പിന്നെയും വ്യക്തമായെന്നും ജയറാം രമേശ് ആരോപിച്ചു.

ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഇനി ഓൺലൈൻ പണമിടപാടുമാത്രം

ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഇനി ഓൺലൈൻ പണമിടപാടുമാത്രം

മലപ്പുറം: വനം വകുപ്പിന് കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രങ്ങളിലും ഇക്കോ ഷോപ്പുകളിലും ഇനി ഇടപാടുകൾ ഓൺലൈനായി മാത്രം. ഇത് സംബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലേക്കും ഉത്തരവയച്ചതായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ജെ. ജസ്റ്റിൻ മോഹൻ അറിയിച്ചു.

ജൂലായ് ഒന്നുമുതൽ ഇതു പ്രാവർത്തികമാക്കി. ഗൂഗിൾപേ, ഫോൺപേ പോലുള്ള യു.പി.ഐ. മാർഗങ്ങളിലൂടെയാണ് പണം സ്വീകരിക്കുക. ഇതിനായി ക്യു.ആർ കോഡുകളും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈനായും പണമടയ്ക്കാം. കാർഡുകൾ വഴി പണം സ്വീകരിക്കുന്ന പോയിന്റ് ഓഫ് സെയിൽ മെഷീനും സ്ഥാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് 71 ഇക്കോടൂറിസം കേന്ദ്രങ്ങളാണുള്ളത്. മുൻപ്, പലകേന്ദ്രങ്ങളിലും ഇന്റർനെറ്റ് സംവിധാനം ലഭ്യമാകാതിരുന്നത് സഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത്തരം ഇടങ്ങളിൽ ബി.എസ്.എൻ.എൽ. മുഖേന ഇന്റർനെറ്റ് സംവിധാനമൊരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാകേന്ദ്രങ്ങളിലും പുതിയ സംവിധാനം കാര്യക്ഷമമാകും.

സഞ്ചാരികളുടെയും ജീവനക്കാരുടെയും സൗകര്യം കണക്കിലെടുത്തും ഇക്കോടൂറിസം കേന്ദ്രങ്ങളിലെ ഇടപാടുകൾ സുതാര്യമാക്കുന്നതിനുമാണ് പുതിയ സംവിധാനം. സന്ദർശകരടയ്ക്കുന്ന തുക നേരിട്ട് സംസ്ഥാന വനവികസന ഏജൻസിയുടെ അക്കൗണ്ടിലേക്കാണെത്തുക.സംസ്ഥാനതലത്തിൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററും ജില്ലകളിൽ ഡി.എഫ്.ഒ.മാരും പ്രവർത്തനം ഏകോപിപ്പിക്കും. സഞ്ചാരികൾക്ക് മുൻകൂർ ബുക്കിങ്ങിനായി https://keralaforestecotourism.com എന്ന വെബ്‌സൈറ്റുമുണ്ട്. മൊബൈൽ ആപ്പ് വഴിയും പണമടയ്ക്കാം. ഇക്കോഷോപ്പുകളിൽനിന്നുള്ള വനവിഭവങ്ങളും കരകൗശലവസ്തുക്കളും മറ്റും വാങ്ങുമ്പോഴും പണം നൽകേണ്ടത് പുതിയ സംവിധാനത്തിലൂടെയാണ്.