തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; 310 പന്നികളെ കൊന്നൊടുക്കും; മാംസം വിൽക്കുന്നതിന് വിലക്ക്

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; 310 പന്നികളെ കൊന്നൊടുക്കും; മാംസം വിൽക്കുന്നതിന് വിലക്ക്

തൃശൂർ: തൃശൂർ മടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ജില്ലാ കലക്ടറിന്റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും വിലക്കി. രോഗം സ്ഥിരീകരിച്ച പന്നിഫാമിൽ നിന്നും മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടുമാസത്തിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. തൃശൂരിലേക്കോ ജില്ലയിൽ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും.

ആഫ്രിക്കൻ പന്നിപ്പനി എച്ച് വൺ എൻ വൺ പനിയുടെ പ്രതിരോധത്തിൽ നിന്നും വ്യത്യസ്തമാണ്. പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ആഫ്രിക്കൻ പന്നിപ്പനി മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കാരേറ്റ്: പ്രിയദർശിനി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു. കാരേറ്റ് ആർ. കെ. വി ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് മുൻ ടൂറിസം വകുപ്പ് മന്ത്രിയും എം എൽ എ യുമായ എ പി അനിൽകുമാർ നിർവഹിച്ചു. പോത്തൻകോട് ശാന്തിഗിരി ആശ്രമം
ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.

ഇക്കഴിഞ്ഞ എസ്. എസ്. എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്. ബി ആര്യനെ ഉപഹാരം നൽകി ആദരിച്ചു. പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെയും ബിന്ദു നന്ദനയുടെ മകനാണ് ആര്യൻ. ട്രസ്റ്റ് സെക്രട്ടറി എസ്.സുസ്മിത സ്വാഗതം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ എ. അഹമ്മദ് കബീർ അധ്യക്ഷനായി. എൻ. സുദർശനൻ, എ.ഇബ്രാഹിം കുട്ടി, എ. ഷിഹാബുദ്ദീൻ, പി.സൊണാൾജ്,
എൻ.ആർ. ജോഷി, ജി.ജി ഗിരി കൃഷ്ണൻ, എം.കെ.ഗംഗാധര തിലകൻ, ജി.ശാന്തകുമാരി
തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നടന്നു

ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നടന്നു

ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി നടപ്പിലാക്കിയ ഞാറ്റുവേല ചന്ത, കർഷക സഭ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശശികല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർമാൻ മനോജ്‌ അധ്യക്ഷത വഹിച്ചു. ആരോഗ്യ ചെയർമാൻ ലീന, മെമ്പർ മാർ റസീന, അഖിൽ, സനൽകുമാർ, ശിവകുമാർ, വിജി, കൃഷി ഓഫിസിർ വിമൽകുമാർ, സെക്രട്ടറി ആരിഫ്, എസ് ബി ഐ മാനേജർ ഷിബു തുടങ്ങിയവർ പങ്കെടുത്തു.

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ന് മുകളില്‍ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 53,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6700 രൂപ നല്‍കണം. ഇന്നലെ ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്. മെയില്‍ പവന്‍ വില 55120 ആയി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് വില ഇടിയുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്രാ വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

കടൽക്ഷോഭം: പ്രതിഷേധവുമായി നാട്ടുകാർ; തീരദേശ പാത ഉപരോധിക്കുന്നു

കടൽക്ഷോഭം: പ്രതിഷേധവുമായി നാട്ടുകാർ; തീരദേശ പാത ഉപരോധിക്കുന്നു

കൊച്ചി: കടൽക്ഷോഭം രൂക്ഷമായിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണമാലിയിൽ റോഡ് ഉപരോധം. ഫോർട്ടുകൊച്ചി- ആലപ്പുഴ തീരദേശ പാത ഉപരോധിക്കുന്നത്. പ്രായമായവര്‍ ഉള്‍പ്പടെയുള്ളവരാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. പ്രശ്നത്തിന് പരിഹാരം തേടി 2019 ഒക്ടോബർ മുതൽ സമരരംഗത്തുള്ള ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിലാണ് സമരം.

2021ൽ ചെല്ലാനം കൊച്ചി തീരത്ത് 10 കി.മീറ്ററിൽ സി.എം.എസ് പാലംവരെ കരിങ്കൽഭിത്തിയും ടെട്രാപോഡും ബസാർ – വേളാങ്കണ്ണി പ്രദേശത്ത് 6 പുലി മുട്ടുകളും പുത്തൻതോട് – കണ്ണമാലി പ്രദേശത്ത് 9 പുലിമുട്ടുകളും നിർമ്മിക്കുന്നതിനായി സർക്കാർ ഭരണാനുമതി കൊടുത്തിരുന്നു. 344.2 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ 7.36 കി.മീ സ്ഥലത്ത് കടൽഭിത്തിയും 6 പുലിമുട്ടുകളും നിർമ്മിച്ചപ്പോൾ നീക്കിവച്ചപണം തീർന്നുപോയെന്ന വാദം സ്വീകാര്യമല്ലെന്ന് ജനകീയവേദി വ്യക്തമാക്കി. അഞ്ച് വർഷമായി സമരം ചെയ്യുകയാണെന്നും പരിഹാരം കണ്ടെത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നുമാണ് സമരക്കാർ പറയുന്നത്.

‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി

‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ നമുക്ക് കിട്ടുന്ന റിസൾട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്. കേരളത്തിന്റെ ദുർഭരണങ്ങൾക്ക് ചങ്ങല പൂട്ട് ഇടുന്ന തരത്തിൽ സീറ്റുകൾ നേടണം. ജനങ്ങൾക്ക് ലഭിക്കേണ്ടതായ നന്മയ്ക്ക് തടസം നിൽക്കുന്ന ഒരു കുത്തിത്തിരിപ്പിനും വളം കൊടുക്കരുതെന്നും അത് നുള്ളി എടുത്ത് കളയേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വർഷവും നടത്തേണ്ടത്. ജനങ്ങൾ നമ്മളെ ഭരണം ഏൽപ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയിൽ സ്ഥാനാർത്ഥികളെ പരുവപ്പെടുത്തണം.ഒരു പാർലമെന്റെറിയനായി തെരഞ്ഞെടുത്താൽ നിയമങ്ങൾ അനുസരിക്കണം. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ സിനിമാജീവിതം തുടരുമെന്നും രാഷ്ട്രീയത്തിൽ നിന്ന് ചുരണ്ടാൻ നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ചെയ്ത് സമ്പാദിക്കുന്നതിൽ ഒരു വിഹിതം ജനങ്ങൾക്ക് നൽകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.