ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ചു; സ്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ

ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ചു; സ്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ

കാസർഗോഡ് കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരികാസ്വസ്ഥ്യം. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. പതിനഞ്ചിലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്‌കൂളിനടുത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്റർ രാവിലെ പ്രവർത്തിച്ചതിന് പിന്നാലെയായിരുന്നു കുട്ടികൾക്ക് ശ്വാസതടസമുൾപ്പെടെ ഉണ്ടായത്. ഇന്ന് രാവിലെ മുതലാണ് കുട്ടികൾക്ക് അസ്വസ്‌ഥയുണ്ടായത്. കുട്ടികളെ അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും നില ​ഗുരുതരമല്ല.

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ച; ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകും’; മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ച; ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകും’; മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ചയെന്ന് മന്ത്രി വി എൻ വാസവൻ. ഏറ്റവും വലിയ മദർഷിപ്പുകളിൽ ഒന്ന് ട്രയൽ റണ്ണിന് എത്തും. തുറമുഖത്തെ ദേശിയപാതയുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. റെയിൽ തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ട്രയൽ റണ്ണിനുള്ള ദിവസം നിയമസഭയിൽ മന്ത്രി ഇന്ന് പ്രഖ്യാപിക്കും.

വിഴിഞ്ഞം തുറമുഖത്തിൻ്റെ 92 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചുവെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. 3000 മീറ്റർ പുലിമുട്ടിൽ 2960 മീറ്ററും പൂർത്തിയാക്കി. 32 ക്രെയിനുകളിൽ 31 എണ്ണമാണ് ചൈനയിൽ നിന്ന് എത്തിയത്. മുഴുവൻ ക്രെയ്നുകളും സ്ഥാപിച്ചുവെന്ന മന്ത്രി പറഞ്ഞു.കണ്ടെയ്നർ ബർത്തും, യാർഡും പ്രവർത്തനക്ഷമമായി. റെയിൽവേ സംവിധാനം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായാണ് തുറമുഖത്തെ ബന്ധിപ്പിക്കുന്നത്. 10.7 കിലോമീറ്റർ റെയിൽവേയിൽ 9.2 കിലോമീറ്ററും തുരങ്കപാതയാണ്.

ഇതിനായി സ്ഥലം ഏറ്റെടുപ്പ് ആരംഭിച്ചു. പാരിസ്ഥിതക പഠനങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.റിംഗ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും. ഇത് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ വാസികൾക്ക് തുറമുഖത്തോടെ എതിർപ്പില്ലെന്ന് മന്ത്രി. അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തന്നെ മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.

കെ ടി ജി എ തിരുവനന്തപുരം ജില്ലാ സമ്മേളനം ജൂലൈ 10 നു ആറ്റിങ്ങലിൽ

കെ ടി ജി എ തിരുവനന്തപുരം ജില്ലാ സമ്മേളനം ജൂലൈ 10 നു ആറ്റിങ്ങലിൽ

ആറ്റിങ്ങൽ: കെ ടി ജി എ തിരുവനന്തപുരം ജില്ലാ സമ്മേളനം ജൂലൈ 10 നു വൈകുന്നേരം 4 മണി മുതൽ ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ നടക്കും. കേരള ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ ടി ജി എ സംസ്ഥാന പ്രസിഡന്റ് ടി എസ് പട്ടാഭിരാമൻ (കല്യാൺ സിൽക്‌സ്), ആറ്റിങ്ങൽ എം പി അടൂർ പ്രകാശ്, ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക, ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ എസ് കുമാരി, സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌. ലൈനിലെ ലാലായെ (58) ആണ് ഇന്ന് പുലർച്ചെ രണ്ട് കരടികൾ ആക്രമിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.

ഇന്ന് വെളുപ്പിന് വീടിന് മുറ്റത്ത് ഇറങ്ങിയപ്പോൾ രണ്ട് കരടികളാണ് ലാലായെ ആക്രമിച്ചത്. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കടിച്ച് പരുക്കേൽപ്പിച്ചു. നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയപ്പോൾ കരടി ഓടി രക്ഷപ്പെട്ടു. കടിയേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോണക്കാട് എസ്റ്റേറ്റിൽ മാങ്ങയും ചക്കയും സുലഭമായതിനാലാണ് ജനവാസമേഖലയിലേക്ക് കരടി എത്തുന്നത്. പരുക്കേറ്റ ലാലയെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ജനവാസമേഖലയിൽ കരടി എത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

കൊല്ലം നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേൽ നേട്ടയം സൗമ്യഭവനിൽ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇക്കഴിഞ്ഞ ഒന്നാം തീയതി പനിയും ശർദ്ദിലുംഉണ്ടായതിനെ തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടുകൂടിയാണ് സൗമ്യ മരിച്ചു. രണ്ടുമാസം ഗർഭിണിയായിരുന്നു സൗമ്യ. ആർഡിഒയുടെ സാന്നിധ്യത്തിൽ സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.

ആരും അറിയാതെ കലയുടെ മൃതദേഹം അനില്‍ മറ്റൊരിടത്തേക്ക് മാറ്റി?; വീണ്ടും ട്വിസ്റ്റ്

ആരും അറിയാതെ കലയുടെ മൃതദേഹം അനില്‍ മറ്റൊരിടത്തേക്ക് മാറ്റി?; വീണ്ടും ട്വിസ്റ്റ്

ആലപ്പുഴ: മാന്നാറിലെ കൊലപാതകത്തില്‍ ഒന്നാം പ്രതി അനില്‍ കുമാര്‍ കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയെന്ന സംശയത്തില്‍ പൊലീസ്. മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് അന്വേഷണസംഘത്തിന്റെ സംശയം. അതിനാല്‍ തന്നെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തതവരികയുള്ളു.

കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം അനില്‍കുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്. എന്നാല്‍, ഈ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഇതോടെയാണ് ഒന്നാംപ്രതി അനില്‍കുമാര്‍ മൃതദേഹം മാറ്റിയോ എന്ന സംശയമുയരുന്നത്. ടാങ്കില്‍ നിന്ന് ലോക്കറ്റ്, ക്ലിപ്, അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. കൂട്ടുപ്രതികള്‍ക്കും സെപ്റ്റിക് ടാങ്കില്‍ മൃതദേഹം ഉപേക്ഷിച്ചതുവരെയുള്ള കാര്യങ്ങളേ അറിയൂ.

അനിലാണ് കേസിലെ ഒന്നാം പ്രതി. മറ്റു 3 പ്രതികളെ ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 8 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അനിലിന്റെ ബന്ധുക്കളും ഇരമത്തൂര്‍ സ്വദേശികളുമായ സോമരാജന്‍ കെസി പ്രമോദ്, ജിനു എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 2009 ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് കല കൊല്ലപ്പെട്ടത്.

2009 ഡിസംബറിലെ ആദ്യ ആഴ്ച പെരുമ്പുഴ പാലത്തിന് മുകളില്‍ കാറില്‍വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം നടത്താനായി പെരുമ്പുഴ പാലം തിരഞ്ഞെടുത്തത് മൃതദേഹം ആറ്റില്‍ തള്ളുകയെന്ന പദ്ധതിയനുസരിച്ചാണെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍, സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പ്രതികള്‍ പദ്ധതി മാറ്റുകയായിരുന്നു.

കലയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തെന്നാണ് പൊലീസിന്റെ എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ മാത്രമാണ് മൃതദേഹം സെപ്റ്റിക് ടാങ്കിലാണ് ഉപേക്ഷിച്ചതെന്ന മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പൊലീസ് സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയത്. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ കേസായതിനാല്‍ മൃതദേഹം കണ്ടെത്താന്‍ പലയിടങ്ങളിലും പരിശോധന നടത്തേണ്ടിവരുമെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.