കോളേജിൽ പട്ടാപ്പകൽ വിദ്യാർത്ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു

കോളേജിൽ പട്ടാപ്പകൽ വിദ്യാർത്ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു

ബെംഗളുരു: ബെംഗളുരുവിലെ കോളേജിൽ പട്ടാപ്പകൽ വിദ്യാർത്ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു.പശ്ചിമബംഗാൾ സ്വദേശി ജയ് കിഷൻ റോയ് എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്. അസം സ്വദേശി ഭാർഗവ് ജ്യോതി ബർമൻ എന്ന വിദ്യാർത്ഥിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ വിദ്യാർത്ഥിയെ ക്യാമ്പസിനകത്ത് കയറ്റാത്തതിനാണ് അരുംകൊല നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ബെംഗളുരു കെംപെപുരയിലെ സിന്ധി കോളേജിലാണ് സംഭവമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നു.

ഇന്നലെ കോളേജിൽ ക്യാമ്പസ് ഫെസ്റ്റ് നടക്കുകയായിരുന്നു. പുറത്ത് പോകാൻ ഇറങ്ങിയ ഭാർഗവിനെ സെക്യൂരിറ്റി തടഞ്ഞു. പുറത്ത് പോയാൽ തിരിച്ച് കയറാൻ പറ്റില്ലെന്നും പറഞ്ഞു. ഇത് കേൾക്കാൻ തയ്യാറാകാതെ ഭാർഗവ് പുറത്തേക്ക് പോയി. അൽപ്പ സമയത്തിന് ശേഷം മദ്യപിച്ച നിലയിലാണ് ഭാർഗവ് തിരിച്ചെത്തിയത്. ഈ നിലയിൽ അകത്ത് കയറ്റാൻ കഴിയില്ലെന്ന് സെക്യൂരിറ്റി ജയ് കിഷൻ റോയ് പറഞ്ഞു. പിന്നാലെ വീണ്ടും പുറത്ത് പോയ ഭാർഗവ്, കത്തി വാങ്ങി തിരിച്ച് വന്ന് ജയ് കിഷൻ റോയിയെ കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ ജയ് കിഷൻ റോയ് രക്തം വാർന്ന് തൽക്ഷണം മരിച്ചു.

കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു

കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു

പാലക്കാട് കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു. കടമ്പഴിപ്പുഴം സ്വദേശികളായ ടോണി (35), പ്രസാദ് (34) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് മൊഴി. ടോണിയെ തൃശൂർ മെഡിക്കൽ കോളജിലും പ്രസാദിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.

കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രിതല യോ​ഗം

കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രിതല യോ​ഗം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് ഭീഷണിയായി മയിലുകൾ. വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ നാളെ യോ​ഗം ചേരും.

വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂർ വിമാനത്താവളത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 520 രൂപ ഉയര്‍ന്ന് 53,600 ആയി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 65 രൂപയാണ് ഉയര്‍ന്നത്. ഗ്രാം വില 6700 രൂപ. കഴിഞ്ഞ മെയില്‍ പവന്‍ വില 55120 ആയി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് വില ഇടിയുകയായിരുന്നു.

മദ്യപിക്കാൻ വാങ്ങിയ 100 രൂപ തിരിച്ചുതരാത്തതിന് കൊല; ജീവപര്യന്തം ഒഴിവാക്കണമെന്ന് പ്രതി; അപ്പീൽ തള്ളി

മദ്യപിക്കാൻ വാങ്ങിയ 100 രൂപ തിരിച്ചുതരാത്തതിന് കൊല; ജീവപര്യന്തം ഒഴിവാക്കണമെന്ന് പ്രതി; അപ്പീൽ തള്ളി

കൊച്ചി: അയൽക്കാരനെ കുത്തിക്കൊന്ന കേസിൽ വിധിച്ച ജീവപര്യന്തം തടവു ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ആലപ്പുഴ കരീലക്കുളങ്ങര സ്വദേശി വിക്രമനെ കുത്തിക്കൊലപ്പെടുത്തുകയും മകൻ ജെയ്മോനെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട അജയചന്ദ്രനാണ് വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തള്ളിയ കോടതി പ്രതിയു‍ടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെക്കുകയായിരുന്നു.

ചെറിയ സംഭവങ്ങൾ പോലും വലിയ അക്രമത്തിന് കാരണമായേക്കാം, ഇത് അത്തരമൊരു കേസാണ്- എന്നാണ് കോടതി വിലയിരുത്തിയത്. 100 രൂപയെ ചൊല്ലിയുള്ള തർക്കമാണ് വിക്രമന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കള്ളുകുടിക്കാൻ വാങ്ങിയ 100 രൂപ തിരിച്ചു തന്നില്ല എന്ന് പറഞ്ഞായിരുന്നു തർക്കം.

2013ൽ വിക്രമൻ കള്ളുകുടിച്ചതിന്റെ പണം കൊടുത്തത് സുഹൃത്തായ ഭുവനചന്ദ്രനായിരുന്നു. 100 രൂപയാണ് വിക്രമന്‍ വധക്കേസിലെ പ്രതിയായ അജയചന്ദ്രന്റെ പിതാവായ ഭുവനചന്ദ്രനോട് വാങ്ങിയത്. ഇത് തിരികെ നല്‍കാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ അസ്വാരസ്യവും നിലനിന്നിരുന്നു. കൂടാതെ ഇരു വീട്ടുകാരും തമ്മിൽ പ്രശ്നങ്ങളും പതിവായിരുന്നു. 2014 മാർച്ചിൽ ക്ഷേത്ര ഉത്സവത്തിനിടയിലും ഇരുകൂട്ടരും തമ്മിൽ വഴക്കുണ്ടായി. മാർച്ച് 16ന് അജയചന്ദ്രൻ ജയ്മോനെ ഫോണിൽ വിളിച്ച് അടുത്തുള്ള കലുങ്കിന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ തർക്കമാവുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. വിക്രമനും ഭുവനചന്ദ്രനും സ്ഥലത്ത് എത്തിയതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി.

അതിനിടെ അജയചന്ദ്രൻ അരയിൽനിന്ന് കത്തിയൂരി വിക്രമന്റെ തുടയിൽ കുത്തി. ജയ്മോന്റെ കൈയ്യിലും തോളിലും കുത്തി. താഴെവീണ വിക്രമന്റെ വയറിൽ കയറിയിരുന്ന് ഭുവനചന്ദന്‍ നെഞ്ചിൽ ഇടിച്ചു. പിതാവിനെ തള്ളിമാറ്റി അജയചന്ദ്രൻ വിക്രമന്റെ വയറ്റിലും നെ‍ഞ്ചിലും കുത്തുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. ജയ്മോന്റെ പുറത്തും കുത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും വിക്രമൻ മരിച്ചു. പിന്നീട് ജയ്മോന്റെ മൊഴിയുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ അജയചന്ദ്രനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിതാവിനെയും ബന്ധുവിനെയും വെറുതെ വിട്ടു.

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് 14കാരൻ മരിച്ചു

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് 14കാരൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ രോ​ഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകനാണ് മൃദുൽ. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്. ജൂൺ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തിൽ മൃദുൽ കുളിച്ചിരുന്നു. അതിനു ശേഷമാണ് രോ​ഗ ലക്ഷണങ്ങൾ കുട്ടിയിൽ കണ്ടത്. പിന്നാലെ കുളം ന​ഗരസഭ അധികൃതർ അടപ്പിച്ചിരുന്നു.

തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രി 11.24നാണ് മൃദുൽ മരിച്ചത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ മിലൻ. സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും.