സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 53,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 6635 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

മീൻ പിടിക്കുന്നതിനിടെ ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു; അലർജി ബാധിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടെ ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു; അലർജി ബാധിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മീൻ പിടിക്കുന്നതിനിടയിൽ ജെല്ലിഫിഷ് (കടൽച്ചൊറി) കണ്ണില്‍ തെറിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ജൂൺ 29 നാണ് പ്രവീസ് മക്കൾക്കൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീൻ പിടിക്കാനെത്തിയത്. അതിനിടെ വലയിൽ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തുമാറ്റുന്നതിനിടയിൽ കണ്ണിൽ തെറിച്ചു. അലർജി ബാധിച്ച്‌ കണ്ണില്‍ നീരു വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. അസുഖം കൂടിയതോടെ ബന്ധുക്കള്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം.

സഹകരണ സംഘം: ഭരണസമിതി അംഗങ്ങളുടെ കാലാവധി 3 ടേം, ഭേദഗതി സ്റ്റേ ചെയ്യാതെ ഹൈക്കോടതി

സഹകരണ സംഘം: ഭരണസമിതി അംഗങ്ങളുടെ കാലാവധി 3 ടേം, ഭേദഗതി സ്റ്റേ ചെയ്യാതെ ഹൈക്കോടതി

കൊച്ചി: തുടര്‍ച്ചയായി മൂന്നുതവണ സഹകരണ സ്ഥാപനത്തിലെ ഭരണസമിതി അംഗമായിരുന്നവര്‍ വീണ്ടും മത്സരിക്കുന്നത് വിലക്കുന്ന സഹകരണ നിയമഭേദഗതിയില്‍ ഇടപെടാതെ ഹൈക്കോടതി. നിയമഭേദഗതിക്കെതിരേ കുമരകം പുതുപ്പള്ളി ഏലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച 27 ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തിയത്.

മൂന്നുതവണ തുടര്‍ച്ചയായി അംഗങ്ങളായവര്‍ മത്സരിക്കുന്നത് വിലക്കുന്ന ഭേദഗതി സ്റ്റേചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അനുവദിച്ചില്ല. സഹകരണനിയമഭേദഗതി നിലവില്‍വന്നസാഹചര്യത്തില്‍ കോടതി ഇടപെടരുതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ നിയമഭേദഗതിയുടെ ഭരണഘടനാസാധുത പിന്നീട് വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഒരേ വ്യക്തികള്‍തന്നെ അധികകാലം അധികാരസ്ഥാനത്ത് തുടരുന്നത് അധികാരകേന്ദ്രീകരണത്തിനും അഴിമതിക്കും സാഹചര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇതുപോലെയുള്ള വ്യവസ്ഥകള്‍ മറ്റ് സംസ്ഥാനങ്ങളിലുമുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അനഭിലഷണീയമായ പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സമഗ്രമായ നിയമഭേദഗതി കൊണ്ടുവന്നത്. മാത്രമല്ല സഹകാരികള്‍, നിയമജ്ഞര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് 57 വകുപ്പുകള്‍ ഭേദഗതി ചെയ്തതെന്നും വിശദീകരിച്ചു.

‘അമ്മ ജീവനോടെയുണ്ട്; പൊലീസ് പറയുന്നത് കള്ളം’: പ്രതികരണവുമായി കലയുടെ മകന്‍

‘അമ്മ ജീവനോടെയുണ്ട്; പൊലീസ് പറയുന്നത് കള്ളം’: പ്രതികരണവുമായി കലയുടെ മകന്‍

ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി മകന്‍ രംഗത്ത്. അമ്മ ജീവനോടെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അത് ഉറപ്പാണെന്നുമാണ് കലയുടേയും അനിലിന്റേയും മകന്‍ പറഞ്ഞത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണെന്നും പ്രതികരിച്ചു.

‘ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. അമ്മ ജീവനോടെയുണ്ട്. അത് എനിക്കറിയാം. ഇവിടെ ഇത്ര അധികം പരിശോധന നടത്തിയിട്ടും എന്തെങ്കിലും കിട്ടിയോ? മുടിയൊക്കെയാണ് കിട്ടിയത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണ്. അമ്മ ജീവനോടെയുണ്ട്. ഞാന്‍ അമ്മയെ കൊണ്ടുവരും നീ ഒന്നും പേടിക്കേണ്ട അവര്‍ നോക്കീട്ടു പോകട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഞാന്‍ എന്തിനാണ് പേടിക്കുന്നത്. അച്ഛന് കുറെ കടമൊക്കെയുണ്ട്. അതോണ്ട് നാട്ടിലേക്ക് വരുമോ എന്ന് അറിയില്ല. ‘- കലയുടെ മകന്‍ പറഞ്ഞു. കലയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലനടത്തിയത് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2009ലാണ് കൊലപാതകം നടക്കുന്നത്. അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേര്‍പെട്ടു; തിരച്ചില്‍ ഊര്‍ജിതം

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേര്‍പെട്ടു; തിരച്ചില്‍ ഊര്‍ജിതം

കണ്ണൂര്‍: പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇരിക്കൂര്‍ സിബ്ഗകോളേജ് സൈക്കോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ എടയന്നൂര്‍ തെരൂര്‍ അഫ്‌സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ബാന (20)ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രദീഷിന്റെയും സൗമ്യയുടെയും മകള്‍ സൂര്യ (21) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.

ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. ഷെഫീഖാണ് ഷഹര്‍ബാനയുടെ ഭര്‍ത്താവ്. പരീക്ഷ കഴിഞ്ഞ് സഹപാഠിയ്‌ക്കൊപ്പം ജെസ്‌നയുടെ പടിയൂരിനടുത്തെ വീട്ടില്‍ എത്തിയതായിരുന്നു. അതിനിടെ പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണാനായി പൂവം കടവിലെത്തുകയായിരുന്നു. മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു, ജസ്‌നയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ഇവര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഉടന്‍ തന്നെ മട്ടന്നൂര്‍, ഇരിട്ടി എന്നിവടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അംബുജാക്ഷിയമ്മ (83) നിര്യാതയായി

അംബുജാക്ഷിയമ്മ (83) നിര്യാതയായി

ആറ്റിങ്ങൽ കടുവയിൽ അംബുജ ഭവനിൽ അംബുജാക്ഷിയമ്മ (83) റിട്ടയേർഡ് ടീച്ചർ നിര്യാതയായി.
മക്കൾ: ഗീതാ കുമാരി എ, അനിത എ, അനിൽകുമാർ ജി, ലീന എ
മരുമക്കൾ: ആനന്ദക്കുട്ടൻ നായർ, രാമചന്ദ്രൻ നായർ, താര എസ് നായർ, മധുസൂദനൻ നായർ
സഞ്ചയനം: ഞായർ (07 07 24)