സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വർധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 6635 രൂപയാണ് ഒരു മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല; പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല; പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി. നേരത്തെയും പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അദ്ദേഹത്തെ ക്യാമ്പസില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറി നവതേജ് പറഞ്ഞു. എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു നവതേജ്.

എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐക്ക് ഉണ്ടെന്നും ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും ഇപ്പോള്‍ സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞു. പ്രിന്‍സിപ്പലിനെ അടിച്ചു ആശുപത്രിയില്‍ ആക്കാന്‍ തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അതും ചെയ്‌തേനേയെന്നും നവതേജ് പറഞ്ഞു.

ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും എസ്എഫ്‌ഐ നേതാവിനെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചതായുമാണ് പരാതി. മര്‍ദനമേറ്റ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കര്‍, അധ്യാപകന്‍ കെപി രമേശന്‍, എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ബിആര്‍ അഭിനവ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

15 മിനിറ്റ് മാത്രം, ചെറുകിട സംരംഭങ്ങള്‍ക്ക് ഉടനടി വായ്പ; ഡിജിറ്റല്‍ പദ്ധതിയുമായി എസ്ബിഐ

15 മിനിറ്റ് മാത്രം, ചെറുകിട സംരംഭങ്ങള്‍ക്ക് ഉടനടി വായ്പ; ഡിജിറ്റല്‍ പദ്ധതിയുമായി എസ്ബിഐ

കൊച്ചി: ചെറുകിട സംരംഭങ്ങള്‍ക്കായി വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15 മിനിറ്റുകള്‍ക്കകം ഇന്‍വോയ്സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്നതാണ് ഇതിന്റെ രീതി.

വായ്പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടല്‍ ഇല്ലാതെയാണ് നടത്തുക. വായ്പ അവസാനിപ്പിക്കുന്നതും ഡിജിറ്റല്‍ രീതിയില്‍ തന്നെ. ജിഎസ്ടി ഇന്‍വോയ്സിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.

ജിഎസ്ടിഐഎന്‍, ഉപഭോക്താവിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്, സിഐസി ഡാറ്റാബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നല്‍കുന്നത്. നിലവിലുള്ള എസ്ബിഐ ഉപഭോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ക്ക് വേഗത്തില്‍ സുഗമമായി വായ്പ നല്‍കാനാണ് എംഎസ്എംഇ സഹജ് വഴി ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

ഞായറാഴ്ചകളില്‍ ഒരു സിനഡ് കുര്‍ബാന, തര്‍ക്കത്തില്‍ സമവായം

ഞായറാഴ്ചകളില്‍ ഒരു സിനഡ് കുര്‍ബാന, തര്‍ക്കത്തില്‍ സമവായം

കൊച്ചി: സിറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനിന്ന കുര്‍ബാന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. സഭാ നേതൃത്വവും അല്‍മായ മുന്നേറ്റവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പള്ളികളില്‍ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന സിനഡ് നിര്‍ദേശിച്ച രീതിയില്‍ അര്‍പ്പിക്കാനാണ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ജനാഭിമുഖ കുര്‍ബാനയും തുടരുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.

ഏകീകൃത കുര്‍ബാനയില്‍ മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ മാസവും സിനഡ് ആഹ്വാനം ചെയ്തിരുന്നു. മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാന്‍മാരും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സഭയിലെ എല്ലാ ബിഷപ്പുമാരും ഇത് സംബന്ധിച്ച സര്‍ക്കുലറിലും ഒപ്പുവെച്ചിരുന്നു. ക്രിസ്മസ് ദിവസം മുതല്‍ തന്നെ സിനഡ് കുര്‍ബാന അര്‍പ്പിച്ച് തുടങ്ങണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. രണ്ട് തവണ കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തില്‍ വീഡിയോ സന്ദേശത്തിലൂടെയും മാര്‍പ്പാപ്പ ഇതേ ആവശ്യം മുന്നോട്ടു വെച്ചിരുന്നു.

എന്നാല്‍ മാര്‍പ്പാപ്പ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വസ്തുതാപരമായ പിശകുണ്ടെന്നുമായിരുന്നു ഒരു വിഭാഗം പറഞ്ഞിരുന്നത്.

തിരക്ക് വേണ്ട!; പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ്, ചെയ്യേണ്ടത് ഇത്രമാത്രം

തിരക്ക് വേണ്ട!; പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ്, ചെയ്യേണ്ടത് ഇത്രമാത്രം

കൊച്ചി: തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി പാചകവാതക കണക്ഷന്‍ നിലനിര്‍ത്താന്‍ ബയോമെട്രിക് മസ്റ്ററിങ് നടപ്പാക്കിയതോടെ ഏജന്‍സി ഓഫീസുകളില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം മൂലം ഒട്ടേറെ ഉപഭോക്താക്കളാണ് മസ്റ്ററിങ്ങിനായി ഏജന്‍സികളില്‍ എത്തുന്നത്. ഉടന്‍ തന്നെ മസ്റ്ററിങ് നടത്തിയില്ലെങ്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കില്ല എന്ന തരത്തിലാണ് പ്രചാരണം.

മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കുന്നത്. മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കള്‍ക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിര്‍ബന്ധമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ കണക്ഷനുള്ള എല്ലാവരും ഇതു നടത്തണമെന്നാണ് പാചകവാതക കമ്പനികള്‍ വിതരണക്കാര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇന്‍ഡേന്‍, ഭാരത്, എച്ച്പി പൊതുമേഖലാ കമ്പനികളുടെ ഏജന്‍സി ഓഫീസുകളിലെത്തി ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങ് നടത്താം.

വിരലടയാളം പതിക്കാനും കണ്ണിന്റെ കൃഷ്ണമണി സ്‌കാന്‍ ചെയ്യാനുമുള്ള ബയോമെട്രിക് ഉപകരണങ്ങള്‍ ഏജന്‍സികള്‍ സജ്ജമാക്കിയിട്ടുണ്ട്. യഥാര്‍ഥത്തിലുള്ള ഉപഭോക്താവാണോ എല്‍പിജി സിലിണ്ടറുകള്‍ കൈവശം വച്ചിരിക്കുന്നതെന്ന് അറിയുന്നതിന് വേണ്ടിയാണ് മസ്റ്ററിങ് നടപ്പാക്കുന്നത്. മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകളടക്കം മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കുന്നത്.

കണക്ഷന്‍ ഉടമ കിടപ്പുരോഗിയോ സ്ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താന്‍ യാത്ര ചെയ്യാന്‍ പ്രയാസമുള്ള വ്യക്തിയോ ആണെങ്കില്‍, കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റാരുടെയെങ്കിലും പേരിലേക്ക് കണക്ഷന്‍ മാറ്റി മസ്റ്ററിങ് നടത്താം. ഇതിനായി ആധാര്‍ കാര്‍ഡ്, പാചകവാതക കണക്ഷന്‍ ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുമായി ഏജന്‍സി ഓഫിസിലെത്തണം.

മസ്റ്ററിങ് നടത്താന്‍

പാചകവാതക കണക്ഷനുള്ളയാള്‍ ആധാര്‍കാര്‍ഡ്, പാചകവാതക കണക്ഷന്‍ ബുക്ക് എന്നിവയുമായി ഏജന്‍സി ഓഫീസിലെത്തണം.

ഏജന്‍സി ഓഫീസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിക്കണം.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍നമ്പറിലേക്ക് ഇകെവൈസി അപ്ഡേറ്റായെന്ന സന്ദേശം എത്തും.

പാചകവാതക കമ്പനികളുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് നടത്താം. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനും ആധാര്‍ ഫേസ് റെക്കഗ്‌നിഷന്‍ ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യണം.

മാവേലിക്കരയില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയുടേത് കൊലപാതകമോ?; സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന

മാവേലിക്കരയില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയുടേത് കൊലപാതകമോ?; സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന

ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതായി സംശയം. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന മൊഴി പുറത്തുവന്നതിന് പിന്നാലെ കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെപ്റ്റിക് ടാങ്ക് കുഴിച്ച് പൊലീസ് പരിശോധന ആരംഭിച്ചു.

15 വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമകത്ത് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്. പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്. മൊഴി സത്യമാണോ എന്ന് സ്ഥിരീകരിക്കാന്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

കല താമസിച്ചിരുന്ന മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ആണ് തുറന്ന് പരിശോധിക്കുന്നത്. നിലവില്‍ ഇവിടെ ഒരു പുതിയ വീട് പണിതിട്ടുണ്ട്. എന്നാല്‍ പഴയ ബാത്ത്‌റൂം സെപ്റ്റിക് ടാങ്കും അതേ പോലെ തന്നെയാണ്. പഴയ ബാത്ത്‌റൂം പൊളിച്ച് കളയാത്തതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ സംശയം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ കൊലപാതകത്തിലേക്ക് സൂചന നല്‍കുന്ന ഊമകത്ത് കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.