മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നു; സ്‌കൂളുകള്‍ക്ക് ജാഗ്രത നിര്‍ദേശം

മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നു; സ്‌കൂളുകള്‍ക്ക് ജാഗ്രത നിര്‍ദേശം

മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നു. ജില്ലയിലെ വള്ളിക്കുന്ന്, അത്താണിക്കല്‍,മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്.

അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു. ചേലേമ്പ്രയില്‍ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച് മരിച്ചിരുന്നു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിന്‍വശം സെന്‍ട്രിങ് കരാറുകാരന്‍ പുളിക്കല്‍ അബ്ദുല്‍ സലീം – ഖൈറുന്നീസ ദമ്പതിമാരുടെ മകള്‍ ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്.

ചേളാരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ചേലേമ്പ്ര സ്വദേശികളില്‍ ഒട്ടേറെ പേര്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വടകര ദേശീയപാതയില്‍ സംരക്ഷണഭിത്തി തകര്‍ന്നു; വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

വടകര ദേശീയപാതയില്‍ സംരക്ഷണഭിത്തി തകര്‍ന്നു; വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: വടകര മുക്കാളിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇതേതുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു.

ഇന്ന് രാവിലെയാണ് സംരക്ഷണഭിത്തി തകര്‍ന്നത്. സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്ന് റോഡില്‍ പതിച്ചു. തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. മണ്ണ് നീക്കാതെ ഗതാഗം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ട് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും, കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നും വഴി തിരിച്ച് വിട്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും പൊലീസും ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇവിടെ സമാനമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അതിനുപിന്നാലെയാണ് ദേശീയപാത അതോറിറ്റി സംരക്ഷണ ഭിത്തി കെട്ടിയത്. ആ ഭിത്തിയാണ് മഴയില്‍ പൂര്‍ണമായും തകര്‍ന്നത്.

പെറ്റി കേസിലെ ഫൈന്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട, ഓണ്‍ലൈനില്‍ സംവിധാനം

പെറ്റി കേസിലെ ഫൈന്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട, ഓണ്‍ലൈനില്‍ സംവിധാനം

കൊച്ചി: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ ഫൈന്‍ വളരെ എളുപ്പത്തില്‍ അടയ്ക്കാന്‍ അവസരം. ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതി നടപടികള്‍ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

മോട്ടര്‍ വാഹനങ്ങള്‍ക്ക് പൊലീസ് ചുമത്തിയിട്ടുള്ള കേസുകളില്‍ വെര്‍ച്വല്‍ കോടതിയുടെയും റെഗുലര്‍ കോടതിയുടെയും പരിഗണനയിലുള്ളവ ഇതോടെ വേഗത്തില്‍ തീര്‍പ്പാക്കാം. വാഹനത്തിന്റെ ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന് ഇ-ചലാന്‍ വഴി എന്തെങ്കിലും പിഴ ചുമത്തിയിട്ടുണ്ടോയെന്ന് പരിവാഹന്‍ വെബ്‌സൈറ്റില്‍ പരിശോധിക്കാം. പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ തീര്‍പ്പാക്കുന്നതിന് പിഴ ചുമത്തിയ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ മാര്‍ക്ക് നേരിട്ടോ ഇ-മെയിലൂടെയോ അപേക്ഷ സമര്‍പ്പിക്കണം. അതിന് ശേഷം ഫൈന്‍ തുക പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അടക്കുവാന്‍ വീണ്ടും അവസരം നല്‍കും.

കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ

കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. ഒളിവിലായിരുന്ന സുനിൽകുമാർ ആണ് പിടിയിലായത്. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ് സുനില്‍കുമാര്‍.മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്‌നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്.കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെയാണ് കൊലപ്പെടുത്തിയത്.

4 വർഷ ബിരുദ കോഴ്സുകൾ ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

4 വർഷ ബിരുദ കോഴ്സുകൾ ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകളിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്കു തിരുവനന്തപുരം വനിതാ കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും.

ഇനി മുതൽ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് വിദ്യാർഥികൾക്ക് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്നു ഓണേഴ്സ് ബിരുദം നേടാം. ​ഗവേഷണത്തിനു താത്പര്യമുള്ളവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദധാരികളാകാം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായാണ് മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുത്തു സ്വയം കോഴ്സ് രൂപ കൽപ്പന ചെയ്യാനാകുന്ന വിധത്തിലാണ് കരിക്കുലം.

അതേസമയം വിമർശനവും ശക്തമാണ്. ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമിക പഠനം സാധ്യമാകില്ലെന്ന കടുത്ത ആശങ്കയാണ് വിദ്യാഭ്യാസ വിദ​ഗ്ധർ ഉന്നയിക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് പരിഷ്കരണമെന്നും വിമർശനമുണ്ട്.

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇന്ന്മുതൽ ചരിത്രമായി. രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്. ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥ അനുസരിച്ചാകും.

അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി എടുക്കുക. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം ആയിരിക്കും. 33 കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയും 83 കുറ്റങ്ങള്‍ക്ക് പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. 20 പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 23 കുറ്റങ്ങള്‍ക്ക് നിര്‍ബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കി. ആറു കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനം ശിക്ഷയായി ചേര്‍ത്തു. പുതിയ നിയമമനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയായി 45 ദിവസത്തിനുള്ളില്‍ വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തുകയും വേണം. ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി ഒരു വനിതാ പൊലീസ് ഓഫീസര്‍ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തില്‍ രേഖപ്പെടുത്തുകയും ഏഴ് ദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പിന്നീട് ഡിസംബര്‍ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബര്‍ 25-ന് രാഷ്ട്രപതി അംഗീകാരം നല്‍കി.