ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം; കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം; കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. ഇന്ത്യാ സഖ്യ സ്ഥാനാർത്ഥിയായ കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല ഉടൻ നാമനിർദേശ പത്രിക നൽകും. ബിജെപി തീരുമാനം സഖ്യകക്ഷികളെ അറിയിച്ചു.

സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാൻ സമവായ സാധ്യത തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം വേണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകണം എന്നായിരുന്നു പ്രതിപക്ഷ നിലാപാട്. ഇക്കാര്യം ‌സർക്കാരിനെ അറിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ സഭയിൽ ഡപ്യൂട്ടി സ്പീക്കറെ നിയമിക്കാൻ സർക്കാർ തയാറായിരുന്നില്ല. ഇക്കുറി ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തിന് പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് ഇന്ത്യാ സഖ്യം വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് ഓം ബിർല. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. 17-ാം ലോക്സഭയിലെ സ്പീക്കറായാരുന്നു. ഇത് രണ്ടാം തവണയാണ് ലോക് സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിരലയെ എൻഡിഎ പരി​ഗണിക്കുന്നത്.

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കെകെ രമ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അനുമതി നൽകിയില്ല. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കമില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ ബഹളം.

സ്പീക്കർ പറഞ്ഞത് അനൗചിത്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സർക്കാരിനെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. ബാനറും പ്ലക്കാർഡും ഉയർത്തിയായിരുന്നു പ്രതിഷേധം. വിഷയത്തിൽ സഭക്ക് അകത്തും പുറത്തും വരുദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതേസമയം ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ കെകെ രമ എംഎൽഎ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകും. മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനായിരുന്നു സർക്കാർ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ഹൈക്കോടതി വിധി മറികടന്നാണ് ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു.

കളഞ്ഞു കിട്ടിയ സ്വര്‍ണം നവവധുവിന് നല്‍കി ബാങ്ക് ജീവനക്കാരന്‍ മാതൃകയായി

കളഞ്ഞു കിട്ടിയ സ്വര്‍ണം നവവധുവിന് നല്‍കി ബാങ്ക് ജീവനക്കാരന്‍ മാതൃകയായി

റോഡില്‍ നിന്ന് കളഞ്ഞു കിട്ടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണം വിവാഹ ദിവസം നഷ്ടപ്പെട്ട നവ വധുവിനു നല്‍കി വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ തറോല്‍ കൃഷ്ണകുമാര്‍ മാതൃകയായി. വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ യഥാര്‍ത്ഥ ഉടമയായ നവദാമ്പതികളായ അത്തക്കകത്തത് ഷംന, ഷംനാസിന് സ്വര്‍ണ്ണം നല്‍കുകയായിരുന്നു.

കൃഷ്ണകുമാറിന്റെ സത്യസന്ധതയില്‍ അനുമോദിക്കുന്ന ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ശ്രീനാഥ്, വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് , ബാങ്ക് സെക്രട്ടറി മനോജ്, പ്രഭകുമാര്‍ മാക്‌സ് ശ്രീധരന്‍ കെ വി ഹരിഗോവിന്ദന്‍, അനൂജ്,സമീര്‍ നവദമ്പതികളുടെ കുടുംബാംഗങ്ങളുംസന്നിഹിതരായിരുന്നു. വാട്‌സാപ്പിലൂടെ സന്ദേശം അയച്ചു കൊണ്ടാണ് സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായത്.

ഇന്നും ശക്തമായ മഴ തുടരും; 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഇന്നും ശക്തമായ മഴ തുടരും; 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. (Kerala rains rain alert in 9 districts)

നാളെ 9 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. തെക്കൻ കേരള തീരത്ത് കാലവർഷ കാറ്റിന്റെ വേഗത മണിക്കൂറിൽ പരമാവധി 60 മുതൽ 65 കിലോമീറ്റർ വരെ ശക്തിയാർജിച്ചിട്ടുണ്ട്. മലയോര മേഖലകളിലടക്കം പലയിടങ്ങളിലും അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.

പാലക്കാട് നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിൽ നിന്നും കണ്ടെത്തി

പാലക്കാട് നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിൽ നിന്നും കണ്ടെത്തി

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇവരെ കണ്ടെത്തിയത്.

10-ാം ക്ലാസ് വിദ്യാർഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികൾ വീട് വിട്ടിറങ്ങിയത്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

ഇടുക്കിയില്‍ അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴെ വീണു; ഗുരുതര പരിക്ക്

ഇടുക്കിയില്‍ അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴെ വീണു; ഗുരുതര പരിക്ക്

ഇടുക്കി: അടിമാലി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്ക്. രണ്ടാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടി വീഴാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ വൈകീട്ടാണ് സംഭവം. ആന്റോ- അനീഷ ദമ്പതികളുടെ മകളായ മെറീനയ്ക്കാണ് അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. അങ്കണവാടിയുടെ പ്രവര്‍ത്തനസമയം അവസാനിക്കാനിരിക്കേയാണ് അപകടം ഉണ്ടായത്. ഈസമയത്ത് അങ്കണവാടിയില്‍ നാലുകുട്ടികള്‍ മാത്രമാണ്മു ഉണ്ടായിരുന്നത്. റിയുടെ പുറത്തേയ്ക്ക് വന്ന കുട്ടി ഗ്രില്ലിനിടയിലൂടെയാണ് താഴേക്ക് വീണത്. പാറക്കൂട്ടത്തിനിടയിലെ കുഴിയിലേക്കാണ് കുട്ടി വീണത്. ഉടന്‍ തന്നെ ജീവനക്കാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും കഴുത്തിലുമാണ് പരിക്കേറ്റത്. കൊച്ചു കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി കെട്ടിടം മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ അനാസ്ഥ മൂലമാണ് കുട്ടി താഴേക്ക് വീണതെന്ന് ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധിച്ചു.