സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6625 രൂപ നല്‍കണം. രണ്ടുദിവസത്തിനിടെ 720 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.

54,000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് കുതിച്ച സ്വര്‍ണവിലയാണ് കഴിഞ്ഞ രണ്ടുദിവസം കൊണ്ട് 720 രൂപ ഇടിഞ്ഞത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

തൊഴിലിടത്തെ പ്രതിഷേധം മൗലിക അവകാശമല്ല, തൊഴിലുടമയെ തടയരുത്: ഹൈക്കോടതി

തൊഴിലിടത്തെ പ്രതിഷേധം മൗലിക അവകാശമല്ല, തൊഴിലുടമയെ തടയരുത്: ഹൈക്കോടതി

കൊച്ചി: പ്രതിഷേധക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധിക്കാന്‍ മൗലിക അവകാശമില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവയില്‍ ഫെഡറല്‍ ബാങ്കിന്റെ കേന്ദ്ര ഓഫീസിന്റെയും സമീപത്തുള്ള ശാഖകളുടെയും പരിസരത്ത് ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പ്രതിഷേധത്തിനെതിരെ ബാങ്ക് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലിടത്ത് സമാധാനപൂര്‍വ്വം പ്രതിഷേധം സംഘടിപ്പിക്കാമെങ്കിലും അത് സമ്പൂര്‍ണമായ അവകാശമല്ല. തൊഴിലുടമയ്ക്ക് തടസ്സം സൃഷ്ടിക്കാതെയായിരിക്കണം പ്രതിഷേധം സംഘടിപ്പിക്കേണ്ടത്. തടസ്സം ഉണ്ടാകുന്നതോടെ ഈ അവകാശം ഇല്ലാതാകുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. തൊഴിലുടമയെ ഭീഷണിപ്പെടുത്തുംവിധവും അവകാശം വിനിയോഗിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മുവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം.

സ്റ്റാന്റിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരിച്ചു. മാതാവ്: നസിയ.

വെളുത്തുള്ളി 300, മുരിങ്ങക്കായ 200, ബീന്‍സ് 120…; കുടുംബ ബജറ്റ് താളം തെറ്റി, പച്ചക്കറി വില കുതിക്കുന്നു

വെളുത്തുള്ളി 300, മുരിങ്ങക്കായ 200, ബീന്‍സ് 120…; കുടുംബ ബജറ്റ് താളം തെറ്റി, പച്ചക്കറി വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നതോടെ കുടുംബ ബജറ്റ് താളം തെറ്റി. മഴ കുറഞ്ഞതും ഉത്തരേന്ത്യയില്‍ ചൂട് വര്‍ധിച്ചതുമാണ് വിലവര്‍ധനയ്ക്കു കാരണമാകുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞത്, കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണമായെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായിരുന്നതിനേക്കാള്‍ വിലവര്‍ധനവാണ് ഈ വര്‍ഷം പച്ചക്കറി വിലയില്‍ സംഭവിച്ചിരിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. കടലില്‍ ട്രോളിങ്ങിനെ തുടര്‍ന്ന് മത്സ്യ വിലയും വര്‍ധിച്ചത് സാധാരണക്കാര്‍ക്കു തിരിച്ചടിയായി. മലയാളിയുടെ ഇഷ്ട വിഭവമായ മത്തിക്ക് കിലോയ്ക്ക് 300 രൂപയോടടുത്താണു വിപണിയിലെ വില. കൊച്ചിയില്‍ കാരറ്റ് വില 80 രൂപയായിരിക്കുകയാണ്. ഒട്ടുമിക്ക പച്ചക്കറികളുടെയും വില കിലോയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലാണ്. തക്കാളി 100, ബീന്‍സ് 120, വെളുത്തുള്ളി 300, മുരിങ്ങക്കായ 200 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില.

കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; 10 ലക്ഷം മോഷണം പോയി

കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; 10 ലക്ഷം മോഷണം പോയി

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല. കരമന സ്വദേശിയായ എസ്. ദീപുവാണ് (46) കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ കൊലയെന്നാണ് പൊലീസ് സംശയിക്കുന്നത്. കോയമ്പത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ദീപു വീട്ടിൽ നിന്നും ഇറങ്ങിയിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. 10 ലക്ഷം രൂപയുമായാണ് വീട്ടിൽ നിന്നും ദീപു ഇറങ്ങിയത്. ഈ പണം കാറിൽ നിന്നും കാണാതായിട്ടുണ്ട്.

ജെസിബി വാങ്ങാൻ പോകുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വണ്ടി കൊണ്ടുവരാൻ ഒരാളെ അതിർത്തിയിൽ നിന്നും വാഹനത്തിൽ കയറ്റിയതായും സംശയിക്കുന്നുണ്ട്. പഴയ ജെസിബി വാങ്ങി അറ്റകുറ്റപണി ചെയ്ത് വിൽപ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു. ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടിൽ നിന്നും ഇറങ്ങിയത്. ദീപുവിനെ ജെസിബി വാങ്ങാൻ സഹായിക്കുന്ന ഒരാൾ കളിയിക്കാവിള ഭാഗത്തുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കളിയിക്കാവിള വഴി യാത്ര ചെയ്തതെന്നും ബന്ധുക്കൾ പറയുന്നു.

പെൻഷൻ തുടർന്നും ലഭിക്കണോ!; മസ്റ്ററിങ് ഇന്നുമുതൽ

പെൻഷൻ തുടർന്നും ലഭിക്കണോ!; മസ്റ്ററിങ് ഇന്നുമുതൽ

തിരുവനന്തപുരം: സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ്‌ ഇന്ന് തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓ​ഗസ്റ്റ് 24വരെയുള്ള വാർഷിക മസ്റ്ററിങ്‌ പൂർത്തിയാക്കണമെന്ന്‌ ധനവകുപ്പ്‌ ഉത്തരവിട്ടു.അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക്‌ നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക്‌ ഭാവിയിൽ പെൻഷൻ ലഭിക്കില്ല.