by Midhun HP News | Jun 24, 2024 | Latest News, കേരളം
കൊച്ചി: ദേശീയപാതയില്‍ മാടവനയില്‍ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ നഷ്ടമായത് കുടുംബത്തിന്റെ അത്താണി. വാഗമണ്‍ കോട്ടമല ഉളുപ്പണി മണിയമ്പ്രായില്‍ ജിജോ സെബാസ്റ്റിയന്‍ (33) ആണ് മരിച്ചത്.
ജിജോ എട്ടുവര്‍ഷമായി എറണാകുളം ജയലക്ഷ്മി സില്‍ക്‌സിലെ അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരനാണ്. സഹപ്രവര്‍ത്തകര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു സൗമ്യനും ഏവര്‍ക്കും ഉപകാരിയുമായിരുന്ന ജിജോ എന്ന് സുഹൃത്തുക്കള്‍ പറയുന്നു. കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു ജിജോയുടെ ജോലി. ഭാര്യാസഹോദരി എമിലിയുടെ വീടുപണി നടക്കുന്ന ചേര്‍ത്തലയില്‍ രണ്ടുദിവസം മുന്‍പ് ഭാര്യയെയും ഒന്നേകാല്‍ വയസ്സുള്ള മകളെയും കൊണ്ടുപോയി വിട്ടിരുന്നു. ഞായറാഴ്ച അവധിയായതിനാല്‍ അവരെ കൂട്ടാന്‍ പോകുന്ന വഴിയാണ് ബസ് ജിജോയുടെ ജീവന്‍ കവര്‍ന്നത്. ജിജോ സെബാസ്റ്റിയന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ജിജോ ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാരശാലയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്‌കാരം.
അമിത വേഗമെന്ന് നിഗമനം
ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകട കാരണം കല്ലട ബസിന്റെ അമിത വേഗമെന്ന് നിഗമനം. മഴ പെയ്ത് നനഞ്ഞുകിടന്ന റോഡില്‍ പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ബസിന്റെ പിന്നിലെ രണ്ടു ടയറുകളും ഏറെക്കുറെ തേഞ്ഞ നിലയിലായിരുന്നു. ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനത്തിലെ അപാകത സംബന്ധിച്ചും മോട്ടോര്‍ വാഹനവകുപ്പിന് സംശയങ്ങള്‍ ഉണ്ട്. ഇതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.
അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമാംവിധം വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ബസ് യാത്രക്കാരായ നിരവധിപ്പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 13 പേര്‍ ചികിത്സയിലാണ്. അമിത വേഗത്തിലെത്തിയ ബസ് മാടവനയ്ക്ക് സമീപം ചുവന്ന സിഗ്നല്‍ തെളിഞ്ഞപ്പോള്‍ സഡന്‍ ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതോടെ നിയന്ത്രണം വിട്ട് തെന്നി ട്രാഫിക് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ജിജോയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

by Midhun HP News | Jun 24, 2024 | Latest News, കേരളം
തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എംഎല്‍എയും മുന്‍ മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവില്‍ നിയമസഭയില്‍. സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെങ്കിലും സീറ്റ് കുറവുണ്ട്. കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ഉണ്ടാകണമെന്നും അഹമ്മദ് ദേവര്‍ കോവില്‍ ആവശ്യപ്പെട്ടു. സബ്മിഷനായിട്ടാണ് ഭരണപക്ഷ എംഎല്‍എ പ്ലസ് വണ്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്.
എന്നാല്‍ പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആവര്‍ത്തിച്ചു. ഹയര്‍സെക്കണ്ടറിയില്‍ ആകെ 51,451 പേര്‍ ഇതിനോടകം മലപ്പുറം ജില്ലയില്‍ പ്രവേശനം നേടിക്കഴിഞ്ഞു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 2311 പേരും അഡ്മിഷന്‍ നേടി. ഇതു രണ്ടുംകൂടി 53,762 പേര്‍ ആകെ ഹയര്‍സെക്കണ്ടറി പഠനത്തിന് മലപ്പുറം ജില്ലയില്‍ പ്രവേശനം നേടിയതായി മന്ത്രി ശിവന്‍ കുട്ടി നിയമസഭയില്‍ പറഞ്ഞു.
പ്രവേശനത്തിനായി അവശേഷിക്കുന്നത് 17,298 പേരാണ്. 7478 സീറ്റുകളുടെ കുറവു മാത്രമാണ് വരുന്നത്. നാളെ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവരെയെല്ലാം വിളിച്ചിരുന്നു. എല്ലാവരുമായും ചര്‍ച്ച ചെയ്ത് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയില്‍ ആകെ കിട്ടിയ അപേക്ഷ 82466 എണ്ണമാണ്. ഇതില്‍ 7606 പേര്‍ ജില്ലയ്ക്ക് പുറത്തുള്ളവരാണ്. ഇവരെ ഒഴിവാക്കിയാല്‍ 74,860 പേര്‍ മലപ്പുറം ജില്ലക്കാരാണ്. അപേക്ഷ നല്‍കിയവരില്‍ 4355 പേര്‍ക്ക് മറ്റു ജില്ലകളില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. ഉപരിപഠനത്തിനായി മലപ്പുറം ജില്ലയില്‍ 80,000 ഓളം സീറ്റുകളുണ്ട്. മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് വരുന്നതോടെ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

by Midhun HP News | Jun 24, 2024 | Latest News, കേരളം
ഡല്‍ഹി: കേന്ദ്രസഹമന്ത്രിയായി സുരേഷ് ഗോപി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് സത്യാവാചകം ചൊല്ലിക്കൊടുത്തു. കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ എന്നുപറഞ്ഞായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ തുടങ്ങിയത്. മലയാളത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ.
ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്‌സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി.തൃശൂരില്‍ സിപിഐ സ്ഥാനാര്‍ഥി വി സുനില്‍കുമാറിനെയും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെയും പരാജയപ്പെുടത്തിയായിരുന്നു സുരേഷ് ഗോപിയുടെ വിജയം. 4,12,338 വോട്ടുകള്‍ നേടിയ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74686 വോട്ടുകളായിരുന്നു.

by Midhun HP News | Jun 24, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, മെറ്റ.എഐ പോര്‍ട്ടല്‍ എന്നിവയില്‍ എഐ അസിസ്റ്റന്റ് ലഭ്യമാക്കിയതായി മെറ്റ. ഇതോടെ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ എഐ സേവനങ്ങള്‍ ഉപയോഗിക്കാനാകും.
‘ലോകത്തിലെ മുന്‍നിര എഐ അസിസ്റ്റന്റുകളിലൊന്നായ മെറ്റ എഐ ഇന്ത്യയില്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, മെറ്റ.എഐ പോര്‍ട്ടല്‍ എന്നിവയില്‍ ഇംഗ്ലീഷിലാണ് ലഭ്യമാകുന്നത്. ഞങ്ങളുടെ ഇന്നേവരെയുള്ള ഏറ്റവും നൂതനമായ മെറ്റയുടെ ലാര്‍ജ് ലാഗ്വേജ് മോഡലായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്,’ മെറ്റ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് മെറ്റ ആദ്യമായി മെറ്റാ എഐ പ്രഖ്യാപിച്ചത്, ഏപ്രില്‍ മുതല്‍, ഉപയോക്താക്കള്‍ക്ക് ലാമ 3 പയോഗിച്ച് നിര്‍മ്മിച്ച മെറ്റാ എഐയുടെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാണ്. യുഎസ്, ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്‌വെ എന്നിവയുള്‍പ്പെടെ 12 ലധികം രാജ്യങ്ങളില്‍ ചാറ്റ്‌ബോട്ട് സേവനം ലഭ്യമാണ്.
by Midhun HP News | Jun 24, 2024 | Latest News, കേരളം
ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തിരുവനന്തപുരം പാലോട് കാലൻകാവ് സ്വദേശിയാണ് കൊല്ലപ്പെട്ട വിഷ്ണു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഐഇഡി ആക്രമണമുണ്ടാവുകയായിരുന്നു. കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്.
വിഷ്ണുവിന്റെ മൃതദേഹം ഇന്ന് അർധരാത്രിയോടെ പാലോടുള്ള വീട്ടിലെത്തിക്കും. അടുത്തമാസം 15 ന് നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പിലായിരുന്നു വിഷ്ണു. സ്വന്തമായി പുതിയൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി മടങ്ങി ഒന്നരമാസം കഴിയുമ്പോഴാണ് വിഷ്‌ണുവിന്റെ കുടുംബത്തെ തേടി വിയോഗ വാർത്ത എത്തുന്നത്. പത്തുവർഷമായി സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നേഴ്സ് ആയി ജോലി ചെയ്തുവരികയാണ്. വീരമൃത്യു വരിച്ച രണ്ടാമത്തെ ജവാൻ യുപി സ്വദേശിയാണ്. കാൺപൂരിൽ നിന്നുള്ള 29-കാരൻ ശൈലേന്ദ്രയാണ് വീരമൃത്യു വരിച്ചത്. ഇരുവരും CoBRA 201 ബറ്റാലിയനിലെ ജവാന്മാരായിരുന്നു.

by Midhun HP News | Jun 24, 2024 | Latest News, കേരളം
അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി എച്ച്.പി ഇൻറർനാഷണൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് കെ എൻ ആനന്ദ് കുമാറിന്. സായിഗ്രാമത്തിൻറെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് കെ. എൻ ആനന്ദ കുമാർ. സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും നടത്തിയ സംഭാവനയ്ക്കാണ് അവാർഡിന് അർഹനാക്കിയത്. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ എച്ച്പി ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഇസ്പിത ദാസ് ഗുപ്ത അവാർഡ് സമ്മാനിക്കും. ഇന്ത്യയിലെ തന്നെ നാലാമത്തെ സന്നദ്ധ സംഘടനയാണ് തിരുവനന്തപുരം ആസ്ഥാനമായ സായിഗ്രാമം.
ആരോഗ്യം, വിദ്യാഭ്യാസം, പുനരധിവാസം, സാംസ്കാരികം, ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം, പൈതൃക സംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനയാണ് സായിഗ്രാമം നൽകിവരുന്നത്.
മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ്, സ്വയം പര്യാപ്തത കൈവരിച്ച പ്രസ്ഥാനമാണ്. ആരോഗ്യരംഗത്ത് അഞ്ച് ലക്ഷത്തി മുപ്പതിനായിരം സൗജന്യ ഡയാലിസിസ് പാവപ്പെട്ട രോഗികൾക്ക് നൽകി, വിദ്യാഭ്യാസരംഗത്ത് മോണ്ടിസോറി മുതൽ ഐഎഎസ് അക്കാദമി സിവിൽ സർവീസ് പരിശീലനം കേന്ദ്രം വരെ, സായിഗ്രാമത്തിൽ ഗവൺമെൻറ് എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ മുഴുവൻ സീറ്റും ഗവൺമെന്റിന് വിട്ടുകൊടുത്തു മാതൃകയായി, സാമൂഹ്യക്ഷേമം പുനരധിവാസരംഗത്ത് നാല് അനാഥാലയങ്ങൾ സായി ഗ്രാമം നടത്തിവരുന്നു.
സ്ത്രീകൾക്കും, പുരുഷന്മാർക്കും, കുട്ടികൾക്കും, ഭിന്നശേഷിക്കാർക്കും പ്രത്യേക അനാഥാലയം. എൻഡോസൾഫാൻ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ വേണ്ടി 108 വീടുകൾ നിർമ്മിച്ചു നൽകി. ആരോഗ്യ കേന്ദ്രം, ഡയാലിസിസ് കേന്ദ്രം, ചിൽഡ്രൻസ് പാർക്ക് ഉൾപ്പെടെ കാസർഗോഡ് പുനരധിവാസ ഗ്രാമം നിർമ്മിച്ചു. 320 വീടുകൾ ഭവന രഹിതർക്ക് സായി ഗ്രാമം നിർമ്മിച്ചു നൽകി.
അട്ടപ്പാടിയിലെ ഗോത്രവർഗ്ഗ മേഖല സ്വയം പര്യാപ്തത കൈവരിക്കാൻ വേണ്ടിയുള്ള വിവിധതരം കൃഷികൾ സായിഗ്രാമം ചെയ്തു വരുന്നു, സൗജന്യ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു, അലോപ്പതി ആയുർവേദം മാനസികാരോഗ്യ കേന്ദ്രം, സ്വയംതൊഴിൽ പദ്ധതിക്കായി കമ്പ്യൂട്ടർ പരിശീലനം, കുടിവെള്ള പൈപ്പ് ലൈൻ പദ്ധതി തയ്യൽ പരിശീലനം, ഡയാലിസിസ് കേന്ദ്രം എന്നിവ ആനന്ദകുമാറിൻ്റെ നേതൃത്വത്തിൽ നൽകിവരുന്നു.
2018 പ്രളയ കാലത്ത് ഹെലികോപ്റ്ററുകൾ വാടകയ്ക്ക് എടുത്ത് രക്ഷാപ്രവർത്തനത്തിലും ഭക്ഷ്യ വിതരണത്തിനും മുൻ പന്തിയിൽ ഉണ്ടായിരുന്നു സായിഗ്രാമം. ഓഖി ദുരിതബാധിതർക്ക് 5 കോടി രൂപയുടെ ഭക്ഷ്യധാന്യം വിതരണം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുമായി സഹകരിച്ച് ലക്ഷം കുടുംബങ്ങളിലേക്ക് കുടിവെള്ളം സായിഗ്രാമം എത്തിച്ചു.

Recent Comments