by liji HP News | Jun 24, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ കുറഞ്ഞത് 720 രൂപയാണ് കുറഞ്ഞത്.
54,000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില കഴിഞ്ഞ ദിവസം അതേപടി തിരിച്ചിറങ്ങിയിരുന്നു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by liji HP News | Jun 24, 2024 | Latest News, കേരളം
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം പിമാരെ പാർലമെന്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. സമ്മേളനത്തിൽ ബിജെപി എംപി ഭർതൃഹരി മഹ്താബ് പ്രോ ടേം സ്പീക്കറായി. പ്രസിഡന്റ് ദ്രൗപതി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി അംഗങ്ങളെ അഭിസംബോധന ചെയ്ത വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അടിയന്തരാവസ്ഥയെക്കുറിച്ച് എടുത്ത് പറഞ്ഞുകൊണ്ടാണ് മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. നാളെ അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക ദിനമാണെന്ന് മോദി ഓർമിപ്പിച്ചു. ഇന്ത്യൻ ഭരണഘടന അപ്പാടെ നിരാകരിക്കപ്പെട്ട, ഭരണഘടനയുടെ ഓരോ
ഭാഗങ്ങളും പിച്ചിച്ചീന്തപ്പെട്ട, ജനാധിപത്യം പൂർണമായി അടിച്ചമർത്തപ്പെട്ട ആ കാലത്തെ പുതിയ തലമുറ മറക്കില്ല. ജൂൺ 25 ജനാധിപത്യത്തിന്റെ കളങ്കമായിരുന്നു. അതിനി ആവർത്തിക്കപ്പെടില്ലെന്നും മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. മൂന്നാം ഘട്ടത്തിൽ താൻ രാജ്യത്തിനായി കൂടുതൽ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ മഹത്തായ രീതിയിലാണ് ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ നടന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. മൂന്നാം വട്ടവും ജനങ്ങൾ തങ്ങളെ തെരഞ്ഞെടുത്തു. തങ്ങളെ സേവിക്കാൻ ജനങ്ങൾ ഞങ്ങളെ ഒരിക്കൽക്കൂടി ഏൽപ്പിച്ചു. അവരുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

by liji HP News | Jun 24, 2024 | Latest News, കേരളം
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പേര് ശിക്ഷാ ഇളവിനുള്ള പട്ടികയിൽ ഉൾപ്പെട്ടതിൽ പരസ്പര വിരുദ്ധ വാദങ്ങളുമായി ജയിൽ മേധാവിയും കണ്ണൂർ ജയിൽ സൂപ്രണ്ടും. അബദ്ധത്തിൽ സംഭവിച്ചതാണെന്ന ജയിൽ മേധാവിയുടെ വാദം തള്ളുകയാണ് ജയിൽ സൂപ്രണ്ട്. ശിക്ഷാ ഇളവിനുള്ള പട്ടിക തയ്യാറാക്കിയത് ചട്ടപ്രകാരമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. 2022-ലെ ആഭ്യന്തര വകുപ്പിറക്കിയ ചട്ടം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. അതിൽ ടി പി വധക്കേസ് പ്രതികളുടെ പേരുൾപ്പെട്ടിട്ടുണ്ട്. പൊലീസ്, പ്രൊബേഷൻ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ അന്തിമ പട്ടിക നൽകൂവെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. പുതുക്കിയ പട്ടികയിൽ ടി പി വധക്കേസ് പ്രതികളില്ലെന്നായിരുന്നു ജയിൽ മേധാവി അറിയിച്ചത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉൾപ്പെട്ടിരുന്നത്. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിൽ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ഉള്‍പ്പെടുത്തുകയായിരുന്നു. പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് പ്രതികള്‍ക്ക് പുറത്തിറങ്ങാനാവുക. ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ സുപ്രണ്ട് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നൽകിയിരുന്നു.

ജൂണ്‍ മാസത്തിലാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തിയത്. ജൂണ്‍ 13 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട്, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാര്‍ക്ക് സ്‌പെഷ്യല്‍ റിമിഷന്‍ നല്‍കി വിട്ടയക്കാന്‍ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍. പട്ടികയില്‍ സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് അയക്കണമെന്നുമായിരുന്നു നിർദേശം.
ഇതിനെതിരെ കെ കെ രമ എംഎല്‍എ രംഗത്തെത്തിയിരുന്നു. . ടി പി കേസിലെ പ്രതികളുടെ സുഖവാസ കേന്ദ്രങ്ങളാണ് ജയില്‍. ജയില്‍സുപ്രണ്ട് സ്വമേധയാ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തില്ല. ആഭ്യന്തര മന്ത്രിയുടെ അറിവില്ലാതെ പട്ടികയില്‍ ടി പി വധക്കേസ് പ്രതികളെ ഉള്‍പ്പെടുത്തില്ലെന്നും കെ കെ രമ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചിരുന്നു.
ടി പി കേസിലെ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹെെക്കോടതി ശരിവെച്ചത്. പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.
2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ ആരോപണം.
by liji HP News | Jun 24, 2024 | Latest News, കേരളം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്ത പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണവുമായി മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ. അനിലും. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ‘ഒളിമ്പിക് ഡേ റൺ’ പരിപാടിക്കിടയാണ് സംഭവം.
ഗവർണർ പ്രസംഗിക്കുമ്പോൾ സുരേഷ് ഗോപി സ്റ്റേജ് വിട്ടിറങ്ങിയിരുന്നു. ഇതോടെ അവിടെ നിന്നിരുന്ന വിദ്യാർഥികളടക്കമുള്ള ജനക്കൂട്ടം സുരേഷ് ഗോപിയുടെ അടുത്തേക്ക് നീങ്ങുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അവിടെയുണ്ടായ ബഹളം മൂലം ഗവർണറുടെ പ്രസംഗം ശരിക്കും കേൾക്കാത്ത അവസ്ഥയുണ്ടായി.
കൃത്യമായ മിനിറ്റ്സ് വരെ എല്ലാവർക്കും ലഭ്യമാക്കിയ പരിപാടിയിൽ ഗവർണറെപ്പോലും മാനിക്കാതെ സുരേഷ് ഗോപി നടത്തിയത് പ്രോട്ടോകോൾ ലംഘനമെന്നാണ് വി. ശിവൻകുട്ടിയുടെ ആരോപണം. ഗവർണറോടും ദേശീയഗാനത്തോടുമുള്ള അനാദരവാണ് സുരേഷ് ഗോപി നടത്തിയതെന്ന് മന്ത്രി ജി.ആർ. അനിൽ.
ഒരിക്കലുമൊരു ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത രീതിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു അഭിനേതാവെന്ന നിലയിലാണ് സുരേഷ് ഗോപി ഇവിടെ പ്രവർത്തിച്ചത്. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

by liji HP News | Jun 24, 2024 | Latest News, കേരളം
സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ഗവൺമെന്റ് ഓഫ് കേരള എന്നാണ് തുടരുന്നത്.
കഴിഞ്ഞ വർഷം പേര് മാറ്റത്തിൽ അവതരിപ്പിച്ച പ്രമേയം നിയമസഭാ പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് പുതിയ പ്രമേയം അവതരിപ്പിക്കുന്നത്.
ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും സർക്കാർ രേഖകകളിൽ ബ്രിട്ടീഷുകാർ നൽകിയ കേരള എന്ന പേരാണ് ഇപ്പോഴും നിലനിൽക്കുന്നത്. മലയാളത്തിൽ മാത്രമാണ് കേരളം എന്ന് രേഖപ്പെടുത്താറുള്ളത്.

Share this story
by liji HP News | Jun 24, 2024 | Latest News, കേരളം
കായംകുളം: കായംകുളത്ത് കെ പി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചേരാവള്ളി സ്വദേശി ശിശുപാലൻ (60) ആണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി.ശിശുപാലന്റെ ഭാര്യ സിന്ധുവിന് പരിക്കേറ്റു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

Recent Comments