by liji HP News | Jun 24, 2024 | Latest News, കേരളം
കൊച്ചി: രാജ്യാന്തര ലഹരിക്കടത്ത് പ്രതികളുടെ വയറ്റിലുള്ള തൊണ്ടിമുതലിനായി കാത്തിരുന്ന് കസ്റ്റംസ് ഡിആർഐ (ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) വിഭാഗം. ടാൻസനിയൻ സ്വദേശികളായ ഒമാറി അത്തുമണി ജോംഗോ (56), വെറോണിക്ക അഡ്രേഹെം ദുംഗുരു (24) എന്നിവരെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഈ മാസം 16ന് പിടികൂടിയത്.
ഇവരുടെ വയറ്റിൽ നിന്ന് കൊക്കെയ്ൻ കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള ഡിആർഐ വിഭാഗത്തിന്റെ ഓപ്പറേഷൻ ഒരാഴ്ചയായി തുടരുകയാണ്. രണ്ട് കിലോഗ്രാം കൊക്കെയ്നാണ് ഇരുവരും കാപ്സ്യൂളുകളാക്കി വിഴുങ്ങിക്കടത്താൻ ശ്രമിച്ചത്. 16ന് എത്യോപ്യയിൽ നിന്ന് ഒമാൻ ദോഹ വഴി കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് ഇരുവരുമെത്തിയത്.
രാജ്യാന്തര വിപണിയിൽ 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായാണ് ഇവരെത്തിയത്. രഹസ്യ വിവരത്തെ തുടർന്നു ഡിആർഐ അധികൃതർ നടത്തിയ പരിശോധനയിലാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രതികളെ ഉദ്യോഗസ്ഥർ പിടികൂടിയത്.
പിടിയിലായ ഉടനെ തന്നെ ഇവരെ അങ്കമാലി അഡ്‌ലക്സ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് ആവരണമുള്ള കാപ്സ്യൂളുകളിലാക്കിയാണ് ഇരുവരും കൊക്കെയ്ൻ വിഴുങ്ങിയത്. ഒമാറിയുടെ വയറ്റിലുണ്ടായിരുന്ന കാപ്സ്യൂളുകൾ ഏതാനും ദിവസം കൊണ്ട് പുറത്തെടുത്തു.
1.945 കിലോഗ്രാം കൊക്കെയ്ൻ നൂറിലേറെ കാപ്‌സ്യൂളുകളാക്കിയാണ് ഒമാറി വിഴുങ്ങിയിരുന്നത്. വെറോണിക്കയുടെ വയറ്റിൽ നിന്ന് 92 കാപ്സ്യൂളുകളാണ് ഇതുവരെ പുറത്തെടുത്തത്. 1.800 കിലോഗ്രാം കൊക്കെയ്നാണ് പുറത്തെടുത്ത കാപ്സ്യൂളുകളിലുണ്ടായിരുന്നത്. ബാക്കിയുള്ളവ കൂടി പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം ഒമാറിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ആലുവ സബ്ജയിലിൽ റിമാൻഡ് ചെയ്തു.

by Midhun HP News | Jun 24, 2024 | Latest News, കേരളം
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കേരളത്തിലെ 18 എംപിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശശി തരൂർ വിദേശ സന്ദർശനത്തിൽ ആയതിനാൽ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുൽ ഗാന്ധി റായ്ബറേലി എംപിയായി സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. അതേസമയം കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ പദവിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അധ്യക്ഷനെ സഹായിക്കുന്ന പാനലിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും
രാവിലെ പത്ത് മണിക്ക് പാർലമെന്റ് വളപ്പിൽ എത്താൻ എംപിമാർക്ക് കോൺഗ്രസ് നിർദേശം നൽകിയിട്ടുണ്ട്. എംപിമാർ ഒന്നിച്ചാകും സഭയിലേക്ക് എത്തുക. ഭരണം പിടിക്കാനായില്ലെങ്കിലും ശക്തമായ പ്രതിപക്ഷമായാണ് ഇന്ത്യ മുന്നണി ലോക്‌സഭയിലേക്ക് ഇത്തവണ എത്തുന്നത്. പാർലമെന്റിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ നീറ്റ്, നെറ്റ് പരീക്ഷാ വിവാദം സഭയെ പ്രക്ഷുബ്ദമാക്കുമെന്ന് ഉറപ്പാണ്.
by liji HP News | Jun 24, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്തമഴയ്ക്ക് സാധ്യത. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ മുന്നറിയിപ്പ് നല്‍കിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ചൊവ്വാഴ്ചയും കണ്ണൂരിലും കാസര്‍കോടും തീവ്രമഴ തുടരും. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മര്‍ദ്ദപാത്തിയാണ് പ്രധാനമായി മഴയെ സ്വാധീനിക്കുന്നത്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷകാറ്റ് അടുത്ത 3 ദിവസം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Jun 24, 2024 | Latest News, കേരളം
വയനാട്: കേണിച്ചിറയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ. കടുവയുടെ മുൻവശത്തെ രണ്ട് പല്ലുകൾ കൊഴിഞ്ഞ നിലയിലാണ്. ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് നിലവിൽ കടുവയുള്ളത്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതു കൊണ്ട് കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.
ഇന്ന് കടുവയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഞായറാഴ്ച രാത്രിയോടെ കൂട്ടിലായത്. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോൽപ്പെട്ടി 17 എന്ന 10 വയസുള്ള ആൺ കടുവയാണിത്.

താഴേക്കിഴക്കേതിൽ സാബുവിന്റെ വീട്ടുവളപ്പിൽ വച്ച കെണിയിലാണ് കടുവ കുടുങ്ങുയിത്. മയക്കു വെടി വയ്ക്കാനായി ഉത്തരവിറങ്ങിയെങ്കിലും ദൗത്യത്തിനു മുൻപേ കടുവ കൂട്ടിലായി. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ ഞായറാഴ്ച നടുറോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചിരുന്നു.
by Midhun HP News | Jun 24, 2024 | Latest News, കേരളം
വയനാട്: കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഞായറാഴ്ച രാത്രിയോടെയാണ് കടുവ കുടുങ്ങിയത്. പശുക്കളെ കൊന്ന തൊഴുത്തിന് സമീപം കടുവ വീണ്ടുമെത്തിയിരുന്നു. പത്തു വയസ്സുള്ള തോല്‍പ്പെട്ടി 17 എന്ന ആണ്‍ കടുവയാണ് കൂട്ടിലായത്.
മാളിയേക്കല്‍ ബെന്നിയുടെ വീടിനു സമീപമുള്ള തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വീട്ടുകാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ച്ചെയാണ് കടുവ ആക്രമിച്ചത്.

കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ ഇന്നലെ നടുറോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചിരുന്നു. അതേസമയം കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പൂതാടി പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
by Midhun HP News | Jun 24, 2024 | Latest News, കേരളം
തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വന്നു. മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് ഇരിപ്പിടത്തില്‍ രണ്ടാമനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്.
പുതുതായി മന്ത്രിയായി ചുമതലയേറ്റ ഒ ആര്‍ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത്. നേരത്തെ പാര്‍ലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണന്‍ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റില്‍ ഇരുന്നിരുന്നത്.

ജീവാനന്ദം നിര്‍ബന്ധിത പദ്ധതിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് പരിരക്ഷയാണ്. ഇതില്‍ പഠനം നടത്തിവരുന്നുവെന്നും ധനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിച്ച ശേഷം നിശ്ചിത തുക നല്‍കാന്‍ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്ക് എതിരെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു.
Recent Comments