by Midhun HP News | Jun 26, 2026 | Latest News, കേരളം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഇന്നലെ 103640 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1,03,840 രൂപയായി വർധിച്ചു. 12,980 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വിപണിനിരക്ക്. ഇന്നലെത്തെ നിരക്കിനെ അപേക്ഷിച്ച് നേരിയ വർധനവ് മാത്രമാണ് സ്വർണവിലയിൽ ഇന്നുണ്ടായത്. 1,03,840 രൂപയാണ് ഒരു പവനെങ്കിലും പണിക്കൂലി ഉൾപ്പെടെ നൽകുമ്പോൾ വില ഇതിലും കൂടും. ഏതാണ്ട് ₹1,19,790 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് വില വരിക.

by Midhun HP News | Jun 26, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഞായറാഴ്ച സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ, കേരളത്തിലെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
ഏഴു ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടുമുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ നാളെ (27/06/2026) രാവിലെ 05.30 മുതൽ നാളെ (27/06/2026) രാത്രി 11.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (27/06/2026) രാത്രി 11.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
by Midhun HP News | Jun 26, 2026 | Latest News, കേരളം
കൊച്ചി: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ( കീം) ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണാണ് കൊച്ചിയില്‍ ഫലം പ്രഖ്യാപിക്കുക.
സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യ നിര്‍ണയ ഫലം വൈകിയതിനാലാണ് ഇത്തവണ കീം ഫലവും വൈകിയത്. 22 ന് ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെങ്കിലും മാര്‍ക്ക് ചേര്‍ക്കാന്‍ കൂടുതല്‍ സമയം തേടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മന്ത്രിയെ സമീപിച്ചതോടെയാണ് മാറ്റുകയായിരുന്നു.
സിബിഎസ്ഇ റീവാല്യുവേഷൻ മാർക്ക് കൂടി പരിഗണിച്ച്, റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. വിവരങ്ങൾ https:///cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം.
by Midhun HP News | Jun 25, 2026 | Latest News, കേരളം
കാഞ്ഞങ്ങാട്: പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത് വിവാദത്തിലേക്ക്. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടന്ന ആർഎസ്എസ് ചടങ്ങിലാണ് കേന്ദ്ര സർവകലാശാല വിസി സിദ്ധു പി അൽഗൂർ മുഖ്യ അതിഥിയായി എത്തിയത്. വിസിക്കൊപ്പം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജും പരിപാടിയിൽ മുഴുവൻസമയവും പങ്കെടുത്തു.
നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ആർഎസ്എസ് പരിപാടി സംഘടിപ്പിച്ചത്. നിരവധി ആർഎസ്.എസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ഈ ചടങ്ങിൽ ആർഎസ്എസിന്റെ ചരിത്രം പ്രതിപാദിക്കുന്ന സിനിമയുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരുന്നു. പരിപാടിക്ക് എത്തിയ വിസി സിദ്ധു പി. അൽഗൂറിനെ ആർഎസ്എസ് നേതാക്കൾ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പുറത്തുവന്നിട്ടുണ്ട്. ഒരു കേന്ദ്ര സർവകലാശാലയുടെ ഉന്നത പദവിയിലിരിക്കുന്നവർ പരസ്യമായി രാഷ്ട്രീയ-സംഘടനാ പരിപാടിയിൽ പങ്കെടുത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.

by Midhun HP News | Jun 25, 2026 | Latest News, കേരളം
വർക്കല ഏണിക്കൽ ബീച്ചിൽ യുവാവ് കഞ്ചാവുമായി ടൂറിസം പൊലീസിന്റെ പിടിയിൽ. തമിഴ്നാട് തിരുപ്പൂർ വാരാണസി പാളയം സ്വദേശി സക്കായ (23) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം 11.30മണിയോടെ ബീച്ചിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ടൂറിസം പൊലീസ് ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ ഇയാളിൽ നിന്നും 3 ഗ്രാം കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. പിടിച്ചെടുത്ത കഞ്ചാവും പ്രതിയെയും തുടർനടപടികൾക്കായി വർക്കല പൊലീസിന് കൈമാറി.

by Midhun HP News | Jun 25, 2026 | Latest News, കേരളം
തൃശ്ശൂർ: തെരുവ് നായ പ്രശ്നത്തിന് ശാശ്വതവും മാനുഷികവുമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘കാവൽ കൂട്ടായ്മ’യുടെ യാത്രയിൽ പുതിയൊരു സുന്ദര അധ്യായം കൂടി. പുഴയ്ക്കൽ റിവർ ടൂറിസം വില്ലേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ ഡോഗ് ഷെൽട്ടറിൽ നിന്നും മുപ്പത്തിമൂന്നാമത്തെ നായക്കുട്ടിയെ പ്രശസ്ത റാപ്പർ വേടൻ (ഹിരണദാസ് മുരളി) ദത്തെടുത്തു. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കരയിൽ നിന്നാണ് ഒരു പെൺ നായക്കുഞ്ഞിനെ വേടൻ സ്നേഹപൂർവ്വം ഏറ്റുവാങ്ങിയത്.
ചടങ്ങിൽ വെച്ച് അഡ്വ. പ്രമോദ് നിർദ്ദേശിച്ച “ജാനു” എന്ന പേരാണ് നായക്കുട്ടിക്ക് വേടൻ നൽകിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണയാണ് കാവൽ കൂട്ടായ്മയുടെ കരുത്തെന്നും ഈ സഹകരണം കൊണ്ടാണ് ഇതിനോടകം 33 നായക്കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ സ്നേഹഭവനങ്ങൾ ഒരുക്കാൻ സാധിച്ചതെന്നും ഭാരവാഹികൾ വ്യക്തമാക്കി. തെരുവ് നായ വിമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള കൂട്ടായ്മയുടെ പ്രയാണം കൂടുതൽ ശക്തമായി മുന്നോട്ടുപോവുകയാണ്
പുഴയ്ക്കലിൽ നടന്ന ചടങ്ങിൽ സിനിമാതാരം ഗോപാലൻ അടാട്ട്, പുഴയ്ക്കൽ ബാരിസ്റ്റർ ക്ലബ് പ്രസിഡന്റ് അഡ്വ. ഷാജി കോടങ്കണ്ടത്ത്, സെക്രട്ടറി അഡ്വ. മൗനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൂടാതെ പഞ്ചായത്ത് മെമ്പർമാരായ രത്നവല്ലി സത്യൻ, എസ്.ഡി. രാജീവ്, ടി.ഡി. വിൽസൺ, സോഫി സുനിൽ, ജിനോ ജേക്കബ്, എം.എസ്. സദാശിവൻ, പി.ജെ. സണ്ണി, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി. രാജേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ഒ. ചുമ്മാർ എന്നിവരും ചടങ്ങിന്റെ ഭാഗമായി.

Recent Comments