by Midhun HP News | Jun 26, 2026 | Latest News, കേരളം
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ യുഡിഎഫ് നീക്കം. ഇന്നു വൈകീട്ടു ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കോണ്‍ഗ്രസിന്റെ അവിശ്വാസ നീക്കത്തില്‍ ഇടതുപക്ഷത്തിന്റെ തീരുമാനം നിര്‍ണായകമാണ്.
101 അംഗ കോര്‍പറേഷനില്‍ ബിജെപിക്ക് 50 സീറ്റാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം നടത്തുന്നത്. എല്‍ഡിഎഫിന് 29 സീറ്റും യുഡിഎഫിന് 20 സീറ്റുമാണ് നഗരസഭയിലുള്ളത്. ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും യുഡിഎഫ് വിമതനും ഒത്തുചേര്‍ന്നാണ് ഭരണപക്ഷത്തിനെതിരെ 50 പേരാകും.
പ്രതിപക്ഷം അവിശ്വാസം അവതരിപ്പിച്ചാല്‍ അതു നേരിടുമെന്ന് ബിജെപി നേതാവും മേയറുമായ വി വി രാജേഷ് പ്രതികരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഞ്ചു വര്‍ഷത്തേക്ക് ബിജെപി സേഫ് ആണെന്നും മേയര്‍ പറഞ്ഞു. ഈ മാസം 29 ന് കൗണ്‍സില്‍ യോഗം നടക്കും. ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും മേയര്‍ പറഞ്ഞു. മേയര്‍ ഓഫീസില്‍ വരുന്നത് തടയുന്നത്, ജനങ്ങളെ ബുദ്ധിമുട്ടിക്കലാണെന്നും വി വി രാജേഷ് കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Jun 26, 2026 | Latest News, കേരളം
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് എടുത്ത കേസില്‍ പിഴവ്. പ്രതിപ്പട്ടികയിലെ സിപിഎം കൗണ്‍സിലറുടെ പേരില്‍ പൊലീസ് പിഴവ് വരുത്തിയതാണ് രാഷ്ട്രീയരംഗത്ത് ചര്‍ച്ചയായത്.
ഒന്നാം പ്രതിയായ എസ് പി ദീപക്കിന്റെ പേരിനു പകരം ദീപക് ദേവ് എന്നാണ് എഴുതിയിരിക്കുന്നത്. പിഴവ് വന്നതോടെ എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു. സത്യപ്രതിജ്ഞാ വിവാദത്തില്‍ ഇന്നലെ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ക്കും ഡപ്യൂട്ടി മേയര്‍ക്കും എതിരെയും ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ എസ്പി ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു അടക്കം അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. അതിനിടെയാണ് പ്രതിപ്പട്ടികയിലെ സിപിഎം കൗണ്‍സിലറുടെ പേരില്‍ പിഴവ് കടന്നുകൂടിയത്. സംഗീത സംവിധായകന്‍ ദീപക് ദേവ് ആണോ പ്രതി എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.
ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ മേയറും ഡെപ്യൂട്ടി മേയറും ഓഫീസിലേക്കെത്തി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. മേയറും ഡെപ്യൂട്ടി മേയറും ബലംപ്രയോഗിച്ച് ഓഫീസില്‍ കയറി. ഇതിനിടെ ഉന്തിലും തള്ളിലും സിപിഎം വനിത കൗണ്‍സിലറുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.
മേയറെ ഓഫീസിലേക്ക് കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വിവി രാജേഷ് ചോദിച്ചു. അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. പൊലീസ് സുരക്ഷയോടെയാണ് മേയര്‍ വിവി രാജേഷ് കോര്‍പറേഷന്‍ ഓഫീസില്‍നിന്നു പുറത്തേക്കു പോയത്. ബിജെപി പ്രവര്‍ത്തകര്‍ മേയറെ അഭിവാദ്യം ചെയ്തപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേയറെ കൂക്കിവിളിച്ചു.
ബിജെപി കൗണ്‍സിലര്‍മാര്‍ സ്വകാര്യമായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയ്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അക്രമം അഴിച്ചുവിട്ടത് ബിജെപി കൗണ്‍സിലര്‍മാരാണെന്നും കടകംപള്ളി ആരോപിച്ചു.

by Midhun HP News | Jun 26, 2026 | Latest News, കേരളം
മമ്മൂട്ടിയെക്കുറിച്ചുള്ള നടന്‍ ഹരിശ്രീ അശോകന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. മലയാളികളുടെ പ്രിയതാരമാണ് ഹരിശ്രീ. ഒരുപാട് സിനിമകളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. പിന്നീട് ക്യാരക്ടര്‍ റോളുകളും കയ്യടി നേടി. വെബ് സീരീസ് ലോകത്തും ഹരിശ്രീ അശോകന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ മകന്‍ അര്‍ജുന്‍ അശോകനും കയ്യടി നേടുന്നു.
മുമ്പൊരിക്കല്‍ വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. തന്റെ കഥാപാത്രത്തെക്കുറിച്ചോ ഷൂട്ടിനെക്കുറിച്ചോ മാത്രമല്ല ചുറ്റുമുള്ള എല്ലാത്തിനേക്കുറിച്ചും ശ്രദ്ധയുള്ള ആളാണ് മമ്മൂട്ടിയെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.
‘മമ്മൂക്ക എല്ലാം ശ്രദ്ധിക്കുന്നയാളാണ്. മേക്കപ്പെല്ലാം അഴിച്ച് ചെന്നിരിക്കുമ്പോള്‍ കാലിലെ നഖം കണ്ടാല്‍ ഇതെന്താ നഖം വെട്ടിയില്ലേ എന്ന് വരെ ചോദിക്കും. അത്രയ്ക്ക് ശ്രദ്ധിക്കുന്നയാളാണ്.’ എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. പിന്നാലെ മമ്മൂട്ടി തനിക്ക് നല്‍കിയൊരു ഉപദേശത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
‘മമ്മൂക്കയോട് ഒരു ദിവസം ഞാന്‍ പറഞ്ഞു, പടമൊക്കെ കുറഞ്ഞു. അതിനെന്താ കുഴപ്പം? എന്ന് തിരിച്ച് ചോദിച്ചു. പഴയ തിരക്കൊക്കെ എപ്പോഴും ഉണ്ടാകില്ല. കുറേക്കഴിയുമ്പോള്‍ കുറയും. നല്ല നല്ല സിനിമകള്‍ വരുമ്പോള്‍ ചെയ്യുക. പിന്നേയും കൂടും. സിനിമയില്ല എന്ന് കരുതി താന്‍ ആളുകളുടെ മനസില്‍ നിന്നും മായില്ല. കാരണം കുറേ നല്ല സിനിമകള്‍ പ്രേക്ഷകരുടെ മനസില്‍ നിങ്ങള്‍ ഇട്ടു കൊടുത്തിട്ടുണ്ട്. അതിനാല്‍ പടമില്ലാതായിലും ഔട്ട് ആയെന്നൊരു തോന്നലുണ്ടാകില്ല’ ഹരിശ്രീ അശോകന്‍ പറയുന്നു.
പ്രതിച്ഛായയിലാണ് ഹരിശ്രീ അശോകന്‍ ഒടുവിലായി അഭിനയിച്ചത്. ചിത്രത്തില്‍ പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത്. 1 പ്രിന്‍സസ് സ്ട്രീറ്റ് എന്ന ചിത്രമാണ് ഹരിശ്രീ അശോകന്റേതായി അണിയറയിലുള്ളത്.

by Midhun HP News | Jun 26, 2026 | Latest News, കേരളം
സ്വത്തുക്കള്‍ ഭാഗം വെക്കാതെ മാതാപിതാക്കള്‍ മരിച്ചു പോയാല്‍ എന്ത് ചെയ്യണം. മാതാപിതാക്കള്‍ മരിച്ചു കഴിഞ്ഞാല്‍ മതാചാര പ്രകാരമാണ് സ്വത്ത് വിഭജനം. എന്നാല്‍ മരണശേഷം അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ എങ്ങനെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?
നിയമപരമായ അവകാശികള്‍ എല്ലാവരും പരസ്പരം യോജിപ്പിലെത്തി വിഭജന ആധാരം തയ്യാറാക്കി രജിസ്റ്റര്‍ ചെയ്യണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ സെക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി കോടതിയെ സമീപിക്കേണ്ടി വരും.
ആവശ്യമായ രേഖകള്‍
മാതാപിതാക്കളുടെ മരണ സര്‍ട്ടിഫിക്കറ്റ്
അവകാശികളായ എല്ലാ മക്കളുടേയും ആധാര്‍ കാര്‍ഡ്
ബന്ധം തെളിയിക്കുന്നതിനായി റേഷന്‍ കാര്‍ഡ്
അപേക്ഷകന്റെ വോട്ടര്‍ ഐഡിയോ മറ്റ് തിരിച്ചറിയല്‍ രേഖയോ
അപേക്ഷിക്കേണ്ട വിധം
അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ കേരള ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയോ ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുക.
അപേക്ഷ സമര്‍പ്പിച്ച ശേഷം വില്ലേജ് ഓഫീസര്‍ വീട്ടില്‍ വന്ന് അന്വേഷണം നടത്തുകയും അയല്‍വാസികളില്‍ വനിന്ന് മൊഴിയെടുക്കുകയും ചെയ്യും.
വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.(സാധാരണയായി 15 മുതല്‍ 30 ദിവസത്തിനകം ഇത് ലഭിക്കും)
ഭാഗപത്ര ആധാരം രജിസ്റ്റര്‍ ചെയ്യല്‍
സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം എല്ലാ മക്കളും ചേര്‍ന്ന് ഒരു ഭാഗപത്ര ആധാരം തയ്യാറാക്കണം. തുടര്‍ന്ന് എല്ലാവരും ഒന്നിച്ച് സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതോടെ സ്വത്ത് ഔദ്യോഗികമായി ഓരോരുത്തരുടേയും പേരിലേയ്ക്ക് മാറും.
by Midhun HP News | Jun 26, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഏറ്റവും വിവാദപരമായ രണ്ട് നിർദ്ദേശങ്ങൾക്കെതിരെ മുസ്‌ലിം സമൂഹത്തിൽ നിന്നും സംഘടനകളിൽ നിന്നും ശക്തമായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ എതിർപ്പുകൾ ഉയരുന്നതിനിടയിൽ, മുഖ്യമന്ത്രി വിഡി സതീശന് ശക്തമായ പിന്തുണയുമായി ലീഗ് പാർലമെന്ററി പാർട്ടി നേതാവും വ്യവസായ മന്ത്രിയുമായ പികെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതി നടപ്പിലാക്കുന്നതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായ ബജറ്റ് നിർദ്ദേശങ്ങളിലാണ് ലീഗ് ഔദ്യോഗിക നിലപാടിന് വിരുദ്ധമായി കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകിയത്.
ഈ രണ്ട് വിഷയങ്ങളിലും പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും അനുയോജ്യമായ സമയത്തും വേദികളിലും പാർട്ടി അഭിപ്രായം വ്യക്തമാക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഈ രണ്ട് വിഷയങ്ങളും പരിഗണനയ്ക്ക് വന്നപ്പോൾ, കോൺഗ്രസിനുള്ളിൽ നിന്നും യുഡിഎഫിൽ നിന്നും ഉയർന്ന ശക്തമായ വിമർശനങ്ങളെ പ്രതിരോധിച്ച് കുഞ്ഞാലിക്കുട്ടിയും മുതിർന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്ക് പിന്നിൽ ഉറച്ചുനിൽക്കുകയായിരുന്നു.
മന്ത്രിസഭയിൽ അതൃപ്തി പരസ്യമാക്കി കുഞ്ഞാലിക്കുട്ടി; മറ്റ് മന്ത്രിമാർ കാഴ്ചക്കാരായി
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിൽ കടുത്ത ആശങ്കകൾ നിലനിന്നിരുന്നിട്ടും, മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്റെ വാദങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി പദ്ധതിയെ പരസ്യമായി പിന്തുണച്ചതായാണ് വിവരം. വിഷയത്തിൽ സർക്കാരിന്റെ നിലപാടിനൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നിർദ്ദേശം മന്ത്രിസഭ പരിഗണിച്ചപ്പോഴും കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുടെ നിലപാടിനെയാണ് പിന്തുണച്ചത്. ഒരു ഘട്ടത്തിൽ, ഈ വിഷയം ഒരു പൊതുവിവാദമാക്കി മാറ്റിയ രീതിക്കെതിരെ ലീഗ് നേതാവ് ശക്തമായ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഈ അപ്രതീക്ഷിത പിന്തുണ മന്ത്രിസഭയ്ക്കുള്ളിൽ നിന്ന് ഉയർന്നുവന്ന കടുത്ത സമ്മർദ്ദങ്ങളെ അതിജീവിക്കാൻ മുഖ്യമന്ത്രി വിഡി സതീശന് സഹായമായി.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പിഎംശ്രീ പദ്ധതിയിലും മദ്യനികുതി കുറയ്ക്കുന്ന വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാടിനെ പൂർണ്ണമായി പിന്തുണയ്ക്കുകയും കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായങ്ങളോട് യോജിക്കുകയും ചെയ്തു. മൂന്ന് പ്രമുഖ നേതാക്കളും ഒരേ നിലപാടിൽ ഉറച്ചുനിന്നതോടെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ വലിയ ചർച്ചകളിലേക്ക് കടക്കാനാകാതെ കാഴ്ചക്കാരായി മാറുന്ന സാഹചര്യമാണ് ഉണ്ടായത്. സ്വന്തം പാർട്ടിയിലെ ചില വിഭാഗങ്ങളിൽ നിന്ന് പരിമിതമായ പിന്തുണ മാത്രം ലഭിക്കുന്ന മുഖ്യമന്ത്രിയെ രമേശ് ചെന്നിത്തല സ്ഥിരമായി പിന്തുണയ്ക്കാറുണ്ടെങ്കിലും, യുഡിഎഫ് മന്ത്രിസഭയ്ക്കുള്ളിൽ ഇത്തരമൊരു ശക്തമായ അധികാര ചേരി രൂപപ്പെടുന്നത് ഇതാദ്യമായാണ്.

by Midhun HP News | Jun 26, 2026 | Latest News, കേരളം
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സിഎംആര്‍എല്ലിന് ലഭിച്ചിട്ടുള്ള സഹായങ്ങളിലാണ് അന്വേഷണം. എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട് സിഎംആര്‍എല്ലിന് എന്തെങ്കിലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് പിണറായിയുടെ മകള്‍ ടി വീണയുടെ എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ ഒപ്പിടുന്നത്. കരാറില്‍ അവ്യക്തതയുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. കരാറിന് സിഎംആര്‍എല്ലിന് പ്രത്യുപകാരം ലഭിച്ചിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കരാറിലെ അഴിമതി കേന്ദ്രീകരിച്ചാണ് അന്വേഷണം. സിഎംആര്‍എല്‍ എക്‌സാലോജികിന് നല്‍കിയ 2.78 കോടിയുടെ വിനിയോഗത്തിലും വ്യക്തതയില്ലെന്നാണ് ഇഡി വിലയിരുത്തല്‍.
കേസുമായി ബന്ധപ്പെട്ട് ടി വീണയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് ഇഡി നിഗമനം. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളിലും വൈരുധ്യമുണ്ട്. കേസില്‍ വീണയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കും. ഇന്നലെ 10 മണിക്കൂര്‍ ആണ് ചോദ്യം ചെയ്യല്‍ നടന്നത്. എസ്എഫ്‌ഐഒ രേഖകള്‍ കോടതിയില്‍ നിന്ന് കിട്ടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കരിമണല്‍ കമ്പനിയും വീണയും നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകള്‍ അടക്കമുള്ള എസ്എഫ്‌ഐ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇഡിക്ക് ലഭിച്ചത്.

Recent Comments