ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം; നടപടി ഇങ്ങനെ

ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം; നടപടി ഇങ്ങനെ

തൃശൂര്‍: ഭക്തജന തിരക്ക് പ്രതീക്ഷിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും വിഐപി/സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കാന്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും ജൂലൈ ഒന്നുമുതല്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വിഐപി / സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

വരി നില്‍ക്കുന്ന ഭക്തര്‍ക്ക് സുഖദര്‍ശനമൊരുക്കാനാണ് ദേവസ്വം ഭരണസമിതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ ദര്‍ശനവും ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാടുകാര്‍ക്കുള്ള ദര്‍ശനത്തിനും നിയന്ത്രണം ബാധകമല്ല. പൊതു അവധി ദിനങ്ങളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഭരണ സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.വികെ വിജയന്‍ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ പിസി ദിനേശന്‍ നമ്പൂതിരിപ്പാട്, വിജി രവീന്ദ്രന്‍, കെപി വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

സ്വര്‍ണവില അതേപടി തിരിച്ചിറങ്ങി; ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ

സ്വര്‍ണവില അതേപടി തിരിച്ചിറങ്ങി; ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ 600 രൂപ വര്‍ധിച്ച് വീണ്ടും 54000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങി. 640 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ടിപി വധക്കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാൻ നീക്കം; പൊലീസിന് കത്ത് നൽകി കണ്ണൂർ ജയിൽ സൂപ്രണ്ട്

ടിപി വധക്കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാൻ നീക്കം; പൊലീസിന് കത്ത് നൽകി കണ്ണൂർ ജയിൽ സൂപ്രണ്ട്

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ നീക്കം. പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കവുമായി സർക്കാർ. ഹൈക്കോടതി വിധി മറികടന്നാണ് വിട്ടയക്കാൻ നീക്കമെന്നാണ് റിപ്പോർട്ട്. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോളാണ് ഇവരെ ഉൾപ്പെടുത്തിയിത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്.

ഈ കത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണിവർ. അന്ന് പ്രതികളുടെ അപ്പീൽ നൽകിക്കൊണ്ടായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടെയാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം പുറത്തുവന്നത്. അതേസമയം ഈ മാസം പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു.പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവർക്കാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോൾ അനുവദിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്ന് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അന്ന് വ്യക്തമാക്കിയത്.

ഞായറാഴ്ച ഒരു കുർബാന ഏകീകൃത രീതിയിൽ; ജൂലൈ മൂന്ന് മുതൽ നടപ്പാക്കും

ഞായറാഴ്ച ഒരു കുർബാന ഏകീകൃത രീതിയിൽ; ജൂലൈ മൂന്ന് മുതൽ നടപ്പാക്കും

കൊച്ചി: ഏകീകൃത കുർബാനയിൽ അയവുവരുത്തി സിറോ മലബാർ സഭ സിനഡ്. ജൂലൈ 3 മുതൽ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡ് നിർദേശിച്ച ഏകീകൃത രൂപത്തിൽ അർപ്പിക്കണമെന്നാണ് പുതിയ നിർദേശം. ഇത് അനുസരിച്ചാൽ നേരത്തെ പ്രഖ്യാപിച്ച കാനോനിക ശിക്ഷ നടപടികളിൽ ഇളവ് നൽകുമെന്നും സിനഡ് സർക്കുലറിൽ വ്യക്തമാക്കുന്നു.

നിലവിൽ ഏകീകൃത കുർബാനയർപ്പിക്കുന്നവർക്കും ജൂലൈ 3ന് ശേഷം അത് തുടങ്ങാൻ ആരംഭിക്കുന്നവർക്കും തടസങ്ങളുണ്ടാക്കരുത്. സന്യാസ ഭവനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ജൂലൈ 3 മുതൽ ഏകീകൃത കുർബാനയർപ്പിക്കണം. എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുർബാനയ്ക്ക് വചന വേദി നിർബന്ധമാണ്.

സഭയുടെ കൂട്ടായ്മ തകർക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കുലറിൽ പറയുന്നു. അനുരഞ്ജന പ്രക്രിയ ത്വരിതപ്പെടുത്താനും സഭയിലെ മുറിവുകൾ ഉണക്കാനും മേജർ ആർച്ച് ബിഷപ്പ്, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ, അതിരൂപതയിൽ നിന്നുള്ള ബിഷപ്പുമാർ എന്നിവർ നടപടി സ്വീകരിക്കണമെന്നും സിനഡ് വ്യക്തമാക്കി.

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ ജൂലൈ നാലിന് ശേഷം പുറത്താക്കിയതായി കണക്കാക്കുമെന്ന മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റെ സർക്കുലറിൽ വലിയ തോതിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിനഡിൻ്റെ നയം മാറ്റം. തൃശൂര്‍ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും സര്‍ക്കുലറിനെതിരെ രംഗത്ത് വന്നിരുന്നു.

കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി; ചികിത്സയിലിരിക്കെ 23കാരി മരിച്ചു

കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി; ചികിത്സയിലിരിക്കെ 23കാരി മരിച്ചു

കോഴിക്കോട്: നാദാപുരത്ത് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്തു താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്നലെ വൈകീട്ടോടെ മരിച്ചു. ടീച്ചർ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പിഎസ്‍സി പരീക്ഷാ പരിശീലനത്തിലായിരുന്നു.

മാതാപിതാക്കൾ: രവീന്ദ്രൻ, റീജ. സഹോദരൻ: ശ്രീഹരി.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത.

അതേസമയം മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.