നീറ്റ്, നെറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

നീറ്റ്, നെറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

ഡൽഹി: നീറ്റ് നെറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പാര്‍ലമെന്‍റ് വളയല്‍ സമരത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളമുണ്ടായത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്‍റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ദില്ലി പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വിവിധസംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. പാട്നയില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളിലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു.

ഇതിനിടെ, എൻഎസ് യു നേതൃത്വത്തിൽ സർവകലാശാല, ജില്ലാ തലങ്ങളിലും പ്രതിഷേധം ആരംഭിച്ചു. കേരളത്തിലും വിവിധയിടങ്ങളില്‍ പ്രതിഷേധ സമരം നടന്നു. നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് കെഎസ്‍യു തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പരീക്ഷ റദ്ദാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

ഇതിനിടെ നെറ്റ് പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിലേക്ക് കടക്കും. എൻടിഎ അധികൃതരിൽ നിന്നടക്കം വിവരങ്ങൾ തേടും.ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച് എബിവിപിയും പ്രതിഷേധം കടുപ്പിക്കുകയാണ്. ജനങ്ങൾ ചോദ്യം ഉന്നയിക്കുമെന്പോൾ സർക്കാർ മറുപടി പറയണമെന്ന് എബിവിപി പ്രതികരിച്ചു. എൻടിഎയുടെ കോലം കത്തിച്ച് രാത്രി പ്രവർത്തകർ പ്രതിഷേധിച്ചു.

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേട് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വിപി സാനു ആവശ്യപ്പെട്ടു. നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പരീക്ഷ എഴുതിയവർക്ക് എൻ ടി എ യും കേന്ദ്ര സർക്കാരും നഷ്ട്ട പരിഹാരം നൽകണം. എൻ.ടി.എ പിരിച്ചുവിടണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാൻ രാജിവക്കണമെന്നും വിപി സാനു ആവശ്യപ്പെട്ടു.

എന്‍ടിഎ അക്കാദമി ബോഡിയല്ല. അത്തരം ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയിലെ ചോദ്യങ്ങളിൽ ഭരണഘടനയെ കുറിച്ച് ഇല്ല. എന്നാൽ, പുരാണങ്ങളെ കുറിച്ചും രാമക്ഷേത്രത്തെ കുറിച്ചും ഉള്ള ചോദ്യങ്ങൾ ഉണ്ടെന്നും വിപി സാനു ആരോപിച്ചു.

‘മനസിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന സമ​ഗ്രയാത്രയാണ് യോ​ഗ’: സുരേഷ് ​ഗോപി

‘മനസിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന സമ​ഗ്രയാത്രയാണ് യോ​ഗ’: സുരേഷ് ​ഗോപി

അന്താരാഷ്‌ട്ര യോ​ഗ ദിനത്തിൽ ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഭാരതീയ പൈതൃകത്തിൽ നിന്ന് ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് യോ​​ഗയെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. കേവലമൊരു വ്യായമമുറ എന്നതിന് പുറമേ മനസ്സിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന, സമഗ്രമായ ക്ഷേമത്തിലേക്കുള്ള ഒരു യാത്രയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

അന്താരാഷ്‌ട്ര യോ​ഗാ ദിനത്തിൽ യോഗയുടെ പരിവർത്തന ശക്തിയെ ഉൾക്കൊള്ളാം. പരിചയ സമ്പന്നനായ പരിശീലകനോ കൗതുകമുള്ള തുടക്കകാരനോ ആകട്ടെ, ആഴത്തിൽ ശ്വാസമെടുത്ത് മനസിനെ ശാന്തമാക്കാമെന്നും സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചു.കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ കോവളം ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന യോഗാ ദിനാചാരണ പരിപാടിയിലാണ് സുരേഷ് ​ഗോപി പങ്കെടുത്തത്.

യോഗ ചെയ്യാന്‍ ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നു; കേരളത്തില്‍ ഉള്‍പ്പെടെ ടൂറിസം കുതിപ്പ്: പ്രധാനമന്ത്രി

യോഗ ചെയ്യാന്‍ ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നു; കേരളത്തില്‍ ഉള്‍പ്പെടെ ടൂറിസം കുതിപ്പ്: പ്രധാനമന്ത്രി

ശ്രീനഗര്‍: എല്ലാവരും യോഗ ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്താമത് അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് കശ്മീരിലെ ശ്രീനഗറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ പ്രാക്ടീസ് ചെയ്യുന്നവരുടെ എണ്ണം ലോകത്ത് അതിവേഗം കുതിച്ചുയരുകയാണ്. ഉത്തരാഖണ്ഡ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ യോഗാ ടൂറിസം നമ്മള്‍ ഇപ്പോള്‍ കാണുന്നു. ആധികാരികമായ യോഗ ലഭിക്കാന്‍ ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭൂതകാലത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ വഹിക്കാതെ വര്‍ത്തമാനകാലത്ത് ജീവിക്കാന്‍ ആളുകളെ സഹായിക്കുന്നതിനാല്‍ ആഗോള നന്മയുടെ പ്രതീകമായാണ് ലോകം യോഗയെ കാണുന്നത്. യോഗയിലൂടെ നാം നേടുന്ന ഊര്‍ജ്ജം ശ്രീനഗറില്‍ നമുക്ക് അനുഭവിക്കാന്‍ കഴിയും. യോഗ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കും ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ചെയ്യുന്ന ആളുകള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. അന്താരാഷ്ട്ര യോഗ ദിനം 10 വര്‍ഷത്തെ ചരിത്ര യാത്ര പൂര്‍ത്തിയാക്കി.

2014-ല്‍ താന്‍ ഐക്യരാഷ്ട്രസഭയില്‍ അന്താരാഷ്ട്ര യോഗാദിനം നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ ഈ നിര്‍ദ്ദേശത്തെ 177 രാജ്യങ്ങള്‍ പിന്തുണച്ചു, ഇത് തന്നെ ഒരു റെക്കോര്‍ഡായിരുന്നു. അതിനു ശേഷം യോഗ ദിനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നമ്മള്‍ ഉള്ളില്‍ സമാധാനം ഉള്ളവരായിരിക്കുമ്പോള്‍, നമുക്ക് ലോകത്തില്‍ നല്ല സ്വാധീനം ചെലുത്താനും കഴിയും. സമൂഹത്തില്‍ നല്ല മാറ്റത്തിന്റെ പുതിയ വഴികള്‍ ഉണ്ടാക്കുകയാണ് യോഗ. വിദേശത്തു പോകുമ്പോള്‍ ലോകനേതാക്കള്‍ തന്നോട് യോഗയെക്കുറിച്ച് സംസാരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫ്രാന്‍സില്‍ നിന്നുള്ള 101 വയസ്സുള്ള വനിതാ യോഗ അധ്യാപികയ്ക്ക് ഈ വര്‍ഷം പത്മശ്രീ ലഭിച്ചു. അവര്‍ ഇന്ത്യയില്‍ വന്നിട്ടില്ല. എന്നാല്‍ യോഗയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് അവര്‍ തന്റെ ജീവിതം സമര്‍പ്പിച്ചു. ഇന്ന്, ലോകമെമ്പാടുമുള്ള സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും യോഗയെക്കുറിച്ചുള്ള ഗവേഷണം നടക്കുന്നു, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നുവെന്ന് മോദി പറഞ്ഞു.

ചലച്ചിത്ര സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു. 70 വയസായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പാണ് ആദ്യചിത്രം. 2017ല്‍ പുറത്തിറങ്ങിയ സര്‍വോപരി പാലക്കാരനാണ് അവസാന ചിത്രം.

കുസൃതിക്കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, ദി റിപ്പോര്‍ട്ടര്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. 1998ല്‍ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പാണ് ആദ്യചിത്രം. ജയറാം ആയിരുന്നു നായകന്‍. മീന നായികയായ ചിത്ത്രത്തില്‍ കെപിഎസി ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇന്നസെന്റ്, ജഗതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2001ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാര്‍ജ ടു ഷാര്‍ജ എന്ന ചിത്രത്തില്‍ ജയറാം തന്നെയായിരുന്നു നായകന്‍. ഐശ്വര്യ, എംഎന്‍ നമ്പ്യാര്‍ എന്നിവരാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചു. 2003ല്‍ പുറത്തിറങ്ങിയ ചൂണ്ടയില്‍ ജിഷ്ണു രാഘവന്‍, നിത്യാദാസ്, ഗീതുമോഹന്‍ദാസ്, സിദ്ധിഖ് എന്നിവര്‍ പ്രധാനവേഷത്തിലെത്തി. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ദി റിപ്പോര്‍ട്ടര്‍ എന്ന ചിത്രത്തില്‍ അനന്യ, കൈലാഷ്, മധുപാല്‍, അഭിനയ.സമുദ്രക്കനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സര്‍വോപരി പാലക്കാരനില്‍ അനൂപ് മേനോന്‍ മുഖ്യകഥാപാത്തെ അവതരിപ്പിച്ചപ്പോള്‍ അനു സിതാര, അപര്‍ണ ബാലമുരളി, അലന്‍സിയര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തി.

റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്റെ മരണം; പിന്നാലെ മുത്തശ്ശിക്കും ദാരുണാന്ത്യം

റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്റെ മരണം; പിന്നാലെ മുത്തശ്ശിക്കും ദാരുണാന്ത്യം

മലപ്പുറം: റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചതിനു പിന്നാലെ കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുട്ടിയുടെ മരണ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മുത്തശ്ശി ചെങ്ങണങ്ങാട്ടില്‍ കുന്നശ്ശേരി വീട്ടില്‍ ആസിയ (51) കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് ഇന്നലെ ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ചത്. അബ്ദുൾഗഫൂറിന്റെ മാതാവാണ് ആസിയ. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് കുട്ടി ​കുട്ടി അപകടത്തിൽപ്പെട്ടത്.

അടുത്ത വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് ഗേറ്റിൽ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരൂർ ആലിൻചുവട് എംഇടി സെൻട്രൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. എല്ലാവരും ഹജ്ജിനു പോയതിനാൽ അപകടം സംഭവിച്ച ഗേറ്റുണ്ടായിരുന്ന വീട്ടിൽ ആരും ഇല്ലായിരുന്നു. മഞ്ചേരി മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ചിലവിൽ ജുമാമസ്ജിദ് കബറിസ്താനിൽ ഇന്ന് കബറടക്കും.

‘സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും’: മന്ത്രി വീണാ ജോര്‍ജ്

‘സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും’: മന്ത്രി വീണാ ജോര്‍ജ്

യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകും.

ശരാശരി ഒരു യോഗാ ക്ലബ്ബില്‍ 25 അംഗങ്ങള്‍ ഉണ്ടായാല്‍ 10,000 യോഗ ക്ലബ്ബിലൂടെ 2,50,000 പേര്‍ക്ക് യോഗ അഭ്യസിക്കാന്‍ സാധിക്കും. ഇതിലൂടെ സമൂഹത്തിന് ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു. പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടേയും 600 വനിതാ യോഗ ക്ലബ്ബുകളുടേയും പ്രവര്‍ത്തന റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു.