സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 600 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കുടിശ്ശിക അടച്ചില്ല, 2500 കുട്ടികൾ പഠിക്കുന്ന അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസൂരി കെ എസ് ഇ ബി

കുടിശ്ശിക അടച്ചില്ല, 2500 കുട്ടികൾ പഠിക്കുന്ന അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസൂരി കെ എസ് ഇ ബി

പാലക്കാട് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് ഊരിയത്. കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്.

നാല് മാസത്തെ വൈദ്യുതി കുടിശികയായ 53,201 രൂപയാണ് അടക്കാനുള്ളത്. 2500 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. എന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിന് സ്‌റ്റേ. ഡല്‍ഹി ഹൈക്കോടതിയുടേതാണ് നടപടി. തങ്ങളുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെടുകയും ഹൈക്കോടതി സ്‌റ്റേ അനുവദിക്കുകയുമായിരുന്നു. ഇ ഡിയുടെ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് ജാമ്യത്തിന് താത്ക്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്. കേസില്‍ ഇന്നലെയാണ് ഡല്‍ഹിയിലെ റൗസ് അവന്യു കോടതി കെജ്രിവാളിന് ജാമ്യം നല്‍കിയത്. ഇതിന് സ്‌റ്റേ വന്ന സാഹചര്യത്തില്‍ കെജ്രിവാളിന് ഇന്ന് ജയിലിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.

കെജ്രിവാളിനെതിരെ യാതൊരു തെളിവുകളും സമര്‍പ്പിക്കാന്‍ നാളിതുവരെയായിട്ടും ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാളിനെതിരെ ഇ ഡി ആരോപിക്കുന്ന മുഴുവന്‍ കാര്യങ്ങളും കേസില്‍ മാപ്പുസാക്ഷിയായവരുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ ഇന്നലെ റൗസ് അവന്യു കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ ഡിയുടെ വാദം. ആരോപണങ്ങളല്ലാതെ കെജ്രിവാളിനെതിരെ കോടതിയില്‍ അനുബന്ധ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.

മാര്‍ച്ച് 21നാണ് കേസുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ അറസ്റ്റിലാകുന്നത്. കെജ്രിവാളിന്റെ അറസ്റ്റിന് മൂന്നുമാസം തികയാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. റൗസ് അവന്യൂ കോടതി സ്‌പെഷ്യല്‍ ജഡ്ജ് നിയയ് ബിന്ദുവാണ് കെജ്രിവാളിന് ഇന്നലെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മദ്യനയം നിര്‍മിക്കുന്നതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു കേസ്.

കാലവര്‍ഷം വീണ്ടും കനക്കുന്നു, മൂന്നു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

കാലവര്‍ഷം വീണ്ടും കനക്കുന്നു, മൂന്നു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനക്കുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്.

ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലെര്‍ട്ടിനു സമാനമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഉയര്‍ന്ന തിരമാല, കള്ളക്കടല്‍

കേരള തീരത്ത് ഇന്നു രാത്രി 11.30 വരെയും; തമിഴ്നാട് തീരത്ത് നാളെ രാത്രി 07.00 മണി വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുക.

ഇടുക്കിയില്‍ മകളുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കിയില്‍ മകളുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ കൊച്ചു മലയിൽ അന്നക്കുട്ടി (68) യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

ജൂണ്‍ അഞ്ചിനാണ് മരുമകൻ സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ ലിയക്കും പരുക്കേറ്റിരുന്നു. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവാണ് സന്തോഷ്.

ആനയെ തളക്കുന്നതിനിടെ പാപ്പാനെ ചവിട്ടിക്കൊന്നു ; ദാരുണാന്ത്യം, സഫാരി കേന്ദ്രത്തിനെതിരെ കേസ്

ആനയെ തളക്കുന്നതിനിടെ പാപ്പാനെ ചവിട്ടിക്കൊന്നു ; ദാരുണാന്ത്യം, സഫാരി കേന്ദ്രത്തിനെതിരെ കേസ്

തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരികേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണന് ചവിട്ടേറ്റത്. ആന പല തവണ പാപ്പാനെ ചവിട്ടുകയും അവസാനം തുമ്പിക്കൈയില്‍ കോര്‍ത്ത് നിലത്തിടുകയും ചെയ്യുകയായിരുന്നു. കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം.

സംഭവത്തില്‍ ആനസഫാരി കേന്ദ്രത്തിനെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കേരള ഫാം പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായും സ്റ്റോപ്പ് മെമ്മോ ലംഘിച്ചുമാണെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി ജില്ലയിലെ ഒന്‍പത് ആന സഫാരി കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണെന്നും പൊലീസ് അറിയിച്ചു . അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.