by Midhun HP News | Jun 21, 2024 | Latest News, കേരളം
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയത്.
പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിനെതിരെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതെന്ന് കെഎസ് യു ജില്ല പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ല കമ്മിറ്റിയാണ് കലക്ടറിലേക്ക് മാര്‍ച്ച് നടത്തിയത്. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുക, മുടങ്ങി കിടക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍, ഇ-ഗ്രാന്‍ഡ് എന്നിവ ഉടന്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും മലബാറിൽ 75,000 വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കാത്ത സാഹചര്യത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തുമെന്ന് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും അറിയിച്ചു.
by Midhun HP News | Jun 21, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയർന്ന് പച്ചക്കറിവില. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു. എറണാകുളം ജില്ലയിൽ തക്കാളി വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. മുന്‍പന്തിയില്‍ തുടരുന്നത് ഇഞ്ചിയുടെ നിരക്ക് തന്നെയാണ്. 240 രൂപയാണ് എറണാകുളത്ത് നിരക്ക്.
മഴയില്ലാത്തതിനാൽ തമിഴ്നാട്ടിൽ പച്ചക്കറി ഉൽപാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം. 25 രൂപ ഉണ്ടായിരുന്ന വഴുതനങ്ങ ഒറ്റയടിക്ക് 40 രൂപയിലെത്തി. ബീൻസിന് 160 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.വിലക്കയറ്റം സാധാരണക്കാരെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഉൽപാദനം കുറഞ്ഞതിനാൽ വരും ദിവസങ്ങളിലും ഇത് വിപണിയിൽ പ്രതിഫലിക്കും. സർക്കാർ സംവിധാനം ഇടപ്പെട്ട് വില നിയന്ത്രിക്കണമെന്നാണ് ആവശ്യം.
by Midhun HP News | Jun 21, 2024 | Latest News, കേരളം
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമുള്ള അവസാന തീയതി ഇന്നാണ് (ജൂണ്‍ 21). 2024 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവർക്കാണ് അർഹത. ഉടൻ ഉപതിെരഞ്ഞെടുപ്പുനടക്കുന്ന 50 വാർഡുകള്‍ ഉള്‍പ്പെടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും പട്ടികയാണ് പുതുക്കുന്നത്.
തദ്ദേശവോട്ടർപട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പരിശോധിക്കാം. പേരുചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കണം.
അപേക്ഷകര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഫോറം നമ്പര്‍ നാലിലും തിരുത്തലുകള്‍ക്ക് ഫോറം നമ്പര്‍ ആറിലും ഒരു വാര്‍ഡില്‍ നിന്നോ പോളിങ് സ്റ്റേഷനില്‍ നിന്നോ സ്ഥലമാറ്റത്തിന് ഫോറം നമ്പര്‍ ഏഴിലും sec.kerala.gov.in ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ അപേക്ഷകന് ഹിയറിങ് നോട്ടീസ് ലഭിക്കും.
അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ നല്‍കാം. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ആക്ഷേപമുള്ള പരാതികള്‍ സംബന്ധിച്ച് ഫോറം നമ്പര്‍ അഞ്ചില്‍ ഓണ്‍ലൈനായി ആക്ഷേപങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത പ്രിന്റ്‌ഔട്ടില്‍ ഒപ്പ് വെച്ച് നേരിട്ടോ, തപാല്‍ മുഖേനയോ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (നഗരസഭാ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍) ലഭ്യമാക്കണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഫോറം നമ്പര്‍ അഞ്ചില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ, തപാല്‍ മാര്‍ഗമോ ലഭിക്കുന്ന ആക്ഷേപങ്ങള്‍ സ്വീകരിച്ച് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലെ യൂസര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യും. രജിസ്‌ട്രേഷന്‍ നടത്താതെ ഫോറം അഞ്ചില്‍ ലഭിക്കുന്ന ആക്ഷേപങ്ങള്‍ക്ക് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ആക്ഷേപകനും ആക്ഷേപമുള്ളയാള്‍ക്കും തീയതി രേഖപ്പെടുത്തി ഹയറിങ് നോട്ടീസ് നല്‍കും.
ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും ലഭിക്കുന്ന അപേക്ഷകള്‍, ആക്ഷേപങ്ങള്‍ പരിശോധിച്ച് ജൂണ്‍ 29 നകം തുടര്‍നടപടി പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഓരോ പരാതികളിലുമുള്ള തീരുമാനം രേഖാമൂലം ബന്ധപ്പെട്ട അപേക്ഷകരെ അറിയിക്കും. തീര്‍പ്പാകുന്ന പരാതികള്‍ അതത് ദിവസം ഇആര്‍എംഎസ്‌പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യും.
by Midhun HP News | Jun 21, 2024 | Latest News, കേരളം
തിരുവനന്തപുരം: ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് പ്രവൃത്തിദിനം 200 ആക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മ വികസനസമിതി യോഗത്തിൽ തീരുമാനമായി. ആറ് മുതൽ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവൃത്തിദിനം 200 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിയെ യോഗത്തിൽ ചുമതലപ്പെടുത്തി.
ഒൻപതും പത്തും ക്ലാസുകൾക്ക് കോടതി ഉത്തരവ് പ്രകാരം പ്രവൃത്തിദിനങ്ങൾ തീരുമാനമെടുക്കും. ഈ അധ്യായവ വർഷത്തെ പ്രവൃത്തി ദിനങ്ങൾ 220 ആക്കി കൂട്ടിയതിൽ അധ്യാപക സംഘടനകളുടെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യോഗം. വിദ്യാഭ്യാസാവകാശനിയമം ചൂണ്ടിക്കാണിച്ച് ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകാരെ അധിക ശനിയാഴ്ചകളിൽ നിന്ന് ഒഴിവാക്കണമെന്ന് യോഗത്തിൽ ഭരണ-പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു.
ദിവസം അധിക അധ്യായന സമയം ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ എകെഎസ്‌ടിയു നിർദേശം മുന്നോട്ടുവെച്ചു. സ്കൂൾ പ്രവൃത്തിദിനങ്ങളിൽ 20 ദിനങ്ങൾ കുറച്ച് ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകള്‍ക്ക് 200 പ്രവൃത്തിദിനങ്ങൾ തുടരണമെന്ന് കെപിഎസ്‌ടിഎ ആവശ്യപ്പെട്ടു.
by Midhun HP News | Jun 20, 2024 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അനാഥാലയങ്ങളില്‍ നിന്ന് പോലും വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്നാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്.
രജിസ്ട്രാര്‍ ഓഫ് കമ്പനിസിന്റെ രേഖകളില്‍ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ ഓരോ അനാഥാലയങ്ങളില്‍ നിന്ന് മാസം തോറും മാസപ്പടി വാങ്ങുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു. ”സിഎംആര്‍എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആര്‍ഒസി അയച്ചൊരു നോട്ടീസില്‍ പറയുകയാണ്, ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍നിന്ന് കമ്പനി ഏതാണ്ട് മാസംതോറം വിവിധ ജീവകാരുണ്യസ്ഥാപനങ്ങളും സംഘടനകളിലുംനിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി, എന്ന്. നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ അനാഥാലയങ്ങളില്‍നിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളില്‍നിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക”, മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
പ്രസംഗത്തിനിടെ കോടതി പരിഗണിക്കുന്ന വിഷയം നിയമസഭയില്‍ ഉന്നയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കര്‍ പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരു വാക്കും സഭാ രേഖകളില്‍ കാണില്ലെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.
by Midhun HP News | Jun 20, 2024 | Latest News, കേരളം
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 35കാരന് പരിക്ക്. അടിച്ചില്‍തൊട്ടി ഊര് നിവാസി മുരുക സ്വാമിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
മലക്കപ്പാറയില്‍ പോയി തിരികെ ഊരിലേക്ക് വരികയായിരുന്ന മുരുക സ്വാമിക്ക് നേരെ കാട്ടാന പാഞ്ഞ് അടുക്കുകയായിരുന്നു.ആന വരുന്നതു കണ്ട് പാറയുടെ മുകളില്‍ നിന്ന് ചാടിയ മുരുക സ്വാമിയുടെ ഇടതു കാലിലെ എല്ല് പൊട്ടി.
Recent Comments