കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രികരാണ് മരിച്ചത്. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ(14) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബസില്‍ ഡ്രൈവര്‍മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അഷറഫും മകള്‍ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്. . മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഞായറാഴ്ച പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ തീവ്രമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം മുതല്‍ വയനാട് വരെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്നു രാത്രി 08.30 മുതല്‍ നാളെ രാത്രി 11.30 വരെയും, തമിഴ്നാട് തീരത്ത് ഇന്നു രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനാദിനപരിപാടി സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനാദിനപരിപാടി സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനദിനപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവിയും അധ്യാപകനുമായ മനോജ് പുളിമാത്ത് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എൻ. സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ കെ.ജെ. രവികുമാർ, എസ്.എം.സി. അംഗം ആർ.എസ്. രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ, അധ്യാപരായ എ.സി.ലതി, ആർ.എസ്. ശ്രീലേഖ, എൻ. ജൂഹൈറബീവി, എസ്. ശാരിക, ശില്പ സുരേഷ് എന്നിവർ സംബന്ധിച്ചു.

സ്കൂൾ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം മനോജ് പുളിമാത്ത് നിർവഹിച്ചു. സ്കൂളിൽ നടന്ന വേനൽവായന പദ്ധതിയിൽ വിജയികളായ കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്തു. ജന്മനാളിന് കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ ഒരു പുസ്തകം നൽകുന്ന പദ്ധതി തുടങ്ങി. ആദ്യ പുസ്തകം ബി. ശ്രദ്ധ ലൈബ്രറി ചുമതലയുള്ള അധ്യാപികയ്ക്ക് കൈമാറി.

അന്താരാഷ്ട്ര യോഗാദിനം; അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ ദിനചര്യയാക്കാം

അന്താരാഷ്ട്ര യോഗാദിനം; അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ ദിനചര്യയാക്കാം

മാനസിക-ശാരീരിക ക്ഷേമത്തെ മെച്ചപ്പെടുത്തുന്ന യോ​ഗ പുരാതന ഇന്ത്യയുടെ സംഭാവനയാണ്. ‘യൂജ്’ എന്ന സംസ്കൃത വാക്കിൽ നിന്നാണ് യോ​ഗ എന്ന വാക്ക് ഉണ്ടായത്. മനുഷ്യ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ്. ദൈനംദിന ജീവിതത്തിൽ യോ​ഗ ചെയ്യുന്നതുകൊണ്ടുള്ള ​ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോ​ഗാദിനം ആചരിക്കുന്നത്. ‘അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ’ എന്നതാണ് ഇത്തവണത്തെ യോ​ഗാദിനത്തിന്റെ പ്രമേയം.

2014 സെപ്റ്റംബർ 27ന് 69-മത് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആശയമാണ് അന്താരാഷ്ട്ര യോ​ഗാ​ദിനം. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകര്‍മ്മ പദ്ധതിയായ യോഗ 193 ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചു.

അന്താരാഷ്ട്ര യോ​ഗ ദിനത്തിന്റെ പ്രാധാന്യം

ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കുക: യോഗയുടെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഇത് യോ​ഗ ഓരോരുത്തരുടെയും ദിനചര്യയിൽ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കും.

ശാരീരിക ആരോഗ്യം: വഴക്കം, കരുത്ത്, സഹിഷ്ണുത എന്നിവ വർധിപ്പിക്കുന്നതിന് യോഗ പരിശീലിക്കുന്നത് ​ഗുണകരമാണ്. നടുവേദന, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ശാരീരിക രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും യോ​ഗയ്‌ക്ക് സാധിക്കും.

മാനസിക ക്ഷേമം: ശാരീരിക ആരോഗ്യത്തിനപ്പുറം യോഗ മാനസിക ക്ഷേമത്തെയും മെച്ചപ്പെടുത്തുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും മാനസിക വ്യക്തത പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഉത്കണ്ഠയും വിഷാദവും നിയന്ത്രിക്കുന്നതിന് പ്രാണായാമം (ശ്വാസനിയന്ത്രണം), ധ്യാനം തുടങ്ങിയ പരിശീലനങ്ങൾ മികച്ചതാണ്.

ആത്മീയ വളർച്ച: ആത്മീയതയിൽ വേരൂന്നിയ യോഗ ആന്തരിക സമാധാനം നൽകുന്നു. വ്യക്തികളെ സ്വയം അവബോധത്തിലേക്കും സ്വയം തിരിച്ചറിവിലേക്കും നയിക്കുന്നു.

സമൂഹവും ഐക്യവും: ‘അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ’ എന്ന പ്രമേയം യോജിപ്പുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിൽ യോഗയുടെ പങ്ക് ചൂണ്ടിക്കാണിക്കുന്നു. ഇത് സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തടസങ്ങളെ മറികടന്ന് ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

അനിയന്‍ വീട്ടിലിരുന്ന് ചിക്കന്‍ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ സഹോദരന്‍ ജീവനൊടുക്കി

അനിയന്‍ വീട്ടിലിരുന്ന് ചിക്കന്‍ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ സഹോദരന്‍ ജീവനൊടുക്കി

ചെന്നൈ:സഹോദരന്‍ വീട്ടില്‍ കൊണ്ടുവന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ താംബരത്താണ് സംഭവം. കുവൈത്തില്‍ ജോലി ചെയ്യുന്ന ബാബുവിന്റെ മകന്‍ പതിനാറുകാരനായ താരീസ് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇളയ സഹോദരന്‍ ഗോകുല്‍ വീട്ടിലിരുന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതാണ് സസ്യാഹാരിയായ താരിസിനെ പ്രകോപിപ്പിച്ചത്.

താരീസ് സസ്യാഹാരിയായതിനാല്‍ വീട്ടില്‍ മാംസവിഭവങ്ങള്‍ പാകം ചെയ്യാറില്ലായിരുന്നു. ചൊവ്വാഴ്ച ഇളയ സഹോദരന്‍ ഗോകുല്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീട്ടിലേക്ക് ബിരിയാണി കൊണ്ടുവന്നിരുന്നു. ഇത് കഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. എന്നാല്‍ ജ്യേഷ്ഠന്റെ എതിര്‍പ്പ് വകവയ്ക്കാതെ ഗോകുല്‍ ബിരിയാണി കഴിച്ചു.

ഇതില്‍ മനം നൊന്ത് താരീസ് കിടപ്പുമുറിയിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ താംബരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. മൃതദേഹം പോസറ്റ്‌മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.

ഒ ആർ കേളു മന്ത്രിയാകും; വകുപ്പുകളിൽ മാറ്റം

ഒ ആർ കേളു മന്ത്രിയാകും; വകുപ്പുകളിൽ മാറ്റം

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിലാണ് തീരുമാനം. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവ്, തരൂര്‍ എംഎല്‍എ പിപി സുമോദ്, കോങ്ങാട് എംഎല്‍എ ശാന്തകുമാരി തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉൾപ്പെട്ടിരുന്നു. എന്നാൽ പാർട്ടിയിലെ സീനിയർ എന്ന നിലയിൽ കേളുവിന് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന.

അതേസമയം കെ രാധാകൃഷ്ണൻ വഹിച്ച എല്ലാ വകുപ്പുകളും കേളുവിന് ലഭിക്കില്ല. പട്ടികജാതി-പട്ടിക വർ​ഗ ക്ഷേമ വകുപ്പുകളാകും കേളുവിന് നൽകുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യ വകുപ്പ് എംബി രാജേഷിനും നൽകാനും തീരുമാനിച്ചതായാണ് സൂചന. യുഡിഎഫ് സർക്കാരിൽ പി കെ ജയലക്ഷ്മി മന്ത്രിയായ ശേഷം പട്ടിക വർ​ഗ വിഭാ​ഗത്തിൽ നിന്നും മന്ത്രിയാകുന്ന നേതാവാണ് കേളു.