മൂന്നാര്‍ കയ്യേറ്റം: സിബിഐ അന്വേഷണത്തിന് ഉത്തരവിടുമോ?; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയിൽ

മൂന്നാര്‍ കയ്യേറ്റം: സിബിഐ അന്വേഷണത്തിന് ഉത്തരവിടുമോ?; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സന്നദ്ധ സംഘടന അടക്കം നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വ്യാജപട്ടയം നൽകിയ സംഭവം അന്വേഷിക്കാൻ സിബിഐ വേണ്ടങ്കിൽ അതിനുള്ള കാരണം സർക്കാർ അറിയിക്കണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. അഡ്വക്കറ്റ് ജനറലിനോട് വിഷയത്തിൽ ഇന്ന് നിലപാടറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. വ്യാജപട്ടയം നൽകിയതുമായി ബന്ധപ്പെട്ട് 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ പങ്കാളിത്വം വ്യക്തമാക്കുന്ന രാജൻ മധേക്കര്‍ റിപ്പോർട്ട് കോടതിക്ക് സർക്കാർ കൈമാറിയിട്ടുണ്ട്.

മൂന്നാർ മേഖലയിൽ സർക്കാർ ഭൂമിയ്ക്ക് വ്യാജ പട്ടയം നൽകിയ സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർ അടക്കമുള്ള പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കേസിൽ സിബിഐയെ നേരത്തെ കോടതി കക്ഷി ചേർത്തിരുന്നു.

108 പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പൊലീസിന്റെ പ്രത്യേകതകളാണ്. ഈ നിലയില്‍ പ്രകടമായ മാറ്റം ഇന്ന് കേരള പൊലീസില്‍ ദൃശ്യമാണ്.

ജനസൗഹൃദ സേവനം ഉറപ്പാക്കി കേരള പൊലീസ് മുന്നേറുമ്പോഴും ഏതാനും ചില ഉദ്യോഗസ്ഥര്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ വാസനകളുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയില്‍ നിന്നും പുറത്താക്കുന്നതിന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഗൗരവത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ തുടര്‍ന്നുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി.

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 52,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6620 രൂപ നൽകണം. പണിക്കൂലിയും നികുതിയും കൂടി ചേരുന്നതോടെ വീണ്ടും വില ഉയരും. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു.തുടർന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. അന്താരാഷ്ട്ര തലത്തിൽ ചെറിയ നഷ്ടത്തിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഈ മാസം ഏഴിനായിരുന്നു സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില.

നവകേരള സദസ് തിരിച്ചടിച്ചു; മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായെന്ന് സിപിഎം

നവകേരള സദസ് തിരിച്ചടിച്ചു; മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായതായി ചില അംഗങ്ങള്‍ വിമര്‍ശിച്ചു. മൂന്നുദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും.

തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം അല്ലെന്ന നേതാക്കളുടെ പൊതു പ്രസ്താവനകള്‍ യോഗത്തില്‍ അംഗങ്ങള്‍ തള്ളി. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ അടക്കമുള്ള ചില നേതാക്കളുടെ നാക്കുപിഴയും തിരിച്ചടിക്ക് കാരണമായിയെന്ന് സംസ്ഥാന സമിതി യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള അംഗങ്ങളാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവും, സര്‍ക്കാര്‍ പ്രതീക്ഷയോടെ നടത്തിയ നവകേരള സദസും തെരഞ്ഞെടുപ്പില്‍ നെഗറ്റീവ് ഇംപാക്ട് ആണ് ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുസ്ലിം പ്രീണനം നല്ല പോലെ വ്യക്തമായിരുന്നു. ഇത് ഭൂരിപക്ഷ സമുദായങ്ങളെ പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അകറ്റിയെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും തിരിച്ചടിയായി.

ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് വിതരണം ചെയ്യാനും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങള്‍ എത്തിക്കാനും സര്‍ക്കാര്‍ എത്രയും വേഗം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധയൂന്നണം. പോരായ്മകള്‍ ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്നും സംസ്ഥാന സമിതിയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടെന്നും, അത് തെരഞ്ഞെടുപ്പ് തോല്‍വിക്കുള്ള പ്രധാന ഘടകമായിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നവകേരള സദസ് ഉദ്ദേശിച്ച ഫലം കണ്ടില്ല. രണ്ടാം പിണറായി വിജയൻ സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ ​ഗുണങ്ങൾ അടിസ്ഥാന ജനവിഭാ​ഗങ്ങളിലേക്ക് എത്തിക്കുന്നതിൽ ​ഗവൺമെന്റ് പരാജയപ്പെട്ടു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു; രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്ക്

സംസ്ഥാനത്ത് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു; രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ അമ്പതിനായിരത്തിലേറെ പേരാണ് രോഗബാധിതരായത്. രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്കാണ്. മൂന്നുപേര്‍ മരിച്ചു.ആറു മാസത്തിനിടെ രണ്ടേകാല്‍ ലക്ഷം പേരാണ് രോഗബാധിതരായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സ തേടിയത്. ഡെങ്കിപ്പനിയും സംസ്ഥാനത്ത് വ്യാപകമായി പടരുന്നുണ്ട്. കോഴിക്കോട് കുറ്റ്യാടി അടക്കമുള്ള മലയോരമേഖലകളില്‍ നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കളമശ്ശേരി മേഖലയിലും നിരവധി പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് നല്‍കുക, ചട്നിയിലും മോരിലുമൊക്കെ ശുദ്ധമല്ലാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക എന്നിവയിലൂടെ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൊതുകുവഴിയാണ് ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. അതിനാൽ കൊതുകു നശീകരണം ഊർജ്ജിതമാക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ

തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ

കുവൈത്ത് മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ 15,000 ഡോളർ(ഏകദേശം 12.5 ലക്ഷം രൂപ) സഹായധനം പ്രഖ്യാപിച്ചു. അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യക്കാരടക്കം 50 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. ഇതിൽ 24 പേർ മലയാളികളാണ്

മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് കെട്ടിടത്തിൽ 176 പേരുണ്ടായിരുന്നു. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിൽ ജൂൺ 12ന് പുലർച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായിരുന്ന ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമാക്കിയത്. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു.