തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല, പ്രചാരണത്തിനും വിളിച്ചില്ല; ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു

തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല, പ്രചാരണത്തിനും വിളിച്ചില്ല; ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത രൂക്ഷം. ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറിയെന്ന് നിജേഷ് അരവിന്ദ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

എലത്തൂര്‍ മണ്ഡലത്തിലേക്ക് നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പാര്‍ട്ടി ഒഴിവാക്കുകയായിരുന്നു. ബാലുശേരി മണ്ഡലത്തിന്റെ പ്രചാരണ ചുമതല നല്‍കാമെന്നായിരുന്നു ആ ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വം നിജേഷിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ബാലുശേരിയിലും നിജേഷിന് കാര്യമായ ചുമതല നല്‍കിയില്ല. ഇതിലെല്ലാമുള്ള അതൃപ്തിയാണ് നിജേഷിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.

നേരത്തെ തെരഞ്ഞെടുപ്പിലേക്കുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന സമയത്ത് നിജേഷ് അരവിന്ദ് കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. ആയിരം തെരത്തെടുപ്പുകളില്‍ സീറ്റ് നിഷേധിക്കപ്പെട്ടാലും സീറ്റിനും പദവിക്കും വേണ്ടി മരണംവരെ ഒരാളുടെയും പെട്ടി പിടിക്കില്ലെന്നും ഇന്നലത്തേക്കാള്‍ സജീവമായി ഇവിടെ തന്നെ കാണുമെന്നുമായിരുന്നു അന്ന് നിജേഷ് അരവിന്ദ് പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ ഉത്തരം കിട്ടിയെന്നും വ്യക്തിപരമായി അതിലും വലിയ തിരിച്ചറിവുകള്‍ ഉണ്ടായെന്നും നിജേഷ് അരവിന്ദ് ആരോപിച്ചിരുന്നു.

താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നും നിജേഷ് അരവിന്ദ് പറഞ്ഞു. ഇന്നലെയാണ് രാജിക്കത്ത് കെപിസിസിക്ക് കൈമാറിയത്.

കാത്തിരിപ്പിന് ഫലം കണ്ടു, കമലാക്ഷിയമ്മ തിരികെ വീട്ടിലേക്ക്, അച്ഛന് മറവി രോഗമെന്ന് മകൻ

കാത്തിരിപ്പിന് ഫലം കണ്ടു, കമലാക്ഷിയമ്മ തിരികെ വീട്ടിലേക്ക്, അച്ഛന് മറവി രോഗമെന്ന് മകൻ

എറണാകുളം: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയോധിക തിരികെ വീട്ടിലേക്ക്. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെ മകൻ എത്തി വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഭർത്താവിനൊപ്പം പെൻഷൻ വാങ്ങാനാണ് വ്യാഴാഴ്ച ഉച്ചയോടെ കമലാക്ഷി എറണാകുളത്ത് എത്തിയത്.

എന്നാൽ അച്ഛന് മറവി രോ​ഗമുള്ളതിനാൽ കമലാക്ഷിയെ തിരികെ കൂട്ടാൻ മറന്നുവെന്നാണ് മകൻ പറയുന്നത്. ഇന്നലെ മാധ്യമ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മകൻ കാര്യമറിയുന്നത്. തുടർന്ന് പൊലീസുമായി ബന്ധപ്പെടുകയും എറണാകുളം പോലീസ് സ്റ്റേഷനിലെത്തി കമലാക്ഷിയെ തിരികെ കൊണ്ടുപോവുകയും ചെയ്തു. ബന്ധുക്കള്‍ വയോധികയെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു പോയെന്ന തരത്തിൽ ആക്ഷേപം ഉയർന്നിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് വയോധികയുടെ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു? ; നടന്‍ ബോബി കുര്യനെ എസ്ഐടി ചോദ്യം ചെയ്തു

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു? ; നടന്‍ ബോബി കുര്യനെ എസ്ഐടി ചോദ്യം ചെയ്തു

കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ നടന്‍ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ ബോബി കുര്യന്‍ സഹായിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ രഞ്ജിത്തിന്റെ കേസിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ബോബി കുര്യന്‍ മൊഴി നല്‍കിയതെന്നാണ് സൂചന.

പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്നും നടന്‍ മൊഴി നല്‍കി. എന്നാല്‍ പൊലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതല്‍ തെളിവ് ശേഖരിച്ചശേഷം ബോബി കുര്യനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. നടന്റെ കാറില്‍ പോകുന്നതിനിടെയാണ് രാത്രി തൊടുപുഴയ്ക്ക് സമീപത്തുവെച്ച് പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സഹസംവിധായിക ശാലിനിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുറ്റകൃത്യം നടന്ന സിനിമാ സെറ്റിലുണ്ടായിരുന്ന മറ്റു അണിയറ പ്രവര്‍ത്തകരെയും പൊലീസ് മൊഴിയെടുക്കാനായി വിളിപ്പിക്കുന്നുണ്ട്. കേസില്‍ അനുബന്ധ തെളിവു ശേഖരണവുമായി പൊലീസ് മുന്നോട്ടു പോകുകയാണ്. കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന സംവിധായകന്‍ രഞ്ജിത്ത് ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

നിതിൻ രാജിൻ്റെ മരണം: ‘ഇന്‍സ്റ്റാ പേ’ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസ്

നിതിൻ രാജിൻ്റെ മരണം: ‘ഇന്‍സ്റ്റാ പേ’ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസ്

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വർഷ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇന്‍സ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍. മാനസികമായി പീഡിപ്പിച്ചു എന്നും എഫ്‌ഐആറിലുണ്ട്.

ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നിതിന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയില്‍ ലോണ്‍ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കി. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.

ആപ്പില്‍ നിന്ന് 15,000 രൂപയാണ് നിതിന്‍ ലോണ്‍ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ആപ്പില്‍ നിന്നും സമ്മര്‍ദമുണ്ടായെന്ന് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. അതേസമയം നിതിന്റെ മരണത്തില്‍ ആദ്യം കേസെടുത്ത ഡോ. എം കെ റാം, സംഗീത എന്നിവര്‍ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. രക്ഷിതാക്കളുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു റാമിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. പിടിഎ യോഗം വിളിക്കാനും യോഗത്തില്‍ ധാരണയായി.

തിങ്കളാഴ്ച മുതല്‍ ക്ലാസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു. കേസിന്റെ അന്വേഷണത്തില്‍ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചു. ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.

മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചിരുന്നു. നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പിന് ബന്ധമുണ്ടെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പറഞ്ഞത് ഏറെ വിവാദമായിരുന്നു.

ഡിവൈഎഫ്‌ഐ നേതാവിന് നേരെ ​ഗുണ്ടാ ആക്രമണം, മർദ്ദിച്ചത് കാപ്പാ കേസ് പ്രതിയും സംഘവും

ഡിവൈഎഫ്‌ഐ നേതാവിന് നേരെ ​ഗുണ്ടാ ആക്രമണം, മർദ്ദിച്ചത് കാപ്പാ കേസ് പ്രതിയും സംഘവും

കൊച്ചി : എറണാകുളം വടക്കന്‍ പറവൂര്‍ ചിറ്റാറ്റുകരയില്‍ ഡിവൈഎഫ്‌ഐ നേതാവിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് ഷിയാസിനാണ് മര്‍ദ്ദനമേറ്റത്. കാപ്പാ കേസ് പ്രതി അടക്കം അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി.

ഷിയാസിന്റെ സുഹൃത്തും പ്രതികളുമായി നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ സംഭവത്തില്‍ സുഹൃത്തിനെ മര്‍ദ്ദിച്ചത് പ്രതികളെ കണ്ടപ്പോള്‍ ഷിയാസ് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായിട്ടാണ് ഷിയാസിനെ സംഘം മര്‍ദ്ദിച്ചത്.ഷിയാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. താലൂക്ക് ആശുപത്രിയിലാണ് ഷിയാസിനെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ആശാ ഭോസ്‌ലെയുടെ മരണം, നെഞ്ചിലെ അണുബാധ പ്രായമായവരിൽ എങ്ങനെ ​ഗുരുതരമാകുന്നു

ആശാ ഭോസ്‌ലെയുടെ മരണം, നെഞ്ചിലെ അണുബാധ പ്രായമായവരിൽ എങ്ങനെ ​ഗുരുതരമാകുന്നു

കഴിഞ്ഞ ദിവസമാണ് വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ നെഞ്ചിലെ അണുബാധയെ തുടർന്ന് ​ഗുരുതരാവസ്ഥിയിലാവുകയും ഏപ്രിൽ 12ന് മരണപ്പെടുകയും ചെയ്തത്. കഠിനമായ ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായമായവരിൽ നെഞ്ചിലെ അണുബാധ പലപ്പോഴും ​ഗുരുതരമാകാറുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ശ്വാസകോശത്തെയോ ശ്വാസനാളത്തെയോ ബാധിക്കുന്ന ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധയാണ് നെഞ്ചിലെ അണുബാധ. പ്രധാനമായും രണ്ട് തരത്തിലാണ് ഇത് ഉണ്ടാവുക. ബ്രോങ്കൈറ്റിസ് ( ശ്വാസനാളങ്ങളിലെ അണുബാധ ), ന്യൂമോണിയ (ശ്വാസകോശത്തിലെ അണുബാധ).

ഇത് ശ്വാസകോശത്തിൽ അണുബാധയും വീക്കവും ഉണ്ടാക്കും. കഫം, ചുമ, ശ്വാസതടസ്സം, ശരീരത്തിലെ ഓക്സിജൻ നില കുറയുക എന്നിവയ്ക്ക് കാരണമാകാം. പ്രായമായവരെയാണ് നെഞ്ചിലെ അണുബാധ ഏറ്റവും കൂടുതൽ ബാധിക്കുക. ഇത് ജീവന് തന്നെ ഭീഷണിയാകാം.

എന്തുകൊണ്ട് പ്രായമായവരിൽ നെഞ്ചിലെ അണുബാധ ​ഗുരുതരമാകുന്നു
ശ്വാസകോശ പ്രവർത്തനം പ്രായത്തോടൊപ്പം കുറയുന്നു.

പ്രായമാകുമ്പോൾ പേശിബലം കുറയുന്നത് ഉള്ളിലെ കഫത്തെ പുറന്തള്ളാൻ സാധിക്കാതെ വരുന്നു.

കുറഞ്ഞ പ്രതിരോധശേഷി.

ശരീരത്തിന് ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിന് കൂടുതൽ സമ്മർദം ഉണ്ടാകുന്നു.

ഈ സാഹചര്യത്തിൽ, ശരീരത്തിന്റെ ഭൂരിഭാ​ഗം ഊർജ്ജവും ശ്വാസം എടുക്കാനും അണുബാധയെ ചെറുക്കാനും ചെലവാക്കുന്നു. അതിന് പിന്നാലെ ഉണ്ടാകുന്ന ക്ഷീണം പോലുള്ളവ ഒരു സാധാരണ ലക്ഷണം മാത്രമായിരിക്കില്ല, ശരീരം വലിയ സമ്മർദത്തിലാണെന്ന മുന്നറിയിപ്പ് കൂടിയാണ്. ചെറിയ അസ്വസ്ഥതയോടെയാണ് അണുബാധയുടെ തുടക്കമെങ്കിലും പ്രായമായവരിൽ അത് വേ​ഗത്തിൽ വഷളാകാം.

ഓക്സിജൻ നില താഴ്ന്ന് മറ്റ് അവയവങ്ങളെ ബാധിക്കുക. മറ്റുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകും

ഹൃദയത്തിന് അമിത സമ്മർദം ഉണ്ടാകുക

കഫം കെട്ടിക്കിടന്ന് ന്യൂമോണിയയിലേക്ക് മാറുക

ക്ഷീണം കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ താഴുക.

മുതിർന്നവരിൽ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
തുടർച്ചയായ ചുമ

ചെറിയ ശ്വാസംമുട്ടൽ

നേരിയ പനി

അമിത ഉറക്കം / അസാധാരണ മയക്കം

ആശയക്കുഴപ്പം

ഭക്ഷണാഭാവം

പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണം

ഈ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ വാർധക്യ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുള്ളതിനാൽ രോ​ഗനിർണയവും ചികിത്സയും വൈകുന്നു.

പ്രായമായവരിൽ നെഞ്ചിലെ അണുബാധ ചെറുക്കാൻ ഫ്ലൂ, ന്യൂമോണിയ വാക്സിനുകൾ എടുക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക. ചെറിയ ശ്വാസകോശ പ്രശ്നങ്ങളും അവഗണിക്കാതിരിക്കുക, പെട്ടെന്ന് തന്നെ ഡോക്ടറെ കാണുക.