by Midhun HP News | Jun 23, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഹറം പ്രമാമിണിച്ച പൊതു അവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഹറം മാസപ്പിറവി പതിനേഴാം തീയതിയാണ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് ജൂണ്‍ 26നാണ് വരുന്നത്. ഇതോടെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന ജൂണ്‍ 25ന്റെ അവധിയിയില്‍ മാറ്റം ഉണ്ടായത്.
by Midhun HP News | Jun 23, 2026 | Latest News, കേരളം, സിനിമ
‘കിരീടം’ റീ റിലീസിനെ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി നടി പാർവതിയാണ് എത്തിയത്. കഴിഞ്ഞദിവസം കൊച്ചിയിൽ ചിത്രത്തിന്റെ റീ-റിലീസ് ട്രെയ്‌ലർ ലോഞ്ചും നടന്നിരുന്നു.
ട്രെയ്‌ലർ ലോഞ്ചിൽ പാർവതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ഇതുപോലെയൊരു വേഷം തന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് പാർവതി പറഞ്ഞു. നല്ലൊരു സഹതാരമെന്ന നിലയിൽ നൽകിയ പിന്തുണയ്ക്ക് മോഹൻലാലിനോടും പാർവതി നന്ദി പറഞ്ഞു.
തനിക്കൊരു ‘കടം വീട്ടാനുണ്ട്’ എന്നാണ് പാർവതി ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞത്. സിനിമ റിലീസ് ചെയ്ത കാലം മുതൽ ഇന്നുവരെ ആ വലിയ അവസരം നൽകിയവരോട് ഔദ്യോഗികമായി നന്ദി പറയാൻ തനിക്ക് സാധിച്ചിരുന്നില്ല. തന്നെ വിശ്വസിച്ച് ഇത്രയും നല്ലൊരു അവസരം നൽകിയവരോടുള്ള ആ കടപ്പാട് തീർക്കാനാണ് താൻ ഈ ചടങ്ങിലേക്ക് എത്തിയതെന്ന് നടി വ്യക്തമാക്കി.
വർഷങ്ങൾക്ക് ശേഷം സിനിമയിലെ പഴയ സഹപ്രവർത്തകരെ വീണ്ടും കാണാൻ സാധിച്ചതിലും ആ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും തനിക്ക് വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് പാർവതി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. “കിരീടം’ എന്ന സിനിമ റിലീസായിട്ട് 37 വർഷമായി.
പക്ഷേ ഇന്നും ഞാൻ എവിടെ പോകുമ്പോഴും അതിലെ ദേവി എന്ന കഥാപാത്രത്തെക്കുറിച്ച് ആളുകൾ പറയും. ഇത്രയും കാലമായി എനിക്ക് അത്രയും അഭിനന്ദനം ലഭിച്ച മറ്റൊരു കഥാപാത്രമില്ല. രണ്ടുദിവസം മുൻപ് സിബി സാർ വിളിച്ച് ഇങ്ങനെയൊരു ചടങ്ങിനെക്കുറിച്ച് പറഞ്ഞപ്പോൾ ഉറപ്പായും വരാമെന്ന് ഞാൻ പറഞ്ഞു.
കാരണം എനിക്കൊരു കടം വീട്ടാനുണ്ട്. ഇത്രയും വർഷമായിട്ട് ആരോടും ഒരു നന്ദി ഞാനിതുവരെ പറഞ്ഞിട്ടില്ല. എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു കഥാപാത്രം തന്നതിന്, അവസരം തന്നതിന് സിബി സാറിനോട്, ഉണ്ണിച്ചേട്ടനോട്, ദിനേശ് പണിക്കർ, വിജയകുമാർ സാർ, ഏറ്റവും കൂടുതൽ ലാലേട്ടനോട് നന്ദി പറയുന്നു.
ഏറ്റവും നല്ല സഹതാരമായി നിന്നതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. ഇതിൽക്കൂടുതൽ എന്താണ് പറയേണ്ടതെന്നറിയില്ല. എന്നെ വിളിച്ചതിനും എല്ലാവരേയും കാണാൻ സാധിച്ചതിലും വളരെയേറെ സന്തോഷമുണ്ട്”.- പാർവതി പറഞ്ഞു.

by Midhun HP News | Jun 23, 2026 | Latest News, കേരളം
അമ്മയിലെ കൂട്ടരാജിയ്ക്ക് പിന്നാലെ പ്രതികരണവുമായി നടി അന്‍സിബ ഹസ്സന്‍. അമ്മയുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ഇനി മത്സരിക്കില്ലെന്നാണ് അന്‍സിബ അറിയിച്ചിരിക്കുന്നത്. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‌കാരമെന്നാണ് അന്‍സിബ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരിക കുറിപ്പിലൂടെയാണ് അന്‍സിബയുടെ പ്രതികരണം. ‘സ്‌നേഹത്തിന് നന്ദി. പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയില്‍ നിന്നാകട്ടെ’ എന്നു പറഞ്ഞാണ് അന്‍സിബ കുറിപ്പ് പങ്കുവെക്കുന്നത്. അന്‍സിബയുടെ കുറിപ്പിലേക്ക്:
”പ്രിയപ്പെട്ടവരേ, എന്റെ ജീവിതയാത്രയില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‌കാരം.
അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആര്‍ജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. സ്‌നേഹത്തോടെ, അന്‍സിബ ഹസ്സന്‍”.
അമ്മയിലെ പ്രതിസന്ധികള്‍ക്കിടെ പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പടെ ഭരണസമിതിയിലെ 17 പേരും രാജിവച്ചിരുന്നു. അധികാരമേറ്റ് ഒരു വര്‍ഷം മുമ്പാണ് രാജി. പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. നാല് മാസമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി. അതേസമയം ഭരണസമിതി രാജിവച്ചതിന് പിന്നാലെ നടിമാരായ ലക്ഷ്മി പ്രിയ, മല്ലിക സുകുമാരന്‍ എന്നിവര്‍ അമ്മയില്‍ നിന്നും രാജിവച്ചു. അഡ്‌ഹോക് കമ്മിറ്റിയിലെ അംഗമായിരുന്ന ആശ അരവിന്ദും കമ്മിറ്റിയില്‍ നിന്നും രാജിവച്ചു.

by Midhun HP News | Jun 23, 2026 | Latest News, കേരളം
കോഴിക്കോട്: ജില്ലയിൽ പകർച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആഴ്ചകളായി കുടിവെള്ള വിതരണം താറുമാറായതായി പരാതി. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകൾ ഉൾപ്പെടെ ആശുപത്രിയിലെ മിക്ക വാർഡുകളിലും ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ്.
വാർഡുകളിലെ ടാപ്പുകൾ മണിക്കൂറുകളോളം തുറന്നിട്ടും ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. ഇതോടെ കുടിവെള്ളത്തിനായി സമീപത്തെ ഹോട്ടലുകളെയും കാന്റീനുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് പലരും.
ഉയർന്ന വില നൽകി വാങ്ങുന്ന വെള്ളത്തിന്റെ ഗുണനിലവാരം പോലും ഉറപ്പാക്കാനാകാത്ത സാഹചര്യമാണുള്ളത്. കടുത്ത ചൂടും പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുമ്പോൾ ഇത് രോഗികളുടെ ആരോഗ്യത്തിന് കൂടുതൽ വെല്ലുവിളിയാകുന്നുവെന്ന ആശങ്കയും ഉയരുന്നു.ആഴ്ചകളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. നിരവധി പരാതികൾ നൽകിയിട്ടും കുടിവെള്ള വിതരണം എപ്പോൾ പുനഃസ്ഥാപിക്കുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. രോഗപ്രതിരോധത്തിനും ശുചിത്വത്തിനും ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ആശുപത്രിയിൽ തന്നെ കുടിവെള്ളം ലഭിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന വിമർശനം ശക്തമാണ്.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് രോഗികളും കൂട്ടിരിപ്പുകാരും മുന്നറിയിപ്പ് നൽകി. മെഡിക്കൽ കോളജ് സൂപ്രണ്ടും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെട്ട് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

by Midhun HP News | Jun 23, 2026 | Latest News, കേരളം
കൊച്ചി: കെഎസ്ആര്‍ടിസി സ്ത്രീകള്‍ക്കായുള്ള ‘പ്രിയദര്‍ശിനി’ സൗജന്യ യാത്ര ആരംഭിച്ച ശേഷം പല റൂട്ടുകളിലും സര്‍വീസുകള്‍ മുടങ്ങുന്നതായി പരാതി. എറണാകുളം ബോട്ട് ജെട്ടി സ്റ്റാന്‍ഡില്‍ നിന്ന് വരാപ്പുഴ – പറവൂര്‍ – കൊടുങ്ങല്ലൂര്‍ വഴി ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കും സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസുകള്‍ പതിവായി ട്രിപ്പ് മുടക്കുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. വൈകിട്ട് മൂന്ന് മണിക്ക് ശേഷമുള്ള തിരക്കേറിയ സമയത്താണ് സര്‍വീസുകള്‍ കൂടുതലായും റദ്ദാക്കപ്പെടുന്നതെന്നാണ് പരാതി.
ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, പൊന്നാനി ഡിപ്പോകളിലെ ബസുകളാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ജോലിക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഈ സര്‍വീസുകളെ ആശ്രയിക്കുന്നത്. സാധാരണ 10 മുതല്‍ 20 മിനിറ്റ് വരെ ഇടവേളകളില്‍ ബസുകള്‍ ലഭിക്കാറുണ്ടെങ്കിലും അടുത്തിടെയായി പല സര്‍വീസുകളും മുന്നറിയിപ്പില്ലാതെ റദ്ദാക്കപ്പെടുന്നതായി യാത്രക്കാര്‍ ആരോപിക്കുന്നു. ഇതുമൂലം മണിക്കൂറുകളോളം ബസ് കാത്തുനില്‍ക്കേണ്ട സാഹചര്യമാണുള്ളത്.
വൈകിട്ട് 4 മണിക്ക് എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കൊടുങ്ങല്ലൂര്‍ ഡിപ്പോ ബസ് പലപ്പോഴും റദ്ദാക്കപ്പെടുന്നതായി യാത്രക്കാര്‍ പറയുന്നു. 4.10നുള്ള പൊന്നാനി സര്‍വീസും 4.20നുള്ള ഗുരുവായൂര്‍ സര്‍വീസും സ്ഥിരമായി മുടങ്ങുന്നതായും പരാതിയുണ്ട്. ഇതോടെ 3.40നുള്ള ബസിന് ശേഷം ഗുരുവായൂരിലേക്കുള്ള അടുത്ത സര്‍വീസ് 4.50നാണ് ലഭിക്കുന്നത്. അതിനാല്‍ പിന്നീട് എത്തുന്ന ബസുകളില്‍ അമിത തിരക്ക് അനുഭവപ്പെടുന്നുവെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ശേഷം യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ സര്‍വീസ് മുടക്കങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുന്നുണ്ട്. യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ കെഎസ്ആര്‍ടിസി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. യുഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്ന പദ്ധതി നടപ്പാക്കി ഒരാഴ്ച പിന്നിടുന്ന വേളയിലാണ് ആക്ഷേപം കേള്‍ക്കുന്നത്.
by Midhun HP News | Jun 23, 2026 | Latest News, കേരളം
വർക്കലയിൽ ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇടവ
വെൺകുളം തിരുവാതിരയിൽ വിജിൻ (42) ആണ് മരിച്ചത്. വിജിന്റെ വീട്ടിലെ ഏകദേശം 15 അടി താഴ്ചയും ഏഴ് അടി വെള്ളവുമുള്ള കിണറ്റിലാണ് ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
വിജിൻ ഒറ്റക്കായിരുന്നു താമസമെന്നും പാർക്കിൻസൺസ് രോഗ ബാധിതയായ മാതാവ് ബന്ധുവീട്ടിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തു ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയും തുടർന്ന് നടന്ന പരിശോധനയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വർക്കല ഫയർ ഫോഴ്സ് എത്തി. അഗ്നിരക്ഷാസേനാംഗമായ ഭഗത് കിണറ്റിലിറങ്ങി ഹോസ് റോപ്പിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Recent Comments