by Midhun HP News | Jun 17, 2024 | Latest News, കേരളം
കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കൽ പാറയിൽ സ്വദേശി ജൈനു (58) ആണ് മരിച്ചത്. ശാസ്ത്രീയ പരിശോധനകളെ അടിസ്ഥാനമാക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ വൈകിട്ടാണ് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ കാർ കത്തി ജൈനു മരിച്ചത്.
കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിലുള്ള കാറിൽ കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു സംഭവം. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപം കിടന്ന കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. കാർ പൂർണമായി കത്തി നശിച്ചു.
by Midhun HP News | Jun 17, 2024 | Latest News, കേരളം
വടകര: വടകര ഏറാമലയില്‍ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.
അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികള്‍ക്കടക്കം പരിക്കേറ്റവരിലുണ്ട്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്.
by Midhun HP News | Jun 17, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.
നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാച്ചിരിക്കുന്നത്. ബുധനാഴ്ചയും, വ്യാഴാഴ്ചയും മഴ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.21 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
by liji HP News | Jun 17, 2024 | Latest News, കേരളം
കൊച്ചി: എത്ര തിരക്കാണെങ്കിലും പ്രാർഥനാ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നയാളാണ് നടൻ മമ്മൂട്ടി. പതിവ് തെറ്റിക്കാതെ ഇത്തവണയും മമ്മൂട്ടി ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി ജുമാ മസ്ജിദിലാണ് മമ്മൂട്ടി നമസ്‌കാരത്തിനെത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മമ്മൂട്ടിയ്ക്കൊപ്പമെത്തിയിരുന്നു.
പ്രാർഥനയ്ക്കെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ത്യാഗ സ്മരണയിൽ ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളിൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം നടന്നു.
മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇത്തവണ ഈദ് ഗാഹുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.
by liji HP News | Jun 17, 2024 | Latest News, കേരളം
കൊച്ചി: പനമ്പള്ളി നഗറില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു മാരകായുധങ്ങളുമായി എത്തിയ സംഘം കവര്‍ച്ച നടത്തിയത്. വീട്ടുടമ മുംബൈയില്‍ പോയ തക്കത്തിലായിരുന്നു മോഷണം.
രണ്ടംഗസംഘമാണ് മോഷണം നടത്തിയത്. ഇവര്‍ മുഖം മറച്ച നിലയില്‍ വീടികത്തുകയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏറെ സമയം പുറത്തുനിന്നശേഷമാണ് രണ്ടുപേരും മതില്‍ ചാടി വീടികനത്ത് കയറിയത്. അതിനുശേഷം വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.
മുംബൈയിലുള്ള മകന്റെ അടുത്തേക്ക് കഴിഞ്ഞ ദിവസം വീട്ടുകാര്‍ പോയിരുന്നു. അവര്‍ ചൊവ്വാഴ്ചയേ മടങ്ങിയെത്തുകയുള്ളു, ഇക്കാര്യം അറിയുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ എല്ലാ മുറികളിലും കള്ളന്‍മാര്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 13 സിസി ടിവി ക്യാമറയില്‍ ഇവരുടെ ദൃശ്യങ്ങള്‍ കാണാമെന്ന് പൊലീസ് പറഞ്ഞു.
by liji HP News | Jun 17, 2024 | Latest News, കേരളം
പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു. ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്തയാണ് പുതിയ അധ്യക്ഷന്‍. തിരുവല്ല സഭ ആസ്ഥാനത്തു ചേര്‍ന്ന സിനഡിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം ജൂൺ 22 ന് നടക്കും.
ചെന്നൈ ഭദ്രാസനാധിപനായിരുന്നു ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്ത. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ സംബന്ധിച്ചു. ഐകകണ്‌ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തതെന്ന് സിനഡിന് ശേഷം ബിലീവേഴ്‌സ് ചര്‍ച്ച് വൈദികര്‍ വ്യക്തമാക്കി.
അധ്യക്ഷനായിരുന്ന അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടര്‍ന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് പുതിയ തലവനെ തെരഞ്ഞെടുത്തത്. അന്തരിച്ച അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെ കുറ്റപുഴയിലെ സഭാ ആസ്ഥാനത്ത് നടന്നിരുന്നു.
Recent Comments