ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ 168 പവന്‍ സ്വര്‍ണം പിടികൂടി

ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ 168 പവന്‍ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റിയാദില്‍ നിന്നും ബഹറൈന്‍ വഴി നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നും 168 പവന്‍ സ്വര്‍ണം പിടികൂടി.സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണം ബ്ലൂ ടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ ഏകദേശം ഒരു കോടി രൂപ വിലവരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ

കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലെ പ്രോടേം സ്പീക്കറാകും. മാവേലിക്കര മണ്ഡലത്തിൽ നിന്നാണ് കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്. പ്രോടേം സ്പീക്കറായി മാസം 24ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നിൽ കൊടിക്കുന്നിൽ‌ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും.

പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോൾ, കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലായിരിക്കും എം പിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ സ്പീക്കറുടെ ചുമതലകൾ നിർവഹിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് ആയിരിക്കും.

കളമശേരി നഗരസഭയില്‍ കൂട്ടത്തോടെ ഡെങ്കിപ്പനി

കളമശേരി നഗരസഭയില്‍ കൂട്ടത്തോടെ ഡെങ്കിപ്പനി

കൊച്ചി: കളമശേരി നഗരസഭയില്‍ കൂട്ടത്തോടെ ഡെങ്കിപ്പനി. മുന്‍സിപ്പിലാറ്റിയിലെ സൂപ്രണ്ട് അടക്കം ആറ് ഉദ്യോഗസ്ഥര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്.

കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. നഗരാസഭ പരിധിയില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനകം നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗ്സ്ഥര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ ഇടയുണ്ട്. നഗരസഭയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്‌.

വയനാടിനോട് ഗുഡ്ബൈ പറഞ്ഞ് രാഹുല്‍; പകരം പ്രിയങ്ക എത്തും

വയനാടിനോട് ഗുഡ്ബൈ പറഞ്ഞ് രാഹുല്‍; പകരം പ്രിയങ്ക എത്തും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.

വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഏഴു കേന്ദ്രമന്ത്രിമാരെ തോല്‍പ്പിച്ച് ഇന്ത്യ സഖ്യം യുപിയില്‍ മികച്ച വിജയം തേടിയതോടെ സംസ്ഥാനത്തെ പാര്‍ട്ടി പുനരുജ്ജീവിക്കാനാണ് രാഹുലിന്റെ ശ്രമം. യുപിയില്‍ 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറ് സീറ്റില്‍ വിജയിച്ചിരുന്നു.

രാഹുല്‍ വയാനാട് ഒഴിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

2019 ലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ആദ്യമായി മത്സരിച്ചത്. അന്ന് സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിറ്റിങ് സീറ്റായ അമേഠിയില്‍ മത്സരിച്ചെങ്കിലും സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. ഇത്തവണ രാഹുല്‍ അമേഠിക്ക് പകരം റായ്ബറേലിയിലാണ് മത്സരിച്ചത്. അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു.

അട്ടപ്പാടിയിലെ ആദിവാസി പെൺകുട്ടികളുടെ ഭരതനാട്യ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു

അട്ടപ്പാടിയിലെ ആദിവാസി പെൺകുട്ടികളുടെ ഭരതനാട്യ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: അട്ടപ്പാടിയിലെ ആദിവാസി പെൺകുട്ടികളുടെ ഭരതനാട്യം പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സായി ഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ ആനന്ദ കുമാർ അധ്യക്ഷത വഹിച്ചു. സായിഗ്രാമം വൈസ് ചെയർമാൻ ഗോപകുമാരൻ നായർ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത നർത്തകി, ഡോ. ഗായത്രി സുബ്രഹ്മണ്യം, പ്രൊഫ. അബ്ദുൽ സഫീർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത നർത്തകി നടന ഭൂഷണം ഡോ. ഗായത്രി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് സായി ഗ്രാമത്തിൽ 45 ദിവസം നീണ്ട് നിൽക്കുന്ന നിർത്തം അഭ്യസിപ്പിക്കുന്നത്.

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സായിഗ്രമിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ജലസേചനം, സ്വയംതൊഴിൽ എന്നിവ ഊന്നൽ നൽകിയുള്ള പദ്ധതി ക്കൾ അട്ടപ്പാടിയിൽ നടപ്പിലാക്കുന്നത്. അലോപ്പതി ആയർവേദ ക്ലിനിക്കുകൾ, ഡയാലിസിസ് കേന്ദ്രം, കൗൺസിലിംഗ് കേന്ദ്രങ്ങൾ, ലഹരി വിമോചന പദ്ധതികൾ, കമ്പ്യൂട്ടർ പരിശീലന കേന്ദ്രം, കുടിവെള്ള വിതരണം, അട്ടപ്പാടിയെ സ്വയം പര്യാപ്ത ഗ്രാമമാക്കാൻ വേണ്ടിയുള്ള കൃഷി തുടങ്ങിയവയാണ് സൗജന്യമായി ശ്രീ കെ എൻ ആനന്ദകുമാറിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്നത്.

റിയാസി ഭീകരാക്രമണം; അന്വേഷണ ചുമതല എന്‍ഐഎക്ക്

റിയാസി ഭീകരാക്രമണം; അന്വേഷണ ചുമതല എന്‍ഐഎക്ക്

ഡൽഹി: ജമ്മു കശ്മീരിലെ റിയാസിയിൽ നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഒൻപതിന് നടന്ന ഭീകരാക്രമണത്തിൽ 9 തീർത്ഥാടകരാണ് കൊല്ലപ്പെട്ടത്. 33 തീർത്ഥാടകർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് ആക്രമിക്കപ്പെട്ടത്. ഭീകരർ വെടിയുതിർത്തതോടെ നിയന്ത്രണം വിട്ട ബസ് പാറയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലെ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. റിയാസി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അമർനാഥ് തീർത്ഥാടനത്തിന്‍റെ സുരക്ഷ കേന്ദ്രം ശക്തമാക്കിയിട്ടുണ്ട്.