by liji HP News | Jun 10, 2024 | Latest News, കേരളം
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിൽ നിന്നും രാജിവെക്കും എന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ പ്രതിനിധിയായി നരേന്ദ്രമോദി സർക്കാരിൽ അംഗമായത് അഭിമാനകരമാണെന്നും സുരേഷ് ഗോപി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴിൽ, കേരളത്തിന്റെ വികസനത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കാൻ ഞങ്ങളെല്ലാം പ്രതിബദ്ധരായിരിക്കും. മന്ത്രിസഭയിൽ നിന്നും രാജിവെക്കുന്നു എന്ന തരത്തിൽ ഏതാനും മീഡിയകളിൽ വന്നത് തികച്ചും തെറ്റാണെന്നും, മന്ത്രിയായി തുടരുമെന്നും സുരേഷ് ഗോപി കുറിപ്പിൽ സൂചിപ്പിച്ചു.
by liji HP News | Jun 10, 2024 | Latest News, കേരളം
കൊല്ലം: ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്. ചിന്നക്കട ഓവർബ്രിഡ്ജിന് സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ നിന്നുവീണ സ്മിതയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. കെഎസ്എഫ്ഇ ജീവനക്കാരിയാണ് സ്മിത.
by liji HP News | Jun 10, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെയും ബുധനാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
by liji HP News | Jun 10, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെച്ചു. ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോല്‍വിയെയും തുടര്‍ന്ന് ഡിസിസി ഓഫീസുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് രാജി.
ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജി വെച്ചിട്ടുണ്ട്. ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എംപി വിന്‍സെന്റ് വ്യക്തമാക്കി. ഡിസിസി ഓഫീസില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും എംപി വിന്‍സെന്റ് പറഞ്ഞു.
കെ മുരളീധരന്റെ തോല്‍വിയും തുടര്‍ന്ന് ഡിസിസി ഓഫീസിലുണ്ടായ കൂട്ടയടിയിലും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, എംപി വിന്‍സെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എഐസിസി നിര്‍ദേശം കെപിസിസി ഇരുനേതാക്കളെയും അറിയിക്കുകയായിരുന്നു. ഡിസിസി ഓഫീസ് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇരു നേതാക്കള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്ന് നേതൃത്വം വിലയിരുത്തി. പാലക്കാട് എംപി വികെ ശ്രീകണ്ഠന് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതല നല്‍കാനാണ് തീരുമാനം.
by liji HP News | Jun 10, 2024 | Latest News, കേരളം
ആലപ്പുഴ: പിഞ്ചുകുഞ്ഞിനെ ആക്രമിച്ചതിന് അറസ്റ്റിലായ അമ്മ കുട്ടിയുടെ അച്ഛനെതിരെ പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മാന്നാർ എളവ സ്വദേശി 32 കാരിയാണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരെയാണ് മാന്നാർ പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ ദിവസമാണ് കുട്ടിയെ മർദിക്കുന്നതിന്റെ വിഡിയോ പകർത്തി യുവതി നജുമുദീന് അയച്ചത്. ഇത് പുറത്തുവന്നതോടെ ഇവർ അറസ്റ്റിലായി. പിന്നാലെയാണ് നജുമുദീനെതിരെ യുവതി രംഗത്തെത്തിയത്. രണ്ടുവട്ടം വിവാഹ മോചിതയായ യുവതി സമൂഹമാധ്യമം വഴിയാണ് നജുമുദീനുമായി പരിചയത്തിലാവുന്നത്. 2022 ഏപ്രിൽ മുതൽ ഇവർ ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ വിവാഹിതരായിരുന്നില്ല.
ഒന്നിച്ച് താമസിക്കുന്നതിനിടെയാണ് നജുമുദീന് രണ്ട് ഭാര്യമാരുണ്ടെന്ന വിവരം ഇവർ അറിയുന്നത്. ഗർഭിണിയായിരുന്ന സമയത്തു നജുമുദീൻ മറ്റൊരു സ്ത്രീയെകൂടി വിവാഹം ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ പ്രശ്നത്തിലാവുകയും 2023ൽ പിഞ്ചുകുഞ്ഞുമായി മാന്നാറിലുള്ള തന്റെ വീട്ടിലേക്ക് യുവതി തിരിച്ചെത്തുകയും ചെയ്തു. നജുമുദീൻ മറ്റു വിവാഹങ്ങൾ കഴിച്ച വിവരം മറച്ചുവച്ചു കൂടെ താമസിപ്പിച്ചതെന്നാണ് യുവതി പൊലീസിനു മൊഴി നൽകി. കുട്ടിയെ ഉപദ്രവിച്ച കേസിൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മർദനത്തിനിരയായ കുഞ്ഞിനെയും ആദ്യ വിവാഹത്തിലുള്ള മകനെയും ജില്ലാ ശിശുക്ഷേമ സമിതിക്കു കൈമാറി.
by Midhun HP News | Jun 10, 2024 | Latest News, കേരളം
തിരുവനന്തപുരം: ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി ആരംഭിച്ച കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് ലാഭത്തില്‍. കൊറിയര്‍ സര്‍വീസ് ആരംഭിച്ച് ഒരു വര്‍ഷംകൊണ്ട് 3.82 കോടി രൂപയാണ് നേടിയത്. ഒരു കോടിയോളം രൂപയാണ് ലാഭം.
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2023 ജൂണ്‍ 15ന് സംസ്ഥാനത്തെ 45 ഡിപ്പോകളെയും തമിഴ്നാട്ടിലെ കോയമ്പത്തൂരിനെയും നാഗര്‍കോവിലിനെയും ബന്ധിപ്പിച്ച് ആരംഭിച്ച കൊറിയര്‍ സര്‍വീസ് പ്രവര്‍ത്തനം ഒരുവര്‍ഷമാകുമ്പോഴാണ് കെഎസ്ആര്‍ടിസിയുടെ നേട്ടം. 2023 ജൂണ്‍ 15 കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 1,95,000 മാത്രമായിരുന്നു മാസവരുമാനം. ഇന്നത് 45 ലക്ഷം പിന്നിട്ടതായി കെഎസ്ആര്‍ടിസി കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെവിടെയും 16 മണിക്കൂറിനകം കൊറിയര്‍ എത്തിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ അവകാശവാദം. 4,32,000 കൊറിയറുകളാണ് ഒരുവര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി കൈമാറിയത്. ദിവസവും 2,200 ഉപഭോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നു. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ പിന്തുണയുമുണ്ട്. വാതില്‍പ്പടിസേവനവും ഉള്‍പ്രദേശങ്ങളിലുള്‍പ്പെടെ പുതിയ ഫ്രാഞ്ചൈസികളും ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കെഎസ്ആര്‍ടിസി. രണ്ടാംഘട്ടം നടപ്പാകുന്നതോടെ വീടുകളില്‍നിന്ന് സാധനങ്ങള്‍ ശേഖരിക്കുന്ന തലത്തിലേക്ക് പദ്ധതിമാറും. സ്വകാര്യ കൊറിയര്‍ സര്‍വീസുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനംവരെ നിരക്കില്‍ കുറവുണ്ട്.
സര്‍വീസിന് ആവശ്യക്കാരേറുന്നതിനാല്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ രണ്ട് വാന്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പറേഷന്‍. സ്വകാര്യ കെറിയര്‍ സര്‍വീസുകള്‍ക്ക് വാനുകളില്‍ സ്ഥലം വാടകയ്ക്ക് നല്‍കാനും ആലോചനയുണ്ട്. ഒരു കിലോഗ്രാം മുതല്‍ 120 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങള്‍ പാഴ്സലായി അയക്കാം. ഇതിനായി ഡിപ്പോകളിലുള്ള കൗണ്ടറില്‍ പാര്‍സല്‍, കൊറിയറുകള്‍ നല്‍കി പണമടച്ചാല്‍ മതി. കെഎസ്ആര്‍ടിസിയുടെ കൊമേഴ്ഷ്യല്‍ വിഭാഗത്തിനാണ് നടത്തിപ്പ് ചുമതല.

Recent Comments