സര്‍ക്കാര്‍ ജീവനക്കാരുടെ പഠനാനുമതി: ഓഫീസ് സമയത്തില്‍ ഇളവില്ല, മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

സര്‍ക്കാര്‍ ജീവനക്കാരുടെ പഠനാനുമതി: ഓഫീസ് സമയത്തില്‍ ഇളവില്ല, മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സായാഹ്ന/പാര്‍ട്ട് ടൈം/വിദൂര വിദ്യാഭ്യാസ/ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ജീവനക്കാര്‍ പഠിക്കാന്‍ താല്പര്യപ്പെടുന്ന കോഴ്‌സ് തുടങ്ങുന്നതിന് രണ്ട് മാസം മുന്‍പായി വകുപ്പ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ അപേക്ഷയിന്മേല്‍ വകുപ്പ് മേധാവി തീരുമാനമെടുക്കണം. കാലതാമസം ഒഴിവാക്കുന്നതിലേക്കായി ബന്ധപ്പെട്ട ജില്ലാ മേധാവി മുഖാന്തിരം വകുപ്പ് തലവന് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

അനുമതി നിഷേധിക്കുന്ന അവസരത്തില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റര്‍ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളില്‍ മാത്രമേ ഉപരി പഠനം നടത്തുന്നതിന് അനുമതി നല്‍കുവാന്‍ പാടുള്ളൂ. എന്നാല്‍ ഇത്തരം കോഴ്‌സുകളില്‍ പങ്കെടുക്കുന്നു എന്ന കാരണത്താല്‍ ഓഫീസ് സമയത്തില്‍ യാതൊരു ഇളവും അനുവദിക്കില്ല.

അധിക്ഷേപ പരാമര്‍ശം; സത്യഭാമ കീഴടങ്ങണം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

അധിക്ഷേപ പരാമര്‍ശം; സത്യഭാമ കീഴടങ്ങണം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച കേസില്‍ നൃത്താധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാനും അവിടെ ജാമ്യാപേക്ഷ നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം എസ്‌സി – എസ്ടി കോടതിയാണ് ആര്‍എല്‍വി രാമകൃഷ്ണന്റെ കേസ് പരിഗണിക്കുന്നത്.

സത്യഭാമ ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകണമെന്നും അന്നേദിവസം തന്നെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ രാമകൃഷ്ണന്‍ ചാലക്കുടി ഡിവൈ.എസ്പിയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് പട്ടികജാതി -പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് തിരുവനന്തപുരം കന്റോമെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ലോഗോ പ്രകാശനം ചെയ്തു മറിയാമ്മ ഉമ്മൻ

ലോഗോ പ്രകാശനം ചെയ്തു മറിയാമ്മ ഉമ്മൻ

ഉമ്മൻചാണ്ടി കെയർ ആൻഡ് കൾച്ചറൽ ഫൌണ്ടേഷൻ മടവൂരിന്റെ ലോഗോ പ്രകാശനം പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടിയുടെ ഛായാ ചിത്രത്തിൽ കൊളുത്തി വച്ച നിലവിളക്കിനു
മുന്നിൽ അദ്ദേഹത്തിന്റെ പ്രിയ പത്നി മറിയാമ്മ ഉമ്മൻ നിർവഹിച്ചു. ഫൗണ്ടേഷന്റെ
പ്രവർത്തനങ്ങൾക്ക് തന്റെ പ്രാർത്ഥനയും മണ്മറഞ്ഞ പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ അദൃശ്യസാനിധ്യവും ഉണ്ടാകുമെന്നു അവർ പറഞ്ഞു.

ചാണ്ടി ഉമ്മൻ എം.എൽ. എ ഫൗണ്ടേഷന്റെ തുടർപ്രവർത്തനങ്ങൾക്ക് തന്റെയും
കുടുംബത്തിന്റെയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ചടങ്ങിൽ ഫൌണ്ടേഷൻ ചെയർമാൻ തകരപ്പറമ്പ് ചന്ദ്രൻ, ജനറൽ സെക്രട്ടറി അച്ചു സത്യദാസ്, വൈസ് ചെയർ മാൻമാരായ ബിജു.പി.ചന്ദ്രൻ, എ. നവാസ് പുലിയൂർക്കോണം, ഖജാൻജ്ജി റിയാസ് വേട്ടക്കാട്ടുകോണം, ശശാങ്കൻ, മടവൂർ, സിറാജ് മൂന്നാംവിള, അഭിമന്യു തകരപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു.

കുരുന്നുകൾക്കൊരു വർണ്ണക്കൂടാരമൊരുക്കി കുന്നുവാരം യു.പി.സ്കൂൾ

കുരുന്നുകൾക്കൊരു വർണ്ണക്കൂടാരമൊരുക്കി കുന്നുവാരം യു.പി.സ്കൂൾ

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിൽ പ്രീപ്രൈമറി വിഭാത്തിനായി ഒരുക്കി വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടനം പ്രശ്സ്ത കവിയും, നാടകരചയിതാവുമായ ബാബു പാക്കനാർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ എ ശശിധരൻ നായർ അദ്ധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലറും, നഗരസഭാ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ. എസ്. മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മുൻ മാനേജർ എ. രാമചന്ദ്രൻ നായർ, ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൺസിൽ പ്രസിഡൻ്റ് എസ് വേണുഗോപാൽ, പി.റ്റി.എ പ്രസിഡൻ്റ് രമ്യ രാജേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ മധു ജി.ആർ സ്വാഗതവും പ്രീപ്രൈമറി ടീച്ചർ വിനീത നന്ദിയും രേഖപ്പെടുത്തി. വർണ്ണക്കൂടാരം ഒരുക്കാൻ മനോഹരമായ ചിത്രങ്ങൾ വരച്ചത് ആർട്ടിസ്റ്റ് രാജൻ ബാബു ആയിരുന്നു.

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 140 വര്‍ഷം കഠിന തടവ്, 9,75,000 രൂപ പിഴ

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 140 വര്‍ഷം കഠിന തടവ്, 9,75,000 രൂപ പിഴ

മലപ്പുറം: പോക്‌സോ കേസില്‍ പ്രതിക്ക് 140 വര്‍ഷം കഠിന തടവ്. എട്ടു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ. പ്രതിക്ക് 9,75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
മഞ്ചേരി അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവായ പ്രതി രണ്ടു വര്‍ഷമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി

ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഡല്‍ഹി കെഎംസിസി അധ്യക്ഷനാണ്.

തിരുവനന്തപുരത്തു ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. പൗരത്വ നിയമഭേഗതി അടക്കമുള്ള കേസുകളില്‍ മുസ്ലിം ലീഗിനായി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത് ഹാരിസ് ബീരാനാണ്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി കെ ബീരാന്റെ മകനാണ്.

എംഎസ്എഫിലൂടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാരിസ് ബീരാന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ലോയേഴ്‌സ് ഫോറം അധ്യക്ഷനുമാണ്. വലിയ ഉത്തരവാദിത്തമാണെന്നും, പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്നും സ്ഥാനാര്‍ത്ഥിത്വത്തോട് ഹാരിസ് ബീരാന്‍ പ്രതികരിച്ചു.

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, യുവനേതാക്കളായ പി കെ ഫിറോസ്, ഫൈസല്‍ ബാബു തുടങ്ങിയവരുടെ പേരുകള്‍ നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നു കേട്ടിരുന്നു. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ ഒരെണ്ണം പ്രതിപക്ഷത്തിന് ലഭിക്കും. ഇതിലാണ് ഹാരിസ് ബീരാന്‍ മത്സരിക്കുക.