കൊങ്കൺ മൺസൂൺ ടൈംടേബിൾ ഇന്നു മുതൽ: 38 ട്രെയിനുകളുടെ സമയത്തിൽ മാറ്റം

കൊങ്കൺ മൺസൂൺ ടൈംടേബിൾ ഇന്നു മുതൽ: 38 ട്രെയിനുകളുടെ സമയത്തിൽ മാറ്റം

കൊച്ചി: കൊങ്കൺ റെയിൽപാതയിലൂടെയുള്ള ട്രെയിനുകളുടെ മൺസൂൺ ടൈംടേബിളിൽ ഇന്നു മുതൽ മാറ്റം. മഴക്കാലത്ത് കല്ലും മണ്ണും വീണുളള അപകടങ്ങൾക്കു സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിളാണ് നിലവിൽ വന്നത്. മഴ കനത്താൽ ട്രെയിനുകളുടെ വേഗം 40 കിലോമീറ്ററായി നിയന്ത്രിക്കും. ഒക്ടോബർ 31 വരെയാണ് മൺസൂൺ ടൈംടേബിൾ.

സമയം മാറുന്ന പ്രധാന ട്രെയിനുകൾ

തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15-നുതന്നെ പുറപ്പെടും. കോഴിക്കോട്-വൈകീട്ട് ആറിനുപകരം 5.07-ന്‌ എത്തും. നിലവിൽ-7.32ന് കണ്ണൂരിൽ എത്തുന്ന ട്രെയിൻ 6.37 നാകും എത്തുക.

ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) 1.30 മണിക്കൂർ വൈകും. മംഗളൂരു- പുലർച്ചെ 5.45. കണ്ണൂർ-8.07. ഷൊർണൂർ-12.05. രാത്രി 7.35-ന്‌ തിരുവനന്തപുരം.

എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നുമണിക്കൂർ നേരത്തേ പുറപ്പെടും. ഉച്ചയ്ക്ക് 1.25 ന് പുറപ്പെട്ടിരുന്ന ട്രെയിൻ എറണാകുളത്തു നിന്ന് എടുക്കുക രാവിലെ-10.30.

നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ വൈകിയെത്തും. രാത്രി 11.35-ന് മംഗളൂരു. ഷൊർണൂർ-പുലർച്ചെ-5.25. എറണാകുളം-8.00.

മംഗളുരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചയ്ക്ക്-12.45-ന് പുറപ്പെടും. നിലവിൽ-2.20.

മംഗളൂരു-ഗോവ വന്ദേഭാരത് (20646) 8.30-നുതന്നെ പുറപ്പെടും. ഉച്ചയ്ക്ക് 1.15-ന് പകരം രണ്ടിന് ഗോവയിലെത്തും.

ഗോവ-മംഗളൂരു വന്ദേഭാരത് (20645) വൈകീട്ട് 5.35-ന് പുറപ്പെടും. നിലവിൽ 6.10-നാണ് പുറപ്പെടുന്നത്.

മുംബൈ-ഗോവ വന്ദേഭാരത് (22229) രാവിലെ 5.25-നുതന്നെ പുറപ്പെടും. ഉച്ചയ്ക്ക് 3.30-ന് മാത്രമേ ഗോവയിലെത്തൂ.

നിലവിലെ സമയത്തേക്കാൾ 2.20 മണിക്കൂർ വൈകും.

ഗോവ-മുംബൈ വന്ദേഭാരത് (22230) ഉച്ചയ്ക്ക് 12.20-ന് പുറപ്പെടും. 2.40-നാണ് പുറപ്പെട്ടിരുന്നത്.

യുക്തിക്ക് നിരക്കാത്ത പ്രവൃത്തി ദിനങ്ങളുടെ വർദ്ധനവ് അനുവദിക്കില്ല : കെപിഎസ്ടിഎ

യുക്തിക്ക് നിരക്കാത്ത പ്രവൃത്തി ദിനങ്ങളുടെ വർദ്ധനവ് അനുവദിക്കില്ല : കെപിഎസ്ടിഎ

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം 2009 പ്രകാരമുള്ള വിദ്യാഭ്യാസ ചട്ടങ്ങൾ 2012 മുതൽ കേരളത്തിൽ നിലവിൽ വന്നു. ഇതിൽ പ്രകാരം(1 മുതൽ 5 വരെ) എൽ പി യിൽ 800 പ്രവൃത്തി മണിക്കൂർ ,( 6 മുതൽ 8 വരെ )യു പി യിൽ ആയിരം പ്രവൃത്തി മണിക്കൂർ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ 1200 മണിക്കൂർ എന്നിങ്ങനെയാണ് പ്രവൃത്തിസമയം ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിൽ ഒരു ദിവസം അഞ്ചുമണിക്കൂറാണ് പ്രവർത്തന സമയം. അങ്ങനെയെങ്കിൽ എൽ പി യിൽ 160 ദിവസവും, യു പി യിൽ 200 ദിവസവും, ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിൽ 220 ദിവസവും പ്രവൃത്തി ദിനങ്ങൾ ആണ് നിയമം അനുശാസിക്കുന്നത്.

ഇങ്ങനെ പ്രഖ്യാപിക്കുന്ന പ്രവൃത്തി ദിനങ്ങൾക്ക് പുറമേ കലാ, കായിക, ശാസ്ത്ര മേളയുടെ പരിശീലനങ്ങൾ, എൽ എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയുടെ എക്സ്ട്രാ ക്ലാസുകൾ, എൻഎസ്എസ്, എൻസിസി, സ്കൗട്ട്,ഗൈഡ്സ്, റെഡ് ക്രോസ്, സ്റ്റുഡൻസ് പോലീസ്, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ക്ലാസുകൾ, ക്യാമ്പുകൾ എന്നിവയ്ക്കായി മാറ്റിവയ്ക്കുന്ന അവധി ദിനങ്ങൾ എന്നിവയെല്ലാം കണക്കാക്കിയാൽ കുറഞ്ഞത് ശരാശരി 40- 50 ദിനങ്ങൾ അധികമായി അധ്യാപകരും വിദ്യാർത്ഥികളും പ്രവർത്തിക്കേണ്ടതുണ്ട്. ഇതിന് പുറമേ കലാകായിക ശാസ്ത്രമേളകളുടെ ഉപജില്ല ജില്ല സംസ്ഥാന തല നടത്തിപ്പിനായി അധ്യാപകർ രാത്രിയും പകലും ഉൾപ്പെടെ ശരാശരി 10 ദിവസം വീണ്ടും പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ വെക്കേഷൻ സമയത്തും അല്ലാതെയുമായി എസ് എസ് കെ യും വിദ്യാഭ്യാസ വകുപ്പും ത്രിതല പഞ്ചായത്തുകളും മറ്റ് വിവിധ വകുപ്പുകളും സംയുക്തമായും ഒറ്റയ്ക്കും നടത്തുന്ന പരിശീലന പരിപാടികളും പ്രവർത്തനങ്ങളും വേറെയും വരുന്നുണ്ട്. അതിലും അധ്യാപകർ വേറെ പങ്കെടുക്കുന്നുണ്ട്. ഇതെല്ലാം അവധി എന്ന് വിശേഷിക്കപ്പെടുന്ന ശനി, ഞായർ ദിവസങ്ങളിൽ ആണ് നടത്തപ്പെടുന്നത്.

ഇത്തരം പ്രവർത്തനങ്ങൾ എല്ലാം സന്തുലിതമായി നടത്താൻ ഉതകുന്ന വിധത്തിലാണ് ഒരു വർഷം 200 പ്രവർത്തി ദിനങ്ങൾ നമ്മൾ കാലങ്ങളായി നിജപ്പെടുത്തി പ്രവർത്തിച്ചു വരുന്നത്. എന്നാൽ കുറച്ച് നാളുകളായി ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാർ കാര്യങ്ങൾ പൂർണമായി ഗ്രഹിക്കാതെ ആരോടോ വാശി തീർക്കുന്നതുപോലെ പ്രവൃത്തി ദിനങ്ങൾ വർദ്ധിപ്പിച്ച് നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ സുഗമമായി നടന്നുകൊണ്ടിരിക്കുന്ന വിവിധ കരിക്കുലർ, കോക്കരിക്കുലർ ആക്ടിവിറ്റികളുടെ സന്തുലിതാവസ്ഥ താറുമാറാക്കി വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ അലങ്കോലപ്പെടുത്താൻ, വിദ്യാഭ്യാസമേഖലയെ ഒരു കലുഷിത മേഖലയാക്കി മാറ്റാനുമുള്ള കുൽസിത പ്രവർത്തനങ്ങൾ നടത്തി വരുന്നു. കാലങ്ങളായി ഉപദേശകരുടെയും സഹായികളുടെയും വേഷത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നുഴഞ്ഞുകയറി അനാവശ്യ പരിഷ്കാരങ്ങൾ നടപ്പിലാക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്താൻ വേണ്ടുന്ന മണ്ടൻ പരിഷ്കാരങ്ങൾ ഉപദേശിച്ച ആളുകൾ തന്നെ ആവണം വിദ്യാഭ്യാസ വകുപ്പിനെ പൂർണമായും തകർക്കാൻ മാത്രം ഉതകുന്ന ഇത്തരം പരിഷ്കാരങ്ങളുടെ പിന്നിലും പ്രവർത്തിക്കുന്നത് എന്ന് വേണം അനുമാനിക്കാൻ.

പ്രവൃത്തി ദിനങ്ങൾ വർദ്ധിപ്പിക്കുന്നത് അധ്യാപക പരിശീലനത്തിന് വേണ്ടി ദിനങ്ങൾ കണ്ടെത്താനാണ് എന്നുള്ള വ്യാഖ്യാനവും യുക്തിക്ക് നിരക്കുന്നതല്ല. വർദ്ധിപ്പിച്ച ദിനങ്ങൾ കുട്ടികൾക്ക് അവധി നൽകി പരിശീലനങ്ങൾ സംഘടിപ്പിച്ചാൽ എങ്ങനെയാണ് പ്രവൃത്തി ദിനങ്ങൾ വർദ്ധിക്കുക. മുൻകാലങ്ങളിൽ പരിശീലനങ്ങൾ നടത്തിയിരുന്നത് അവധി ദിനങ്ങളായ ശനിയാഴ്ചകളിൽ അല്ലേ? ഇത് എന്തൊരു മണ്ടൻ പരിഷ്കാരമാണ്.

കുട്ടികൾക്ക് അവധി നൽകുന്നത് അവർക്ക് ആവശ്യത്തിന് വിശ്രമസമയവും, കളിക്കാനുള്ള സമയവും ലഭിക്കാൻ വേണ്ടിയാണ്. കുട്ടികളുടെ മാനസിക ആരോഗ്യം നിലനിർത്താൻ ഇത് വളരെ അത്യാവശ്യമാണ്. ചെറിയ കുട്ടികൾ കൂടുതൽ വിശ്രമം ആവശ്യമുള്ളവരാണ്. ആഴ്ചയിൽ അഞ്ചുദിവസങ്ങൾ അവരെ പഠിക്കാൻ വിട്ട് രണ്ട് ദിവസം മാനസിക പിരിമുറുക്കത്തിൽ നിന്ന് മാറ്റി നിർത്തി കൂടുതൽ ഉല്ലാസപ്രദമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അവരുടെ സർവ്വതോന്മകമായ വളർച്ചയ്ക്ക് ഏറെ ആവശ്യമാണ്. അതിനുവേണ്ടിയാണ് കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം അവധിയും വർഷത്തിൽ രണ്ടുമാസം വെക്കേഷനും അനുവദിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ് ഈ തിരിച്ചറിവില്ലാതെയാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

കൃത്യമായ പഠനങ്ങളില്ലാതെ, കൂടിയാലോചനകൾ ഇല്ലാതെ എടുക്കുന്ന ഇത്തരം തെറ്റായ തീരുമാനങ്ങളും പരിഷ്കാരങ്ങളും ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യും എന്നതുകൊണ്ട് ഇത് അനുവദിക്കാൻ കഴിയുകയില്ല എന്നും ഈ തീരുമാനത്തെ ശക്തമായി എതിർക്കുമെന്നും കെ പി എസ് ടി എ സംസ്ഥാന സമിതി പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ. രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി. ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,പി എസ് മനോജ് , വിനോദ് കുമാർ, പി.എം നാസർ, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവർ സംസാരിച്ചു.

സീബ്രാലൈനിലും മരണപ്പാച്ചില്‍, റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു

സീബ്രാലൈനിലും മരണപ്പാച്ചില്‍, റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു

കോഴിക്കോട്: ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. തലനാരിഴയ്ക്ക് ആണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സംഭവത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ നല്ലളം പൊലീസ് കേസെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചു.

വെള്ളിയാഴ്ച ചെറുവണ്ണൂര്‍ സ്‌കൂളിന് സമീപമാണ് സംഭവം. സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനിയായ ഫാത്തിമയെയാണ് പാഞ്ഞെത്തിയ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍ കുടുങ്ങിയ ഫാത്തിമ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവശവും നോക്കി റോഡ് മുറിച്ചു കടക്കുന്നതിനിടെ, റോഡിന്റെ മധ്യഭാഗത്ത് വച്ചാണ് പാഞ്ഞെത്തിയ ബസ് ഫാത്തിമയെ ഇടിച്ചുതെറിപ്പിച്ചത്. മഞ്ചേരി ഭാഗത്തേയ്ക്ക് സര്‍വീസ് നടത്തിയ ബസ് ആണ് മരണപ്പാച്ചില്‍ നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിച്ചത്.

അപകടത്തെ തുടര്‍ന്ന് ബസിന്റെ അടിയില്‍ നിന്ന് എഴുന്നേറ്റ് വന്ന വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിലാണ് കാര്യമായ പരിക്കില്ല എന്ന് കണ്ടെത്തിയത്.

ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് നന്നാക്കി നടന്നുപോകുന്നതിനിടെ ലൈന്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു

ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് നന്നാക്കി നടന്നുപോകുന്നതിനിടെ ലൈന്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകുന്നതിനിടെ ലൈന്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു. കെഎസ്ഇബി വെസ്റ്റ്ഹില്‍ സെക്ഷനിലെ ലൈന്‍മാന്‍ പയമ്പ്ര മേലെകളരാത്ത് ബൈജു (50) ആണ് മരിച്ചത്.കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം ജോലിക്കിടെ ഞായറാഴ്ച വൈകീട്ടോടെ ഭട്ട് റോഡിലാണ് സംഭവം. ആയുര്‍വേദ ആശുപത്രിക്കു സമീപത്തെ ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് നന്നാക്കി ജീപ്പിന് അടുത്തേക്ക് നടന്നു പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടനെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.

ബിജെപിക്കൊപ്പം നാലു പതിറ്റാണ്ടു കടന്ന യാത്ര, ജോര്‍ജ് കുര്യന്‍ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം

ബിജെപിക്കൊപ്പം നാലു പതിറ്റാണ്ടു കടന്ന യാത്ര, ജോര്‍ജ് കുര്യന്‍ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം

കൊച്ചി: 44 വര്‍ഷം മുന്‍പ് പഴയ ജനസംഘം നേതാക്കള്‍ ജനതാ പാര്‍ട്ടി വിട്ട് ബിജെപി രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒപ്പം കൂടിയ ആളാണ്, അന്നു പത്തൊന്‍പതുകാരനായിരുന്ന ജോര്‍ജ് കുര്യന്‍. അതില്‍പ്പിന്നെ ഇങ്ങോട്ട്, പൊതുവേ ഹിന്ദുത്വ പാര്‍ട്ടിയെന്നു വിശേഷിപ്പിക്കപ്പെട്ട ബിജെപിയുടെ കേരളത്തിലെ ന്യൂനപക്ഷ മുഖമായി നിറഞ്ഞുനിന്നയാള്‍. നാലു പതിറ്റാണ്ടു പിന്നിട്ട യാത്രയിലെ അപ്രതീക്ഷിതമായ വഴിത്തിരിവാണ് ഈ കേന്ദ്രമന്ത്രിസ്ഥാനം.

വിദ്യാര്‍ഥിമോര്‍ച്ചയിലൂടെ 1980ല്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതാണ്, കോട്ടയം കാണക്കാരി സ്വദേശിയായ ജോര്‍ജ്. മാന്നാനം കെഇ കോളജ്, നാട്ടകം ഗവ. കോളജ്, പാലാ സെന്റ് തോമസ് കോളജ്, എംജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്‌സ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്തെല്ലാം സംഘടനാ പ്രവര്‍ത്തനം സജീവമായിരുന്നു.

നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോര്‍ജ് കുര്യന്‍ കോര്‍ കമ്മിറ്റിയിലു അംഗമാണ്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ പദവി വഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥിമോര്‍ച്ച ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, വക്താവ്, ദേശീയ നിര്‍വാഹക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവുമുണ്ട്. ദേശീയ നേതാക്കള്‍ കേരളത്തില്‍ എത്തുമ്പോള്‍ പലയിടത്തും പരിഭാഷകനായി എത്തുന്നത് ജോര്‍ജ് കുര്യനാണ്. ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്നു. മൂന്നുതവണ ലോക്‌സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ചു. മിലിറ്ററിയില്‍ നഴ്‌സിങ് ഓഫിസര്‍ ആയിരുന്ന അന്നമ്മയാണ് ജോര്‍ജ് കുര്യന്റെ ഭാര്യ. ആകര്‍ശ് (കാനഡ), ആകാശ് എന്നിവര്‍ മക്കള്‍.

മഴക്കാലപൂര്‍വ്വ ശുചീകരണം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

മഴക്കാലപൂര്‍വ്വ ശുചീകരണം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കലാണ് പ്രധാന അജന്‍ഡ. ജൂലൈ 25 വരെ 28 ദിവസമാണ് സഭ ചേരുക. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന സഭ മഴക്കാലപൂര്‍വ്വ ശുചീകരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളാല്‍ പ്രക്ഷുബ്ധമായേക്കും.

ജൂണ്‍ 11 മുതല്‍ ജൂലൈ എട്ടുവരെയാണ് ധനാഭ്യര്‍ഥന ചര്‍ച്ച. അഞ്ചു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും എട്ടു ദിവസം സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും നീക്കിവയ്ക്കും. ബജറ്റിനെ സംബന്ധിക്കുന്നതും ആദ്യബാച്ച് ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകള്‍ സമ്മേളനത്തില്‍ പാസാക്കും. തിങ്കളാഴ്ച ചോദ്യോത്തരവേളയ്ക്കുശേഷം അംഗങ്ങളുടെ ഫോട്ടോ സെഷന്‍ നടക്കും. തുടര്‍ന്ന് കേരള പഞ്ചായത്തീ രാജ് (രണ്ടാം ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയക്കും.