പോക്കറ്റിലിട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു

പോക്കറ്റിലിട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു

കാസര്‍കോട്: കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കള്ളാറില്‍ ക്രൗണ്‍ സ്പോര്‍ട് ആന്‍ഡ് സൈക്കിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജില്‍മാത്യുവിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നത്പി ശ്രദ്ധയില്‍പെട്ടത്.

ന്നീട് ഫോണ്‍ പുറത്തേക്കെറിഞ്ഞപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. പാന്റിന്റെ പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുമെന്നാണ് പ്രജിലിന്റെ കുടുംബം പറഞ്ഞു.

സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇടക്കൊച്ചി പഴേക്കാട്ട് വീട്ടില്‍ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. തര്‍ക്കത്തിനിടയില്‍ ജോയിയെ തള്ളിയിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു.

മുന്നറിയിപ്പില്‍ മാറ്റം, എട്ടു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, എട്ടു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ ( വെള്ളിയാഴ്ച) സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പില്‍ ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ശനിയാഴ്ചയില്ല, മോദിയുടെ സത്യപ്രതിജ്ഞ ഒന്‍പതിന്?; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ശനിയാഴ്ചയില്ല, മോദിയുടെ സത്യപ്രതിജ്ഞ ഒന്‍പതിന്?; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ന്യുഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ശനിയാഴ്ച നടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒന്‍പതാം തീയതി വൈകീട്ടായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സത്യപ്രതിജ്ഞാ ചടങ്ങ് വന്‍ ആഘോഷമാക്കാനാണ് തീരുമാനം.

ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയില്‍വേ, നിയമം, വിദേശകാര്യം, ഐടി വകുപ്പുകള്‍ ബിജെപി തന്നെയാകും കൈകാര്യം ചെയ്യുക. ടിഡിപി, ജെഡിയു, എല്‍ജെപി എന്നിവര്‍ക്ക് പധാന വകുപ്പുകള്‍ വിട്ടുനല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ഈ വകുപ്പുകളിലെ സഹമന്ത്രി സ്ഥാനങ്ങളിലേക്ക് സഖ്യകക്ഷികളെ പരിഗണിക്കും. ലോക്സഭ സ്പീക്കര്‍, അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍, രണ്ടു സഹമന്ത്രിമാര്‍ വേണമെന്നാണ് ടിഡിപിയുടെ ആവശ്യം.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യവും ടിഡിപി മുന്നോട്ടുവച്ചിട്ടുണ്ട്. റോഡ് ഗതാഗതം, ഗ്രാമീണ വികസനം, ആരോഗ്യം, പാര്‍പ്പിട- നഗരവികസനം, കൃഷി, ജല്‍ശക്തി, ഐടി, വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളിലെ ക്യാബിനറ്റ് പദവിയാണ് ടിഡിപി ആവശ്യപ്പെട്ടിട്ടുള്ളത്. ധനകാര്യവകുപ്പ് സഹമന്ത്രിസ്ഥാനം വേണമെന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. കൂറുമാറ്റനിയമം ശക്തമായ സാഹചര്യത്തിലാണ് ടിഡിപി സ്പീക്കര്‍ പദവിക്കായി രംഗത്തുള്ളത്.

മൂന്ന് ക്യാബിനറ്റ് പദവികളാണ് ജെഡിയു ആവശ്യപ്പെട്ടതെന്നാണ് സൂചന. റെയില്‍വേ, ഗ്രാമവികസനം, ജല്‍ശക്തി വകുപ്പുകളാണ് നിതീഷ് കുമാര്‍ താല്‍പ്പര്യപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഗതാഗതമോ കൃഷിയോ ലഭിച്ചാല്‍ ജെഡിയു തൃപ്തരായേക്കുമെന്നും സൂചനയുണ്ട്. സ്പീക്കര്‍ സ്ഥാനവും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിന് പ്രത്യേക സംസ്ഥാനമെന്ന പദവി വേണമെന്ന ആവശ്യവും നിതീഷ് ഉയര്‍ത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കിയിരുന്നു. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി

സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി. ഒറ്റയടിക്ക് പവന് 560 രൂപയാണ് കൂടിയത്. 53,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 6730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറി 53,000ന് മുകളില്‍ എത്തിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മുങ്ങിപ്പോയി; ഗുരുതരാവസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മുങ്ങിപ്പോയി; ഗുരുതരാവസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു

മലപ്പുറം: നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. രക്ഷിതാക്കള്‍ കുട്ടിയെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ആയിരുന്നു സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.