മാല മോഷ്ടിപ്പുകാരനെ യുവതി പിടികൂടി

മാല മോഷ്ടിപ്പുകാരനെ യുവതി പിടികൂടി

മാല മോഷ്ടിപ്പുകാരനെ യുവതി പിടികൂടി. മോഷ്ടിച്ച ബൈക്കിൽ എത്തി, നടന്നുപോയ യുവതിയുടെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ച കള്ളനെ യുവതി സാഹസികമായി തള്ളിയിട്ടു പിടികൂടി. പോത്തൻകോട്ട് ഇന്നാണ് സംഭവം.

അമ്മയുമായി പോവുകയായിരുന്ന ചെങ്കോട്ടുകോണം സ്വദേശി അശ്വതിയുടെ കഴുത്തിലെ മാലയാണ് മോഷ്ടാവ് പിടിച്ചുപറിച്ചത്. ഉടൻതന്നെ ധൈര്യം സംഭരിച്ച അശ്വതി ബൈക്കിൽ നിന്നും ഇയാളെ ഷർട്ടിൽ പിടിച്ചു താഴെയിട്ടു. അശ്വതിക്കും താഴെ വീണു പരിക്ക് ഉണ്ട്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചന്തവിള സ്വദേശിയായ മോഷ്ടാവ് അനിൽകുമാറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എറണാകുളത്ത് മാത്രം തീവ്രമഴ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എറണാകുളത്ത് മാത്രം തീവ്രമഴ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് തീവ്രമഴ പ്രവചിച്ചിരുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് നല്‍കി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എറണാകുളം ജില്ലയില്‍ മാത്രമാണ് കാലാവസ്ഥ വകുപ്പ് തീവ്രമഴ പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഓരോ ജില്ലയില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി നാളെ കണ്ണൂരിലും ചൊവ്വാഴ്ച തൃശൂരിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വിരലിന് പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര ശ്രദ്ധക്കുറവ്

വിരലിന് പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര ശ്രദ്ധക്കുറവ്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പൊലീസ് കണ്ടെത്തല്‍ ശരിവെച്ച് മെഡിക്കല്‍ ബോര്‍ഡ്. നാലു വയസ്സുകാരിയുടെ വിരലിനു പകരം നാവിനു ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര ശ്രദ്ധക്കുറവ് ഉണ്ടായി. ആശുപത്രി സംവിധാനത്തിലെ തകരാറുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി അറിയുന്നു. മെഡിക്കല്‍ ബോര്‍ഡ് കണ്‍വീനറായ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ മെഡിക്കല്‍ കോളജ് എസിപി കെ ഇ പ്രേമചന്ദ്രനു റിപ്പോര്‍ട്ട് കൈമാറി.

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും എസിപി പറഞ്ഞു. ശസ്ത്രക്രിയയില്‍ പിഴവു സംഭവിച്ചതായി നേരത്തേ പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പൊലീസിന്റെ കണ്ടെത്തല്‍ മെഡിക്കല്‍ ബോര്‍ഡും ശരിവച്ച സാഹചര്യത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണോദ്യോഗസ്ഥന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സംഭവത്തില്‍ മെഡിക്കല്‍ നെഗ്ലിജന്‍സ് (ഐപിസി 338) ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു. 3 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ചെറുവണ്ണൂര്‍ മധുരവനം സ്വദേശിയായ 4 വയസ്സുകാരിക്കു കഴിഞ്ഞ 16ന് ആണ് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കയ്യിലെ ആറാം വിരലിനു ശസ്ത്രക്രിയ നടത്താനാണ് ആശുപത്രിയില്‍ എത്തിയത്. വാര്‍ഡിലേക്കു മാറ്റിയപ്പോഴാണു വിരലിനു പകരം നാവിനാണു ശസ്ത്രക്രിയ നടത്തിയതെന്നു കണ്ടെത്തിയത്. പിന്നീടു കൈവിരലിനും ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ ഡോ. ബിജോണ്‍ ജോണ്‍സണ്‍ സസ്‌പെന്‍ഷനിലാണ്. കുഞ്ഞിന്റെ നാവിലെ കെട്ട് (ടങ് ടൈ) പരിഹരിക്കാനാണു ശസ്ത്രക്രിയ നടത്തിയതെന്നാണു ഡോക്ടറുടെ വിശദീകരണം.

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും; പുതിയ നിരക്ക് ഇങ്ങനെ

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും; പുതിയ നിരക്ക് ഇങ്ങനെ

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിക്കും. കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 110 രൂപയാണ് പുതിയ നിരക്ക്. നേരത്തെയും ടോള്‍ നിരക്ക് 110 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോള്‍ ഇത് 165 രൂപയാകും. നേരത്തെ ഇത് 160 രൂപയായിരുന്നു.

മിനി ബസ്, ചെറിയ വാണിജ്യവാഹനങ്ങള്‍ എന്നിവയ്ക്ക് 170 രൂപയാണ് (വണ്‍സൈഡ്) പുതിയ നിരക്ക്. നേരത്തെ ഇത് 165 രൂപയായിരുന്നു. മടക്ക യാത്രയും കൂടി ചേര്‍ക്കുമ്പോള്‍ നിരക്ക് കൂടും. 250ല്‍ നിന്ന് 255 രൂപയായാണ് വര്‍ധിപ്പിച്ചത്. ബസ്, ട്രക്ക് ( രണ്ട് ആക്‌സില്‍) എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 350 രൂപയാണ് പുതുക്കിയ നിരക്ക് (340 പഴയനിരക്ക്).

മടക്കയാത്ര കൂടി ചേരുമ്പോള്‍ നിരക്ക് 510ല്‍ നിന്ന് 520 രൂപയായി ഉയരും. വലിയ വാഹനങ്ങള്‍ക്ക് ( 3-6 ആക്‌സില്‍) ഒരു വശത്തേയ്ക്ക് 530 രൂപയാണ് പുതിയ നിരക്ക്. 515ല്‍ നിന്നാണ് ടോള്‍ നിരക്ക് ഉയര്‍ത്തിയത്. ഏഴില്‍ കൂടുതല്‍ ആക്‌സിലുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേയ്ക്ക് 685 രൂപ നല്‍കണം. നേരത്തെ ഇത് 665 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോള്‍ 1000 രൂപയായി നിരക്ക് ഉയരും (1025 പഴയനിരക്ക്).

ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിച്ചിരുന്നെങ്കിലും തെരഞ്ഞടുപ്പു കാലത്തു വര്‍ധന വേണ്ടെന്നു ദേശീയപാത അതോറിറ്റി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നു നീട്ടിവച്ച വര്‍ധനയാണ് ഇന്നു മുതല്‍ നടപ്പാക്കുക. 2022 മാര്‍ച്ച് 9 മുതലാണു പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്.

പന്നിയങ്കരയില്‍ പിരിക്കുന്ന ടോള്‍ നിരക്കിന്റെ 60 ശതമാനം തുക ഈടാക്കുന്നതു കുതിരാന്‍ തുരങ്കത്തിലൂടെ കടന്നു പോകാനാണ്. 40 ശതമാനം തുകയാണു റോഡിലൂടെ പോകുന്നതിന് ഈടാക്കുന്നത്. കുതിരാന്‍ ഇരട്ടത്തുരങ്കങ്ങളില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കത്തില്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഒരു തുരങ്കത്തിലൂടെ മാത്രമാണു വാഹനങ്ങള്‍ കടത്തിവിടുന്നത്. കുതിരാന്‍ തുരങ്കത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്തതിനാല്‍ ടോള്‍ തുകയില്‍ ആനുപാതികമായ കുറവു നല്‍കണമെന്നു യാത്രക്കാര്‍ ആവശ്യപ്പെടുമ്പോഴാണു പുതിയ നിരക്കു വര്‍ധന.

ഹെല്‍മറ്റിനുള്ളില്‍ കുഞ്ഞു പെരുമ്പാമ്പ്; ബൈക്ക് യാത്രക്കാരന്റെ തലയില്‍ കടിച്ചു

ഹെല്‍മറ്റിനുള്ളില്‍ കുഞ്ഞു പെരുമ്പാമ്പ്; ബൈക്ക് യാത്രക്കാരന്റെ തലയില്‍ കടിച്ചു

കണ്ണൂര്‍: വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റില്‍ കയറിക്കൂടിയത് കുട്ടി പെരുമ്പാമ്പ്. ഇതറിയാതെ രാവിലെ ജോലി സ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ ഹെല്‍മറ്റ് ധരിച്ച ബൈക്ക് യാത്രക്കാരന്റെ തലയില്‍ പാമ്പ് കടിച്ചു. പടിയൂര്‍ നിടിയോടിയിലെ കെ രതീഷിനാണ്(40)കടിയേറ്റത്.

തലയില്‍ കടിയേറ്റപ്പോഴാണ് ഹെല്‍മറ്റ് അഴിച്ചുനോക്കിയത്. അകത്ത് പാമ്പാണെന്ന് കണ്ടപ്പോള്‍ വെപ്രാളത്തിനിടയില്‍ ഹെല്‍മറ്റ് എറിഞ്ഞു. കടിച്ച പാമ്പിനെ തിരിച്ചറിയാനും കഴിഞ്ഞില്ല. ഉടന്‍ ബന്ധുക്കള്‍ രതീഷിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു.
പരിശോധനയ്ക്കിടയിലാണ് പെരുമ്പാമ്പാണെന്നും വിഷമില്ലാത്തതാണെന്നും മനസ്സിലായത്. വനം വകുപ്പിലെ താത്കാലിക ജീവനക്കാരനാണ് രതീഷ്.

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി; ചിതറയില്‍ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി; ചിതറയില്‍ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു

കൊല്ലം: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു. കൊല്ലം ചിതറയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്. ചിതറ ചള്ളിമുക്ക് സ്വദേശി 22 വയസുള്ള വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴം ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുയായിരുന്നു. ഈ സമയത്ത് ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ഇല്ലായിരുന്നു.വിഷ്ണുവിന് ഒരു ഗ്ലാസ് വെള്ളം കൊടുത്തുപ്പോള്‍ ഒരു ഗ്ലാസ് കൂടി ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി യുവതി അടുക്കളയിലേക്ക് പോയപ്പോള്‍ അകത്ത് കയറിയ വിഷ്ണു യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചതോടെ വിഷ്ണു ഓടിരക്ഷപ്പെട്ടു.യുവതി അയല്‍ക്കാരെയും ബന്ധുക്കളെയും അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയെ പ്രദേശത്തുനിന്നു തന്നെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് ചിതറ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.