തൃശൂരിനെ മുക്കി പെരുമഴ, നഗരം സ്തംഭിച്ചു; മേഘവിസ്‌ഫോടനമെന്നു സംശയം

തൃശൂരിനെ മുക്കി പെരുമഴ, നഗരം സ്തംഭിച്ചു; മേഘവിസ്‌ഫോടനമെന്നു സംശയം

തൃശൂര്‍: തൃശൂര്‍ നഗരത്തെ വെള്ളത്തില്‍ മുക്കി പെരുമഴ. ഇന്നു രാവിലെ തുടങ്ങിയ മഴ മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്‌ഫോടമാണെന്നു സംശയിക്കുന്നു.

ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് പേമാരി. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. ഇതോടെ യാത്രക്കാര്‍ കുടുങ്ങി.
റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍ഡ്, കൊക്കാലെ, തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി . നഗര പ്രാന്ത പ്രദേശങ്ങളായ നടത്തറ, മണ്ണുത്തി പ്രദേശങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.

‘കേരളസര്‍ക്കാര്‍’ മതി; പരിഷ്‌കരിച്ച ‘തുമ്പയുടെ’ അക്ഷര ഭംഗിയില്‍ മലയാള പാഠാവലി

‘കേരളസര്‍ക്കാര്‍’ മതി; പരിഷ്‌കരിച്ച ‘തുമ്പയുടെ’ അക്ഷര ഭംഗിയില്‍ മലയാള പാഠാവലി

തിരുവനന്തപുരം: വരികള്‍ക്കിടയില്‍ കൂടുതല്‍ അകലമിട്ടും അക്ഷരത്തിന്റെ വലുപ്പം കൂട്ടിയും തുമ്പ ഫോണ്ടില്‍ പരിഷ്‌കരിച്ച ലിപിയോടെ പുതിയ മലയാള പാഠപുസ്തകങ്ങള്‍ ഒരുങ്ങുന്നു. വ്യഞ്ജനങ്ങളോട് സ്വരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന അക്ഷരങ്ങളുടേയും കൂട്ടക്ഷരങ്ങളുടേയും എണ്ണം കുറച്ച പാഠപുസ്തകത്തില്‍ 90 ലിപികളാണ് ഉപയോഗിച്ചിരിക്കുന്നത്.

കേരളാ സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നീ പ്രയോഗങ്ങള്‍ക്ക് പകരം ദീര്‍ഘവും അകലവും കുറച്ച് കേരളസര്‍ക്കാര്‍ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസവകുപ്പ് എന്ന് ചേര്‍ത്താണ് എഴുതിയിരിക്കുന്നത്. അധ്യാപകന്‍, പൊലീസ്, വിദ്യാര്‍ഥി, ക്ലാസ്, മാര്‍ഗം, താല്‍പര്യം തുടങ്ങിയ വാക്കുകള്‍ പഴയ ലിപിയില്‍ നിന്നും മാറിയിട്ടുണ്ട്.

മലയാളത്തില്‍ അഞ്ഞൂറിലധികം ലിപികള്‍ നിലവിലുള്ളത് അച്ചടിയില്‍ വിഷമം സൃഷ്ടിക്കുന്നതിനാലാണ് ലിപികളുടെ എണ്ണം കുറച്ചത്. മലയാളത്തിന്റെ ശൈലീരീതി എന്ന ശൈലീ പുസ്തകവും ഇതിനായി പ്രസിദ്ധീകരിച്ചു. 1971ലാണ് ആദ്യം ലിപി പരിഷ്‌കരണം നടത്തിയത്. കംപ്യൂട്ടറില്‍ മലയാളം ടൈപ്പിങ് വ്യാപകമായ സാഹചര്യത്തിലാണ് ഏകീകൃത എഴുത്തു രീതിക്ക് രൂപം കൊടുക്കാന്‍ ചീഫ് സെക്രട്ടറിയായിരുന്ന വി പി ജോയ് അധ്യക്ഷനായി 2021ല്‍ ഔദ്യോഗിക ഭാഷാ പരിഷ്‌കരണ സമിതി രൂപീകരിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്; വാരാണസിയടക്കം 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്; വാരാണസിയടക്കം 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബിഹാറിലെ എട്ടിടത്തും പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ബംഗാള്‍, ബിഹാര്‍ ഒഡിഷ, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 904 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് അജയ് റായ്, ബോളിവുഡ് നടി കങ്കണ റണാവത്ത്, മനീഷ് തിവാരി, രവിശങ്കര്‍ പ്രസാദ്, അഭിഷേക് ബാനര്‍ജി എന്നീ പ്രമുഖരും അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നു.ഹിമാചല്‍പ്രദേശില്‍ നിര്‍ണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെയാണ് ഹിമാചല്‍ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

മഴക്കെടുതിക്ക് പരിഹാരം കാണാൻ കൺട്രോൾ റൂം തുറന്ന് ആറ്റിങ്ങൽ നഗരസഭ

മഴക്കെടുതിക്ക് പരിഹാരം കാണാൻ കൺട്രോൾ റൂം തുറന്ന് ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ: നഗരത്തിലെ നദീതീര വാർഡുകളിലും സമീപ പ്രദേശത്തും മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വേണ്ടിയാണ് നഗരസഭ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.
നഗരസഭാ പരിധിയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്തെ സംബന്ധിക്കുന്ന വിവരങ്ങൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാനും സ്പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്താനും പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ചുമതല നൽകിയിട്ടുണ്ട്.
മഴക്കെടുതി രൂക്ഷമായാൽ മുൻകാലങ്ങളിലേതു പോലെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ നഗരസഭ സജ്ജമാണെന്ന് ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി അറിയിച്ചു.

കൺട്രോൾ റൂം നമ്പർ : 8089081316

ജീവനക്കാരുടെ കൂട്ടവിരമിയ്ക്കൽ;16000 ത്തോളം ജീവനക്കാർ ഇന്ന് സർവ്വീസിൽ നിന്നും പിരിയും

ജീവനക്കാരുടെ കൂട്ടവിരമിയ്ക്കൽ;16000 ത്തോളം ജീവനക്കാർ ഇന്ന് സർവ്വീസിൽ നിന്നും പിരിയും

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിക്കിടെ ആനൂകൂല്യത്തിനും പണം കണ്ടെത്തണം.

പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി ശക്തമായിരുന്നു. പക്ഷെ ഇത്തവണയും സർക്കാർ നയപരമായ ആ തീരുമാനമെടുത്തില്ല. ആനുകൂല്യങ്ങൾക്കായി ഭീമമായ തുക കണ്ടെത്തേണ്ട സാഹചര്യത്തിൽ പെൻഷൻ പ്രായം കൂട്ടാൻ പല തരത്തിലെ ആലോചന ഉണ്ടായിരുന്നു. കൂട്ടിയാൽ യുവജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് വേണ്ടെന്ന് വെച്ചത്.

വിവിധ വകുപ്പുകളിൽ നിന്ന് ഇന്ന് പിരിയുന്നത് 16000 ത്തോളം ജീവനക്കാരാണ്. ആനൂകൂല്യങ്ങൾ നൽകാൻ 9000 കോടി കണ്ടെത്തേണ്ടതാണ് പ്രശ്നം. ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. എല്ലാവരും ഒറ്റയടിക്ക് പണം പിൻവലിക്കില്ല എന്നത് ആശ്വാസമാണ്.

പലരും ട്രഷറിയിൽ തന്നെ പണം നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നതും നേട്ടമാണ്. പിരിയുന്നവരിൽ പകുതിയോളം അധ്യാപകരാണ്. സെക്രട്ടറേയേറ്റിൽ നിന്ന് അഞ്ച് സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം 15 പേർ ഇന്ന് പടിയിറങ്ങും. പൊലീസിൽ നിന്ന് ഇറങ്ങുന്നത് എണ്ണൂറോളം പേരാണ്. കെ എസ് ആർ ടി സിയിൽ നിന്ന് ഡ്രൈവർമാരും കണ്ടക്ച‍മാരും ചേർന്ന് 700 ഓളം പേർ വിരമിക്കും.

ഇതിൽ ഡ്രൈവർമാർക്ക് താൽക്കാലികമായി വീണ്ടും ജോലി നൽകാൻ നീക്കമുണ്ട്. കെ എസ് ഇ ബിയിൽ നിന്ന് വിരമിക്കുക 1010 പേരാണ്. എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നൽകും. പക്ഷെ എല്ലായിടത്തം പകരം പുതിയ നിയമനം വേഗത്തിൽ നടക്കില്ല. ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കാലതാമസമുണ്ട്. ചില വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം കുറച്ച് പുനസംഘടന നടപ്പാക്കുന്നതും പരിഗണിക്കുന്നുണ്ട്.

വിചാരണ കഴിയുംവരെ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്; സംസ്ഥാനം വിടരുത്; സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

വിചാരണ കഴിയുംവരെ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്; സംസ്ഥാനം വിടരുത്; സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് 19 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ കഴിയുംവരെ വയനാട് ജില്ലയില്‍ പ്രവേശിക്കരതെന്നും പ്രതികള്‍ സംസ്ഥാനം വിട്ടുപോകരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജാമ്യം നല്‍കരുതെന്ന സിബിഐയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി നടപടി.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ സിദ്ധാര്‍ഥന്റെ മാതാവും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ നേരത്തെ, സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്നും തങ്ങള്‍ക്ക് ജാമ്യം തടയുകാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ കേസിനെ ഒരുവിധത്തിലും സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരല്ലെന്നും വിദ്യാര്‍ഥികളായ ഇവര്‍ രണ്ട് മാസത്തിലധികമായി ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നുമാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്.